തളരാത്ത ഇടയന്മാര്‍ക്കായി

തളരാത്ത ഇടയന്മാര്‍ക്കായി

കേരള പൊലീസ് സേനയില്‍ നാലു വര്‍ഷത്തിനിടെ ജോലിഭാരവും മാനസിക സമ്മര്‍ദവും മൂലം പിന്മാറിയവര്‍ 148. ഇനി പിന്മാറുവാന്‍ അവസരം കാത്തിരിക്കുന്നവര്‍ 167. അഞ്ചര വര്‍ഷത്തിനുള്ളില്‍ ആത്മഹത്യ ചെയ്തവര്‍ 82. ആരോഗ്യ മേഖലയില്‍ ഇതേ സമ്മര്‍ദം തന്നെ ഡോക്ടര്‍മാരും നേഴ്‌സുമാരും നേരിടേണ്ടി വരുന്നു എന്ന് പഠനങ്ങള്‍ ഉണ്ട്. മനുഷ്യരുടെ വര്‍ക്ക്പ്രഷര്‍ കുറയ്ക്കാനാണ് റോബോട്ടുകളെ കൊണ്ടു വന്നത്. പക്ഷെ ജോലി സമ്മര്‍ദം താങ്ങാനാവാതെ റോബോട്ടുകളും ആത്മഹത്യ ചെയ്യുന്നതായി കൊറിയയില്‍ നിന്നുള്ള വാര്‍ത്ത!

ജീവിതത്തിന്റെ സമസ്ത മേഖലകളിലും ജോലി സമ്മര്‍ദങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. പൊതു സേവന മേഖലകളിലെ ജോലികള്‍ പോലെ കരുതാന്‍ സാധിക്കില്ലെങ്കിലും ഇടവകകളില്‍ ദൈവജനവുമായി നിരന്തരം ബന്ധപ്പെടുകയും അവരുടെ ആത്മീയവും സഭാത്മകവുമായ ആവശ്യങ്ങളെ 24X7 നിവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ഇടവക വൈദികര്‍. അതിനിടയില്‍ ഇവര്‍ കടന്നുപോകുന്ന മാനസിക സമ്മര്‍ദങ്ങളെക്കുറിച്ചു ദൈവജനം ചിന്തിച്ചിട്ടുണ്ടാവുമോ?

തെക്കേ ഇന്ത്യയിലെ രണ്ട് രൂപതകളിലായി സേവനം ചെയ്യുന്ന 50 രൂപതാവൈദികരുടെയും 51 സന്യാസ വൈദികരുടെയും ഇടയില്‍ 2005-ല്‍ നടത്തിയ പഠനത്തില്‍ ഫാ. ആന്റണി തജ്, കരോള്‍ ഇ ഡീന്‍ എന്നിവര്‍ അവതരിപ്പിക്കുന്നത് ഇടവക വൈദികര്‍ സന്യാസ വൈദികരേക്കാള്‍ വളരെ അധികമായി വൈകാരിക (burnout) അനുഭവങ്ങള്‍ക്ക് വിധേയരാകുന്നു എന്നതാണ്. 2010-ല്‍ Hans de vitte, Eugene Joseph, Ptarik Lagten, Josef Conveylyn എന്നിവര്‍ തെക്കേ ഇന്ത്യയിലെ 511 ഇടവക വൈദികരില്‍ നടത്തിയ പഠനത്തിലും ഇത്തരം ഒരു burnout അനുഭവം സ്ഥിരീകരിക്കപ്പെട്ടിരുന്നു.

വൈകാരികമായും ശാരീരികമായും അനുഭവപ്പെടുന്ന കടുത്ത ക്ഷീണം, മടുപ്പ്, ഉത്തരവാദിത്തങ്ങളോടുള്ള താല്പര്യക്കുറവ്, സ്വന്തം കഴിവില്‍ ആത്മവിശ്വാസക്കുറവ്, സമയബന്ധിതമായി കാര്യങ്ങള്‍ നിറവേറ്റാനാവാതെ വരുന്ന സാഹചര്യം, തന്നോടു തന്നെയും മറ്റുള്ളവരോടും പുലര്‍ത്തുന്ന നിഷേധമായ മനോഭാവം, നീണ്ടുനില്‍ക്കുന്ന വിഷാദഭാവം, പെട്ടെന്ന് ഉണ്ടാകുന്ന ദേഷ്യവും മറവിയും ശ്രദ്ധക്കുറവും ഉയര്‍ന്ന രക്തസമ്മര്‍ദവും ഹൃദയമിടിപ്പും തുടങ്ങിയ ലക്ഷണങ്ങളാണ് burnout അനുഭവത്തിന്റെ ഭാഗമായി മനഃശാസ്ത്രജ്ഞര്‍ കരുതുന്നത്.

മെത്രാന്മാരില്‍ നിന്നോ സഹവൈദികരില്‍ നിന്നോ, ഇടവക ജനങ്ങളില്‍ നിന്നോ വേണ്ടത്ര പിന്തുണയും പ്രോത്സാഹനവും ലഭിക്കാതെ പോകുന്നത്, അര്‍ത്ഥവത്തായ സൗഹൃദങ്ങള്‍ സൃഷ്ടിക്കാനും നിലനിര്‍ത്താനും കഴിയാതെ പോകുന്നത്, എന്നിങ്ങനെ ഇടവക വൈദികരുടെ burnout അനുഭവങ്ങള്‍ക്ക് ആക്കം കൂട്ടുന്ന നിരവധി ഘടകങ്ങളുണ്ട്.

ഒരു ഇടവകയുടെ അജപാലനപരവും, കൗദാശികവും ആധ്യാത്മികവും ഭരണപരവുമായ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടിവരുന്ന ഇടവക വൈദികന്റെ ദിവസേനയുള്ള ജീവിതം, സന്യാസ വൈദികരുടെ ജീവിതശൈലികളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാണ് എന്ന് ഈ പഠനങ്ങള്‍ വിലയിരുത്തുന്നു. അധ്യാപനം, പാവങ്ങളെ സഹായിക്കല്‍, സുവിശേഷ പ്രഘോഷണം, തുടങ്ങി ഓരോ സന്യാസ സഭയുടെയും നിയതമായ സേവന മേഖലകള്‍ (charism) കുറേക്കൂടി വ്യക്തതയും കൃത്യതയുമുള്ള കര്‍മ്മപരിപാടികള്‍ മുന്‍കൂട്ടി വിഭാവനം ചെയ്യാനുള്ള അവസരങ്ങള്‍ കൂടുതലായി നല്‍കുന്നു. അതനുസരിച്ച് മനസ്സുകള്‍ ഒരുക്കാനും സാധിക്കും. മറിച്ച് ഇടവക വൈദികരുടെ ജീവിതം കുറെക്കൂടി അനിശ്ചിതത്വം നിറഞ്ഞതാണ്. എത്ര ഒരുക്കങ്ങള്‍ നടത്തിയാലും സേവനം ലഭ്യമാക്കേണ്ട വ്യക്തികളുടെ തികച്ചും വൈവിധ്യങ്ങളായ ആവശ്യങ്ങളുടെ മുന്നില്‍ വെല്ലുവിളികള്‍ വളരെ വ്യത്യസ്തവും പുതുമ നിറഞ്ഞതും സമ്മര്‍ദമേറിയതുമാകാറുണ്ട്.

ഇടവക വൈദികരുടെ ജീവിതത്തിലെ burnout അനുഭവങ്ങള്‍ക്ക് ഏകാന്തതയും പശ്ചാത്തലമാകുന്നുണ്ട്. ഏകാന്തത പലപ്പോഴും മാനസിക സമ്മര്‍ദം കൂടുന്നതിന് കാരണമാക്കുന്നു. മെത്രാന്മാരില്‍ നിന്നോ സഹവൈദികരില്‍ നിന്നോ, ഇടവക ജനങ്ങളില്‍ നിന്നോ വേണ്ടത്ര പിന്തുണയും പ്രോത്സാഹനവും ലഭിക്കാതെ പോകുന്നത്, അര്‍ത്ഥവത്തായ സൗഹൃദങ്ങള്‍ സൃഷ്ടിക്കാനും നിലനിര്‍ത്താനും കഴിയാതെ പോകുന്നത്, തികച്ചും ഒറ്റപ്പെട്ട ഒരു പള്ളിമുറിയില്‍ ജീവിക്കേണ്ടി വരുന്ന ഒരു സാഹചര്യം എന്നിങ്ങനെ ഇടവക വൈദികരുടെ burnout അനുഭവങ്ങള്‍ക്ക് ആക്കം കൂട്ടുന്ന നിരവധി ഘടകങ്ങളുണ്ട്.

ഇടവക വൈദികന്റെ ജീവിതത്തിന്റെ തികച്ചും സ്വാഭാവികമായ വെല്ലുവിളികളെ എടുത്തു മാറ്റുക സാധ്യമല്ല. മറിച്ച് ആ വെല്ലുവിളികളെ നേരിടാന്‍ ഉതകുന്ന തരത്തിലുള്ള പരിശീലനം അവരുടെ രൂപീകരണത്തില്‍ ശ്രദ്ധാപൂര്‍വം ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഒരു ഇടവകയുമായി തുലനം ചെയ്യുമ്പോള്‍ തികച്ചും കൃത്രിമമായ ജീവിത സാഹചര്യങ്ങളാണ് പലപ്പോഴും സെമിനാരികളിലുള്ളത്. വെല്ലുവിളികളെ അതിജീവിക്കുവാനും, വ്യക്തിപരമായ തീരുമാനങ്ങള്‍ എടുക്കുവാനും, പ്രശ്‌നങ്ങള്‍ക്ക് സ്വയം പരിഹാരം കണ്ടെത്തുവാനും, സ്ത്രീകളോടും പുരുഷന്മാരോടും കുട്ടികളോടും ആരോഗ്യകരമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുവാനുമുള്ള പരിശീലന സാഹചര്യങ്ങള്‍ സെമിനാരികളിലും വൈദികരുടെ തുടര്‍ പരിശീലനങ്ങളിലും ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഒപ്പം വൈദികര്‍ക്കിടയില്‍ രൂപപ്പെടേണ്ട സൗഹൃദങ്ങള്‍ ഒരു സാധ്യത മാത്രമാക്കി മാറ്റാതെ ഒരു നിഷ്ഠയാക്കി മാറ്റാന്‍ കഴിയുന്ന രീതികള്‍ ഏകാന്തതയുടെ വെല്ലുവിളികളെ നേരിടാന്‍ ഓരോ ഇടവക വൈദികനെയും സഹായിച്ചേക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org