'മാതാപിതാക്കളാണ്, മറക്കരുത്'

'മാതാപിതാക്കളാണ്, മറക്കരുത്'

സംസ്ഥാനത്തെ വൃദ്ധസദനങ്ങളില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ 10,000 പേരുടെ വര്‍ദ്ധനവുണ്ടായെന്നാണ് സാമൂഹിക നീതി ഡയറക്ടറേറ്റിന്റെ കണക്കുകള്‍ കാണിക്കുന്നത്. 2016-17 കാലഘട്ടത്തില്‍ അന്തേവാസികളുടെ എണ്ണം 19,149 ആയിരുന്നെങ്കില്‍ 2020-21 കാലത്തെത്തുമ്പോള്‍ അത് 28,788 ആയി വര്‍ദ്ധിച്ചു.

കേരളത്തില്‍ സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന 16 വൃദ്ധസദനങ്ങളാണുള്ളത്. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്നവയുടെ എണ്ണം 82 ആണ്. ഭൂരിഭാഗം വയോജന കേന്ദ്രങ്ങളും സ്വകാര്യ മേഖലയിലാണ്. അതില്‍തന്നെ ഭൂരിഭാഗവും കത്തോലിക്കാ സഭയുടെ മേല്‍നോട്ടത്തിലും. വളരെ കുറച്ചു മാത്രം സ്വകാര്യവ്യക്തികളോ സന്നദ്ധ സംഘടനകളോ നടത്തുന്നവയാണ്. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന 523 വൃദ്ധമന്ദിരങ്ങളുണ്ട്.

വൃദ്ധസദനങ്ങളില്‍ പണം കൊടുത്തുപയോഗിക്കുന്നവയും അല്ലാത്തവയുമുണ്ട്. സൗജന്യസേവനം നല്കുന്നവയില്‍ പലതി ന്റെയും നടത്തിപ്പിലും സൗകര്യങ്ങളുടെ ക്രമീകരണത്തിലും പരാതികളുണ്ടാവാറുണ്ട്. കൃത്യമായ ഇടവേളകളില്‍ വൈദ്യ സഹായം ലഭിക്കാതെ മരണെപ്പടുന്നവരും ഇവര്‍ക്കിടയിലുണ്ട്.

വൃദ്ധസദനങ്ങളുടെ എണ്ണം പെരുകുന്നത് അഭ്യസ്ത്യസമൂഹത്തിന്റെ ആതുരാവസ്ഥയുടെ അടയാളമായിത്തന്നെ വേണം വിവക്ഷിക്കുവാന്‍. മാതാപിതാക്കളെ അവരുടെ വാര്‍ദ്ധക്യത്തില്‍ ഉപേ ക്ഷിക്കുന്ന സമൂഹം രോഗാതുരമായ സാമൂഹ്യവ്യവസ്ഥയുടെ പരിഛേദം തന്നെയാണ്.

വയോജനകേന്ദ്രങ്ങളില്‍ അന്തേവാസികളുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കാനുള്ള കാരണങ്ങള്‍ പലതാണ്. അണു കുടുംബ വ്യവസ്ഥ തന്നെയാണ് അതില്‍ പ്രധാനപ്പെട്ടത്. കേരളത്തില്‍ മിക്ക കുടുംബങ്ങളിലും കുട്ടികളുടെ എണ്ണം ഒന്നോ രണ്ടോ മാത്രമാണ്. ജോലി സാഹചര്യവും കുട്ടികളുടെ മെച്ചപ്പെട്ട വിദ്യാഭ്യാസവും വൃദ്ധ മാതാപിതാക്കളെ നാട്ടിലുപേക്ഷിച്ച് നഗരങ്ങളില്‍ ചേക്കേറുന്ന രീതിയെ പലപ്പോഴും അനിവാര്യമാക്കാറുണ്ട്. ജോലി തേടി വിദേശത്തു പോകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതാണ് മറ്റൊരു പ്രധാന കാരണം. മക്കളുടെ ഉപരിപഠനം യൂറോപ്യന്‍ രാജ്യത്താകുന്ന രീതി മേല്‍ക്കൈ നേടുന്ന ഏറ്റവും പുതിയ സാഹചര്യത്തില്‍, വൃദ്ധ മാതാപിതാക്കളുടെ അതിജീവനം അതി കഠിനമാകുന്നുവെന്നതാണ് വാസ്തവം. കാരണം പഠനശേഷം നമ്മുടെ യുവത വിദേശത്തുതന്നെ ജീവിതം തുടരുന്ന രീതി സാധാരണമാവുകയാണിന്ന്.

വീടുകളില്‍ തുടരുന്ന വൃദ്ധ മാതാപിതാക്കളുടെ ഒത്തുചേരലിനെ പ്രോത്സാഹിപ്പിക്കുന്ന 'പകല്‍വീടുകള്‍' അവരുടെ ഏകാന്തതയ്ക്കും ഒറ്റപ്പെടലിനും നല്ല മറുപടിയായിരുന്നു. എന്നാല്‍ കോവിഡ് കാലം അത്തരം കൂടിചേരലിനെ വിലക്കിയതോടെ വീട്ടിലേയ്ക്ക് മാത്രമല്ല അവര്‍ ഉള്‍വലിഞ്ഞതെന്നതാണ് വാസ്തവം.

ആതുര സേവന രംഗത്ത് സജീവമായിത്തുടരുന്ന സഭ ഉടനെ ഏറ്റെടുക്കേണ്ട ശുശ്രൂഷ മേഖലയായി വയോജന ക്ഷേമത്തെ തെരഞ്ഞെടുക്കേണ്ടതുണ്ട്. വൃദ്ധമന്ദിരങ്ങളുടെ എണ്ണവും സൗകര്യവും മെച്ചപ്പെടുത്തി മാത്രം പൂര്‍ത്തിയാക്കേണ്ട ക്ഷേമശുശ്രൂഷയല്ലിത്. വീടുകളില്‍ ഒറ്റയ്ക്കുപേക്ഷിക്കപ്പെട്ടവരുടെ കാര്യത്തില്‍ അടിയന്തിരമായ അജപാലന ശ്രദ്ധയുണ്ടാകണം. അവരെ കൂടെക്കൂടെ സന്ദര്‍ശിക്കാനും അവര്‍ക്കുവേണ്ട ആത്മീയ മാനസിക പിന്തുണയുറപ്പാക്കാനും ഇടവകതലത്തില്‍ സുസംഘടിതമായ സംവിധാനമുണ്ടാകണം. ആദ്യവെള്ളിയാഴ്ചയിലെ ആത്മീയപോഷണത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ നിരന്തരമായ പരിഗണനയും പരിലാളനയും ഉറപ്പാക്കുന്ന വിധത്തില്‍ ഇടവക മുഴുവന്റെയും പിന്തുണയുണ്ടാകണം. അതിരൂപതാ / രൂപതാ തലത്തില്‍തന്നെ വയോജനക്ഷേമ കമ്മീഷന്‍ പോലുള്ള ഏകീകൃത സംവിധാനത്തിന്‍ കീഴില്‍ ഇടവകതലത്തിലുള്ള ക്ഷേമപരിപാടികള്‍ ക്രമീകരിക്കപ്പെടണം. വൈദികരും അല്മായരും സമര്‍ പ്പിതരുമടങ്ങുന്ന സംഘത്തിന്റെ മേല്‍ നോട്ടത്തിലാകണം വയോജന ക്ഷേമ പദ്ധതികളുടെ ഏകീകരണവും. അവര്‍ക്കാവശ്യമായ നിയമ-വൈദ്യസഹായവും ജീവിത സൗകര്യക്രമീകരണവും ഫൊറോന തലത്തില്‍ ഏകോപിപ്പിക്കാവുന്നതാണ്.

കഴിയുന്നതും മക്കള്‍ മാതാപിതാക്കളോടൊപ്പം കഴിയാനുതകുന്ന കരുതലിന്റെ സംസ്‌കാരം വളര്‍ത്തിയെടുക്കുക തന്നെയാണ് ശരിയായ പ്രശ്‌നപരിഹാരം. അത്തരത്തിലുള്ള ബോധവത്ക്കരണം നവസുവിശേഷവത്ക്കരണമായി സഭ ഏറ്റെടുക്കണം. ആദ്യം മുറിയുന്നത് സംഭാഷണങ്ങളും പിന്നീട് ബന്ധങ്ങളുമെന്ന തിരിച്ചറിവില്‍ മക്കളും മാതാപിതാക്കളും തമ്മിലുള്ള സംവാദപരിസരങ്ങളെ പ്രഥമമായി ബലപ്പെടുത്തേണ്ടതുണ്ട്, സഭയില്‍ സിനഡാലിറ്റിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍, കുടും ബം ഗാര്‍ഹികസഭയെന്ന കാഴ്ചപ്പാടിന് തിടം വയ്ക്കുന്ന വിധത്തില്‍ സംഭാഷണത്തിന്റെ സൗഹാര്‍ദ്ദ സദസ്സുകളാല്‍ കുടുംബാ ന്തരീക്ഷം ധന്യമാകട്ടെ. കാലം അനിവാര്യമാക്കുന്ന ചില പുറപ്പാടുകളെ അംഗീകരിക്കുമ്പോഴും 'വീട്ടില്‍' നിന്നും ആരും 'പുറത്തു' പോകാതിരിക്കട്ടെ. ഈ ഭൂമിയില്‍ നാം തുടരുന്നതിന് പ്രധാനകാരണക്കാരായ നമ്മുടെ മാതാപിതാക്കള്‍ എന്നും നമ്മോട് കൂടിയുണ്ടാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org