എതിരെഴുത്തിന്റെ സുവിശേഷം, പാപ്പായുടെയും

എതിരെഴുത്തിന്റെ സുവിശേഷം, പാപ്പായുടെയും
Published on

കോവിഡാനന്തരമെന്നതൊക്കെ പതുക്കെ തിരുത്തി തുടങ്ങിയിട്ടുണ്ട്. കോവി ഡിന്റെ തീവ്രവ്യാപനാനന്തരമെന്നതാകും പുതിയ ജീവിതാനുഭവം. ആ മട്ടിലേയ്ക്ക്കാര്യങ്ങള്‍ അതിവേഗം പരിണമിക്കുകയാണ്.
പുതിയകാലത്തെ 'പുതിയ വീഞ്ഞിന്', അനുയോജ്യമായ 'പുതിയ തോല്‍ക്കുടങ്ങളുടെ' സജ്ജീകരണത്തെ സംബന്ധിച്ച് സഭാ സമൂഹത്തിന്റെ ആകാംക്ഷകളെ നന്നായി അഭിസംബോധന ചെയ്യുന്നുണ്ട്, ഏറ്റവും പുതിയ ചാക്രികലേഖനമായ 'ഫ്രത്തെല്ലി തൂത്തി'യില്‍, ഫ്രാന്‍സിസ് പാപ്പ. "ചരിത്രത്തിന്റെ പാഠങ്ങളെ, ജീവിതമെന്ന ഗുരുവിനെ നാം അതിവേഗം മറക്കുന്നു. ഈ ആരോഗ്യപ്രതിസന്ധി കടന്നുപോയാലുടന്‍ രോഗാതുരമായ ഉപഭോഗത്വരയിലേയ്ക്കും, ഗര്‍വിഷ്ഠമായ സ്വരക്ഷയുടെ പുതുരൂപങ്ങളിലേയ്ക്കും കൂടുതല്‍ ആഴത്തില്‍ ആണ്ടുപോവുക എന്നതായിരിക്കും നമ്മുടെ ഏറ്റവും മോശമായ പ്രതികരണം (FT 35)."
അടച്ചിട്ട നാളുകളിലെ ആത്മീയത അനുഭൂതി ബദ്ധമാണെന്ന തിരിച്ചറിവിന്റെ അനുഭവ വഴികളിലൂടെ വിശ്വാസി സമൂഹം പതുക്കെ പരുവപ്പെട്ടു വരുമ്പോഴും കോവിഡ് 19 'അകത്തൊതുക്കിയ' ചിലതെന്തിലും പള്ളിയ്ക്ക് പുറത്തേയ്ക്കിറക്കാന്‍ ചില അജപാലന ശ്രമങ്ങളുണ്ടായെന്നത് വാസ്തവമാണ്. ചില ഒറ്റയാള്‍ പ്രദക്ഷിണങ്ങളും വി. കുര്‍ബാനയുടെ യൂറ്റിയൂബ് 'മത്സരങ്ങളും' അനുഷ്ഠാനങ്ങളുടെ അരോചകാവതരണങ്ങളോ, ആത്മീയതയിലെ താന്‍പോരിമയുടെ തനിയാവര്‍ത്തനങ്ങളോ ആയി മാറിയത് അങ്ങനെയാണ്.
പ്രശ്‌നമിതാണ്. താല്ക്കാലികാവധിക്കു ശേഷം പൂര്‍വ്വാധികം ശക്തമായി പഴയതിനെയെല്ലാം മടക്കി വിൡക്കാനും മടങ്ങിപ്പോകാനും നാം ഒരുങ്ങിയിരിക്കുന്നുവെങ്കില്‍ കോവിഡാനുഭവ പ്രതികരണം മഹാമോശമാകുമെന്ന മാര്‍പാപ്പയുടെ ആകുലത സത്യമാകും. തിരുന്നാളാഘോഷങ്ങളുടെ ആഡംബരപ്പെരുമ വേണ്ടെന്നു വച്ചത് തല്‍ക്കാലത്തേയ്ക്കാണെന്ന ആശ്വാസം നമ്മുടെ വിശ്വാസജീവിതത്തില്‍ കോവിഡ് ഒരു വ്യത്യാസവും വരുത്തിയില്ലെന്നതിന്റെ നല്ല തെളിവാണ്.
അനിവാര്യമെന്നും, അത്യാവശ്യമെന്നും കരുതി നാം കൂടെ കൂട്ടിയ പലതും അങ്ങനെയായിരുന്നില്ലെന്നയറിവില്‍, കൊറോണ വെറും വൈറസായിരുന്നില്ലെന്നും ജീവിതദര്‍ശനത്തെ തിരുത്താനെത്തിയ തിരുവടയാളമാണെന്നും തിരിച്ചറിയുന്നുണ്ട്. കോവിഡൊരുക്കുന്ന പുതിയ 'മരണവീടും' വിവാഹ'ചടങ്ങും' നമ്മുടെ ആഡംബര പ്രമത്തതയുടെയും താന്‍ പ്രമാണിത്തത്തിന്റെയും അടിവേരറുക്കുമ്പോള്‍ തുടര്‍ന്നങ്ങോട്ടും ഇങ്ങനെ മതിയെന്ന് തീരുമാനിക്കുമ്പോഴാണ് പാപ്പ ഭയപ്പെടുന്ന 'രോഗാതുരമായ ഉപഭോഗത്വര'യോട് സാമൂഹ്യാകലം പാലിക്കാനാകുംവിധം നമ്മുടെ വിശ്വാസം വചന പക്വത പ്രാപിക്കുന്നത്.
എല്ലാവരും തുല്യരാകുന്ന മരണനീതിയുടെ നല്ല നിര്‍ദ്ധാരണം ഈ മഹാമാരിയൊരുക്കുന്നുവെന്നു മാത്രമല്ല, മൃതദേഹ ദഹനം പോലുള്ള അചിന്ത്യവും അസാധാരണവുമായ മരണാനന്തര കര്‍മ്മങ്ങള്‍ വിശ്വാസജീവിതത്തിന്റെ സ്വഭാവിക ചര്യകളാകുകയുമാണ്. ഓരോ പ്രാദേശിക സഭയില്‍ പൊതുവായോ, നഗരകേന്ദ്രീകൃത ഇടവകയില്‍ പ്രത്യേകമായോ, പൊതു ക്രിമിറ്റോറിയത്തിന്റെ സാധ്യതകള്‍ ഇനി മുതല്‍ ആലോചനാ വിഷയമല്ല, അടിയന്തിര നടപടി ആവശ്യമുള്ള അജപാലനശ്രദ്ധയാകണം. അന്തിമോപചാരമര്‍പ്പിക്കാനുള്ള സൗകര്യമുള്‍ക്കൊള്ളുന്ന 'ഫ്യൂണറല്‍ ഹോമു'കള്‍ അതിന്റെ അനുബന്ധ സൗകര്യമാവുകയും വേണം.
'വാക്കുകളില്ലാതെയും, വചനപ്രഘോഷണമാകാമെന്ന' ജീവിതസാക്ഷ്യത്തിന്റെ വിശുദ്ധ മാതൃക(വി. ഫ്രാന്‍സിസ്)യാല്‍ നിരന്തരം ഗ്രസിക്കപ്പെടുന്ന ഫ്രാന്‍സിസ് പാപ്പ, തലവനും പിതാവുമായി നയിക്കപ്പെടുന്ന സഭയില്‍ ഉച്ചഭാഷണികളുടെ അതിപ്രസരത്തില്‍ ഒച്ചപ്പാടുയര്‍ത്തുന്ന ആള്‍ക്കൂട്ട കണ്‍വെന്‍ഷന്‍ പന്തലുകള്‍ ഇനി നമുക്കാവശ്യമുണ്ടോ എന്ന് ചിന്തിക്കണം. അപരനെ നിരന്തരം 'പുറത്താക്കുന്ന' വാക്കുകളില്‍ പലപ്പോഴും അവ മലീമസമാകുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
'ക്രിസ്തുവിന്റെ അടയാളങ്ങള്‍ ശരീരത്തില്‍ പേറുന്ന' (ഗലാ. 6:11) ഒരു പുതിയ സഭാഗാത്രത്തെ സ്വപ്നം കാണുന്ന പാപ്പ വേദനിക്കുന്ന മനുഷ്യന്റെ പുതിയ മുറിവടയാളങ്ങള്‍ സഭാ ശരീരത്തിന്റെ തിരുമുറിവുകളാകണമെന്ന അര്‍ത്ഥത്തിലും അനുഭവത്തിലുമാണ് സ്വവര്‍ഗ്ഗവിഭാഗത്തിന്റെ 'കുടുംബാംഗത്വം' ഉറപ്പാക്കുന്ന സാമൂഹ്യ സുരക്ഷയുടെ (civil union) നിയമസാധുതയ്ക്കായി വാദിച്ചത്. LGBT പ്രത്യേകതകളുള്ളവര്‍ നമ്മുടെ സഹോദരരാണെന്നും മനുഷ്യത്വത്തിന്റെ അവകാശങ്ങള്‍ക്കൊക്കെയും അവര്‍ അര്‍ഹരാണെന്നുമുള്ള പാപ്പായുടെ മുന്‍ നിലപാട് അസന്നിഗ്ദ്ധമായി ആവര്‍ ത്തിക്കുകയാണ് ചെയ്തത്.
കോവിഡ് കാലത്ത് ദൈവം എവിടെയായിരുന്നുവെന്ന ചോദ്യത്തിന് കോവിഡിനുശേഷമോ, കോവിഡിനൊപ്പമോ സഭ നല്കാനൊരുങ്ങുന്ന ഉത്തരങ്ങള്‍ പ്രധാനപ്പെട്ടതാണ്. ചില സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഔദാര്യ സമീപനങ്ങളില്‍ നിന്നും നിരാലംബര്‍ക്കായുള്ള നീതിയുടെ പോരാട്ടവഴികളിലേയ്ക്ക് സഭ ഇനി മുതല്‍ ഇറങ്ങി നില്‍ക്കേണ്ടി വരും. ഫാ. സ്റ്റാന്‍ സ്വാമിയെപ്പോലുള്ളവര്‍ക്കുവേണ്ടിയുള്ള പ്രതിഷേധ പ്രസ്താവനകള്‍ സഭയുടെ പുതിയ പെരുമാറ്റശൈലിയുടെ പ്രതീകമാകണം. ഉപവി പ്രവര്‍ത്തനത്തിന്റെ ഔപചാരികതയോ, ഒഴികഴിവോ ഇല്ലാതെ അസംഘടിതരായ അവശപക്ഷത്തോട് അനുഭാവമല്ല, അനുകൂല നിലപാടുയര്‍ത്തി പക്ഷംപിടിക്കേണ്ടി വരും. സഭയ്ക്കകത്തെ ദളിത് അരികു വല്‍ക്കരണങ്ങളെ അതിശക്തമായി അഭിസംബോധന ചെയ്യേണ്ടി വരും. രാമപുരത്തെ വാ. കുഞ്ഞച്ചന്റെ അജപാലനശൈലിക്ക് പിന്നീട് പിന്തുണയില്ലാതെ പോയത് വിശദീകരിക്കേണ്ടി വരും. പാപ്പ സൂചിപ്പിക്കുന്നതുപോലെ 'ഗര്‍വ്വിഷ്ഠമായ സുരക്ഷയുടെ പുതുരൂപങ്ങളില്‍' മുമ്പെന്നപോലെ ഇനിയുമാണ്ടുപോകുവാനുള്ള അവസരങ്ങളെ അവഗണിക്കാനുള്ള ആത്മധൈര്യമുണ്ടെന്ന് തെളിയിക്കേണ്ടിവരും. ഫ്രാന്‍സ്സിസ് മാര്‍പാപ്പയില്‍ നിന്നും സഭാ സിദ്ധാന്തങ്ങളെ 'രക്ഷിച്ചെടുക്കാനുള്ള' യാഥാസ്ഥിതിക വിഫലശ്രമങ്ങളില്‍ തട്ടി തളരുകയല്ല, തളര്‍ന്നു പോകുന്നവര്‍ക്കും, താഴെ വീണവര്‍ക്കും താങ്ങാകാനുള്ള കാലത്തിന്റെ വെല്ലുവിളിയില്‍ പുതിയ ദൈവവിളി കണ്ടെത്തുകയാണ് വേണ്ടത്. ക്രിസ്തുവല്ല അടയാളപ്പെടുന്നത് എന്ന തിരിച്ചറിവില്‍ രണ്ട് വര്‍ഷത്തേക്കെങ്കിലും പള്ളി പണിയുള്‍പ്പെടെ മഹാ എടുപ്പുകളുടെ നിര്‍മ്മിതിയില്‍ നിന്നും വിട്ട് നില്‍ക്കാനുള്ള കര്‍ശനനിര്‍ദ്ദേശം സഭാ സമൂഹത്തിന് അധികാരികള്‍ നല്കുക തന്നെ വേണം.
'നാമെല്ലാം സഹോദരര്‍' എന്ന ചാക്രികലേഖനം 'തിയോളജിക്കലി സൗണ്ട്' അല്ലെ ന്ന് സഭയ്ക്കകത്ത് ചിലര്‍ക്കെങ്കിലും തോന്നിയെങ്കില്‍, അത് പഠനരേഖയല്ല, ജീവിതരേഖയാണെന്ന് മനസ്സിലാകാത്തതുകൊണ്ടാണ്. 'സുവിശേഷത്തിന്റെ സംഗീതം' (FT 277) കുറെക്കൂടി വ്യക്തമായി കേള്‍പ്പിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വമാണ് കോവിഡ് മാറ്റിയ ലോകത്ത് സഭയ്ക്ക് നിര്‍വ്വഹിക്കാനുള്ളത്. അതിന്റെ സ്വരസ്ഥാനങ്ങളില്‍ അലയുന്നവരുടെ ആകുലതകളുണ്ട്, ഒപ്പം നീതിയുടെ സങ്കീര്‍ത്തനങ്ങളും. കാരണം അതിരു തൊടുന്ന എതിരെഴുത്താണ് തിരുവെഴുത്തുകള്‍; അത് വ്യാഖ്യാനത്തിനുള്ളതല്ല, ജീവിക്കാനുള്ളതാണ്. മാറിയ കാലത്ത് പ്രത്യകിച്ചും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org