നാട്ടങ്കത്തിന്റെ നാനാര്‍ത്ഥങ്ങള്‍

നാട്ടങ്കത്തിന്റെ നാനാര്‍ത്ഥങ്ങള്‍

തദ്ദേശയങ്കം കഴിഞ്ഞു. നേടിയവരും, നഷ്ടപ്പെട്ടവരും, വാണവരും വീണവരും ഇനി ഒരുപോലെയൊന്നിക്കുന്നത് വിലയിരുത്തലിന്റെ വിശദീകരണ മേശയിലാണ്. പ്രാദേശിക താല്പര്യങ്ങളും, വ്യക്തിബന്ധങ്ങളും പരമാവധി പ്രതിഫലിക്കുന്ന പതിവു രീതി തദ്ദേശ തെരഞ്ഞെടുപ്പുത്സവത്തില്‍ പൊതുവെ പ്രതീക്ഷിച്ചിടത്ത്, മുന്നണി മാറ്റവും, കോവിഡ് പ്രതിരോധവും ക്ഷേമ പദ്ധതി വിളംബരങ്ങളും, വര്‍ഗ്ഗീയതാരോപണവും ഉള്‍പ്പെടെ രാഷ്ട്രീയവും, അരാഷ്ട്രീയവുമായ നിരവധി കാര്യങ്ങളാല്‍ കലുഷിതമായിരുന്നു. ഇക്കുറി പ്രചാരണരംഗം.
LDF മികച്ച വിജയം നേടുകയും UDF ദയനീയമായി തകരുകയും, BJP യുടെ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തെളിയുകയും ചെയ്ത തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചവയില്‍ നിര്‍ണ്ണായകമായത് അപ്രതീക്ഷിതമായ രാഷ്ട്രീയ അടിയൊഴുക്കുകളും സര്‍ക്കാര്‍ അനുകൂല വികാരവുമായിരുന്നു. ED ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ അഞ്ചോളം ഏജന്‍സികള്‍ ആറുമാസത്തിലധികമായി, അന്വേഷണത്തിന്റെ പേരില്‍ സ്വപ്നയ്ക്കും, ശിവശങ്കരനുമിടയില്‍ ചുറ്റിത്തിരിയുന്നതല്ലാതെ, തെളിവെടുപ്പില്‍ കാര്യമായ പുരോഗതിയുണ്ടാകുന്നില്ലെന്ന് ബന്ധപ്പെട്ട കോടതികള്‍ കൂടി നിരീക്ഷിച്ചതോടെ, ഫെഡറലിസത്തെ അട്ടിമറിക്കുന്ന ഫാസിസ്റ്റ് നയങ്ങളുടെ സാധൂകരണമായി, സ്വര്‍ണ്ണക്കടത്ത് വിവാദത്തെ പൊതുജനമദ്ധ്യേ അവതരിപ്പിക്കുന്നതില്‍, സംസ്ഥാന സര്‍ക്കാര്‍ ഒരു പരിധി വരെ വിജയിച്ചുവെന്നതിന്റെ സ്ഥിരീകരണം കൂടിയായി, ഇടതിന്റെ തദ്ദേശ നേട്ടം.
കോവിഡ് പ്രതിരോധ നടപടികളിലൂടെയും, ഭക്ഷ്യകിറ്റ്-ക്ഷേമ പെന്‍ഷനുകളുടെ വിതരണത്തിലൂടെയും, കൂടെ നില്‍ക്കുന്ന സര്‍ക്കാരാണിതെന്ന പ്രതീതി, ജനമദ്ധ്യേ നിരന്തരം നിലനിര്‍ത്താന്‍, പതിവ് വാര്‍ത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രിക്ക് കഴിഞ്ഞപ്പോള്‍, തെരഞ്ഞെടുപ്പ് പ്രചാരണം ഇടതുമുന്നണി മാസങ്ങള്‍ക്കു മുമ്പ് തന്നെ തുടങ്ങിയതാണെന്നും വ്യക്തമായി.
UDF ആകട്ടെ, തെരഞ്ഞെടുപ്പ് യുദ്ധത്തിന്റെ പ്രചാരണ കടിഞ്ഞാണ്‍ ഒന്നോ രണ്ടോ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കൈമാറി ഒഴിഞ്ഞൊതുങ്ങിയെന്നു മാത്രമല്ല, പരസ്പര വിരുദ്ധമായ പ്രസ്താവനകളിലൂടെയും, ഗ്രൂപ്പടിസ്ഥാനത്തിലുള്ള പതിവ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലൂടെയും അനുകൂലമായ രാഷ്ട്രീയാവസരത്തെ പരമാവധി പരാജയപ്പെടുത്തുകയും ചെയ്തു. വിത്ത് കുത്തി വിഴുങ്ങുന്ന തലതിരിഞ്ഞ സാമ്പത്തിക നയങ്ങളെയോ, ഉപദേശകവൃന്ദങ്ങളുടെ നടുവിലും പാളിപ്പോകുന്ന ഭരണ സംവിധാനങ്ങളെയോ പൊതുജനമദ്ധ്യേയവതരിപ്പിച്ച് വോട്ടാക്കി മാറ്റുന്നതില്‍ പ്രതിപക്ഷത്തിനുണ്ടായ വീഴ്ച്ച സമാനതകളില്ലാത്തതായി.
തെരഞ്ഞെടുപ്പു ഫലം അപ്രതീക്ഷിതമാക്കിയ മറ്റ് ഘടകങ്ങളും പരിഗണനാവിഷയമാകണം. ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകളുടെ ചുവടുമാറ്റം, ജോസ് കെ. മാണി പക്ഷത്തിന്റെ നിലപാടു മാറ്റത്തിലൂടെ മാത്രം സംഭവിച്ചതെന്ന വിലയിരുത്തല്‍, ശരിയാണെന്ന് ഇടതുമുന്നണി പോലും കരുതുന്നുണ്ടാകില്ല. 'ലൗജിഹാദ്', ന്യൂനപക്ഷ ക്ഷേമാവകാശ വിതരണത്തി ലെ 80:20 അസന്തുലിത തുടങ്ങിയ വിഷയങ്ങളില്‍, സഭാ നേതൃത്വം തന്നെ നിലപാട് പരസ്യ മാക്കിയ സന്ദര്‍ഭത്തില്‍, UDF വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവത്തിലൂടെ, കോണ്‍ഗ്രസ്സിന്റെ മതനിരപേക്ഷ മുഖം നഷ്ടമാകുന്നുവെന്ന തോന്നലും, മധ്യകേരളത്തിലും, വടക്കന്‍ കേരളത്തിലും പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകളില്‍ ഐക്യമുന്നണിക്കെതിരായി വിടവുണ്ടാക്കിയെന്നത് വാസ്തവമാണ്. 2015-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ LDF ഉം അപ്രകാരമുള്ള അടവുനയങ്ങളോടെ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും, ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍, കോണ്‍ ഗ്രസ്സ് പൂര്‍ണ്ണമായും ലീഗിന് കീഴടങ്ങിയെന്ന ഇടതു പ്രചാരണം ഫലം കണ്ടത്, അവര്‍ക്ക് നേട്ടമായി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും ചുവടു മാറുമ്പോള്‍ UDF ന്റെ രാഷ്ട്രീയ ദിശാഗതികളുടെ ലീഗ് ഗ്രഹണം ഏറെക്കുറെ പൂര്‍ണ്ണമാകുമെന്ന രാഷ്ട്രീയ നിരീക്ഷണം പ്രധാനപ്പെട്ടതുതന്നെ.
ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ അരക്ഷിത ബോധത്തെ ഏത് മുന്നണി ഫലപ്രദമായി അഭിസംബോധന ചെയ്യുമെന്നത്, അടുത്തനിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകും. ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് ഇടപെടുന്നതും, ന്യൂനപക്ഷ ക്ഷേമ വിതരണ തര്‍ക്കങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടലിനെ കത്തോലിക്കാ സഭാ നേതൃത്വം തന്നെ സ്വാഗതം ചെയ്യുന്നതും ഇരുമുന്നണികള്‍ക്കും സമ്മര്‍ദ്ദവിഷയമാകുന്നത് അതുകൊണ്ടാണ്. എന്നാല്‍ ഭരണം നിലനിര്‍ത്തിയ പാലക്കാട് നഗര സഭാ ആസ്ഥാനത്ത് 'ജയ്ശ്രീറാം' ബാനറുയര്‍ത്തി തങ്ങളുടെ വര്‍ഗ്ഗീയ അജണ്ടയെ ഒരിക്കല്‍ക്കൂടി പരസ്യപ്പെടുത്തിയതിലൂടെ, കേരളത്തിലെ ബി.ജെ.പിയുടെ മതേതരമമത വെറും കാപട്യമാണെന്ന് തെളിഞ്ഞു.
ക്ഷേമ പെന്‍ഷന്‍ വിതരണ വിജയം വലിയ നേട്ടമായി അവതരിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു കടന്നുപോയത്. കോവിഡ്, കേരളത്തെ മാസങ്ങളോളം അകത്തിരുത്തിയ വേളയില്‍ അത്തരം നടപടികള്‍ ആശ്വാസകരമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് യുദ്ധം ജയി ക്കാനുള്ള ജനപ്രിയ ക്ഷേമ പദ്ധതികളില്‍ മാത്രം ഒരു നാടിന്റെ വികസന നയം ഒഴിഞ്ഞൊതു ങ്ങുമ്പോള്‍, താത്ക്കാലിക രാഷ്ട്രീയ നേട്ടങ്ങളില്‍ നഷ്ടപ്പെടുത്തുന്നത് വരുംതലമുറയുടെ വികസന സ്വപ്നങ്ങളാണെന്നത് മറക്കരുത്. വ്യക്തിപരമായി കിട്ടിയ നേട്ടങ്ങളില്‍, അഴിമതിപോലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ മുങ്ങിപ്പോകുന്നതും പ്രബുദ്ധ കേരളത്തിന് ചേര്‍ന്നതല്ല.
മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയുയര്‍ത്തി, കടന്നുവന്ന ട്വന്റി 20 പോലുള്ള 'വികസന സമിതികള്‍' ഈ തെരഞ്ഞെടുപ്പിലൂടെ കൂടുതലിടങ്ങളിലേയ്ക്ക് വ്യാപിക്കുമ്പോള്‍, വികസനത്തിന്റെ കുത്തക, രാഷ്ട്രീയ പാര്‍ട്ടികളുടെ ആജന്മ അവകാശമല്ലെന്ന ഊന്നിപ്പറയ ലും കുതറി നില്‍ക്കലുമായത് മാറുകയാണ്. പ്രത്യേകിച്ചൊരു വരുമാനവുമില്ലാത്ത രാഷ്ട്രീയക്കാര്‍ കോടീശ്വരന്മാരാകുന്ന ജനാധിപത്യ വിപ്‌ളവ കാപട്യത്തിന്റെ പൊളിച്ചെഴുത്തുമാണത്. ഒപ്പം വികസന നയം ജനങ്ങളുടേതാകുന്ന രാഷ്ട്രീയ ബദലും. എന്നാല്‍ വികസന ത്തിന്റെ അരാഷ്ട്രീയവല്‍ക്കരണം ആസന്നമാകുന്നതിന്റെ അപായ സൂചനയായി അതിനെ വിമര്‍ശിക്കുന്നവരുണ്ട്. നാളിതുവരെയും വികസിച്ചത് പാര്‍ട്ടിയും നേതാക്കളും മാത്രമെന്ന തിരിച്ചറിവിലാണ് കോര്‍പ്പറേറ്റ് പിന്തുണയോടെയാണെങ്കിലും ഇത്തരം സമാന്തര രാഷ്ട്രീയ മുന്നേറ്റങ്ങള്‍ ന്യായീകരിക്കപ്പെടുന്നത്. അപ്പോഴും, ജനാധിപത്യ സ്വഭാവമുള്ള ചര്‍ച്ചകളില്ലാതെ, ഏകപക്ഷീയ നിലപാടുകള്‍ വികസന ദിശകളെ നിര്‍ണ്ണയിക്കാനിടയാകരുതെന്ന നിരന്തര ശാഠ്യം ഇത്തരം വികസന സമിതികളിലുണ്ടാകണം.
മുന്നണി രാഷ്ട്രീയത്തിന്റെ ഇടതു വലതു ലായങ്ങളില്‍ കേരളത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ മാറി മാറിക്കെട്ടിയുള്ള പരീക്ഷണത്തിന്റെ പതിവ് സമവാക്യങ്ങള്‍ മാറിത്തുടങ്ങിയോ എന്ന് സംശയിക്കണം. അപ്രതീക്ഷിതയിടങ്ങളില്‍ ഇരുമുന്നണികളും നേരിട്ട ചില തിരിച്ചടികളില്‍, മാറുന്ന മലയാളി മനസ്സിന്റെ തിരിച്ചറിവുകളുണ്ട്. അതില്‍ മതേതര പക്ഷത്തു നിന്നുള്ള മാറി നില്‍ക്കലും, വികസന പക്ഷത്തേക്കുള്ള നീങ്ങി നില്‍ക്കലുമുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണ്ണായകമായ കേരളത്തില്‍ പ്രീണന രാഷ്ട്രീയത്തിലൂടെ അതില്‍ ഒരു വിഭാഗത്തെ ഒന്നായി ഒഴിവാക്കുന്നതും, ഭൂരിപക്ഷ സമുദായ താത്പര്യങ്ങളെ ശരിയായി അഭിമുഖീകരിക്കാത്തതും, മതനിരപേക്ഷ സാമൂഹ്യ സങ്കലനാ സങ്കല്പത്തിന് വിരുദ്ധമാകും. വിരുദ്ധ രാഷ്ട്രീയമല്ല, വികസന രാഷ്ട്രീയം എല്ലാ പാര്‍ട്ടികളുടെയും മുഖമുദ്രയാകട്ടെ. മതേതരസ്വഭാവം അവയുടെ മുദ്രാവാക്യവും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org