നിര്‍ഭയ അവസാനത്തേതായിരുന്നില്ലെന്ന് ഹത്രസ് തെളിയിച്ചു. പക്ഷേ, ബലാല്‍ക്കാരത്തിന്റെ തെളിവുകള്‍ വേണ്ടപോലെ 'തെളിയാതി'രുന്ന അവളുടെ ശരീരം ഇരുളൊരുക്കിയ മറവില്‍ യു.പി. പോലീസ് കത്തിച്ചൊതുക്കി.
ഹത്രസും അവസാനത്തേതാകില്ലെന്ന്, മോദിയുടെയും യോഗിയുടെയും 'ശ്രേഷ്ഠഭാരതം' നമുക്ക് ഉറപ്പു തരുന്നുണ്ട്. സംഭവം നടന്ന് 11 ദിവസത്തിനു ശേഷം നടത്തിയ പരിശോധനയില്‍ പീഡനം നടന്നില്ലെന്ന് 'കണ്ടെത്തി'യ പോലീസ് അപമാനിച്ചത് ആ കുട്ടിയുടെ കുടുംബത്തെ മാത്രമല്ല, രാജ്യത്തിന്റെ നീതിബോധത്തെയാണ്. ദളിത്-ന്യൂനപക്ഷ വേട്ടകളുടെ പുത്തന്‍ എപ്പിസോഡുകള്‍ ജാതിവെറിയുടെ അണിയറയില്‍ ആസൂത്രിതമായി നിര്‍മ്മിച്ചെടുക്കുന്ന ആധുനികഭാരതം അമ്പരപ്പല്ല, അറപ്പാണ് ഉളവാക്കുന്നത്. അസാധാരണം, ഭയാനകം എന്ന സുപ്രീംകോടതിയുടെ പ്രയോഗത്തിലുണ്ട് നാടിന്റെ ഇന്നത്തെ ഭീതിയുടെയും നിസ്സഹായതയുടെയും നിലവിളി. എന്നാല്‍ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധം പോലും ഇവിടെ 'നടക്കി'ല്ലെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീട്ടിലേയ്ക്കുള്ള, രാജ്യത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് രാഹുല്‍ ഗാന്ധിയുടെ യാത്ര ആദ്യം തടസ്സപ്പെടുത്തിയ പോലീസ് നടപടിയുടെ നൃശംസതയിലൂടെ വ്യക്തമായി. മാത്രമല്ല, പ്രതിഷേധിച്ചവരെ രാജ്യദ്രോഹവകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തതും. കോവിഡ് പശ്ചാത്തലവും, നിരോധനാജ്ഞയുമാണ് അതിനാധാരമായി ചൂണ്ടിക്കാട്ടിയത്.
ശരിയാണ്, കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യയില്‍ 'നിരോധനാജ്ഞ'യാണ്. കോവിഡിന്റെ മറവില്‍ ജനാധിപത്യ സംവിധാനങ്ങള്‍ രാജ്യമെങ്ങും നിരോധിത പട്ടികയിലാണ്. ഇഅഅ യ്ക്ക് എതിരെ ഉയര്‍ന്ന പ്രതിഷേധസ്വരങ്ങളെ ആദ്യം ഷാഹിന്‍ ബാഗിലെ തെരുവുകളില്‍നിന്നും പിന്നീട് രാജ്യത്തുനിന്നും എത്ര സമര്‍ത്ഥമായാണ് സര്‍ക്കാര്‍ നീക്കം ചെയ്തത്. പുതിയ വിദ്യാഭ്യാസ നയം ക്ലാസ്സുമുറികളിലേയ്‌ക്കെത്തുന്നത് വിദ്യാലയത്തിന്റെ പ്രധാനകവാടം കടന്നാകരുതെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചപ്പോള്‍, ചര്‍ച്ചകളില്ലാതെ അതങ്ങനെ തന്നെയെന്നുറപ്പിക്കാന്‍ കോവിഡിന്റെ അടിയന്തിരാവസ്ഥയെ ആയുധമാക്കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ പരിസ്ഥിതി ആഘാത പഠനറിപ്പോര്‍ട്ടും, കാര്‍ഷിക കരിനിയമങ്ങളും, പര്‍ലമെന്റിനെപ്പോലും അവഗണിച്ചും, തങ്ങളെ പിന്തുണയ്ക്കുന്നവരെപ്പോലും അവിശ്വസിച്ചും, ചര്‍ച്ചയില്ലാതെ നടപ്പാക്കിയത് ചര്‍ച്ചയായപ്പോള്‍, വികസനത്തിലെ അതാര്യത ജനാധിപത്യ വിരുദ്ധമാണെന്ന് ഒരിക്കല്‍ക്കൂടി ഇന്ത്യ ഓര്‍ത്തുപറഞ്ഞു. വിദേശഫണ്ട് സ്വീകരണം പുതിയ നിയമഭേദഗതിയിലൂടെ എന്‍ജിഓസിനു വിലക്കുമ്പോള്‍, ജങ കെയറും, ഇലക്ട്രല്‍ ബോണ്ടും യാതൊരു ഓഡിറ്റിംഗിനും വിധേയമാകാതിരിക്കുന്നതാണ് മോദിയുടെ ഇന്ത്യയുടെ സാമ്പത്തിക സുതാര്യതാനയം! ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനമവസാനിപ്പിച്ചത് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാത്തതുകൊണ്ടായിരുന്നുവെന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. ജനാധിപത്യത്തിന് വല്ലാതെ ശ്വാസംമുട്ടുന്നുണ്ട്.
കോവിഡ് കാലത്ത് രാജ്യത്ത് ഒന്നും നടക്കാതിരുന്നില്ല. പ്രധാനമന്ത്രി തന്നെ നേരിട്ടെത്തി രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തി 'ചരിത്രദൗത്യം' നിര്‍വ്വഹിച്ചു. ഏഉജ അതിന്റെ സാമ്പത്തിക സൂചിക ചരിത്രത്തിലെ ഏറ്റവും ദയനീയ നിലയെ അടയാളപ്പെടുത്തിയപ്പോള്‍ (-32), കളിപ്പാട്ട നിര്‍മ്മാണത്തിന്റെ അനന്ത സാധ്യതകളെപ്പറ്റി മന്‍കിബാത്തില്‍ കളി പറഞ്ഞു! തൊഴില്‍ മേഖലയില്‍ ഉദാരവല്‍ക്കരണം ലക്ഷ്യമിട്ട് 25 തൊഴില്‍ നിയമങ്ങള്‍ ക്രോഡീകരിച്ചുള്ള 3 ചട്ടങ്ങളുടെ ബില്ലുകളും സര്‍ക്കാര്‍ പാസ്സാക്കിയെടുത്തതും കോവിഡ് കാലത്തെ മറ്റൊരു 'നേട്ട'മാണ്. പ്രധാന വ്യവസ്ഥകളുടെ നേട്ടങ്ങള്‍ തൊഴിലുടമയ്ക്കാണെന്ന പ്രതിപക്ഷയാക്ഷേപം കണക്കിലെടുക്കാതെ, ചര്‍ച്ചകളുടെ തടസ്സമില്ലാതെയാണ് അതും നിയമമായത്.
'നിയമലംഘനം ഒരു സമരരീതിയാക്കാമോ' എന്ന്, ആനിബസന്റ് ആശങ്കപ്പെട്ടപ്പോള്‍, 'നീതിക്ക് നിരക്കാത്ത നിയമങ്ങള്‍ ലംഘിക്കപ്പെടേണ്ടവയാണെ'ന്നായിരുന്നു, മഹാത്മാഗാന്ധിയുടെ ഉറച്ച നിലപാട്. കരിനിയമങ്ങളുടെ കര്‍ക്കശപ്പൂട്ടില്‍ നിലവിളിക്കുന്ന നീതിയുടെ നിസ്സഹായതയെ നിലപാടാക്കി മാറ്റാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഉണര്‍ന്നിരിക്കാത്തതാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ അപകടം.
നിയമ നിര്‍വ്വഹണത്തെ നീതിയായി നിരീക്ഷിച്ച കാര്‍ക്കശ്യ മതബോധത്തിന് കാലം കൊടുത്ത തിരുത്താണ് ക്രിസ്തു. അതിനാല്‍ നിര്‍ണ്ണായക വിഷയങ്ങളില്‍ നിലപാടറിയിക്കാതെ മൗനത്തെ ഔദ്യോഗികമാക്കുന്ന അപകടം സഭയുടെ പുതിയ അപചയമാകരുത്. ഒഴുക്കന്‍ പ്രസ്താവനകളിലൂടെ ഒഴിവാക്കി വിടുന്ന സംഭവങ്ങള്‍ സഭയെ നിരന്തരം സംശയനിഴലിലാക്കുന്നുണ്ട്. കര്‍ഷകനെ കഷ്ടത്തിലാക്കുന്ന ചഉഅ സര്‍ക്കാരിന്റെ കാര്‍ഷിക നയത്തെ ഇആഇക പോലുള്ള സഭയുടെ ഉന്നതയധികാര സമിതികള്‍ കൃത്യമായ നിലപാടുയര്‍ത്തി വിലയിരുത്തിയത് കണ്ടില്ല; അല്ലെങ്കില്‍ അത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. എല്‍ കെ അഡ്വാനി ഉള്‍പ്പെടെയുള്ള കര്‍സേവകരെ പള്ളി പൊളിച്ച കേസില്‍ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള കോടതിയുടെ അന്തിമവിധി തീര്‍പ്പില്‍ അസ്വഭാവികതയൊന്നും പ്രകടിപ്പിക്കാതിരുന്ന സഭാ നേതൃത്വവും പൊതുസമൂഹത്തെ ശരിക്കും അത്ഭുതപ്പെടുത്തി. ഹത്രസ് ഉള്‍പ്പെടെ ആവര്‍ത്തിച്ചുള്ള ദളിത് ന്യൂനപക്ഷ പീഡന പരമ്പരകളെ നീതിയുടെ പക്ഷത്തുനിന്ന് നിരാകരിക്കുന്നതും കണ്ടില്ല. എന്നാല്‍ മോദിയുടെ 70-ാം പിറന്നാളില്‍ ആശംസാ വാഴ്ത്തുകളുമായി സോഷ്യല്‍ മീഡിയായില്‍ സഭാ നേതൃത്വം ഒരുമിച്ചെത്തിയത് പ്രതികരണ വൈരുദ്ധ്യത്തിന്റെ വിചിത്രാവതരണമാവുകയും ചെയ്തു.
നിലവിളിക്കുന്നവരോടൊപ്പം നിരന്തരം നിലയുറപ്പിക്കുമ്പോഴാണ്, സഭ സത്യമായും ക്രിസ്തുവിന്റേതാകുന്നത്. തങ്ങളെ നേരിട്ട് ബാധിക്കുന്നവയില്‍ മാത്രം ആശങ്കപ്പെട്ടും, തങ്ങളുടെ അവകാശ നിഷേധങ്ങളില്‍ മാത്രം അതൃപ്തിയറിയിച്ചും, ഭരിക്കുന്നവര്‍ക്ക് അധികം അലോസരമുണ്ടാക്കാതെ നാം ഒഴിഞ്ഞൊതുമ്പോള്‍ ക്രിസ്തുവാണ് യഥാര്‍ത്ഥത്തില്‍ ഒഴിവാക്കപ്പെടുന്നത്. താല്‍ക്കാലിക നേട്ടങ്ങളുടെ അപ്പക്കുട്ടകളെ അവഗണിച്ചും നട്ടെല്ല് തകര്‍ന്നവര്‍ക്കൊപ്പം നടുവളയ്ക്കാതെ നിലപാടുയര്‍ത്താന്‍ നസ്രായന്റെ നാവ് സഭയുടേതാക്കണം.
മാനവ സാഹോദര്യമെന്ന മഹിതമാര്‍ഗ്ഗമല്ലാതെ മറ്റൊന്നും, മനുഷ്യനിലേയ്ക്കും, മനുഷ്യത്വത്തിലേയ്ക്കും ഒടുവില്‍ ക്രിസ്തുവിലേയ്ക്കുമുള്ള മടക്കയാത്രയെ സാധൂകരിക്കുന്നില്ലെന്ന തിരിച്ചറിവിലാണ് 'നാം സഹോദരര്‍' എന്ന തന്റെ മൂന്നാമത്തെ ചാക്രിക ലേഖനത്തിന്റെ സാധ്യതയും സാംഗത്യവും ഫ്രാന്‍സിസ് പാപ്പ കണ്ടെത്തിയത്. നിരാശ്രയന്റെ നിസ്സഹായത നെഞ്ചുപൊള്ളിക്കണം; അത് വാളയാറായാലും, വടക്ക് ഹത്രസിലാണെങ്കിലും. മൗനം പാപമാണ്. സൗകര്യമനുസരിച്ചുള്ള മൗനഭഞ്ജനം മാരകപാപവും.