അപരദ്വേഷത്തിന്റെ സൈബറിടം

അപരദ്വേഷത്തിന്റെ സൈബറിടം

സൈബറിടങ്ങളുടെ സമാനതകളില്ലാത്ത വിനിയോഗ സന്ദര്‍ഭങ്ങളെ കോവിഡ് 19-ന്റെ അടച്ചിടല്‍ കാലം അനിവാര്യമാക്കുന്നുണ്ട്. ഓണ്‍ലൈന്‍ പഠനവും 'വീട്ടിലെ' ജോലികളും അതിന്റെ സാകാരസാധ്യതകളായി സ്വീകരിക്കപ്പെട്ടപ്പോള്‍, സമൂഹമാധ്യമങ്ങളിലെ 'ഒളിഞ്ഞുനോട്ട'ങ്ങളും ഒളിവിട 'പോരാട്ട'ങ്ങളും ഒഴിവാക്കാനാകാത്ത ദുരന്ത സമസ്യകളായി പ്രത്യക്ഷപ്പെട്ടു.
കൊറോണ വൈറസിന്റെ തീവ്ര സമ്പര്‍ക്ക തോതിനെ തോല്പിക്കും വിധത്തിലാണ് വ്യക്തികളെ പ്രത്യേകിച്ച് സ്ത്രീകളെ തേജോവധം ചെയ്യുന്ന ഡിജിറ്റല്‍ 'വൈറസി'ന്റെ സാമൂഹ്യവ്യാപനം. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ സംബന്ധിച്ച് സൈ ബര്‍ സെല്ലിനു മുന്നില്‍ ഒരു വര്‍ഷമെത്തുന്നത് 2500 ലേറെ പരാതികളാണെന്നറിയുമ്പോഴാണ്, വിഷലിപ്ത വ്യക്തിഹത്യയുടെ സൈബറിട സാധ്യതകള്‍ എത്രയോ വിപുലമെന്നറിയുന്നത്. ഇതില്‍ ക്രിമിനല്‍ കേസെടുക്കാനാകുന്നത് ശരാശരി 850 ആയി ചുരുങ്ങുന്നുവെന്നതില്‍നിന്നും രാജ്യത്തെ വിവര സാങ്കേതിക നിയമത്തിന്റെ വിചാരണശേഷി വെളിെപ്പടുന്നുണ്ട്.
2000-ത്തിലെ വിവര സാങ്കേതികതാ നിയമം കേവലം ഇലക്‌ട്രോണിക് കോമേഴ്‌സിനു വേണ്ടി മാത്രമാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍തന്നെ വ്യക്തമാണ്. സൈബറിടത്തില്‍ നടത്തുന്ന കുറ്റകൃത്യങ്ങളില്‍ ചിലതു മാത്രമാണ് അതില്‍ പ്രതിപാദിച്ചിരിക്കുന്നത്. 2015-ലെ ശ്രേയ സിന്‍ഗാള്‍ Vs ഇന്ത്യ ഗവണ്‍മെന്റ് എന്ന കേസിലിടപ്പെട്ടു കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ന്യായത്തിലൂടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് ഭരണഘടനയിലൂടെ ഉറപ്പാക്കിയ മൗലികാവകാശത്തിന് തടസ്സമുണ്ടാകുന്നുവെന്ന ന്യായത്തിലൂന്നി 66A എന്ന വകുപ്പ് റദ്ദാക്കിയപ്പോള്‍, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അവഹേളിക്കുകയോ, അപകീര്‍ത്തിപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ 3 വര്‍ഷം പിഴയോടു കൂടിയ തടവിന് വ്യവസ്ഥ ചെയ്തിരുന്ന കുറ്റകൃത്യമാണ് ഇല്ലാതായത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ചുമത്താനാകുന്നത് താരതമ്യേന IPC 500 പ്രകാരമുള്ള അപകീര്‍ത്തി പരാതിപോലുള്ള ദുര്‍ബല വകുപ്പുകളാണെന്നത് ശക്തമായ നടപടികള്‍ക്കൊരുങ്ങാന്‍ പോലീസിനും പ്രയാസമുണ്ടാക്കുന്നു. പരാതിക്കാര്‍ നേരിട്ട് സിവില്‍ കോടതിയെ സമീപിക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക കാലതാമസം വേറെയും. കേരള പോലീസ് നിയമം 120 O പ്രകാരം IPC 509 പ്രകാരവും കേസെടുക്കാമെങ്കിലും സ്‌റ്റേഷന്‍ ജാമ്യമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും, നിസ്സാര ശിക്ഷകളുമാണ് കാത്തിരിക്കുന്നതെന്ന വസ്തുതയും കുറ്റവാളികള്‍ക്ക് വളമാകുന്നുണ്ട്.
'യൂറ്റിയൂബ്, 'ഫെയ്‌സ്ബുക്ക്' പോലുള്ള സോഷ്യല്‍ മീഡിയകളുടെ പ്രവര്‍ത്തനങ്ങള്‍, അതാതു രാജ്യങ്ങളിലെ നിയമത്തിലധിഷ്ഠിതമാണെന്നതും, പരാതികളിന്മേലുള്ള അവരുടെ പരിശോധനയ്ക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന കാലദൈര്‍ഘ്യത്തിന്റെ പഴുതുകളും, പരാതികള്‍ ശരിയായി നല്കുന്നതെങ്ങനെയെന്നതിലുള്ള അജ്ഞതയുമൊക്കെ പരാതിക്കാരുടെ പരാധീനതകളായി തുടരുമ്പോള്‍ ഔദ്യോഗിക പരാതികളുടെ എണ്ണം യഥാര്‍ത്ഥ കുറ്റകൃത്യങ്ങളെക്കാള്‍ കുറവാകാനാണ് സര്‍വ്വസാധ്യതയും…
മികവുറ്റ സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ പ്രാദേശികതലത്തില്‍ ആരംഭിക്കുകയും മാറിവരുന്ന സൈബര്‍ ദുരുപയോഗ സാഹചര്യങ്ങളെ അഭിസംബോധന ചെയ്യത്തക്കവിധം, പുതിയ നിയമങ്ങളുടെ കര്‍ക്കശതയുറപ്പാക്കുകയുമാണ് സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യേണ്ടത്. എന്നാല്‍ IPC 506 (കുറ്റകരമായ ഭീഷണിപ്പെടുത്തല്‍) പോലുള്ള വകുപ്പുകളുപയോഗിച്ചുപോലും ശക്തമായ നടപടിക്ക് നിയമപാലകര്‍ പലപ്പോഴും തയ്യാറാകുന്നില്ലെന്നത് സൈബര്‍ സുരക്ഷയില്‍ സര്‍ക്കാര്‍ നടപടിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
യൂറ്റിയൂബിലൂടെ അധിക്ഷേപ വീഡിയോ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ സെപ്തംബര്‍ 7-ന് 160 കന്യാസ്ത്രീകള്‍ പരാതി നല്കിയെങ്കിലും നടപടി നീണ്ടുപോയതിലെ ആക്ഷേപം വ്യാപക പ്രതിഷേധമായപ്പോള്‍ മാത്രമായിരുന്നു അറസ്റ്റുണ്ടായതെന്നു കൂടി ചേര്‍ത്ത് വായിക്കുമ്പോഴാണ് എത്രയോ നിരുത്തരവാദിത്വപരമാണ് നമ്മുടെ സമീപനങ്ങള്‍ എന്നു മനസ്സിലാകുന്നത്. കോവിഡ് കാലത്ത് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരുടെയും അതാസ്വദിച്ചവരുടെയും എണ്ണം വല്ലാതെ പെരുകിയെന്ന വാര്‍ത്ത മലയാളിയുടെ കപട സദാചാരത്തിന്റെയും വൈകൃത മനോനിലയുടെയും മലീമസാഖ്യാനമായി.
അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമുണ്ടാകാത്ത വിധം ശക്തമായ നിയമ നിര്‍മ്മാണത്താല്‍ നമ്മുടെ സൈബറിടങ്ങളെ സുരക്ഷിതമാക്കാനുള്ള ജനപ്രതിനിധികളുടെ ഉത്തരവാദിത്വം അടിയന്തിരമായി നിറവേറ്റപ്പെടണം. സൈബര്‍ ലോകത്തെ പെരുമാറ്റ ചട്ടങ്ങളുടെ മര്യാദക്രമം സ്‌കൂള്‍തലത്തില്‍ തന്നെ വിദ്യാര്‍ത്ഥികളുടെ പഠന വിഷയമാക്കണം. സഭയുടെ മതബോധന വേദികളില്‍ ഇത്തരം പരിശീലനങ്ങളുടെ പ്രയോഗ സാധ്യത പ്രത്യേകമായി ഉറപ്പാക്കണം. സൈബര്‍ ലോകത്ത് ക്രിയാത്മകമായ ഇടപെടലുകള്‍ സുവിശേഷോചിതമായി എങ്ങനെ നിര്‍വ്വഹിക്കാമെന്നതിന്റെ ഉടല്‍ സാക്ഷ്യമായി സഭ ഈയിടെ അള്‍ത്താരയിലേയ്ക്കുയര്‍ത്തിയ വാ. കാര്‍ലോ അക്കൂത്തിസിന്റെ മാതൃക കൗമാരലോകത്തിന് പ്രചോദനമാകണം.
ലോകോപകാരപ്രദമായി പ്രയോജനപ്പെടുത്താവുന്ന അനന്ത സാധ്യതകളുടെ ഒഴിയാത്ത ആവനാഴിയായി ഇന്റര്‍നെറ്റിനെ ഫ്രാന്‍സിസ് പാപ്പ തിരിച്ചറിയുമ്പോഴും, പ്രതീതി യാഥാര്‍ത്ഥ്യത്തിന്റെ (Virtual reality) അടിമകളായിത്തീരുന്ന ആധുനിക യുവതയെ കൃത്യമായി അഭിസംബോധന ചെയ്യുന്ന 'ഫ്രത്തെല്ലി തൂത്തി'യില്‍ യാഥാര്‍ത്ഥ്യബോധത്തിന്റെ രുചിയും മണവും അവര്‍ക്ക് നഷ്ടമാകുന്നതെങ്ങനെയെന്നും വിശദീകരിക്കുന്നുണ്ട്. "അടിമത്തത്തിലേയ്ക്കും ഒറ്റപ്പെടലിലേയ്ക്കും ഒഴിഞ്ഞൊതുങ്ങാനിടയാക്കുന്ന ഡിജിറ്റല്‍ മാധ്യമങ്ങള്‍, സാവധാനം പരസ്പരാശ്രിത ബന്ധങ്ങളുടെ ആധികാരികതയെ അപ്രസക്തമാക്കും" (FT 42). വാചികാതിക്രമത്തിന് (verbal violance) പ്രേരിപ്പിക്കുംവിധം സാമുദായിക സ്വത്വബോധ ചര്‍ച്ചകളില്‍പ്പോലും വിഭാഗീയതയുെടയും വര്‍ഗ്ഗീയതയുടെയും വിഷംകലരാനിടയാക്കുന്ന സമകാലിക സാഹചര്യത്തെ ജാഗ്രതയോടെ സമീപിക്കേണ്ടതുണ്ട്.
പ്രശ്‌നം ധാര്‍മ്മികതയുടേതാണ്. അവനവനു മാത്രം ഗുണപ്രദമാകുന്ന ഉപഭോഗാസക്തിയെ ഉപേക്ഷിക്കുകയാണ് സമൂഹികാതിക്രമത്തെ (social aggression) അവസാനിപ്പിക്കാനുള്ള ആദ്യപടിയെന്ന് പാപ്പ ഉറപ്പിച്ചു പറയുന്നു (FT 44). അപരവിദ്വേഷത്തിന്റെ ആവിഷ്‌ക്കാരങ്ങളില്‍നിന്നും മാധ്യമങ്ങളെ പ്രത്യേകിച്ച് സാമൂഹ്യമാധ്യമങ്ങളെ രക്ഷിച്ചെടുക്കാന്‍ സാഹോദര്യത്തിലധിഷ്ഠിതമായ സുവിശേഷ സാക്ഷ്യത്തി ലൂടെ മാത്രമേ സാധ്യമാകൂ. അതിലേയ്ക്കാകട്ടെ നമ്മുടെ സകലശ്രദ്ധയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org