പ്രതിഷേധത്തിന്റെ വര്‍ഗ്ഗീയ പ്രതിസന്ധി

പ്രതിഷേധത്തിന്റെ വര്‍ഗ്ഗീയ പ്രതിസന്ധി

Published on

ജനപക്ഷനയങ്ങളുടെ പിന്തുണയില്‍ അധികാരതന്ത്രങ്ങളെ കൃത്യമായ അനുപാതത്തില്‍ പാകപ്പെടുത്തിയാണ് ഭരണത്തിലെ എക്കാലത്തെയും 'നയതന്ത്ര'പുരോഗതി. കോവിഡ് 19 സമ്മാനിച്ച അസാധാരണ ഭീതിപ്പകര്‍ച്ചയിലും, രോഗപ്പകര്‍ച്ചയെ നിയന്ത്രിച്ച ആത്മവിശ്വാസത്തോടെ പിണറായി സര്‍ക്കാര്‍ അതിന്റെ അവസാന ലാപ്പിലേയ്ക്ക് കുതിക്കുമ്പോഴായിരുന്നു, നയതന്ത്രബാഗേജിലെ സ്വര്‍ണ്ണക്കടത്തിലൂടെ അപ്രതീക്ഷിത ട്വിസ്റ്റ് എത്തിയത്. സ്വര്‍ണ്ണക്കടത്തിന്റെ പലവിധ പകര്‍ന്നാട്ടങ്ങള്‍ പരിചിതമാണെങ്കിലും, അന്താരാഷ്ട്ര ബന്ധങ്ങളെപ്പോലും സ്വാധീനിച്ചും, സഹായം സ്വീകരിച്ചും രാജ്യദ്രോഹത്തിന്റെ പുതിയ കൈമാറ്റ രീതി സ്വര്‍ണ്ണമായി നാട്ടിലെത്തിയതറി ഞ്ഞപ്പോള്‍, ആദ്യത്തെ അത്ഭുതം അതിവേഗം പ്രതിഷേധ പരമ്പരകളിലേയ്ക്ക് വഴി മാറുന്നതാണ് കേരളം പിന്നെ കണ്ടത്. സര്‍ക്കാരന്റെ സ്വപ്നപദ്ധതികളൊക്കെയും 'സ്വപ്ന'യില്‍ ചിതറിയപ്പോള്‍ അടിക്കാനൊരു വടിയില്ലാതെ അതുവരെയും വട്ടംകറങ്ങിയൊതുങ്ങിയ പ്രതിപക്ഷം വര്‍ദ്ധിതവീര്യത്തോടെ വിറളി പിടിച്ചെത്തി. കോവിഡ് സുരക്ഷാ ചട്ടങ്ങളെപ്പോലും മറന്നുപോയ സമര പരിപാടികളാല്‍ തലസ്ഥാന നഗരി അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമായി.
സമരനീക്കങ്ങള്‍ അനവസരത്തിലേതെന്ന് അപലപിച്ച സര്‍ക്കാര്‍, അതിനെ അതിശക്തമായി നേരിട്ടുവെന്ന് മാത്രമല്ല, തെറ്റായ വാര്‍ത്തകള്‍ നല്കുന്നുവെന്ന, ആക്ഷേപമുയര്‍ത്തി തങ്ങളുടെ 'കൂടെ' നില്‍ക്കാത്ത മാധ്യമങ്ങളെ കൂട്ടത്തോടെ ശകാരിച്ചവഗണിക്കുകയും ചെയ്തു. കോവിഡ് തീവ്രവ്യാപന പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ട സമര പരമ്പരകള്‍ പരിധിവിട്ടെന്നയാക്ഷേപത്തെ മുഖവിലയ്‌ക്കെടുക്കുമ്പോഴും അതിനിടയാക്കിയ അസാധാരണ സാഹചര്യത്തെ സര്‍ക്കാര്‍ എന്തുകൊണ്ട് അഭിസംബോധന ചെയ്യുന്നില്ല എന്ന ചോദ്യമുണ്ട്. യുഎഇ സര്‍ക്കാരുമായുള്ള കേരളത്തിന്റെ പ്രത്യേക സൗഹൃദത്തെപ്പോലും ഗുരുതരമായി ബാധിക്കാനിടയുള്ള പ്രശ്‌നമായിത് വളരാനിടയാകുമെന്ന തിരിച്ചറിവില്‍ എന്‍ഐഎ പോലുള്ള അന്വേഷണ ഏജന്‍സികളെ ആദ്യഘട്ടത്തില്‍ സ്വാഗതം ചെയ്‌തെങ്കിലും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനില്‍ നിന്നും അന്വേഷണമുനകള്‍ മന്ത്രിസഭയിലെ, തന്റെ സഹപ്രവര്‍ത്തകരിലേക്കും, പാര്‍ട്ടി സെക്രട്ടറിയുടെ കുടുംബത്തിലേയ്ക്കും നീണ്ടതോടെ, വര്‍ഗ്ഗീയ കാര്‍ഡിറക്കി, പ്രതിഷേധത്തെ പ്രതിസന്ധിയിലാക്കാന്‍ നടത്തുന്ന നീക്കം പാര്‍ട്ടിയനുഭാവികളില്‍പോലും അമ്പരപ്പുളവാക്കി. പ. ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്നയാക്ഷേപം, മുസ്ലീം സമുദായത്തിനെതിരായുള്ള ആക്രമണമായി അവതരിപ്പിക്കുന്നതിലൂടെ, കെ.ടി. ജലില്‍ വിഷയത്തിലൂന്നി, ന്യൂനപക്ഷ സമുദായത്തിന്റെ യഥാര്‍ത്ഥ സംരക്ഷകര്‍ തങ്ങളാണെ ന്ന പ്രതീതി ജനിപ്പിക്കുന്നതില്‍, സര്‍ക്കാര്‍ ഒരു പരിധിവരെ വിജയിക്കുമ്പോള്‍, തോറ്റു പോകുന്നത് മതേതര കേരളമാണ്. ഭൂരിപക്ഷ വര്‍ഗ്ഗീയതയ്‌ക്കെതിരെ ന്യൂനപക്ഷ വര്‍ഗ്ഗീയതയെ മുഖാമുഖം നിര്‍ത്തുന്നതിലൂടെ, രാഷ്ട്രീയത്തിലെ ധാര്‍മ്മികത മാത്രമല്ല, മാനവിക മൂല്യങ്ങളും മറവിയിലേയ്ക്ക് മറയും.
മതതീവ്ര സ്വഭാവമുള്ള ചില വര്‍ഗ്ഗീയ ഗ്രൂപ്പുകളുമായി, അടവുനയത്തിന്റെ അണിയറയില്‍ രാഷ്ട്രീയ ബാന്ധവമുറപ്പിക്കുന്ന മുസ്ലീം ലീഗ് നേതൃത്വത്തെ പരസ്യമായി എതിര്‍ക്കാനാകാതെ, കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന വലതു മുന്നണി നിശബ്ദമാകുമ്പോള്‍ അധികാരം തന്നെയാണ് എല്ലാറ്റിനും മീതെയെന്നാണ് പറയാതെ പറയുന്നത്.
കേരളത്തില്‍ ഇത് സംഭവിക്കുമോ എന്ന അത്ഭുതത്തെക്കാള്‍, എന്തുകൊണ്ട് കേരളം തെരഞ്ഞെടുക്കപ്പെടുന്നു എന്ന ചോദ്യമാണ് പ്രസക്തം. ഇടതു വലതു ഭേദമെന്യേ പ്രീണനരാഷ്ട്രീയത്തിന്റെ പ്രതിനായകത്വം കേരളത്തിന്റെ തലക്കുറിയായിട്ട് നാളേറെയായി. അണികളോട് എന്നതിനേക്കാള്‍ സമുദായ നേതാക്കളോട് അടുപ്പം പുലര്‍ത്തി നിശ്ചയിക്കുന്ന അജണ്ടകളിലൂടെ തെന്നി നീങ്ങിയാണിവിടുത്തെ രാഷ്ട്രീ യം. അതുകൊണ്ട് തന്നെ ജനപക്ഷത്തുനിന്ന് ഇച്ഛാശക്തിയോടെ മുന്നേറുന്ന നേതൃത്വത്തിന്റെ അഭാവമാണ് യഥാര്‍ത്ഥ പ്രശ്‌നം. ഒപ്പം മനുഷ്യാവകാശ പ്രവര്‍ത്തനത്തിന്റെ മറവിലൂടെ ഒളിച്ചുകടത്തുന്ന തീവ്രവാദവും പൊതുസമൂഹത്തിന്റെ ജാഗ്രതാപരിധിയില്‍ വരണം. ഡെമോക്രസി, 'പാര്‍ട്ടിക്രസി'ക്ക് വഴിമാറുമ്പോള്‍, ജനഹിത സ്ഥിരീകരണത്തിലൂടെ സംസ്ഥാപിതമാകേണ്ട ജനകീയ ഭരണം വഴിയാധാരമാകും.
ഏറ്റവുമൊടുവില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ദീപാവലിക്ക് മുന്നോടിയായി വന്‍സ്‌ഫോടനത്തിന് പദ്ധതിയിട്ട അല്‍ഖ്വയിദാ സംഘത്തിലെ മൂന്നു പേര്‍ കൊച്ചിയില്‍, ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായി എന്ന വാര്‍ത്തകൂടി പുറത്തു വരുമ്പോള്‍, സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്നത്, ജനങ്ങളുടെ ജീവനും സ്വത്തിനും സുര ക്ഷയൊരുക്കുന്നതില്‍ വന്ന വീഴ്ചകൊണ്ട് മാത്രമല്ല, ഒരു ദുരന്തമുണ്ടാകുന്നതുവരെ യും ആലസ്യംവിടാത്ത അതിന്റെ അസാധാരണ സ്വാസ്ഥ്യം കൊണ്ട് കൂടിയാണ്. 34 ലക്ഷം അതിഥി തൊഴിലാളികള്‍ കേരളത്തിലുണ്ടെന്നത് സര്‍ക്കാര്‍ കണക്കല്ല; അങ്ങനെയൊരു കണക്കെടുപ്പ് സര്‍ക്കാര്‍ ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ല! ഒരു പ്രത്യേക വിഭാഗത്തെ ഇണക്കി നിര്‍ത്താന്‍ ഒരു സംസ്ഥാനം മുഴുവന്‍ പിണങ്ങി മാറുന്നതില്‍ അങ്കലാപ്പില്ലാത്തത് കഷ്ടമല്ലേ?! തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അഭ്യന്തര സുരക്ഷ എന്നീ വിഭാഗങ്ങള്‍ക്ക് മാസങ്ങളായി തലവനില്ലാത്തതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. അറസ്റ്റിലായവരില്‍ തിരിച്ചറിയല്‍ രേഖകള്‍ പോലീസ് സ്‌റ്റേഷനില്‍ നല്കിയിരുന്നത് ഒരാള്‍ മാത്രം!
മന്ത്രി ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോള്‍ രാജിയാകുന്ന കാര്യങ്ങൡ രാഷ്ട്രീയ മര്യാദയാണ് ആദ്യത്തേത്. രാഷ്ട്രീയ പ്രവര്‍ത്തനത്തെ ന്യായീകരണത്തൊഴിലായി അധഃപതിപ്പിക്കുന്നതിലൂടെ സംശുദ്ധമായ ഒരു പൊതുപ്രവര്‍ത്തന പാരമ്പര്യമാണ് റദ്ദാക്കപ്പെടുന്നത്.
ജനാധിപത്യത്തെ ഡെമഗോഗുകള്‍ താമസംവിനാ ഹൈജാക്കു ചെയ്യുമെന്ന് പുരാതന ഗ്രീക്കു ചരിത്രകാരന്‍ പൊളിബിയസ് പറഞ്ഞത് ഇവിടെ അന്വര്‍ത്ഥമാകുന്നുണ്ട്. 'ഇവര്‍ ജനങ്ങളെ പ്രതിനിധീകരിക്കുകയല്ല, അവര്‍ സ്വയം ജനങ്ങളാവുകയാണ്!' 'എന്റെ ജനങ്ങള്‍' എന്ന തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ പ്രയോഗത്തിലെ ധ്വനിയും ഇതാണ്. പ്രതിനിധാനത്തിന്റെ ഇത്തരം പ്രതിസന്ധികള്‍ ജനാധിപത്യത്തിന്റെയും തദ്വാര രാജ്യത്തിന്റെയും യഥാര്‍ത്ഥ പ്രതിസന്ധിയായി തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്. കര്‍ഷകബില്ലുകള്‍ ശബ്ദവോട്ടോടെ പാസ്സാക്കാന്‍ രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ തിടുക്കപ്പെട്ടപ്പോള്‍ നിശബ്ദമാക്കപ്പെട്ടത് പ്രതിപക്ഷമല്ല, പ്രതിനിധി സ്വരമാണ്. പ്രതിപക്ഷം ജനപക്ഷമാകുന്നത് തങ്ങള്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാത്രമെന്ന് ഭരണപക്ഷം കരുതുന്നിടത്ത് പൗരാവകാശ ലംഘനങ്ങളുടെ പരമ്പരകളിലൂടെ ഭരണകൂടത്തിന്റെ അപനിര്‍മ്മാണം പൂര്‍ത്തിയാകും. വിമര്‍ശിച്ചവയെത്തന്നെ വിധേയപ്പെടുത്താനുള്ള ഭരണോപകരണമാക്കുന്ന വിചിത്ര വേഷമാറ്റം UAPA ചുമത്തി രണ്ടു യുവാക്കളെ അകത്തിട്ടപ്പോള്‍ നാം കണ്ടതാണ്.
ഭരണഘടനാ സ്ഥാപനങ്ങളെ പ്രകടമായി നശിപ്പിക്കാതെ അവയെ പ്രവര്‍ത്തന രഹിതമാക്കി നിലനിര്‍ത്തുന്നതിലൂടെയാണ് നവലിബറല്‍കാലത്ത് ജനാധിപത്യത്തിന്റെ ഷണ്ഠീകരണം പൂര്‍ണ്ണമാകുന്നത്. വിറ്റ് തുലച്ചവയെക്കാള്‍ സര്‍ക്കാര്‍ വിലയ്ക്കു വാങ്ങുന്ന ഭരണഘടനാ സംവിധാനങ്ങളെക്കുറിച്ചാണ് നാം ജാഗ്രതപ്പെടേണ്ടത്. പ്രതിവിധി, സംശുദ്ധ ജനപ്രതിനിധികളിലൂടെയുള്ള പ്രതിനിധാനം മാത്രം.

logo
Sathyadeepam Online
www.sathyadeepam.org