പരിഷ്‌ക്കരണത്തിന്റെ മസ്തിഷ്‌ക്കപ്പതിപ്പ്

പരിഷ്‌ക്കരണത്തിന്റെ മസ്തിഷ്‌ക്കപ്പതിപ്പ്

പ്രശസ്ത അമേരിക്കന്‍ മസ്തിഷ്‌ക്ക ശാസ്ത്രജ്ഞനായ ഡേവിഡ് ഈഗിള്‍ മാന്റെ ഏറ്റവും പുതിയ പുസ്തകമാണ് 'ലൈവ്‌വയേര്‍ഡ്' (Livewired, 2020). പൂര്‍ണ്ണമായി പ്രോഗ്രാം ചെയ്യപ്പെട്ട തലച്ചോറല്ല മനുഷ്യന്റേത്, ബാഹ്യലോകവുമായുള്ള ഇടപെടല്‍ വഴി അത് നിരന്തരം സ്വയം പരിഷ്‌ക്കരിക്കുന്നുണ്ടെന്ന ആശയത്തിന്റെ അവതരണമാണ് 'ലൈവ്‌വയേര്‍ഡി'ന്റെ കാതല്‍.

'എല്ലാം ഡിഎന്‍എ ആണെന്ന് കരുതേണ്ടതില്ല. മനുഷ്യന്റെ കാര്യത്തില്‍ ഡിഎന്‍എ അവന്റെ കഥയുടെ പകുതി മാത്രമെ നിര്‍ണ്ണയിക്കുന്നുള്ളൂ. മറുപാതി ചുറ്റുമുള്ള ലോകം നമുക്ക് നല്കുന്ന അനുഭവങ്ങളാണ്.' ഈ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് 'ലൈവ്‌വയേര്‍ഡ്' വികസിക്കുന്നത്. ഈ വിശദാംശങ്ങളെ നമ്മുടെ അനുഭവതലത്തിലേക്ക് സംയോജിപ്പിക്കുന്നത് മസ്തിഷ്‌ക്കത്തില്‍ രൂപപ്പെട്ടിട്ടുള്ള സിരാകോശശൃംഖലകളാണ് (Neural networks) എന്നതാണ് ഈഗിള്‍ മാന്റെ കണ്ടെത്തലിന്റെ സവിശേഷത. സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാനും പൊരുത്തപ്പെടാനും പാകത്തില്‍ വഴക്കമുള്ള മനുഷ്യമസ്തിഷ്‌ക്കത്തിന്റെ ഈ അസാമാന്യ സാധ്യത 'ന്യൂറോപ്ലാസ്റ്റിസിറ്റി' എന്നാണറിയപ്പെടുന്നത്. 'ലൈവ് വയേര്‍ഡി'ന്റെ ചര്‍ച്ചാ വിഷയവും ഇതുതന്നെ.

ചുറ്റുമുള്ള അനുഭവലോകത്തെ അനുനയിപ്പിക്കാനും, മറ്റൊരു ഘട്ടത്തില്‍ അതിനെ അതിജീവനത്തിന് അനുയോജ്യമായി പരിവര്‍ത്തിപ്പിക്കാനുമുള്ള മനുഷ്യന്റെ അനന്തസാധ്യതയെ അംഗീകരിക്കുകയാണ് തലച്ചോറിനെ സംബന്ധിച്ചുള്ള ഈ പുതിയ കണ്ടെത്തലുകള്‍. ജീവിതസാഹചര്യങ്ങളുടെ സ്വാധീനവലയം ഒരു വ്യക്തിയുടെ സ്വഭാവവൈചിത്ര്യങ്ങളെ ഗൗരവമായി തീരുമാനിക്കുന്നിടത്ത് നന്മയുടെ നല്ല കൂട്ടുകള്‍ നിര്‍ണ്ണായകമാകുന്നു. മറിച്ചായാല്‍ അത് മഹാദുരന്തമാകുമെന്നതിന് ചരിത്രം സാക്ഷി…!

രണ്ടാം ലോകമഹായുദ്ധകാലത്ത് ഔഷ്‌വിറ്റ്‌സില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പിന്നീട് പുറത്തുവന്ന വിവരങ്ങള്‍ മസ്തിഷ്‌ക്കത്തിന്റെ തെറ്റായ പരിഷ്‌ക്കരണ ഫലങ്ങള്‍ തന്നെയാണ്. ഏറ്റവും ഹീനവും മനുഷ്യത്വരഹിതവുമായ കുറ്റകൃത്യങ്ങളില്‍ ആവര്‍ത്തിച്ച് മുഴുകുമ്പോഴും, തങ്ങള്‍ ശരിയുടെ പക്ഷത്താണെന്നും രാജ്യനിര്‍മ്മിതിയുടെ ഭാഗമാണിതെന്നുമായിരുന്നു ജര്‍മ്മന്‍ ജനതയില്‍ ഭൂരിഭാഗവും അന്ന് ചിന്തിച്ചത്. നീണ്ട തും സങ്കീര്‍ണ്ണവുമായ ഒരു അവബോധ നിര്‍മ്മാണ പ്രക്രിയയുടെ ഭാഗമായിരുന്നു, ആ വിശ്വാസം.

കൂട്ടുകള്‍ക്കും, കൂട്ടായ്മകള്‍ക്കും പുതിയ നിര്‍വ്വചനങ്ങളും, നിര്‍വ്വഹണ വേദികളും സാമൂഹ്യമാധ്യമങ്ങളിലൂടെ തുറന്നു കിട്ടുമ്പോള്‍, ഒരാളുടെ ഉള്ളിലേക്കും പുറത്തേക്കും സംവേദനം ചെയ്യപ്പെടുന്നത് എന്ത് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഒരു പ്രത്യേക താല്പര്യത്തിലധിഷ്ഠിതമായി രൂപപ്പെടുന്ന ഇത്തരം ഗ്രൂപ്പുകളിലെ നിരന്തര സമ്പര്‍ക്കം ഒരാളില്‍ വരുത്തുന്ന രൂപീകരണം പൊതുബോധത്തില്‍ നിന്നും അയാളെ പുറത്താക്കാനുപയുക്തമെങ്കില്‍ അപകടമാണ്. 'ക്ലബ്ഹൗസു'കളിലെ 'അടച്ചിട്ടമുറികളില്‍' തീവ്രവാദവും മയക്കുമരുന്നു വ്യാപാരവും ഗൗരവചര്‍ച്ചയാകുന്നത് ഈയിടെ വാര്‍ത്തയായെന്ന് മറക്കരുത്.

കോവിഡ് അടച്ചിട്ട വീടുകളില്‍ സമൂഹ്യമാധ്യമങ്ങളിലൂടെ സമ്പര്‍ക്ക സാധ്യതകളുടെ വിശാലലോകം തുറന്നുകിട്ടിയപ്പോള്‍ സംസാരം പുറത്തായി, പുറത്തുള്ളവരോടായി. സംരക്ഷണഗ്രൂപ്പുകളില്‍ 'സുരക്ഷിതരാക്കേണ്ട'വരുടെ പട്ടിക നിര്‍മ്മിച്ചും, പുനഃനിര്‍മ്മിച്ചും സഭാ സംരക്ഷണം സജീവമായി. കമന്റ് ബോക്‌സുകളിലെ അഭിപ്രായപ്രകടനമെന്നാല്‍ ഒന്നാന്തരം തെറിവിളിയായി തെറ്റിദ്ധരിക്കപ്പെട്ടു. എതിര് പറഞ്ഞാല്‍ ഇറക്കിവിടുന്ന 'വാട്‌സ്ആപ്പ്' ഗ്രൂപ്പുകളില്‍ ഒരേ ആശയത്തിന്റെ മാത്രം 'തീവ്രവ്യാപനം' ഉറപ്പാക്കപ്പെട്ടു. വ്യത്യസ്തതകളോടുള്ള അസഹിഷ്ണുത അതിരുകടക്കുമ്പോള്‍ സൈബര്‍ വെട്ടുകിളികളുടെ കൂട്ട ആക്രമണം സ്വാഭാവിക രീതിയായി പരിണമിച്ചു. മറഞ്ഞിരുന്നുള്ള മറുപടികള്‍ മര്യാദകെട്ടതായി മാറുന്നുമുണ്ട്. വസ്തുതകളിന്മേലല്ലാതെ പ്രതികരണത്തിന്‍ മേലുള്ള പ്രതികരണമായി അത് മാറിത്തീരുന്നതുകൊണ്ടാണ് സാമൂഹ്യമാധ്യമങ്ങള്‍ സാമൂഹ്യവിരുദ്ധമാകുന്നത് എന്ന് വ്യക്തമാണ്.

ഒരേ സാഹചര്യത്തിലൂടെയുള്ള ദീര്‍ഘമായ സഞ്ചാരം ഒരാളുടെ അവബോധനിര്‍മ്മിതിയെ നിര്‍ണ്ണായകമായി സ്വാധീനിക്കുമെന്ന 'ലൈവ്‌വയേര്‍ഡ്' തത്വം പുതിയകാല മാധ്യമവഴികളില്‍ വഴികാട്ടിയാകേണ്ടതാണ്. നല്ല തെരഞ്ഞെടുപ്പുകളിലൂടെ നിരന്തരം നവീകരിക്കുന്ന ബോധന സാധ്യതകള്‍ അതിനാല്‍ത്തന്നെ നാം ഉറപ്പാക്കണം.

'നീ പൂര്‍ണ്ണനാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിനക്കുള്ളതെല്ലാം ത്യജിച്ച് എന്നെ അനുഗമിക്കുക' എന്ന ക്രിസ്ത്വാഹ്വാനം, മറ്റൊന്നിലേക്ക് പരുവപ്പെടാനും പാകപ്പെടാനുമുള്ള മനുഷ്യന്റെ അനന്തസാധ്യതയിലേക്കുള്ള സര്‍വ്വകാല ക്ഷണമായിത്തുടരുകയാണ്. സുവിശേഷങ്ങള്‍ ക്രിസ്തുവിനെ അടയാളപ്പെടുത്തിയത് യാത്രികനായാണ്. ജെറുസലേമിലേക്ക് പുരോഗമിക്കുന്ന ആ കുരിശ് യാത്ര മനുഷ്യരക്ഷാ അവബോധ പൂര്‍ണ്ണതയിലേയ്ക്കുള്ള സുവിശേഷ യാത്ര തന്നെയാണ്. രൂപാന്തരപ്പെടലിന്റെ ശാസ്ത്രീയതയെ സമര്‍ത്ഥിക്കുന്ന പുതിയ കണ്ടെത്തലുകള്‍ അത് സാധൂകരിക്കുകയും ചെയ്യുന്നു.

സത്‌സംഗത്തിലായിരിക്കുക; സത്യത്തിലും. ഒരു നന്മയും യാദൃശ്ചികമല്ലെന്നയറിവില്‍ നല്ലതിനോട് നിരന്തരം ചേര്‍ന്ന് നില്‍ക്കാനും, നിശ്ചയദാര്‍ഢ്യത്തോടെ തുടരുവാനും സാധിക്കുമ്പോള്‍ പരിഷ്‌ക്കരണം മസ്തിഷ്‌ക്കത്തിന്റെ മാത്രമാകാതെ, ഹൃദയവികാസത്തിന്റെ വിശാലതകളിലൂടെ, വിശ്വമാനവീകതയുടെ വിധാതാക്കളായി നമുക്ക് മാറാം; സഭയിലും, സമൂഹത്തിലും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org