തബരി മക്ക

തബരി മക്ക
Published on

കോഴിക്കോട് നടന്ന ഗോത്ര സാഹിത്യോത്സവത്തെ ആധാരമാക്കി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ഏപ്രില്‍ 13, 2025) പ്രസിദ്ധീകരിച്ച 'നീലക്കുന്നിലെ തുടിതാളങ്ങള്‍' എന്ന ലേഖനത്തില്‍ നിന്നുമാണ് 'തബരി മക്ക' എന്ന പദം ആദ്യം കണ്ണിലും പിന്നെ ഖല്ബിലും ഉടക്കിയത്. ഏതോ ഗോത്രവര്‍ഗത്തിലെ ഒരംഗത്തിന്റെ സങ്കടം പുതഞ്ഞ വാക്കുകളില്‍ ഉണ്ടായിരുന്നു ആ പദം.

''ഞാന്‍ ഹോസ്റ്റലില്‍ പഠിക്കുന്ന കാലത്ത് കണ്ട ഏറ്റവും വേദനിപ്പിക്കുന്ന കാഴ്ച, അനാഥകുട്ടികളോടുള്ള പൊതുസമൂഹത്തിന്റെ പെരുമാറ്റമാണ്. പരിഹാസവും, കുറ്റപ്പെടുത്തലും, ബുള്ളിയിങ്ങും. ഞങ്ങളുടെ കൂട്ടത്തില്‍ അനാഥകുട്ടികളെ തബരി മക്ക എന്നാണ് പറയുന്നത് ദൈവത്തിന്റെ കുട്ടികള്‍. അവര്‍ എന്താവശ്യപ്പെട്ടാലും ചെയ്ത് കൊടുക്കണം. അവരെ സ്‌നേഹിക്കാന്‍ അല്ലാതെ ശിക്ഷിക്കാന്‍ ആര്‍ക്കും അധികാരമില്ല. ഏതെങ്കിലും കുടുംബത്തില്‍ കുറെകാലം കഴിയണമെന്ന് തബരി മക്ക ആഗ്രഹിച്ചാല്‍ അത് നടത്തി കൊടുക്കും. ഇങ്ങനെ, സ്‌നേഹം മാത്രം ഏറ്റുവാങ്ങി, വിവിധ ആളുകള്‍ക്കൊപ്പം ഇടപെഴുകി വളരുന്ന തബരി മക്കകള്‍ സമുദായത്തിലെ മറ്റുകുട്ടികളേക്കാള്‍ മിടുക്കരായി വളരുന്നതാണ് കാണുന്നത്.''

അപ്പനും അമ്മയുമുള്ള അനാഥകുഞ്ഞുങ്ങള്‍ പെരുകുന്ന ഒരു കാലഘട്ടത്തിലാണ് നാം എന്ന് തോന്നിപ്പോകുന്നു. വീടുണ്ടായിട്ടും വെളിയില്‍ താമസിക്കേണ്ടി വരുന്ന, അരികില്‍ ആളുകളുണ്ടായിട്ടും ഉള്ളില്‍ അനാഥത്വം പേറുന്ന, ഉണ്ണാന്‍ അന്നമുണ്ടായിട്ടും വിശപ്പ് തോന്നാത്ത, കുടയുണ്ടായിട്ടും പെരുമഴ നനയേണ്ടി വരുന്ന എത്രയോ കുഞ്ഞുങ്ങളാണ് നമുക്കരികിലൂടെ നടന്നു നീങ്ങുന്നത്.

ഞായറാഴ്ച രാവിലെ നമുക്ക് മുന്നിലെത്തുന്ന കുഞ്ഞുങ്ങളുടെ ശനിയാഴ്ചകളില്‍ അവര്‍ക്കെന്ത് സംഭവിച്ചുവെന്ന് അറിയേണ്ടതുണ്ട്. തലേന്ന് രാത്രിയില്‍ അപ്പന്റെ ഭ്രാന്ത് കണ്ടവരുണ്ട്, അമ്മയുടെ നിലവിളി കേട്ടവരുണ്ട്, ഉടഞ്ഞു കിടക്കുന്ന ലഹരിക്കോപ്പകളും ഒഴുകിപ്പരന്ന ഛര്‍ദ്ദിലടയാളങ്ങളുമുണ്ട്.

അനാഥത്വം പേറുന്ന, ഒറ്റപ്പെട്ടു പോകുന്ന, തോറ്റുപോവുകയും പരിഹസിക്കപ്പെടുകയും ചെയുന്ന ആ കുഞ്ഞുങ്ങളെ 'തബരി മക്ക'കളായി സ്‌നാനം ചെയ്യാന്‍ നിയോഗിക്കപ്പെട്ട ഒരു ഗണം മനുഷ്യരാണ് വിശ്വാസപരിശീലകര്‍. ആ കുഞ്ഞുങ്ങളുടെ നെഞ്ചില്‍ സ്‌നേഹത്തിന്റെയും ആര്‍ദ്രതയുടേയും വാത്സല്യത്തിന്റെയും കരുണയുടെയും സൗഖ്യതൈലം പൂശേണ്ട സ്‌നാനതീര്‍ഥങ്ങളാണ് ഓരോ ദേവാലയവും. നിര്‍ഭാഗ്യവശാല്‍, എത്ര കണ്ടിട്ടും നമ്മില്‍ ചിലര്‍ക്ക് അവരെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നത്

ആ കുഞ്ഞുങ്ങള്‍ സ്വന്തം ദുഃഖസ്മൃതികള്‍ക്കു മീതെ കപടസ്മിതം അണിയുന്നതുകൊണ്ടാണ്. ഒറ്റപ്പെടലിന്റെ തുരുത്തുകള്‍ ഉപേക്ഷിച്ച് അവര്‍ ആള്‍കൂട്ടത്തില്‍ ഓടിയൊളിക്കുന്നതു കൊണ്ടാണ്.

ഇടറിവീണ വഴികളെയും ഉടലിലേറ്റ മുറിവുകളെയും ഒരു 'കമ്മ്യൂണിസ്റ്റ് പച്ച'യരച്ച് പുരട്ടി ഉണക്കാന്‍ പോലും കുഞ്ഞുങ്ങള്‍ ആരെയും അനുവദിക്കാത്തത് ആരൊക്കെയോ ചേര്‍ന്ന് അവര്‍ക്കുള്ളില്‍ വിതച്ചിട്ട ദുരഭിമാനമരം വളര്‍ന്നു പെരുകിയതിനാലാണ്. 'ഓരോ പതിനഞ്ചു മിനിറ്റിലും ഒരു കുഞ്ഞുശരീരത്തിനു മുറിവേല്‍ക്കുന്നു' എന്ന വേദനിപ്പിക്കുന്ന കണക്കിന് തീവ്രതയേറുന്നത് അവര്‍ക്കേറ്റ മുറിവുകളില്‍ കൂടുതലും അവരവരുടെ വീടിന്നകത്ത് നിന്നും പ്രിയപ്പെട്ടവരില്‍ നിന്നുമാണ് എന്നതാണ്. മേനിയിലും മനസ്സിലുമേറ്റ മുറിവുകള്‍ മറച്ചുപിടിച്ചിരിക്കുന്ന ചില കുഞ്ഞുങ്ങളുടെയെങ്കിലും ചങ്കില്‍ നിന്ന് പൊടിയുന്ന അതേ ചോര അവരുടെ പ്രിയപ്പെട്ടവരിലാരുടെയോ നഖങ്ങള്‍ക്കിടയില്‍ കറപിടിച്ചിരിക്കുന്നു.

ആരോടും തുറന്നു പറയാനാകാത്ത രഹസ്യസങ്കടങ്ങളുടെ പാനപാത്രം ഒറ്റയ്ക്കു കുടിക്കാന്‍ ഒരുങ്ങുന്ന കുഞ്ഞുങ്ങളുടെ ഉള്ളില്‍ ക്രിസ്തുവിന്റെ പഴയ ആ പ്രാര്‍ഥന ഒച്ചയില്ലാതെ ഉയരുന്നു. 'ആരെങ്കിലും ഒരു മണിക്കൂര്‍ ഞങ്ങള്‍ക്കൊപ്പം ഉണര്‍ന്നിരുന്നൂടെ?' ആ ഒരു മണിക്കൂറാണ് ഞായറാഴ്ചയിലെ വിശ്വാസപരിശീലന മണിക്കൂര്‍. തബരി മക്കള്‍ പെരുകുന്ന കാലമാണ്, അവരെ സ്വന്തമാക്കാനുള്ള മനസ്സുള്ള മനുഷ്യരെയാണ് ദൈവം തേടുന്നത്.

പ്രിയപ്പെട്ടവരെ മറികടന്നു ഏകാന്ത യാമങ്ങളില്‍ മലമുകളില്‍ ക്രിസ്തു സ്വന്തം അപ്പനോടു ചോദിച്ചത് അദ്ഭുതങ്ങള്‍ ചെയ്യാന്‍ നേരം ആത്മാവിനെ തരണമെന്നും പ്രലോഭനങ്ങളില്‍ മാലാഖമാരെ അയച്ച് പൊതിഞ്ഞു പിടിക്കണമെന്നും മാത്രമായിരിക്കില്ല. ക്രിസ്തു ഓടിക്കയറിയ മലമുകളില്‍ മകനെ മനസ്സിലാക്കിയ ഒരപ്പന്‍ ഉണ്ടായിരുന്നു. പ്രലോഭനങ്ങളില്‍ അവന്‍ ഉഴറിയപ്പോള്‍ അവന്‍ മാലാഖമാരെ അയച്ചു. ഏറ്റുപറച്ചിലുകളുടെ ഇരുണ്ട രാത്രികളില്‍ 'ഇവനെന്റെ പ്രിയപുത്രനെന്ന' വെള്ളിടിയില്‍ ആകാശം വെളുത്തു.

മുപ്പതുകളില്‍ എത്തി നിന്ന ഒരു ചെറുപ്പക്കാരന് കിട്ടിയ കുമ്പസാരകൂടായിരുന്നു അയാളുടെ അപ്പന്‍ വസിച്ച ഗിരിശൃംഗങ്ങള്‍. അവിടെയിരുന്നുകൊണ്ട് വീണതിനെയോര്‍ത്ത് അയാള്‍ ഖേദിച്ചു. നിന്നതിനെയോര്‍ത്ത് നന്ദി പറഞ്ഞു. മലയിറങ്ങി വന്നപ്പോള്‍ ആ മനുഷ്യപുത്രന്റെ ഹൃത്തടത്തില്‍ പെയ്തിറങ്ങിയത് അപ്പനിലുണ്ടായിരുന്ന അതേ ആര്‍ദ്രത. വെയിലത്തിരിക്കുന്നവരുടെ വിശപ്പയാള്‍ കണ്ടു. കിണറിന്‍ ചുവട്ടിലിരിക്കുന്നവളുടെ ദാഹം അയാളറിഞ്ഞു. ഭ്രാന്തെടുത്തവരുടെ ചങ്ങലകള്‍ തകര്‍ത്തു.

വിശ്വാസപരിശീലന വിരുന്നുമേശയിലിരിക്കുന്ന കുഞ്ഞുങ്ങള്‍ ഉള്ളില്‍ വിശപ്പ് പേറുന്നവരാണ്. ഒന്ന് കണ്ണോടിച്ചാല്‍ നിങ്ങള്‍ക്ക് കാണാം അഞ്ചപ്പവും രണ്ടു മീനും കൊടുത്ത് ക്രിസ്തു കെട്ടിയൊരുക്കിയ പൊതിച്ചോറുകളുടെ പെരുപ്പം. ഞായറാഴ്ച രാവിലെ നമുക്ക് മുന്നിലെത്തുന്ന കുഞ്ഞുങ്ങളുടെ ശനിയാഴ്ചകളില്‍ അവര്‍ക്കെന്ത് സംഭവിച്ചുവെന്ന് അറിയേണ്ടതുണ്ട്. തലേന്ന് രാത്രിയില്‍ അപ്പന്റെ ഭ്രാന്ത് കണ്ടവരുണ്ട്, അമ്മയുടെ നിലവിളി കേട്ടവരുണ്ട്, ഉടഞ്ഞു കിടക്കുന്ന ലഹരിക്കോപ്പകളും ഒഴുകിപ്പരന്ന ഛര്‍ദ്ദിലടയാളങ്ങളുമുണ്ട്, ഇരുട്ടുമുറിയില്‍ ഒറ്റയ്ക്കിരുന്നു കണ്ടുതീര്‍ത്ത ഉടല്‍ക്കഥകള്‍ കണ്ണില്‍ മായാതുണ്ട്.

കൂട്ടുകാര്‍ വച്ചു നീട്ടിയ കഞ്ചാവ് പുകയുടെ ഗന്ധമിനിയും അകലാതെ അരികിലുണ്ട്. കണ്ടതും കേട്ടതും പൊള്ളിപ്പോയതുമായ കദനങ്ങള്‍ ഏറ്റുപറയാന്‍ കുഞ്ഞുങ്ങള്‍ മനസ്സാകുമ്പോള്‍ അവര്‍ക്കോടി കയറാന്‍ പാകത്തിന് ഒരുക്കപ്പേടേണ്ട ഇടങ്ങളാകണം പള്ളിയും ക്ലാസ് റൂമുകളും. അവരെ കേട്ടതിനു ശേഷം, 'സാരമില്ലെന്ന്' പറഞ്ഞുകൊണ്ട് മാലാഖമാരെ പോലെ അവരെ ശക്തിപ്പെടുത്തുന്ന മനുഷ്യരായാണ് വിശ്വാസപരിശീലകര്‍ മാറേണ്ടത്. മുന്നില്‍ പിച്ചവയ്ക്കുന്ന ഓരോ കുഞ്ഞിനേയും തബരി മക്കളെന്ന സ്‌നാനജലം തളിച്ച് സ്വന്തമാക്കുക എന്നതാണ് വിശ്വാസപരിശീലകരുടെ വിളി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org