അക്കമാകാതെ അംഗമാകാന്‍

അക്കമാകാതെ അംഗമാകാന്‍

''നാം ഓരോരുത്തരും ഒരു സംഖ്യയല്ല. മറിച്ച് ഒരു മുഖമാണ്.'' പോര്‍ച്ചുഗലിലെ ലിസ്ബണില്‍ സംഘടിപ്പിച്ച ലോകയുവജനദിനാഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് ഫ്രാന്‍സിസ് പാപ്പ പങ്കുവച്ച പ്രത്യാശയുടെ സന്ദേശം സര്‍ഗാത്മക യുവത്വത്തിന്റെ സാഘോഷവേദിയെ സത്യമായും പ്രസാദാത്മകമാക്കി.

എഡ്‌വേര്‍ഡ് ഏഴാമന്‍ പാര്‍ക്കിലെ സ്വാഗത സമ്മേളനത്തില്‍ പങ്കെടുത്ത 15 ലക്ഷത്തോളം വരുന്ന യുവസാഗരത്തെ സാക്ഷി യാക്കി പാപ്പ തുടര്‍ന്നു, ''ഈ ലോകത്തിലെ വിപണീവത്കൃതമായ സംസ്‌കാരത്തില്‍ ശരിയായ വ്യക്തിബന്ധത്തിലൂടെ ക്രിസ്തുവിന് നാം സാക്ഷികളാകണം. ഇവിടെ മുഴങ്ങുന്ന സാഹോദര്യത്തിന്റെ ധ്വനി ചരിത്രത്തിലെ അതുല്യവാര്‍ത്തകളായി പരിണമിക്കട്ടെ.''

തനിക്കു ചുറ്റും ആര്‍ത്തിരമ്പിയ യുവലക്ഷങ്ങളെ നോക്കി നാം വെറും സംഖ്യകളല്ല, വ്യക്തമായ വ്യക്തിത്വം വെളിപ്പെടുത്തുന്ന ദൈവിക ഛായ പേറുന്ന മുഖങ്ങള്‍ തന്നെയെന്ന് പാപ്പ തീര്‍ച്ചപ്പെടുത്തുമ്പോള്‍, അപരന് മുഖാമുഖം നിന്ന് നീതി നിവര്‍ത്തിക്കേണ്ട നിരന്തരമായ സുവിശേഷ ശുശ്രൂഷയെത്തന്നെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. വിപണീബദ്ധലോകത്ത്, സാഹോദര്യത്തിന്റെ സത്യത്തെ സര്‍വോപരിയായി സമര്‍പ്പിച്ചുകൊണ്ടാണ് അത് സാധ്യമാക്കേണ്ടതെന്നും പാപ്പ കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ ഇനിയും അവസാനിച്ചിട്ടില്ലാത്ത ഉക്രെയ്ന്‍-റഷ്യ യുദ്ധമുഖത്തും, ഇപ്പോഴും കത്തിയെരിയുന്ന മണിപ്പൂരും, മനുഷ്യത്വ ഹീനമായ അതിക്രമങ്ങളിലൂടെ മാനവീകത തന്നെയും നിരന്തരം റദ്ദു ചെയ്യപ്പെടുമ്പോള്‍, മനുഷ്യനെന്നാല്‍ മുഖമല്ല, വെറും സംഖ്യയെന്ന വിപരീത സ്ഥിരീകരണത്തിന്റെ ആവര്‍ത്തനമുണ്ട്.

'ആധുനികതയുടെ പുതിയ കണ്ടുപിടുത്തമാണ് മനുഷ്യന്‍' (man is a recent invention) എന്ന അഭിപ്രായം മിഷേല്‍ ഫുക്കോ പങ്കുവയ്ക്കുമ്പോള്‍, സ്വന്തം അഭിപ്രായത്തെ സ്വതന്ത്രമായി പറയാന്‍ കഴിയുന്ന വിശേഷപ്പെട്ട ജീവിയായി മനുഷ്യന്‍ പരിണമിച്ചതിന്റെ സവിശേഷാനുഭവത്തെയാണ് അത് വെളിപ്പെടുത്തുന്നത്.

മൗനംകൊണ്ട് മുറിവേറ്റ മണിപ്പൂരിന് പാര്‍ലമെന്റില്‍പ്പോലും ഒച്ചയടഞ്ഞപ്പോള്‍, അവിശ്വാസപ്രമേയമെന്ന അവസാന ആയുധമെടുക്കാന്‍ പ്രതിപക്ഷം നിര്‍ബന്ധിതമാകുവോളം അഭിപ്രായത്തെ അരുതുകളുടെ പട്ടികയില്‍പ്പെടുത്തി നിരോധിക്കുന്ന പുതിയ ഇന്ത്യയിലാണ് നാം. മുഖം തന്നെ ആമുഖമായ (we the people of India) ഭാരതത്തിന്റെ ഭരണഘടനാമൂല്യങ്ങളായ സമത്വവും, സ്വാതന്ത്ര്യവും, സാഹോദര്യവും അവിശ്വസനീയമാംവിധം അവഹേളിതമാകുന്ന മണിപ്പൂരില്‍ മനുഷ്യര്‍ വെറും 'സംഖ്യകള്‍' മാത്രമെന്ന് മനസ്സിലാവുകയാണ്. മൂന്നരമാസത്തിനിടെ, പാര്‍ലമെന്റില്‍ ആദ്യമായി മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ച മോദി, തന്റെ രണ്ടരമണിക്കൂറോളം നീണ്ട അവിശ്വാസപ്രമേയ മറുപടിയില്‍ വെറും 4 മിനിറ്റു മാത്രമാണ് അതിന് നല്കിയതെന്നറിയുമ്പോള്‍ മണിപ്പൂര്‍ മാത്രമല്ല, അതിന്മേലുള്ള മൗനവും മനപൂര്‍വമായിരുന്നുവെന്ന് മനസ്സിലായി.

അവഗണിതയിന്ത്യയുടെ ആത്മവിലാപങ്ങളെ അടയാളപ്പെടുത്തേണ്ട പാര്‍ലമെന്റില്‍ ചെങ്കോല്‍ രാഷ്ട്രീയത്തിന്റെ അധീശത്വത്തിന് അപ്രമാദിത്വമുറപ്പിക്കുമ്പോള്‍ മണിപ്പൂര്‍ ഇന്ത്യയിലാണോ എന്ന ചോദ്യം മോദി സ്തുതികളില്‍ മുങ്ങിപ്പോവുക സ്വാഭാവികം.

സഭാംഗങ്ങള്‍ വെറും അക്കങ്ങളല്ല ആദ്യവേദമാകേണ്ട മുഖങ്ങള്‍ തന്നെയെന്ന് അതേ സമ്മേളനത്തില്‍ പാപ്പയുറപ്പിച്ചത് മറ്റ് ചിലതു കൂടി കൂട്ടിച്ചേര്‍ത്തു കൊണ്ടാണ്. ''എല്ലാവരും, എല്ലാവരും, എല്ലാവരും സഭയുടെ അംഗങ്ങളാണ്. യേശു തന്റെ വിരലുകള്‍ ചൂണ്ടിയല്ല, നമ്മെ വിളിക്കുക, മറിച്ച് അവന്റെ കരങ്ങള്‍ വിരിച്ചുകൊണ്ട് നമ്മെ ചേര്‍ത്തു നിറുത്തുന്നു.''

പരസ്പരം വിരല്‍ചൂണ്ടി വിഭജിതരാകുന്ന സഭാ വിജ്ഞാനീയത്തിന്റെ ആധുനിക ഭാഷ്യങ്ങള്‍ക്കിടയില്‍, കുരിശില്‍ വിടരുന്ന ആലിംഗനത്തിന്റെ മഹനീയ ഭാഷ നമുക്ക് മനസ്സിലാകുമോ എന്ന പ്രശ്‌നമുണ്ട്. കുര്‍ബാനയര്‍പ്പണ തര്‍ക്കത്തെ കലഹമായും പിന്നീട് കലാപമായും വളര്‍ത്തി വഷളാക്കിയതില്‍ നേതൃത്വത്തിന്റെ പങ്ക് വ്യക്തമായിരിക്കെ സഭയില്‍ ക്രിസ്തുവിരുദ്ധത പൂര്‍ണ്ണമായി. ഏറ്റവും ഒടുവില്‍ പ്രശ്‌നപരിഹാരത്തിന് നേതൃത്വം നല്‍കുമെന്ന് കരുതിയ മാര്‍പാപ്പയുടെ പ്രതിനിധിപോലും ചര്‍ച്ചയ്ക്ക് പകരം 'ചരിത്രം' പഠിപ്പിക്കുമ്പോള്‍, ചതിക്കപ്പെടുന്നത് ഒരു ചെറിയ സമൂഹം മാത്രമല്ല, സഭ മുഴുവനുമാണ്. മാര്‍പാപ്പയുടെ പ്രതിനിധിയെന്നാല്‍ പാപ്പ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളുടെ പ്രതിനിധാനം എന്നുകൂടിയില്ലേ? 'ഒപ്പം നടക്കുക' എന്നാല്‍ ബലമായി കൂടെ നടത്തിക്കുക എന്നര്‍ത്ഥമുണ്ടോ? 'എഴുതിയത് എഴുതിയതു തന്നെ' എന്ന ആധുനിക പ്രത്തോറിയന്‍ വിളംബരങ്ങള്‍ അത്യന്തികമായും പ്രതിസന്ധിയിലാക്കുന്നത് സഭയെതന്നെയാണ്. സിനഡാലിറ്റി കേരള സഭയില്‍ ഒരു അക്കാദമിക് വിഷയം പോലുമാകാത്തത് യാദൃശ്ചികമാണോ? കേവലമൊരു അനുഷ്ഠാന പ്രശ്‌നത്തെ ആഗോള പ്രതിസന്ധിയാക്കി വഷളാക്കിയ വഴികളില്‍ അനീതിയുടെ അപാകമുണ്ടെന്നറിഞ്ഞിട്ടും തിരുത്താതെ 'തിരിയാന്‍' നിര്‍ബന്ധിക്കുമ്പോള്‍ മനഃപൂര്‍വമായ മൗനംകൊണ്ട് സഭയും മുറിപ്പെടുന്നുണ്ട്.

വിഭജിതയിന്ത്യയുടെ വിലാപങ്ങളെ അതിനിന്ദ്യമായി അവഗണിച്ചുകൊണ്ട് വികസന വായ്ത്താരിയില്‍ സ്വയം ഒളിക്കുന്ന മോദിയും, കൂട്ടായ്മയായ സഭയെ വെറും 'കൂട്ട'മായിക്കാണുന്ന സഭാനേതൃത്വവും അക്കപ്പെരുക്കങ്ങളില്‍ മാത്രം അഭിരമിക്കുന്ന പുതിയകാലത്ത്, ആത്മാവ് നഷ്ടപ്പെട്ട ഇന്ത്യയെയും, മുഖം നഷ്ടപ്പെട്ട സഭയെയും ആണ് അത് ബാക്കിയാക്കുന്നതെന്ന് മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org