മതി യുദ്ധം, മരണവും

മതി യുദ്ധം, മരണവും

ഉക്രെയ്ന്‍-റഷ്യ യുദ്ധം 500 ദിവസം പിന്നിട്ടിരിക്കുന്നു. അന്തിമ വിജയം വരെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഇരു രാജ്യങ്ങളും ശക്തമായി തുടരുന്നതിനാല്‍ ഉടനെയെങ്ങും അതവസാനിക്കുന്നതിന്റെ സൂചന എവിടെയുമില്ല. യുദ്ധാകാശത്ത് ആണവഭീഷണിയെന്ന അടിയന്തര സാഹചര്യം മറ്റൊരു മാനവരാശി ദുരന്തമാകുമോ എന്ന ഭയത്തിലാണ് ലോകം.

2022 ഫെബ്രുവരി 24-ന് റഷ്യ യുദ്ധമാരംഭിച്ച ശേഷം ഉക്രെയ്‌നില്‍ കൊല്ലപ്പെട്ടത് 9000-ലധികം പേരെന്നാണ് ഐക്യരാഷ്ട്ര സഭ പുറത്തു വിട്ട കണക്കുകളിലെ വിവരം. ഇതില്‍ 500 ലേറെപ്പേര്‍ കുട്ടികളാണ്. 50,000-ലധികം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് സ്വതന്ത്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഏജന്‍സിയുടെ കണ്ടെത്തല്‍.

കണക്കുകള്‍ക്കപ്പുറമാണ് യുദ്ധദുരിതങ്ങളുടെ കണ്ണീരനുഭവങ്ങള്‍. ഒരിക്കലും പുറത്തു വരാനിടയില്ലാത്ത യുദ്ധാതിക്രമങ്ങള്‍ വിവരണാതീതമാകും. തങ്ങളുടെ പരാജയസ്ഥിതി മറയ്ക്കാന്‍ ഇരുകക്ഷികളും ഒളിച്ചു വയ്ക്കുന്നവയില്‍ നിരപരാധികളുടെ മരണക്കണക്കും ഉള്‍പ്പെടും.

യുദ്ധമുഖത്തെ പലായനങ്ങള്‍, ഉറ്റവരെ എന്നെന്നേക്കുമായി നഷ്ട പ്പെട്ടവരുടെ തീരാവേദനകള്‍, കാണാതെ പോയവരെക്കുറിച്ചുള്ള കണ്ണീരോര്‍മ്മകള്‍. ആയുസ്സും ആരോഗ്യവും ചേര്‍ത്ത് പണിതുയര്‍ത്തിയതെല്ലാം കണ്‍മുമ്പില്‍ ഇല്ലാതാകുന്നതിന്റെ സങ്കടത്തീയില്‍ വെന്തുറയുന്ന വര്‍, യുദ്ധഭീകരത മുഖാമുഖം കണ്ട് മനോനില തകര്‍ന്നവര്‍, ഇതെല്ലാം എന്നു തീരുമെന്നറിയാത്ത അനിശ്ചിതത്വം നിശ്ചലമാക്കിയ ദുരിതലക്ഷങ്ങള്‍...! ''യുദ്ധം ആര് ശരിയാണെന്ന് നിര്‍ണ്ണയിക്കുന്നില്ല. ആര് അവശേഷിക്കണം എന്ന് മാത്രമാണ് അത് തീരുമാനിക്കുന്നത്.'' ബര്‍ട്രാന്‍ഡ് റസ്സലിന്റെ നിരീക്ഷണം ശരിവയ്ക്കുന്ന മറ്റൊന്നുകൂടിയുണ്ട്. യഥാര്‍ത്ഥത്തില്‍ ശേഷിക്കുന്നത് ദുഃഖവും ദുരിതവും നാശവും സങ്കടവും മാത്രം എന്ന ചരിത്രപാഠമാണത്.

കോവിഡ് 19 തീര്‍ത്ത ദുരിതപര്‍വം പതുക്കെ അതിജയിച്ച് വരികയായിരുന്ന ലോകസമ്പദ്‌വ്യവസ്ഥയെ അടിമുടി തളര്‍ത്തിയെത്തിയ ഉക്രെയ്ന്‍ യുദ്ധം 2022-ല്‍ മാത്രം 1.3 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കിയെന്നാണ് ജര്‍മ്മന്‍ ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍. ലോകം ഒരാഗോള ഗ്രാമമായി ചുരുങ്ങിച്ചെറുതാകുന്ന പുതിയ കാലത്ത്, യുദ്ധക്കെടുതികള്‍ യൂറോപ്പിന്റെ മാത്രം വിഷയമല്ലെന്നും ഇങ്ങ് കേരളത്തില്‍ പോലും അതിന്റെ അലയൊലികള്‍ വിലക്കയറ്റത്തിന്റെയും വിലക്കുകളുടെയും രൂപത്തില്‍ വലിയ ദൂഷിത വലയമായി വളരുന്നുവെന്നും തിരിച്ചറിയുന്നുണ്ട്. അഗ്‌നിക്കാറ്റില്‍ കരിഞ്ഞുണങ്ങിയ യുക്രെയ്ന്‍ ഗോതമ്പുപാടങ്ങള്‍ ആഗോളതലത്തില്‍ വലിയ ഭക്ഷ്യക്ഷാമത്തെ അടുത്താക്കുകയാണ്.

യുദ്ധം 500 ദിനം പൂര്‍ത്തിയാക്കിയ വേളയില്‍ ഉക്രെയ്‌ന് ക്ലസ്റ്റര്‍ ബോംബുകള്‍ നല്കാന്‍ യു എസ് തീരുമാനിച്ചതോടെ യുദ്ധവഴിയിലെ യുക്രെയ്‌ന്റെ ആയുധ പ്രതിസന്ധി പരിഹരിക്കപ്പെടുമെങ്കിലും യുദ്ധമുയര്‍ത്തുന്ന ആഗോള പ്രതിസന്ധി മാറ്റമില്ലാതെ തുടരുമെന്നുറപ്പായി. സാധാരണക്കാര്‍ക്ക് വലിയ അപകടമുണ്ടാക്കാനിടയുള്ള ക്ലസ്റ്റര്‍ ബോം ബുകളുടെ മാരകസാന്നിധ്യം യുദ്ധമുഖത്തെ ദുരിത പര്‍വങ്ങളെ പ്രവചനാതീതമാക്കും. ഒട്ടേറെ ചെറുബോംബുകളുടെ സങ്കലനമായ ഇവ ഒരേ സമയം വിവിധ ദിശകളിലേക്ക് പലതായി ചിതറി പ്രഹരമേല്പിക്കാന്‍ ശക്തിയുള്ളവയാകയാല്‍, ജനവാസമേഖലകളില്‍ കനത്ത നാശവും ആളപായവുമുണ്ടാകുമെന്നുറപ്പാണ്.

യുദ്ധം തുടങ്ങിയ ആദ്യനാള്‍ മുതല്‍ സമാധാന ശ്രമങ്ങള്‍ക്ക് ലോക രാജ്യങ്ങളുടെ പിന്തുണ തേടിയ ഫ്രാന്‍സിസ് പാപ്പ തന്റെ പ്രാര്‍ത്ഥനക ളില്‍ യുക്രെയ്‌നിലെ ദുരിതലക്ഷങ്ങളുണ്ടെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ചു. യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയ് ക്കൊടുവില്‍ ''നമ്മള്‍ യുദ്ധം ചെയ്യാന്‍ പാടില്ലെന്ന്'' പാപ്പ അസന്നിഗ്ധമായി പ്രസ്താവിച്ചു. ''ആയുധങ്ങള്‍ താഴെയിടാനുള്ള ഹൃദയംഗമായ ആഹ്വാനമാണ് ഞാന്‍ പുതുക്കുന്നത്. ചര്‍ച്ചകള്‍ വിജയിക്കുന്നതിനും ജനങ്ങളുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനും ശ്രമങ്ങള്‍ നടത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നു.'' കൂടാതെ ഉക്രെയ്ന്‍ സംഘര്‍ഷം ലഘൂകരിക്കാനുള്ള സമാധാനച്ചുമതല കര്‍ദി നാള്‍ മത്തെയോ സൂപ്പിയെ പാപ്പ പ്രത്യേകം ഏല്പിക്കുയും ചെയ്തു. ഇതിനിടയില്‍ മാര്‍പാപ്പയുടെ പ്രതിനിധി രണ്ടു വട്ടം ഉക്രെയ്ന്‍ സന്ദര്‍ശിക്കുകയും ചെയ്തു.

''നല്ല യുദ്ധം, മോശം സമാധാനം എന്നൊന്നില്ല'' എന്ന് ലോകത്തെ ഓര്‍മ്മപ്പെടുത്തിയത് ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ ആണ്. ആദ്യം യുദ്ധവും പിന്നീട് അതിന്റെ സാധൂകരണവും എന്നതാണ് ആഗോളയുദ്ധ ചരിത്രം. ഒന്നാം ലോക മഹായുദ്ധത്തില്‍ മരിച്ചവര്‍ 20 ദശലക്ഷം പേരാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ ഇത് 70-80 ദശലക്ഷം വരും. കൊറിയന്‍ യുദ്ധത്തില്‍ 3 ദശലക്ഷം, വിയറ്റ്‌നാം യുദ്ധത്തില്‍ 3.58 ദശലക്ഷം. യുദ്ധച്ചെലവുകള്‍ ട്രില്യന്‍ ഡോളറിലാണ് കണക്കാക്കപ്പെടുന്നത്. ഒരു ട്രില്യന് 18 പൂജ്യങ്ങളുണ്ടെന്ന് ഓര്‍ക്കണം. ഹിറ്റ്‌ലറിന്റെ ആത്മകഥയെക്കുറിച്ച് നോര്‍മന്‍ കസിന്‍സ് പറഞ്ഞത്, ''ഓരോ വാക്കിനും നഷ്ടമായത് 125 ജീവിതങ്ങള്‍, ഒരു പേജിന് 47,000 മരണങ്ങള്‍, ഓരോ അധ്യായത്തിനും 12,000,00 മരണം.'' ഇതാണ് യുദ്ധം, യുദ്ധാനന്തരവും.

എല്ലാത്തരം ഹിംസാത്മക അധിനിവേശവും അത് രാഷ്ട്രീയമോ ആശയപരമോ ആകട്ടെ നമ്മുടെ സത്തയെ നാമറിയാതെ അപഹരിക്കു കയാണ്. ചരിത്രത്തിലേക്ക് നോക്കിയുള്ള ജാഗ്രതയാണ് പ്രധാന പ്രതിരോധം. ചര്‍ച്ചകളിലൂടെയുള്ള പരിഹാരത്തിനാകണം പ്രധാന പരിഗണന. ആയുധം നല്കുന്നത് യുദ്ധം അവസാനിപ്പിക്കാനല്ല, ആളെക്കൊല്ലാന്‍ മാത്രമാണെന്ന് ലോകരാഷ്ട്രങ്ങള്‍ അറിയണം. മതി യുദ്ധം മരണവും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org