ലങ്കയെന്ന മുന്നറിയിപ്പ്

ലങ്കയെന്ന മുന്നറിയിപ്പ്

അതിരൂക്ഷമായ ദാരിദ്ര്യവും അനിയന്ത്രിതമായ വിലക്കയറ്റവും ഒരു രാജ്യത്തെ അതല്ലാതാക്കിത്തീര്‍ക്കുന്നതിന്റെ തെളിവാകുകയാണ് തൊട്ടയല്‍പക്കമായ ശ്രീലങ്ക. രാജ്പക്‌സെ കുടുംബാധിപത്യം ശ്രീലങ്കന്‍ ജനതയ്ക്കു നല്കിയ അവസാനിക്കാത്ത ദുരിതങ്ങള്‍ക്കുള്ള അസാധാരണമായ മറുപടിയാകുന്നുണ്ട്, അവിടെ ഇനിയും അവശേഷിക്കുന്ന പ്രതിഷേധ പരമ്പരകള്‍.

പരിധിവിട്ടതിന്റെ പ്രത്യാഘാതം തന്നെയാണ് ലങ്കയില്‍ ഇപ്പോഴും ശമിക്കാത്ത രോഷാഗ്നി. രാജ്യത്ത് ഭക്ഷ്യക്ഷാമം ആസന്നമെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. ഇന്ധനക്ഷാമം രൂക്ഷമായ അവിടെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. തങ്ങള്‍ക്കായിനി ഒന്നും ശേഷിച്ചിട്ടില്ലെന്ന തിരിച്ചറിവില്‍ ഒരു ജനതയുടെ പ്രതിഷേധം അണപൊട്ടിയൊഴുകിയപ്പോള്‍ സാക്ഷാല്‍ പ്രധാനമന്ത്രിക്ക് തന്റെ പദവി ഉപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്നു. വികലമായ വികസന നയങ്ങളും ആസ്തികളെ അപകടകരമായിപ്പോലും പണയപ്പെടുത്തിയെടുത്ത അന്തര്‍ദ്ദേശീയ വായ്പകളും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വ നിലപാടുകളും ചേര്‍ന്ന്, അടുത്തെങ്ങും പരിഹൃതമാകാത്ത വിധത്തിലുള്ള സമ്പത്തിക പ്രതിസന്ധിയിലേക്ക് ലങ്കയെ തള്ളിവിട്ടതിനു പിന്നില്‍ രാജ്യനിയന്ത്രണത്തിന്റെ തലപ്പത്തിരുന്ന രാജപക്‌സെ കുടുംബാംഗങ്ങളുടെ കോര്‍പ്പറേറ്റ് പ്രീണനം തന്നെയാണ്.

രാജ്യസുരക്ഷയുടെ പേരിലാണെങ്കില്‍പ്പോലും തമിഴ്‌ന്യൂനപക്ഷത്തിനെതിരായുണ്ടായ ആസൂത്രിത വംശവിച്ഛേദമൊരുക്കിയ വിജയസിംഹള സിംഹാസനത്തില്‍ ആദ്യം മഹീന്ദ്ര രാജ്പക്‌സെയും പിന്നാലെ പ്രസിഡന്റ് പദവിയില്‍ അനുജന്‍ ഗോത്ബയയും പ്രധാന അധികാരക്കസേരകളില്‍ മറ്റ് കുടുംബാംഗങ്ങളും അപ്രതിരോധ്യരായിത്തുടര്‍ന്നതിന്റെ പരിണിതി തന്നെയാണ് ശ്രീലങ്കയുടെ ഇന്നത്തെ ദുര്‍വിധി. ചോദ്യങ്ങളെ അനുവദിക്കാതെയും വിമര്‍ശനങ്ങളെ വിലമതിക്കാതെയും ഒരു കുടുംബം ഒരു രാജ്യത്തിനുമേല്‍ നടത്തിയ അതിക്രൂരമായ അതിക്രമത്തിന്റെയും തുടര്‍ച്ചയായ ജനാധിപത്യ ധ്വംസനങ്ങളുടെയും കഥ കൂടിയാണ് ശ്രീലങ്ക.

കര്‍ഫ്യൂ ലംഘിച്ച് തെരുവില്‍ തുടരുന്ന ആയിരക്കണക്കിന് പ്രക്ഷോഭകര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഭരണപക്ഷ സാമാജികരുടെയും നേതാക്കളുടെയും വീടുകളും, വ്യാപാര സ്ഥാപനങ്ങളും അഗ്നിക്കിരയാക്കി. രാജിവെച്ച് തലസ്ഥാന നഗരിയായ കൊളംബോ വിട്ട മഹീന്ദയും കുടുംബവും പ്രക്ഷോഭകരെ പേടിച്ച് ട്രിങ്കോമാലിയിലെ നാവിക ആസ്ഥാനത്ത് അഭയം തേടിയിരിക്കുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയ വാര്‍ത്ത. രാജപക്‌സെ കുടുംബത്തിന്റെ ഹംബന്‍തൊട്ടയിലെ കുടുംബവീടിന് പ്രക്ഷോഭകര്‍ നേരത്തെ തീയിട്ടിരുന്നു. റെനില്‍ വിക്രമസിംഗയെ താല്‍ക്കാലിക പ്രധാനമന്ത്രിയാക്കി പ്രശ്‌നപരിഹാരത്തിന് പ്രസിഡന്റ് ശ്രമിച്ചുവെ ങ്കിലും, പ്രസിഡന്റ് ഗോത്ബയയും മാറണമെന്ന നിലപാടിലുറച്ചാണ് പ്രതിപക്ഷകക്ഷികള്‍.

ഇന്ത്യയുടെ അടുത്ത അയല്‍പക്കം തരുന്ന കടുത്ത മുന്നറിയിപ്പിനെ നാം അവഗണിക്കരുത്. തമിഴ്‌വംശീയ കൂട്ടക്കൊലയൊരുക്കിയ അനുബന്ധ സാഹചര്യത്തെ അനുകൂലമാക്കി യാണ് മഹീന്ദ ആദ്യം അധികാരത്തിലെത്തിയത്. ഭരണപക്ഷത്തെ മൃഗീയഭൂരിപക്ഷം, ജനാധിപത്യ മൂല്യങ്ങളെപ്പോലും ബലികഴിച്ച് ധാര്‍ഷ്ട്യത്തോടെ പെരുമാറാനുള്ള ജനസമ്മതിയായാണ് രാജപക്‌സെ ഭരണകൂടം മനസ്സിലാക്കിയത്. ജനകീയമല്ലാത്ത പദ്ധതികള്‍ ജനവിരുദ്ധമായി നിരന്തരം നടപ്പാക്കിയാണ് വലിയ കടക്കെണിയിലേക്ക് രാജ്യത്തെ മഹീന്ദ എത്തിച്ചത്. വലിയ വായ്പകള്‍ എടുത്തുള്ള വന്‍ വികസന പരിപാടികള്‍ രാജ്യക്ഷേമത്തിനെന്നതിനേക്കാള്‍ വായ്പ്പാദാതാക്കളുടെ വഴിവിട്ട താല്പര്യങ്ങളെ സംരക്ഷിക്കാനായിരുന്നു. തിരിച്ചടവ് മുടങ്ങുന്നതിനനുസരിച്ച്, ഭൂമിയുടെ ഉടമാവകാശം വിദേശരാജ്യങ്ങള്‍ക്ക് വിട്ടുനല്കുന്നതുപോലുള്ള വിചിത്രമായ കരാറുകള്‍ ഭരണനയവൈകല്യത്തിന്റെ നല്ല ഉദാഹരണമായി.

ഇന്ത്യയില്‍നിന്നും 55 കിലോമീറ്റര്‍ മാത്രം അകലെയായ സിംഹള ദ്വീപിലെ സമകാലീക സംഭവവികാസങ്ങള്‍ ഈ ഉപഭൂഖണ്ഡത്തിനും പാഠമാകണം. അപരവത്ക്കരണത്തിലൂടെ വേര്‍തിരിവിന്റെ വിദ്വേഷരാഷ്ട്രീയം വഴി ഉറപ്പിക്കപ്പെടുന്ന അധികാരസ്ഥാനങ്ങള്‍ക്ക് അധികം ആയുസ്സുണ്ടാവില്ല എന്നതാണ് പ്രധാന പാഠം. ജനക്ഷേമത്തിലൂന്നിയുള്ള ജനകീയപദ്ധതികളുടെ സുതാര്യതാസൂത്രണം മാത്രമാണ് അവസാനത്തവനെയും അതില്‍ അംഗമാക്കുന്ന യഥാര്‍ത്ഥ വികസന നയം. ലങ്കയില്‍ ഇപ്പോഴും ഉയരുന്ന പ്രതിഷേധപ്പുകകള്‍ ഓര്‍മ്മിപ്പിക്കു ന്നത് അത് തന്നെയാണ്. സ്വാശ്രയ സമ്പദ്‌വ്യവസ്ഥയുടെ ശാസ്ത്രീയ വിപുലീകരണം അടി സ്ഥാന വികസന ലക്ഷ്യമാക്കി പരിവര്‍ത്തിക്കാത്ത സര്‍ക്കാരുകള്‍ക്കുള്ള മുന്നറിയിപ്പാണ്, വായ്പ്പാധിഷ്ഠിത വികസന വഴിയില്‍ ദയനീയമായി വീണുപോയ ലങ്കയുടെ സമകാലീക ചിത്രം!

ജനവിരുദ്ധ സര്‍ക്കാരിനെ കാത്തിരിക്കുന്ന ജനകീയ വിചാരണയുടെ അടങ്ങാത്ത ക്ഷോഭനാളുകളെക്കുറിച്ചുള്ള വീണ്ടുവിചാരം വിവേകഭരണത്തിന് വഴിയൊരുക്കണം. 8 വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റ ഭീഷണിയിലാണ് നമ്മുടെ രാജ്യമിപ്പോള്‍. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിലേക്ക് കൂപ്പ് കുത്തിയപ്പോള്‍, 'ഗ്യാന്‍വാപി' മസ്ജിദിലെ ശിവലിംഗ പ്രതിഷ്ഠാവാര്‍ത്തകളിലേക്ക് മാധ്യമങ്ങളെയും മനുഷ്യരെയും മാറ്റിയെടുക്കുന്നതുപോലുള്ള ഭരണ(കു)തന്ത്രങ്ങള്‍ക്ക് അധികം ആയുസ്സുണ്ടാവില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം. അധികമായി കൂട്ടിയ ഇന്ധനവിലയില്‍ നിന്നും അല്പം മാത്രം കുറച്ചതിനെ ആഘോഷിക്കുന്നത് അല്പത്തം തന്നെയാണ്. 'മേക്ക് ഇന്‍ ഇന്ത്യ'യെക്കുറിച്ച് ആവേശത്തോടെ പറയുന്ന അതേ സര്‍ക്കാര്‍ വേദിയില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വത്ക്കരണ വാര്‍ത്തകളുടെ ആവര്‍ത്തിച്ചുള്ള സ്ഥിരീകരണമുണ്ടാകുമ്പോള്‍, അനുദിനം വിറ്റ് പോകുന്ന ഇന്ത്യയെക്കുറിച്ചുള്ള വേവലാധിയില്‍ വേവുന്ന ജനത അടിയന്തിരമായി ഉണരണം. ഭരണകൂട വിമര്‍ശനത്തെ രാജ്യദ്രോഹമാക്കുന്ന 124 എ വകുപ്പ് മരവിപ്പിച്ച സുപ്രീം കോടതി നടപടിയില്‍ എതിര്‍പ്പുയര്‍ത്തിയ സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ എതിര്‍ക്കുന്നത് എതിര്‍ ശബ്ദങ്ങളെത്തന്നെയാണ്.

വികസനമെന്നാല്‍ വേഗപ്പാത മാത്രമാണെന്ന രാഷ്ട്രീയ വായ്ത്താരികളുടെ പൊള്ളത്തരവും പുറത്തു കൊണ്ടുവരണം. വായ്പ്പാധിഷ്ഠിത വികസനം ഭാവിയില്‍ വന്‍ ബാധ്യതയെന്ന ലങ്കന്‍ പാഠം 65,000 കോടി കടമെടുക്കാനൊരുങ്ങുന്ന കേരളത്തെയും ഭയപ്പെടുത്തണം. തുടര്‍ ഭരണധാര്‍ഷ്ട്യം അടയാളക്കല്ലായി ആളുകളുെട മേല്‍ അടിച്ചിറക്കുമ്പോള്‍ വിയോജിക്കാനുള്ളയിടം ഇവിടെ വികസിതമാകാതെയാകുന്നുണ്ട് എന്ന് മറക്കരുത്. ആലപ്പുഴയിലെ മതതീവ്രവാദ സംഘടനാറാലിയില്‍ വര്‍ഗ്ഗീയച്ചുമലിലിരുന്ന് വിദ്വേഷ മുദ്രാവാക്യം വിളിച്ചു കൊടുത്ത കുട്ടിയെ തിരിച്ചറിയാനും തിരുത്താനുമാകാത്ത ഭരണപ്രതിപക്ഷങ്ങള്‍ മതേതര കേരളത്തിന് ഒരുപോലെ മാനക്കേടാണ്. വോട്ടുബാങ്കിന്റെ പ്രീണന രാഷ്ട്രീയം ഇല്ലാതാക്കുന്നത് ഒരു ജനതയെത്തന്നെയാണ്.

രാജ്യം നഷ്ടപ്പെട്ട ജനത ഒന്നടങ്കം പ്രതിപക്ഷമായതിന്റെ ചരിത്രപാഠമാണ് ശ്രീലങ്ക. എന്നാല്‍ എല്ലാവരും അതിവേഗം ഭരണപക്ഷത്താകുന്നതിന്റെ അവസരവാദ പ്രശ്‌നമാണ് ഇന്ത്യയുടേത്. പ്രതിപക്ഷത്തിന്റെ ചെയ്തികളുടെ മറവില്‍ ഭരണപക്ഷവും, ഭരണപക്ഷത്തിന്റെ ചെയ്തികളുടെ മറവില്‍ പ്രതിപക്ഷവും ആത്മരക്ഷ തേടുന്നതിന്റെ അപചയത്തെക്കുറിച്ച് ആകുലപ്പെട്ട സുകുമാര്‍ അഴിക്കോടിനെ ഇപ്പോള്‍ ഓര്‍മ്മവരുന്നു. ഈ ആത്മരക്ഷയുടെ രാഷ്ട്രീയം ജനാധിപത്യ മൂല്യങ്ങളുടെ ഒന്നാന്തരം അട്ടിമറിയാണ്. ശരിയായ പ്രതിഷേധത്തിന്റെ ശക്തമായ പ്രതിപക്ഷരാഷ്ട്രീയത്തെ അടിയന്തിരമായി തിരികെ വിളിക്കണമെന്ന് തന്നെയാണ് ശ്രീലങ്ക ഇന്ത്യയോട് ആവര്‍ത്തിച്ച് അപേക്ഷിക്കുന്നത്. കാരണം ലങ്കയിപ്പോള്‍ ഒരു രാജ്യമല്ല, മുന്നറിയിപ്പാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org