
ലഹരിമാഫിയയുടെ വേരും വ്യാപ്തിയും എത്രയോ വിപുലമെന്ന് വെളിപ്പെടുന്ന ഗുരുതരമായ സംഭവ പരമ്പരകള്‍ക്കാണ് കേരളം ഈ ദിവസങ്ങളില്‍ സാക്ഷ്യം വഹിക്കുന്നത്. നേരത്തെയത് നഗര കേന്ദ്രീകൃത ദുരന്തമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഗ്രാമ പ്രദേശങ്ങളിലെ തീരാദുരിതങ്ങളുടെ നിത്യകാഴ്ചയായി മാറിയിരിക്കുകയാണ്.
കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്‍നിന്നും 36 കോടി വില വരു ന്ന 18 കിലോഗ്രാം ലഹരിമരുന്നാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. 15 മാസത്തിനുള്ളില്‍ പിടിച്ചെടുത്തത് 110.52 കോടിയുടെ മയക്കുമരുന്നാണ്. ഓണക്കാലത്തെ ലഹരിവേട്ടയുടെ ഭാഗമായി എക്‌സൈസ് വകുപ്പ് ആരംഭിച്ച പ്രത്യേക ദൗത്യം ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ത്തന്നെ 5036 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു എന്നറിയുമ്പോഴാണ് നമ്മള്‍ എത്തിപ്പെട്ടിരിക്കുന്ന അപകടത്തിന്റെ ആഴം മനസ്സിലാകുന്നത്. ഇതിനോടകം 1300 പേര്‍ അറസ്റ്റിലായിക്കഴിഞ്ഞു. ലഹരി വിപണിയുടെ ഇടനിലക്കാരനായി പോലീസുകാരനെപ്പോലും ഇടുക്കിയില്‍ കണ്ടെത്തിയെന്നറിയുമ്പോള്‍ വേലിതന്നെ വിളവു തിന്നുന്ന അരക്ഷിതാവസ്ഥയുടെ അപകടവും അടുത്താവുകയാണ്.
2018-20 കാലയളവില്‍ പിടിച്ചെടുത്ത ലഹരി മരുന്നിന്റെയളവില്‍ 122% വര്‍ദ്ധനവുണ്ടായതായാണ് കണക്കുകള്‍! 'ലഹരിവത്ക്കരണ'ത്തിലെ ഈ മാറ്റം രണ്ട് വിധത്തിലാണ്. ആദ്യത്തേത് കഞ്ചാവില്‍ നിന്നും അത് രാസലഹരിയുടെ ദൂഷിതവലയമായി വളര്‍ന്നതാണെങ്കില്‍, ഉപയോഗിക്കുന്നവരുടെ പ്രായത്തോത് ഏറെ താഴ്ന്നതാണ് ശ്രദ്ധേയമായ രണ്ടാമത്തെ മാറ്റം. ലഹരി വിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സയ്‌ക്കെത്തുന്ന വരില്‍ 15 വയസ്സില്‍ താഴെയുള്ളവര്‍ 64 ശതമാനമെന്നറിയുമ്പോഴാണ് നാട് നേരിടുന്ന ഭീഷണിയുടെ ഗൗരവം മനസ്സിലാകുന്നത്. ബാംഗ്ലൂർ കേന്ദ്രീകരിച്ച് ആഫ്രിക്കന്‍ മയക്കുമരുന്നു മാഫിയയുടെ പ്രധാന കണ്ണിയായ നൈജീരിയന്‍ സ്വദേശി ഒക്കാഫോര്‍ എസെ ഇമ്മാനുവേല്‍ കൊച്ചിയില്‍ പിടിയിലായതോടെ പുറത്തുവരുന്ന വിവരങ്ങള്‍ ഭയപ്പെടുത്തുന്ന വയാണ്. ആറു മാസത്തിനുള്ളില്‍ എറണാകുളം ഭാഗത്തേയ്ക്കു മാത്രം 4.5 കിലോ എം.ഡി.എം.എയാണ് എത്തിച്ചതത്രെ! ഇതിനിടയില്‍ 15 ലക്ഷത്തിലധികം വില വരുന്ന ഹെറോയിനുമായി രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികള്‍ അങ്കമാലിയില്‍ പിടിയിലായി. വാളയാര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ 1.8 കിലോഗ്രാം ഹാഷിഷ് ഓയില്‍ മലപ്പുറം സ്വദേശിയില്‍ നിന്നും പിടിച്ചെടുത്തു.
ഒളിപ്പിക്കാനും ഉപയോഗിക്കാനും എളുപ്പമാണെന്നതും കൂടുതല്‍ സമയം ലഹരിയനുഭവം നിലനിര്‍ത്താമെന്നതുമാണ് രാസലഹരിയുടെ പ്രചാരം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തീവ്രമാകാനുള്ള പ്രധാന കാരണം. ലഹരി വലയില്‍ വീഴുന്ന പെണ്‍കുട്ടികളുടെ എണ്ണം വല്ലാതെ പെരുകുന്നുവെന്നതും സമൂഹജാഗ്രത ആവശ്യപ്പെടുന്ന കാര്യം തന്നെയാണ്. ലഹരി വലക്കണ്ണിയുടെ കുരുക്ക് മുറുകുന്നതോടെ ലൈംഗിക അതിക്രമത്തിന് അവര്‍ ഇരയാകുന്ന സംഭവങ്ങളും സാധാരണമാവുകയാണിപ്പോള്‍.
വിദ്യാലയങ്ങളില്‍ നാര്‍ക്കോട്ടിക് ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കികൊണ്ട് ലഹരിക്കെതിരായ ബോധവല്‍ക്കരണവും ഇരയായവര്‍ക്കുള്ള സൗഖ്യസംരക്ഷണവും കുറെക്കൂടി ശക്തമാക്കുകയാണ് സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യേണ്ടത്. പോലീസ് എക്‌സൈസ് വകുപ്പുകളുടെ സംയോജിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മേഖലയില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്താനാകും. ലഹരി കടത്തിനുള്ള ശിക്ഷ കൂടുതല്‍ കഠിനമാക്കിയുള്ള നിയമനിര്‍മ്മാണവും ഉറപ്പാക്കണം. പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരാകുന്നത് യാദൃശ്ചികമാണോ എന്നതും പരിശോധിക്കണം.
നമ്മുടെ വിശ്വാസ പരിശീലന വേദികളില്‍ ലഹരിയെന്ന മഹാവിപത്തിനെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടികള്‍ കുറെക്കൂടി ഊര്‍ ജ്ജിതമാക്കണം. ലഹരിയുപയോഗത്തിന്റെ നേരിയ ലക്ഷണങ്ങള്‍ പോ ലും നേരത്തെ തിരിച്ചറിയാനും വിദ്യാര്‍ത്ഥികളെ തിരുത്തി തിരിച്ചുകൊണ്ടുവരുവാനും കഴിയുംവിധം കൗണ്‍സലിംഗ് പരിപാടികള്‍ ഇടവകകളില്‍ സജീവമാക്കണം. 30-ാമത് സീറോ മലബാര്‍ സിനഡ് ചര്‍ച്ച ചെയ്ത സമകാലിക വിഷയയങ്ങളില്‍ ലഹരി വാഴ്ചയില്‍ തകരുന്ന കേരളം ഉള്‍പ്പെടാതെ പോയത് ആശ്ചര്യമുളവാക്കുന്നു.
വര്‍ദ്ധിച്ച ലഹരി വില്പനയുടെയും വന്‍തോതിലുള്ള വിനിയോഗത്തിന്റെയും ഹബ്ബായി കേരളം മാറുന്നതിന്റെ ശക്തമായ സൂചനകള്‍ ഇപ്പോള്‍ത്തന്നെ സജീവമാണ്. ലഹരി വല ഈ വിധം യുവതീയുവാക്കള്‍ക്കിടയില്‍ മുറുകുമ്പോള്‍ കുടുംബബന്ധങ്ങളെ മുറുകെ പിടിച്ചു തന്നെ വേണം ഈ ദുരന്തത്തിന്റെ ദൂഷിതവലയം ഭേദിക്കാന്‍.
അനാവശ്യമായ ബന്ധങ്ങളോടും ആരോഗ്യകരമല്ലാത്ത സൗഹൃദ ങ്ങളോടും 'NO' എന്ന് പറയാനുള്ള ആര്‍ജ്ജവം പരിശീലനമായി നമ്മു ടെ കുട്ടികള്‍ക്ക് ലഭിക്കേണ്ടതുണ്ട്. വീട്ടിനകത്തെ ഹൃദയബന്ധങ്ങളുടെ ഊഷ്മളതതന്നെ നല്ലൊരു ലഹരിയനുഭവമായി അവര്‍ക്ക് തോന്നത്തക്കവിധം ഉള്ളടുപ്പത്തിന്റെ ആന്തരീകാടരുകളെ നാം ബലപ്പെടുത്തേണ്ടതുണ്ട്.
സമൂഹജാഗ്രത ആവശ്യപ്പെടുന്ന നിരന്തരമായ പ്രവര്‍ത്തന പരിപാടികളോടൊപ്പം ലഹരി മാഫിയയുടെ വേരറുക്കാന്‍ സര്‍ക്കാരിന്റെ ശക്തമായ പിന്തുണയും അത്യാന്താപേക്ഷിതമാണ്. സമാന്തര ഭരണകൂടമായി പ്പോലും പ്രവര്‍ത്തിക്കാന്‍ മാത്രം പ്രബലമായ ഈ അന്ധകാരാധിപത്യ ത്തെ അതിശക്തമായ ഇച്ഛാശക്തിയോടെ വേണം നേരിടാന്‍. എന്നാല്‍ മദ്യവും ലോട്ടറിയും പ്രധാന വരുമാന മാര്‍ഗ്ഗമായി കാണുന്ന സര്‍ക്കാരിന്റെ ലഹരി നയം തന്നെ സമൂഹ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. ലോകത്തിലെ മദ്യോല്പാദനത്തിന്റെ 65% ഉം ഇന്ത്യയിലാണ്. ഇരുന്നൂറിലേറെ രോഗങ്ങള്‍ക്ക് മദ്യം കാരണമാകുന്നുണ്ടെന്നാണ് കണക്കുകള്‍. ഇപ്പോള്‍ തിരുത്തിയില്ലെങ്കില്‍ ഇനിയൊരു തിരിച്ചുവരവ് അസാധ്യമെന്ന തിരിച്ചറിവുണ്ടായാല്‍ നന്ന്.