പ്രാണനറ്റ്, പ്രയാംബിള്‍

പ്രാണനറ്റ്, പ്രയാംബിള്‍

2024 ജനുവരി 22-ലെ അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതി ഷ്ഠയെ മുഖ്യധാര മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ ദേശീയോത്സവമായി കൊണ്ടാടിയപ്പോള്‍ രാജ്യത്തിന്റെ പ്രധാന ജനസേവകനായ പ്രധാനമന്ത്രി വിഗ്രഹ പ്രതിഷ്ഠാചടങ്ങിലെ പ്രധാന യജമാനനായതിന്റെ അനൗചിത്യത്തെ മതേതര ഭാരതം അതര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിച്ചുവോ എന്ന സംശയമുണ്ട്.

1992-ല്‍ തകര്‍ക്കപ്പെട്ട തര്‍ക്ക മന്ദിരത്തിന്റെ സ്ഥാനത്ത് 2019-ലെ സുപ്രീം കോടതി യുടെ പിന്‍ബലത്തില്‍ അതിവേഗം കെട്ടിയുയര്‍ത്തിയ രാമക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ രാംലല്ല(ബാലകനായ രാമന്‍)യാണ്. 51 ഇഞ്ചില്‍ താഴെ മാത്രം ഉയരമുള്ള കൃഷ്ണശിലയില്‍ തീര്‍ത്ത വിഗ്രഹത്തിലേക്ക് ദേവചൈതന്യം പകര്‍ന്ന പ്രതിഷ്ഠാചടങ്ങില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 8000 ത്തോളം പ്രതിനിധികളും 50 രാജ്യ ങ്ങളില്‍ നിന്നായി 92 പ്രത്യേക ക്ഷണിതാക്കളും പങ്കെടുത്തു.

നിരവധി അനവധി വ്യാഖ്യാന പാരമ്പര്യങ്ങളാല്‍ വൈവിധ്യവല്‍ക്കരിക്കപ്പെട്ട രാമചരിതത്തിലെ ഏതു രാമനാണ് അയോധ്യയിലെ പുതിയ ക്ഷേത്രത്തിലെ പ്രധാന പ്രതി ഷ്ഠയെന്ന ചോദ്യമുണ്ട്. രാമകഥയുടെ ഏറ്റവും രാഷ്ട്രീയ ആഖ്യാനം 16-ാം നൂറ്റാണ്ടില്‍ തുളസിദാസ് ഹിന്ദിയിലെഴുതിയ 'രാമ ചരിത മാനസ്' ആണ്. രാമനെ ദൈവമാക്കുന്ന ഈ കൃതി ഹിന്ദി സംസാരിക്കുന്ന ഉത്തരേന്ത്യയിലെങ്ങും വലിയ ജനപ്രീതി നേടിയ രാമകഥനവുമാണ്. തുടര്‍ന്ന് തൊണ്ണൂറുകളുടെ അവസാനത്തോടെ രാമന്‍ എന്ന രാഷ്ട്രീയ ദൈവിക പ്രതീകത്തെ സവര്‍ക്കറുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പ്രധാന സന്ദേശ പ്രചാരകനാക്കി പകര്‍ത്തിയ രാമാനന്ദ സാഗറുടെ രാമായണ ദൂരദര്‍ശന്‍ സീരിയല്‍ വരെ നീണ്ട 'രാമലീല'കളിലൂടെ 'രാമാനുഭവ'ത്തെ രാജ്യത്തിന്റെ പുതിയ രാഷ്ട്രീയാനുഭവമായി പരിവര്‍ത്തിപ്പിച്ചതാണ് പ്രധാന മാറ്റം. ഇവിടെ ഗാന്ധിജിയുടെ രാമന്‍ എവിടെ എന്ന ചോദ്യവുമുണ്ട്. ''സഹിഷ്ണുതയില്‍ വിശ്വസിക്കുന്ന എല്ലാം സ്വാംശീകരിക്കുന്ന ഹിന്ദുമതത്തിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്ന'' (ഹരിജന്‍, 1947 നവംബര്‍ 30) ഗാന്ധിജിയുടെ രാമന്‍ ഐക്യത്തിന്റെ സമഭാവനയുടെ സനാതന സങ്കല്പമാണെന്നുറപ്പാണ്. ''മതം തീര്‍ത്തും സ്വകാര്യ വിഷയമാകയാല്‍ ഓരോരുത്തര്‍ക്കും തന്റെ സ്രഷ്ടാവിനെ അവര്‍ ഇച്ഛിക്കും പോലെ സമീപിക്കാം'' (ഹരിജന്‍, ജൂലൈ 27/1947) എന്ന ബോധ്യത്തില്‍ തന്റെ മതേതര നിലപാടുകളെ ഉറപ്പിച്ച ഗാന്ധിജിയുടെ രാമന്‍ രാഷ്ട്രീയ രാമനല്ലെന്നും തീര്‍ച്ചയാണ്. ഉള്ളിലെ സത്യബോധത്തെയാണദ്ദേഹം രാമനെന്നു വിളിച്ചത്. ഈ സ്വത്വവിസ്മൃതിയുടെ അസ്തിത്വപ്രതിസന്ധിതന്നെയാണ് 'രാമന്റെ ദുഃഖവും'.

അതുകൊണ്ടു തന്നെയാണ് അയോധ്യ തര്‍ക്ക കേസിലെ സുപ്രീം കോടതി വിധിയെത്തിയപ്പോള്‍, അത് വെറും ഭൂമിയുടെ ഉടമസ്ഥാവകാശത്തര്‍ക്കത്തിന്മേലുള്ള അന്തിമതീര്‍പ്പായി ചെറുതായിപ്പോയി എന്ന വിമര്‍ശനമുയര്‍ന്നത്. തര്‍ക്കഭൂമിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ അഞ്ചേക്കര്‍ നല്കി മസ്ജിദിനുള്ള അനുവാദം വിധിയായി വന്നപ്പോള്‍ ഭരണഘടനാമൂല്യങ്ങള്‍ തന്നെയാണിപ്പോള്‍ അവിടെ പുല്ലുപെരുത്ത് കിടക്കുന്നതെന്ന വിമര്‍ശനമുണ്ട്. വിധി പുറപ്പെടുവിച്ച അന്നത്തെ ഭരണഘടന ബെഞ്ചിലെ മുഴുവന്‍ പേര്‍ക്കും പ്രാണപ്രതിഷ്ഠയിലേക്ക് ക്ഷണവുമുണ്ടായിരുന്നു എന്നതും ഇതിനോട് ചേര്‍ത്തു വായിക്കണം.

ഭരണഘടനയെ പിന്തുടര്‍ന്ന് കോടതി വിധികള്‍ പുറപ്പെടുവിക്കുന്ന രീതിയാണ് 'കോണ്‍സ്റ്റിറ്റിയൂഷനിസ്റ്റ് ജുഡീഷ്യല്‍ മെത്തഡോളജി.' മതതത്വങ്ങളെയും വിശ്വാസങ്ങളെയും ആധാരമാക്കി അന്തിമതീര്‍പ്പുകളിലേക്കെത്തുന്ന 'തിയോക്രാറ്റിക് ജുഡീഷ്യല്‍ മെത്തഡോളജി' എന്നൊരു രീതിയുമുണ്ട്. മതാധിപത്യം പ്രധാന രാഷ്ട്രീയ രീതിയാകുന്നിടത്ത് ഇത് സ്വാഭാവികമായ നീതി ന്യായ ശൈലിയാകും.

പുതിയ രാമക്ഷേത്ര നിര്‍മ്മിതിക്ക് വഴിയൊരുക്കിയ സുപ്രധാന വിധിയില്‍ തെളിവുകള്‍ക്കും വസ്തുതകള്‍ക്കും പകരം 'വിശ്വാസ'ത്തെ അടിസ്ഥാനമാക്കിയെന്ന ആരോപണമുണ്ട്. അയോധ്യാ വിധി 929 പേജോളം വരും. ഇതിനൊപ്പം തന്നെ 116 പേജുള്ള അനുബന്ധവുമുണ്ട്. ഇത് വിധിയുടെ ഭാഗം തന്നെയാണ്. ''ബാബറി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ക്ക് താഴെയാണ് രാമജന്മസ്ഥാന്‍ എന്ന ''വിശ്വാസം'' തെറ്റാണെന്ന് തെളിയിക്കാന്‍ ഒരു തെളിവും ഹാജരാക്കാന്‍ എതിര്‍പ്പുകാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ്'' അനുബന്ധത്തിലെ പ്രധാന നിരീക്ഷണം.

ഹിന്ദു രാഷ്ട്ര പ്രഖ്യാപനത്തിന്റെ ഉദ്ഘാടന വേദിയായി പ്രാണപ്രതിഷ്ഠ ചടങ്ങ് മാറുകയെന്ന അപകടത്തെ ചെറുതായി കാണരുത്. ഭൂരിപക്ഷ മതരാജ്യമായി ഭാരതം മാറിത്തീരുന്നതെങ്ങനെയെന്ന്, മുന്‍ ദേശീയ ജുഡീഷ്യല്‍ അക്കാദമി ഡയറക്ടര്‍ മോഹന്‍ ഗോപാലിന്റെ ആശങ്കയില്‍ മതേതരയിന്ത്യയുടെ ആകുലതയുണ്ട്. '2024-ലെ പൊതു തിരഞ്ഞെടുപ്പില്‍ ബി ജെ പി ക്ക് ഭൂരിപക്ഷം കിട്ടിയാല്‍ പാര്‍ലമെന്റിനെ തന്നെ ഭരണഘടനാ അസംബ്ലിയാക്കി മാറ്റി പുതിയ ഭരണഘടനയ്ക്ക് രൂപം നല്കുകയാണ് അതില്‍ ആദ്യത്തേത്. നിലവിലുള്ള ഭരണഘടനയില്‍ വ്യാപകമായ ഭേദഗതികള്‍ വരുത്തി അതിനെ മതാധിഷ്ഠിതമാക്കുകയാണ് മറ്റൊന്ന്. ചോദ്യാതീതനായ ചക്രവര്‍ത്തിയായി രാജ്യത്തലവനെ മാറ്റിപ്പണിയുന്ന പ്രക്രിയയാകും അത്. ഇന്ത്യന്‍ ഭരണഘടനയെ ജൂഡീഷ്യറിയിലൂടെ ഹിന്ദു ഡോക്യൂമെന്റായി വ്യാഖ്യാനിക്കുകയാണ് മൂന്നാമത്തെ മാര്‍ഗം. ഇതോടെ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം പൂര്‍ണ്ണമാകും.' രാമരാജ്യം ആഗതമായെന്നാണ് ഉദ്ഘാടനവേദിയില്‍ യോഗിയും ഭഗത്തും പ്രസ്താവിച്ചത്. ഭരണഘടനയുടെ ആത്മാവിനെ നാം അറിയുന്നത് ഭരണഘടന അസംബ്ലിയിലെ സുദീര്‍ഘമായ ചര്‍ച്ചകളിലൂടെയാണ്. പിന്നീടുള്ള വ്യാഖ്യാനങ്ങള്‍ക്കും ഭേദഗതികള്‍ക്കും വെളിച്ചമായതും അതു തന്നെയാണ്. അതിനുപകരം വേദോപനിഷത്തുകളും വിശ്വാസസംഹിതകളും ഭരണഘടനതത്വങ്ങളായി മാറുന്ന അപകടം അചിന്ത്യമാണ്. പ്രാണപ്രതിഷ്ഠാവേളയില്‍ പ്രാണനകന്നാണ് ഭരണഘടനയുടെ പ്രയാംബിള്‍ എന്നു മറക്കരുത്. രാംലല്ലയുടെ കണ്ണുമൂടിയ തുണി മാറ്റിയ നരേന്ദ്രമോദി മതേതര ജനാധിപത്യ റിപ്പബ്‌ളിക്കിന്റെ കണ്ണുകള്‍ അതേ തുണികൊണ്ട് മൂടിയെന്ന് സമ്മതിക്കുമോ?

1951-ല്‍ സോമനാഥക്ഷേത്രത്തിന്റെ നവീകരണത്തിനുശേഷം അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്ര പ്രസാദ് അവിടെ ജ്യോതിര്‍ലിംഗ പ്രതിഷ്ഠയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച വേളയിലായിരുന്നു മതതേര രാഷ്ട്രത്തലവന്റെ മതേതര നിലപാട് ആദ്യമായി ചോദ്യം ചെയ്യപ്പെട്ടത്. ചോദ്യമുന്നയിച്ചവരില്‍ പ്രമുഖന്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യ പുരോഹിത വേഷത്തില്‍ അയോധ്യ ക്ഷേത്രത്തിലെത്തുമ്പോള്‍ പുറത്ത് അഴിച്ചുവച്ച മതേതര പരിവേഷം നാടിനെ നോക്കി പരിഹസിക്കുന്നുണ്ട്. ഇതുപോലൊരു ജനുവരി 22 നായിരുന്നു 25 വര്‍ഷങ്ങള്‍ക്കു മുമ്പ് (1999) ഗ്രഹാം സ്റ്റെയിന്‍സും മക്കളായ ഫിലിപ്പും തിമോത്തിയും ഹിന്ദുമത തീവ്രവാദികള്‍ ഇരുള്‍മറയില്‍ കൊളുത്തിയ വര്‍ഗീയത്തീയില്‍ ചുട്ടെരിക്കപ്പെട്ടതെന്ന വസ്തുത മറന്നു കൂടാ. കാരണം, ഗോഡ്‌സെയുടെ 'ജയ് ശ്രീരാം' ആക്രോശത്തില്‍ നിന്നും ഗാന്ധിയുടെ 'ഹേ റാം' നിലവിളിയിലേക്കുള്ള അകലമളന്നാണ് റിപ്പബ്ലിക് ഇന്ത്യയുടെ നില്പ്. മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org