'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനത്തിന്റെ അടിയന്തിര നിവൃത്തിയെ അടുത്ത അജണ്ടയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെ ജനാധിപത്യ സംവിധാനത്തില്‍ അതനിവാര്യമാക്കുന്ന രാഷ്ട്രീയ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ പഠനവിധേയമാക്കേണ്ടതാണ്.
സെപ്റ്റംബര്‍ ഒന്നിന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹഌദ് ജോഷിയാണ് ഈ വിഷയം പഠിക്കാന്‍ പുതിയ സമിതിയെ രൂപീകരിച്ച വിവരം പ്രഖ്യാപിച്ചത്. എട്ടംഗ സമിതിയുടെ അധ്യക്ഷന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ്. നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന പദ്ധതിയുടെ ലക്ഷ്യം. ഈ വിഷയം പഠിക്കുന്ന നാലാമത്തെ സമിതിയാണിത്.
ഒറ്റത്തിരഞ്ഞെടുപ്പ് എന്ന ആശയം ആദ്യത്തേതല്ല. 1951-1952 ല്‍ നടന്ന ആദ്യ പൊതു തിരഞ്ഞെടുപ്പ് ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ചായിരുന്നു. 1957, 1962, 1967 വര്‍ഷങ്ങളിലും ഇതേ രീതിയില്‍ തുടര്‍ന്നു. സര്‍ക്കാരുകള്‍ ഒരുപോലെ അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയതിനാലാണ് ഇത് സാധ്യമായത്. എന്നാല്‍ 1968 ലും 1969 ലും ഇത് പൂര്‍ണ്ണമായും നടപ്പായില്ല. പല സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ കാലാവധി തീരും മുമ്പ് അസ്ഥിരമായതായിരുന്നു കാരണം. 1970 ല്‍ നാലാം ലോക്‌സഭയിലേക്ക് കാലാവധി പൂര്‍ത്തിയാക്കാനുമായില്ല. 1972 ഓടെ ഒറ്റത്തിരഞ്ഞെടുപ്പു രീതി പൂര്‍ണ്ണമായും അവസാനിച്ചു.
2016 ലും 2019 ലും മോദി സര്‍ക്കാര്‍ ഈ ആശയത്തെ ഉയര്‍ത്തിക്കൊണ്ടുവന്നെങ്കിലും നിലവിലെ ഭരണഘടന പ്രകാരം ഏകീകൃത തിരഞ്ഞെടുപ്പു രീതി അപ്രായോഗികമാണെന്നാണ് ലോ കമ്മീഷന്‍ 2018 ല്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഒറ്റത്തിരഞ്ഞെടുപ്പിലേക്ക് 5 പ്രധാന അനുച്ഛേദങ്ങള്‍ ഭേദഗതി ചെയ്യേണ്ടിവരും. ഇതിനായി പാര്‍ലമെന്റില്‍ ബില്‍ പാസാക്കണം - ഭരണഘടനയുടെ 83, 85, 172, 174, 356 എന്നീ അനുച്ഛേദങ്ങളാണ് ഭേദഗതി ചെയ്യേണ്ടത്. ഒറ്റത്തിരഞ്ഞെടുപ്പു നടത്താന്‍ തയ്യാറാണെന്ന് 2020 ല്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും വേണ്ടത്ര സമയം അനുവദിച്ചാല്‍ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കാന്‍ സാധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ കമ്മീഷനെ അറിയിച്ചുവെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. എങ്കില്‍ 2029 ലായിരിക്കും തിരഞ്ഞെടുപ്പു നടപ്പിലാക്കുക.
ചെലവ് ചുരുക്കലെന്ന നേട്ടത്തെയാണ് പ്രധാന കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. തിരഞ്ഞെടുപ്പുകള്‍ ഭാരിച്ച പണച്ചിലവുണ്ടാക്കുന്നു എന്നതാണ് പ്രധാന വാദം. ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന്റെ മൊത്തം ചെലവ് 60,000 കോടിയാണെന്നാണ് അനൗദ്യോഗിക കണക്ക്. ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും 100 കോടി രൂപ വീതം ചെലവ്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ചെലവഴിച്ചത് 30,000 കോടിയായിരുന്നു. സര്‍ക്കാര്‍ ചെലവ് മാത്രം 3426 കോടിയാണ്. അത് 2019 ലെത്തിയപ്പോള്‍ 60,000 കോടിയായി ഉയര്‍ന്നു.
വികസന പദ്ധതികളുടെ തുടര്‍ച്ചയും വികാസവും ഉറപ്പുവരുത്താന്‍ ഒറ്റത്തിരഞ്ഞെടുപ്പു സഹായിക്കും എന്നാണ് മറ്റൊരു വാദം. വിവിധ സമയങ്ങളിലെ മാതൃക പെരുമാറ്റ ചട്ട ക്രമീകരണം പദ്ധതി പ്രഖ്യാപനങ്ങളെ തുടര്‍ച്ചയായി ബാധിക്കുന്നത് ഒഴിവാക്കാനാകും.
പൊതു തിരഞ്ഞെടുപ്പുകള്‍ വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാണെന്ന കണ്ടെത്തല്‍ ജനാധിപത്യ സംവിധാനത്തിനകത്ത് ശരിയായ നിരീക്ഷണമല്ല. ജനാഭിപ്രായത്തെ ശക്തമായി പ്രതിനിധീകരിക്കുന്ന സാധുവും സുതാര്യവുമായ തിരഞ്ഞെടുപ്പുകളാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനം. അതിനായി ചെലവഴിക്കുന്ന പണം അധികപ്പറ്റായി കാണാവുന്നതാണോ? എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണവേളയിലെ ധൂര്‍ത്തും ദുര്‍ച്ചെലവും നിയമപരമായിത്തന്നെ നിയന്ത്രിക്കപ്പെടണം.
വോട്ടറുടെ സ്വഭാവത്തെ ഒറ്റത്തിരഞ്ഞെടുപ്പു പരിപാടി വലുതായി സ്വാധീനിക്കും. ഭരണത്തിന്റെ അവസാനഘട്ടത്തിലെ ചില 'മിനുക്കു പണികള്‍' കൊണ്ട് അതുവരെയുള്ള ദുഷ്‌ചെയ്തികളെ മറയ്ക്കാമെന്ന സൗകര്യം സര്‍ക്കാരുകളുടേതാകും. എന്നാല്‍ ഭരണത്തിലേറിയവരെ ഇടയ്ക്കു 'തിരിച്ചു വിളിക്കാനുള്ള' സാധാരണ സമ്മതിദായകരുടെ ഏകാവകാശം അതോടെ ഇല്ലാതാകും. ജനം 'രാജാവല്ലാ'താകുന്ന അസാധാരണ സാഹചര്യം ജനാധിപത്യത്തിന് നല്ലതല്ല.
പ്രാദേശിക രാഷ്ട്രീയം അപ്രസക്തമാകുന്ന ജനാധിപത്യ വിരുദ്ധതയും ഇതനിവാര്യമാക്കുകയാണ്. ഫെഡറിലിസത്തിന്റെ വൈവിധ്യവും പ്രാദേശിക വിഷയങ്ങളുടെ വൈപുല്യവും നഷ്ടപ്പെട്ട് ഏക ശിലാത്മകമായ പുതിയ ശീലങ്ങളിലേക്ക് രാഷ്ട്രവും രാഷ്ട്രീയവും റദ്ദാക്കപ്പെടുന്ന അപകടമാണിത്. പ്രധാന ദേശീയ പാര്‍ട്ടികള്‍ക്കു മാത്രം തിരഞ്ഞെടുപ്പു പ്രക്രിയയില്‍ പ്രസക്തിയും പ്രാധാന്യവും ലഭിക്കുന്ന പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് ഇന്ത്യന്‍ ജനാധിപത്യം അധഃപതിക്കുമെന്ന പ്രശ്‌നവുമുണ്ട്.
വികസന നയങ്ങള്‍ക്ക് തുടര്‍ച്ച നഷ്ടപ്പെടും എന്ന വാദം നിരര്‍ത്ഥകമാണ്. 2014 ല്‍ യു പി എ അവസാനിപ്പിച്ചിടത്തു നിന്നു തന്നെയാണ് മോദി തുടങ്ങിയതും ഇപ്പോള്‍ തുടരുന്നതും. ലാഭകരമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തൊലച്ചും ഇന്ധന വില നിര്‍ണ്ണയ ചുമതല കമ്പനികള്‍ക്കു തന്നെ നിലനിര്‍ത്തിയും കോണ്‍ഗ്രസിന്റെ ഉദാരനയങ്ങളെ വലിയ ഔദാര്യത്തോടെ തന്നെയാണ് ബി ജെ പി സര്‍ക്കാരും പിന്തുടരുന്നത്. പദ്ധതി ചെലവുകളെ അധികമാക്കുന്ന അഴിമതിയാണ് ആദ്യം ഇല്ലാതാക്കേണ്ടത്.
രാജ്യത്തിന്റെ വികസനത്തെ ചില 'മുദ്രകളിലും' 'മുദ്രാവാക്യങ്ങളിലും' മാത്രമായി ഒതുക്കി, തങ്ങളോട് യോജിക്കുന്നവര്‍ക്ക് മാത്രമായി സര്‍ക്കാര്‍ 'യോജനകളെ' സമര്‍പ്പിച്ച് നിര്‍ദയം കോര്‍പ്പറേറ്റ് ഭരണം തുടരുന്ന മോദി സര്‍ക്കാര്‍ ഏകീകൃത തിരഞ്ഞെടുപ്പിലൂടെ ഇന്ത്യയെ 'ഭാരത'മാക്കാന്‍ ശ്രമിക്കുമ്പോള്‍ രാജ്യം നേതാവിലേക്ക് ഒതുങ്ങിയില്ലാതാകുന്ന അപചയം തന്നെയാണത് ഉറപ്പാക്കുന്നത്.
ഒരു ഭാഷ, ഒരു മതം, ഒരു പാര്‍ട്ടി, ഒരു തിരഞ്ഞെടുപ്പ്... തുടങ്ങി ഏകീകൃത ഭാരതത്തെ ശ്രേഷ്ഠ ഭാരതമാക്കുന്ന ഏകാധിപത്യ രീതികളില്‍, പ്രതിനിധീകരിക്കപ്പെടാതെ പോകുന്ന സാധാരണക്കാരുടെ ഇന്ത്യയെക്കുറിച്ചു തന്നെയാണ് ആകാംക്ഷയും ഭയവും. പ്രത്യക്ഷത്തില്‍ നല്ലതെന്ന് തോന്നുന്നവയിലൂടെ തന്നെയാണ് നാശത്തിന്റെ നാള്‍വഴികളിലേക്ക് ലോകചരിത്രം പ്രവേശിച്ചതെന്നതും നടുക്കമുണ്ടാക്കുന്നു. അവസാനത്തവനെയും അഭിമുഖീകരിക്കുന്ന മതേതര രാഷ്ട്രമെന്ന ഗാന്ധിയന്‍ സ്വപ്നമാണ് ഭരണഘടനയുടെ അന്തഃസത്തയെന്നിരിക്കെ, ഏറ്റവും പുതിയ അജണ്ടയായ ഒറ്റത്തിരഞ്ഞെടുപ്പില്‍ ഒഴിവാക്കപ്പെടുന്നവയെപ്പറ്റി നല്ല ജാഗ്രത വേണം.