
നഗര ഗ്രാമ വ്യത്യാസമില്ലാതെ നായ്ക്കൂട്ടമാണെവിടെയും...! പേ പിടിച്ച പോലെ പാഞ്ഞ് ആബാലവൃദ്ധം ജനങ്ങളെ അതിക്രൂരമായി കടിച്ച് കുടഞ്ഞ് തെരുവുനായ്ക്കള്‍ വിറഞ്ഞ് വിലസുമ്പോള്‍, കാര്യമായൊന്നും ചെയ്യാനില്ലാതെ കാഴ്ചക്കാരുടെ റോളിലാണ് സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും. തുടല്‍പൊട്ടിയ നായയും തുടലില്‍ തുടരുന്ന സര്‍ക്കാരും, അതാണിപ്പോള്‍ സാക്ഷാല്‍ കേരളം.
തെരുവുനായയുടെ ആക്രമണത്തിനിരയായി, റാന്നി പെരുനാട് ചേര്‍ത്തലപ്പടി ഷീനാഭവനില്‍ 12 വയസ്സുകാരി അഭിരാമി കൂടി മരണത്തിന് കീഴടങ്ങിയതോടെ, സംസ്ഥാനത്ത് ഈ വര്‍ഷം മാത്രം പേവിഷ ബാധയേറ്റ് മരിച്ചവരുടെ എണ്ണം 21 ആയി.
ഈ വര്‍ഷം ആഗസ്റ്റ് 1 വരെ മാത്രം തെരുവുനായയുടെ കടിയേറ്റവര്‍ 183931 പേരാണ്. സംസ്ഥാനത്ത് 5 വര്‍ഷത്തിനിടെ പത്ത് ലക്ഷത്തിലേറെപ്പേരെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചതെന്നാണ് കണക്കുകള്‍. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ 57 പേരെ നായ് കടിച്ചുകൊന്നു!
അഭിരാമിയുള്‍പ്പെടെ മരിച്ചവരില്‍ 6 പേര്‍ വാക്‌സിന്‍ സ്വീകരിച്ചവരാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. വാക്‌സിന്റെ ഗുണനിലവാരപരിശോധന എവിടെയുമെത്തിയില്ല. വിദഗ്ദ്ധ സമിതി രൂപീകരിച്ച് ഉടന്‍ അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഉറപ്പ് ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല.
ഹിമാചല്‍ പ്രദേശിലെ കസൗളിയിലാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് ലാബ്. അവിടെയാണ് വിദഗ്ദ്ധ പരിശോധനയ്ക്ക് സാംപിളെത്തേണ്ടത്. നിശ്ചിത ഊഷ്മാവില്‍ വേണം വാക്‌സിന്‍ സൂക്ഷിക്കാന്‍. വാക്‌സിന്റെ ഗുണനിലവാര പരിശോധനയളക്കുമ്പോള്‍ സൂക്ഷക്കുറവും പരിഗണിക്കേണ്ടതുണ്ട്. മരുന്ന് ഫലപ്രദമാകാതെ പോകുന്നതില്‍ റാബിസ് വൈറസിന് സംഭവിച്ച വ്യതിയാനവും പരിശോധനാ വിഷയമാകണം. ഗുണനിലവാരക്ഷമതാ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ബാച്ചിലെ മരുന്നാണ് വിതരണം ചെയ്യേണ്ടത്. മറിച്ച് സംഭവിച്ചോ എന്നറിയാനുള്ള പരിശോധനയാണ് ഇപ്പോഴും വൈകുന്നത്. കോ വിഡ് വാക്‌സിന്‍ എടുത്തത് മൂലമാണോ ആന്റി-റാബിസ് വാക്‌സിന്‍ ഫലപ്രദമാകാത്തത് എന്നതും പരിശോധനാ വിഷയമാകണം.
തെരുവു നായ്ക്കളിലെ പേവിഷബാധയും കടിയേല്‍ക്കുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിക്കുന്നതിനാല്‍ സംസ്ഥാനത്ത് വാക്‌സിന്‍ ലഭ്യതയും പ്രതിസന്ധിയിലേക്ക് എന്ന സൂചനയും ശക്തമാണ്. ലഭ്യമായവയുടെ ഗുണനിലവാരം സംശയാസ്പദമായ സാഹചര്യത്തില്‍ വാക്‌സിന്‍ ക്ഷാമം പേ വിഷ ചികിത്സാരംഗത്ത് മറ്റൊരു പ്രതിസന്ധിതന്നെയാണ്. ഒരു വര്‍ഷത്തേക്ക് നല്കിയ ഓര്‍ഡറിന്റെ 65 ശതമാനം 5 മാസം കൊണ്ട് ഉപയോഗിച്ച് തീര്‍ന്നതാണ് വാക്‌സിന്‍ ക്ഷാമം അതിരൂക്ഷമാക്കിയത്.
ഇതിനിടയില്‍ കേരളത്തിലെ തെരുവുനായ് ആക്രമണ പ്രശ്‌നത്തില്‍ ഇടപെടാനൊരുങ്ങുകയാണ്, സുപ്രീം കോടതി. അടിയന്തിര സാഹചര്യം പരിഗണിച്ച് സെപ്തംബര്‍ 28 ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.
തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട് ഭയാനക സാഹചര്യം നിലനില്ക്കുന്നുവെന്ന് സര്‍ക്കാര്‍ സമ്മതിക്കുമ്പോഴും എന്തുകൊണ്ട് ഫലപ്രദമായ നടപടികളുണ്ടാകുന്നില്ലെന്ന ഈ നാട്ടിലെ സാധാരണക്കാരുടെ ചോദ്യത്തിന് പക്ഷേ, കൃത്യമായ മറുപടി, പരിപാടികളായി ഇല്ല. അതിന് തടസ്സമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത് കേന്ദ്ര നിയമത്തിലെ ചില വകുപ്പുകളാണ്. അലഞ്ഞു തിരിയുന്ന നായ്ക്കളെ കൊല്ലാന്‍ പഞ്ചായത്തീരാജ് നഗരസഭാ നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും, പേ വിഷ ബാധ സ്ഥിരീകരിച്ച, അക്രമാസക്തരായ നായ്ക്കളെ കൊല്ലാന്‍ മാത്രമെ നിലവിലെ കേന്ദ്ര നിയമം അനുവദിക്കുന്നുള്ളൂ. ഈ നിയമക്കുരുക്കിനുള്ള പരിഹാരമാണ് അടിയന്തിരാവശ്യമായി സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
തെരുവുനായ് പ്രശ്‌നത്തില്‍ ഇടക്കാല ഉത്തരവ് നല്കുമ്പോള്‍ ജസ്റ്റിസ് സിരിജഗന്‍ റിപ്പോര്‍ട്ട് പരിഗണിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ജനന നിയന്ത്രണ ചട്ടം (എബിസി-2011) പേരിന് മാത്രം നടപ്പാക്കുന്നതാണ് തെരുവു നായ്ക്കളുടെ എണ്ണം ഈ വിധം വര്‍ദ്ധിക്കാനിടയായതെന്നാണ് ജസ്റ്റിസ് സിരിജഗന്റെ കണ്ടെത്തല്‍. വന്ധ്യംകരണം കഴിഞ്ഞ 15 വര്‍ഷമായി ഫലപ്രദമായി നടന്നിട്ടില്ലെന്ന് സിരിജഗന്‍ കുറ്റപ്പെടുത്തുമ്പോള്‍ പ്രതിക്കൂട്ടില്‍ സര്‍ക്കാര്‍ തന്നെയാണ്. ഔദ്യോഗിക കണക്കുപ്രകാരം മൂന്നു ലക്ഷത്തോളം തെരുവുനായ്ക്കളുള്ള സംസ്ഥാനത്ത് അതിന്റെ പത്തു ശതമാനത്തെപ്പോലും വന്ധ്യംകരിക്കാനായിട്ടില്ല. വന്ധ്യംകരണത്തിനുള്ള വകുപ്പില്ലാതെ തദ്ദേശസ്ഥാപനങ്ങള്‍ വലയുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിപരിവാരവും വിദേശയാത്രയ്ക്കുള്ള ഒരുക്കത്തിലാണ്. ഇതിപ്പോള്‍ പേ പിടിച്ചത് ആര്‍ക്കാണെന്ന സന്ദേഹത്തിലാണ് നാട്ടുകാര്‍. എന്നാല്‍ വന്ധ്യംകരണം കൊണ്ട് മാത്രം പ്രശ്‌ന പരിഹാരമാകാത്ത വിധത്തില്‍ നായ്ക്കള്‍ പെരുകിയതിനാല്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണാവശ്യം.
90 ശതമാനം പേവിഷ ബാധയും നായ്ക്കളില്‍ നിന്നാണെന്നതിനാല്‍, പ്രതിരോധ വാക്‌സിന്‍ തെരുവുനായ്ക്കളില്‍ കുത്തിവയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പേ വിഷ വ്യാപനത്തോത് കുറയ്ക്കാനിടയാക്കുമെന്ന വിദഗ്ദ്ധാഭിപ്രായം ഗൗരവത്തിലെടുക്കണം. തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന അറവ് മാലിന്യമുള്‍പ്പടെയുള്ള ഭക്ഷണാവശിഷ്ടം തന്നെയാണ് നായ്ക്കളുടെ സൈ്വര്യവിഹാരത്തിനാധാരമെന്നതിനാല്‍ ശാസ്ത്രീയമായ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് തന്നെയാകണം അടിയന്തിര പ്രാധാന്യം നല്‌കേണ്ടത്.
പന്നിപ്പനി സംശയിച്ച നാട്ടില്‍ നൂറുകണക്കിന് പന്നികളെയാണ് കൂട്ടത്തോടെ കൊന്നൊടുക്കിയത്. പക്ഷിപ്പനിയെന്ന ന്യായം പറഞ്ഞ് വലിയ തോതില്‍ താറാവുകൂട്ടവും കശാപ്പ് ചെയ്യപ്പെട്ടു. അപ്പോഴും നായ്ക്കളെ മാത്രം നിരുപാധികം കയറൂരി വിടാനനുവദിക്കുന്ന കപടമൃഗസ്‌നേഹികളുടെ ഇരട്ടത്താപ്പ് ശുദ്ധ അനീതിയല്ലാതെ മറ്റെന്താണ്? മജിസ്‌ട്രേറ്റിനെ കടിച്ച പട്ടി മന്ത്രിയെക്കൂടി കടിച്ചാലേ കാര്യങ്ങള്‍ക്ക് തീരുമാനമാകൂ എന്നുണ്ടോ?
'നായ്ക്കളോടുള്ള സഹാനുഭൂതി പോലെതന്നെ പ്രധാനപ്പെട്ടതാണ് മനുഷ്യരുടെ സുരക്ഷയും' എന്ന ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പ്രസ്താവന പ്രസക്തമാകുന്നതിവിടെയാണ്. നായ്ക്കളെ കൊല്ലരുത് എന്ന് ശഠിക്കുന്നവര്‍ തന്നെ ഇതിന്റെ സംരക്ഷണത്തിനായി ഒന്നും ചെയ്യുന്നില്ല എന്നതാണ് വാസ്തവം. നായ്ക്കളെക്കാള്‍ വിലപ്പെട്ടതാണ് മനുഷ്യര്‍.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെയും തദ്ദേശ വകുപ്പിന്റെയും സംയോജിത നടപടികള്‍ ഫലപ്രദമായി ത്വരിതഗതിയിലാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ പ്രകടിപ്പിക്കണം. കടിയേറ്റവര്‍ക്കായി ഹെല്‍പ്പ് ലൈന്‍ ഡസ്‌ക്കുകള്‍ പോലുള്ള അടിയന്തിര സേവന സാധ്യതകള്‍ അതിവേഗം ഉറപ്പുവരുത്തണം. മരണം കുരച്ചെത്തുന്ന നായവിഹാരത്തെരുവുകളില്‍ നിന്നും നാടിനെ മോചിപ്പിക്കാന്‍ സര്‍ക്കാരും സമൂഹവും കൂടിച്ചേര്‍ന്നുള്ള പ്രവര്‍ത്തനം കൂടിയേ തീരൂ. 'ഡോഗ്‌സ് ഓണ്‍ കണ്‍ട്രി'യെ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയാക്കിതന്നെ നിലനിര്‍ത്താന്‍ അടിയന്തിരമായി അതനിവാര്യമാണ് - മറക്കരുത്.