നിരത്തിലെ നിലവിളികള്‍

നിരത്തിലെ നിലവിളികള്‍

കേരളം മരണനിരത്തായി മാറിപ്പോയതിന്റെ ഏറ്റവും പുതിയ അപകടക്കണക്കുകള്‍ ആശങ്കയേറ്റുന്നതാണ്. കഴിഞ്ഞ ആറു വര്‍ഷത്തിനിട യില്‍ 23,512 പേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 26% കാല്‍ നടയാത്രക്കാരായിരുന്നുവെന്നത് സങ്കടപ്പെടുത്തുന്ന കണക്കാണ്.

റോഡു സുരക്ഷയ്ക്കും ബോധവല്‍ക്കരണത്തിനുമായി കോടികളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നതെങ്കിലും റോഡില്‍ പാലിക്കേണ്ട അടിസ്ഥാന മര്യാദകള്‍ പോലും മറന്നാണ് വാഹനങ്ങളുടെ മരണപ്പാച്ചില്‍. ദിവസവും 10 മുതല്‍ 13 വരെ ജീവന്‍ നിരത്തില്‍ പൊലിയുന്നു എന്നറിയുമ്പോഴാണ് സഞ്ചാര സാക്ഷരതയില്‍ നാം വെറും വട്ടപ്പൂജ്യമാണെന്ന് സമ്മതിക്കേണ്ടി വരുന്നത്. നിരത്തില്‍ നിറയുന്ന നിലവിളികളില്‍ 70%-ത്തിലധികം ചെറുപ്പക്കാരുടേതാണെന്നതും അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടങ്ങളുടെ പ്രധാനകാരണമെന്നതും ആശങ്ക അധികമാക്കുന്നു.

നിരത്തുകള്‍ കുരുതിക്കളമാകുന്നതില്‍ പ്രധാന കാരണം തകര്‍ന്ന റോഡുകളും അശാസ്ത്രീയമായ നിര്‍മ്മാണ രീതികളുമാണെന്നതില്‍ തര്‍ക്കമില്ല. കുഴിയില്‍ വീഴാതിരിക്കാന്‍ വാഹനം പെട്ടെന്ന് വെട്ടിക്കുന്നതും തകര്‍ന്നു താറുമാറായ റോഡില്‍ നഷ്ടപ്പെട്ട സമയം തിരികെപ്പിടിക്കാനുള്ള വെപ്രാളത്തില്‍ അതിവേഗം പായുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നു.

റോഡ് നിര്‍മ്മാണത്തിനു മുമ്പും നിര്‍മ്മാണ സമയത്തും ശേഷവും ശാസ്ത്രീയ പഠനം നിര്‍ബന്ധമാണ്. അപകട സാധ്യത അകറ്റാന്‍ ഇത് അനിവാര്യമാണ്. നിശ്ചിത ഇടവേളകളില്‍ റോഡ് സുരക്ഷാ പരിശോധനകളും പ്രധാനപ്പെട്ടതാണ്. എന്നാല്‍ പുതിയ വാഹനം നിരത്തിലിറങ്ങും മുമ്പ് മുഴുവന്‍ നികുതിയും മുന്‍കൂറായി വാങ്ങി പോക്കറ്റിലാക്കുന്ന സര്‍ ക്കാര്‍ ഇത്തരം പരിശോധനകള്‍ കൃത്യമായി നടത്തുന്നില്ല എന്ന് മാത്രമല്ല നല്ല റോഡുകള്‍ എന്ന നികുതിദായകന്റെ അടിസ്ഥാന അവകാശം പോലും അനുവദിക്കുന്നില്ല.

വാഹനാപകടം ഒഴിവാക്കാന്‍ ടൂറിസ്റ്റ് ബസ്സുകളുടെ നിറം മാറ്റം പോലുള്ള അപ്രധാന കാര്യങ്ങളിലെ കാര്‍ക്കശ്യത, റോഡുകളിലെ നിലവിലെ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമാക്കാനോ പുതുതായി ഘടിപ്പിക്കാനോ ഉറപ്പാക്കുന്നില്ലെന്നതില്‍നിന്നും ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പും താല്‍പര്യക്കുറവും വ്യക്തമാണ്. അപകടം സംഭവിക്കു മ്പോള്‍ ഓടിക്കൂടുന്ന ആള്‍ക്കൂട്ടം പോലെയാണ് സര്‍ക്കാര്‍ പ്രതികരണവും. അതിന്റെ ആരവം നിലയ്ക്കുന്നതോടെ ആവേശവും കുറയും. അടുത്ത അപകടവും, കോടതി ഇടപെടലും വരെ കാത്തിരിക്കും!

അനുദിനം വര്‍ധിക്കുന്ന വാഹനപ്പെരുപ്പം മറ്റൊരു വെല്ലുവിളിയാണ്. ഇ-സ്‌കൂട്ടര്‍ വ്യാപകമായതോടെ ഇരുച്ചക്ക്ര വാഹനങ്ങളുടെ ആധിക്യം നിരത്തുകളെ അക്ഷരാര്‍ത്ഥത്തില്‍ ശ്വാസംമുട്ടിക്കുകയാണ്. ശാസ്ത്രീയ മായ ഡ്രൈവിംഗ് പരിശീലനത്തിലൂടെ കടന്നുപോകാതെ എങ്ങനെയൊക്കെയോ ലൈസന്‍സ് സ്വന്തമാക്കി, ബാക്കി റോഡില്‍ 'ശരിയാക്കാം' എന്ന മട്ടില്‍ വണ്ടിയെടുക്കുന്നവരാണ് അധികവും. വാഹന പരിശോധനയെന്നാല്‍ ഇപ്പോഴും ചില 'പേപ്പറുകളുടെ' ഒത്തുനോട്ടം മാത്രമാണ്. വാഹനങ്ങളുടെ സുരക്ഷാ പരിശോധനയോ, വാഹനമോടിക്കുന്നവരുടെ നൈപുണ്യശേഷിയോ, റോഡ് നിയമസാക്ഷരതയോ പരിഗണിക്കപ്പെടാറില്ല. ലഹരിയുപയോഗിച്ചുള്ള അലക്ഷ്യ ഡ്രൈവിംഗില്‍ ആളുകള്‍ അപകടത്തില്‍ പ്പെട്ട് മരിക്കുമ്പോള്‍, മനഃപൂര്‍വമായ നരഹത്യയ്ക്ക് തന്നെ കേസെടുക്കണം. അതിന് നിയമത്തില്‍ മാറ്റം വരുത്തണം. കുറച്ചുകാലത്തേക്കുള്ളലൈസന്‍സ് റദ്ദാക്കല്‍ പ്രത്യേകിച്ച് ഒരു മാറ്റവും കൊണ്ടുവരില്ലെന്നത് മറക്കരുത്. നിരന്തരം അപകടമുണ്ടാക്കുന്ന പല സ്വകാര്യ ബസ്സുകളുടെയും ഉടമകള്‍ നിയമപാലകരില്‍ ചിലരാണ് എന്ന് വെളിപ്പെടുമ്പോള്‍, നിരത്തി ലെ അരാജകത്വത്തിന്റെ അവകാശികള്‍ ആരെന്നതില്‍ തര്‍ക്കമുണ്ടോ? മോട്ടോര്‍ വാഹനവകുപ്പിലെ ഒരിക്കലും അവസാനിക്കാത്ത 'സെര്‍വര്‍ പ്രശ്‌നം' ആരുടെ സൃഷ്ടിയാണ്? അഴിമതിയെ അടിസ്ഥാന അവകാശമാക്കുന്ന ഉദ്യോഗസ്ഥരെ അനുകൂലിക്കുന്ന സര്‍ക്കാര്‍ ആരുടെ കൂടെയാണ്? കോടികള്‍ ചെലവഴിച്ചിട്ടും 'സേഫ് കേരള' പോലുള്ള പദ്ധതികള്‍ ലക്ഷ്യം കാണാതെ പോകുന്നതിന്റെ പഴി ആര്‍ക്കാണ്? പിഴയൊടുക്കുന്ന പാവം ജനം സുരക്ഷിതരാകാന്‍ വീട്ടിലിരിക്കണം എന്ന മട്ടിലാണ് കാര്യങ്ങള്‍! (ഇനി സ്ഥിരമായി വീട്ടിലിരിക്കാനാണോ ഇന്ധനസെസ് എന്ന് സംശയിക്കണം) ബസ്സിടിച്ച് യുവാവ് മരിച്ചതിനെത്തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കപ്പെട്ടയാള്‍, മദ്യലഹരിയില്‍ വീണ്ടും ബസ്സോടിക്കുന്ന നാടാണിതെന്ന് മറക്കരുത്.

കയ്യൂക്കുള്ളവന്‍ കാര്യക്കാരാകുന്ന ക്രൂരതയാണ് നിരത്തില്‍ വാഴുന്നത്. കാല്‍നടയാത്രക്കാരെ തെല്ലും പരിഗണിക്കാതെയാണ് വലിയ വാഹനങ്ങളുടെ മത്സരയോട്ടങ്ങള്‍. മുന്തിയതരം ബൈക്കുകളിലെ സര്‍ക്കസഭ്യാസങ്ങള്‍ റോഡുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. വാഹനവിപണിക്കൊപ്പം റോഡുകള്‍ വളരുന്നില്ലെന്നത് ഉത്തരവാദിത്തപ്പെട്ടവര്‍ ഇനിയും മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ്?

നിരത്തിലെ ചോരപ്പട്ടിക അനന്തമായി തുടരുന്നതിനിടയിലാണ് വിപുലമായ അകമ്പടിയോടെയുള്ള മുഖ്യമന്ത്രിയുടെ സാഹസസഞ്ചാരങ്ങള്‍ വാര്‍ത്തയാകുന്നത്. മന്ത്രിമുഖ്യന്‍ പോകുന്ന വഴിയില്‍ മരുന്നുവാങ്ങാന്‍ പോലും ആരും ഇറങ്ങരുതെന്നാണ് പുതിയ നിയമം! മരണവീട്ടിലെ കരിങ്കൊടിപ്പോലും പിഴുതു മാറ്റുവോളം, കറുപ്പുകണ്ടാല്‍ കലിയിളകുന്ന ഫാ സിസ്റ്റ് ഭരണവര്‍ഗം ജനത്തെ ബന്ദിയാക്കി അലറിപ്പായുമ്പോള്‍ അത് ജനാധിപത്യ നാട്ടിലെ അങ്ങേയറ്റം അശ്ലീലമായ കാഴ്ചയാണെന്ന് ആരാ ണ് ഇവര്‍ക്കു പറഞ്ഞുകൊടുക്കുന്നത്?

റോഡില്‍ ചതഞ്ഞ് തീരാനല്ല ജനം നിരന്തരം നികുതി നല്കുന്നത്. സഞ്ചാരസ്വാതന്ത്ര്യം ഭരണഘടന നല്കുന്ന അടിസ്ഥാന അവകാശമാണ്. അത് സുരക്ഷിതമാക്കാനുള്ള ബാധ്യത സര്‍ക്കാരിന്റേതാണ്. മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org