'ഒന്നാകാന്‍ ഒരുപോലെയാക്കണോ?'

'ഒന്നാകാന്‍ ഒരുപോലെയാക്കണോ?'

2022 നവംബര്‍ 3 മുതല്‍ 6 വരെ ബഹ്‌റൈനില്‍ ഫ്രാന്‍സിസ് പാപ്പാ നടത്തിയ സന്ദര്‍ശനം ചരിത്രമായത്, അതുയര്‍ത്തിയ സാഹോദര്യ സന്ദേശത്തിന്റെ സര്‍വ്വ സ്വീകാര്യതകൊണ്ടാണ്. വിഭജനത്തിന്റ മരുഭൂമിയിലേക്ക് മാനവ സഹവര്‍ത്തിത്വത്തിന്റ തെളിനീരൊഴുക്കി ഒന്നിച്ചു തുഴയാമെന്ന പാപ്പായുടെ ആഹ്വാനം നാനാത്വത്തിലെ ഏകത്വത്തിന്റെ പന്തക്കുസ്താ പ്രഖ്യാപനമായിരുന്നു.

സന്ദര്‍ശനവേളയില്‍ നടത്തിയ മൂന്നു പ്രധാന പ്രഭാഷണങ്ങൡൂടെ വിഭാഗീയതയാല്‍ മുറിവേറ്റ ലോകത്തെയും സഭയെയും പരി. ആത്മാവിന്റെ ഐക്യത്തിലേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊണ്ട് വൈവിധ്യങ്ങളെ വൈരുദ്ധ്യത്തിന്റെ അടയാളമായി അവതരിപ്പിക്കേണ്ടതില്ലെന്ന് പാപ്പാ ആവര്‍ത്തിച്ച് വ്യക്തമാക്കി.

'ഐക്യം സാദൃശ്യമല്ല, അത് നാനാത്വത്തിലെ ഐക്യമാണ്.' അപ്പസ്‌തോലന്‍മാര്‍ സംസാരിച്ചത് 'ഓരോ വ്യക്തിയും അവരവരുടെ സ്വന്തം ഭാഷയില്‍ കേട്ടു' എന്ന പെന്തക്കുസ്താനുഭവം ഐക്യത്തിന്റെ മഹത്തായ ആഘോഷാനുഭവമായാണ് സഭയില്‍ പ്രതിഷ്ഠിതമായത്. എന്നാല്‍ എല്ലാവര്‍ക്കും വേണ്ടി പുതിയൊരു ഭാഷ അതിനായി പരി. ആത്മാവ് കണ്ടുപിടിക്കുകയായിരുന്നില്ല എന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. മറിച്ച് മറുഭാഷകളില്‍ സംസാരിക്കാന്‍ അവരെ അനുവദിക്കുകയായിരുന്നു. 'ഒറ്റ വാക്കില്‍ പറഞ്ഞാല്‍ അവന്‍ നമ്മെ ഐകരൂപ്യത്തില്‍ തളച്ചിടുന്നില്ല. പരസ്പരം അംഗീകരിക്കാന്‍ പ്രേരിപ്പിക്കുന്നു'-പാപ്പാ കൂട്ടിച്ചേര്‍ത്തു.

ബഹ്‌റൈന്‍ അറേബ്യന്‍ മാതാവിന്റെ കത്തീഡ്രലില്‍ ചേര്‍ന്ന സഭൈക്യ പ്രാര്‍ത്ഥനാ സമ്മേളനാവസരത്തില്‍ നടത്തിയ ഈ പ്രഭാഷണം വ്യത്യസ്തതകളെ പരസ്പരം അംഗീകരിക്കാനും ആദരിക്കാനും അതിനെ പരി. ആത്മാവിന്റെ പ്രവൃത്തിയായി സ്വീകരിക്കാനും ആഹ്വാനം ചെയ്യുന്നതായിരുന്നു.

കൂടാതെ നമ്മുടെ കൂട്ടായ്മയുടെ ഒന്നിച്ചു ചേരുന്നയിടമായ ആരാധനയും പ്രാര്‍ത്ഥനയും നമ്മെ 'ഒറ്റപ്പെടുത്തുകയോ', നമ്മില്‍ത്തന്നെ 'അടച്ചിടുന്ന' അവസരമായി അവസാനിക്കുകയോ ചെയ്യരുതെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. ''പിതാവിന്റെ ഹൃദയത്തിലേക്ക് നമ്മെ അടുപ്പിക്കുകയും സഹോദരങ്ങളുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്ന ആരാധനയാണ് പ്രാര്‍ത്ഥനയുടെ ഉന്നതമായ ഭാവം.'' ഐക്യത്തിന്റെ ഉറവിടങ്ങളിലേക്ക് നയിക്കുന്ന പ്രാര്‍ത്ഥനാനുഭവത്തില്‍ ആഴപ്പെടാന്‍ പാപ്പ പിന്നീട് ആഹ്വാനം ചെയ്യുന്നുണ്ട്. നമ്മുടെ ചരിത്രവും ശീലങ്ങളും പലയിടങ്ങളിലേക്ക് നമ്മെ പിടിച്ചുവലിക്കുമ്പോള്‍ ഐക്യശ്രമങ്ങള്‍ തളരാനിടയുണ്ടെ ന്നും പ്രഭാഷണ മധ്യേ പാപ്പ ഓര്‍മ്മിപ്പിച്ചു.

സ്തുതിയും ആരാധനയും നമ്മെ ഐക്യത്തിന്റെ ഉറവിടങ്ങളിലേക്ക് നയിക്കുന്നുവെന്ന് പാപ്പ ആവര്‍ത്തിക്കുമ്പോള്‍, ആരാധനാക്രമത്തിന്റെ ഉറവിടങ്ങളെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ അനൈക്യത്തിലേക്ക് നയിച്ച അനുഭവമാണ് സീറോ മലബാര്‍ സഭയുടേത് എന്നതാണ് വസ്തുത. 'ഉറവിടങ്ങളുടെയും ഭാഷകളുടെയും വൈവിധ്യം ഒരു പ്രശ്‌നമല്ല, സമ്പത്താണ്' എന്ന പാപ്പായുടെ കണ്ടെത്തല്‍ വ്യത്യസ്തരായിരിക്കുമ്പോള്‍ത്തന്നെ ഒന്നായിരിക്കാനുള്ള സാധ്യതയെത്തന്നെയാണ് സാധൂകരിക്കുന്നത്. റീത്തുകളുടെ വ്യത്യസ്തതയും റീത്തിനകത്തുതന്നെയുള്ള വ്യത്യാസങ്ങളും വൈരുദ്ധ്യമായി കാണേണ്ടതില്ലെന്ന് സാരം. ഐകരൂപ്യം ഒരു പരിധിവരെ സൗന്ദര്യത്തിന്റെ അടയാളമാകാം, ഐക്യത്തിന്റെയല്ല. ഐകരൂപ്യത്തില്‍ നമ്മെ തളച്ചിടാത്ത പരി. ആത്മാവിനൊപ്പമുള്ള യാത്ര മാത്രമാണ് ഐക്യം സാധ്യമാക്കുന്നത് എന്നതാണ് പാപ്പായുടെ ബോധ്യം.

വെറുപ്പും അക്രമവും പ്രഘോഷിച്ച് ദൈവനാമത്തെ അവഹളിക്കരുതെന്ന പ്രഖ്യാപനവും സന്ദര്‍ശനവേളയില്‍ പാപ്പ നടത്തി. അസഹിഷ്ണുതയെ ആയുധീകരിക്കുന്ന 'സമാധാനമതങ്ങള്‍' എന്നും മാനവികതയുടെ ശത്രുപക്ഷത്താണ്. ''മതം സമാധാനപൂര്‍ണമാണെന്ന് പ്രസംഗിക്കുന്നതുകൊണ്ട് മാത്രം കാര്യമില്ല. മതത്തിന്റെ പേര് ദുരുപയോഗിക്കുന്നവരെ നാം അപലപിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. അസഹിഷ്ണുതയിലും തീവ്രവാദത്തിലും നിന്നും നാം സ്വയം അകന്നുനിന്നാല്‍ മാത്രം പോരാ നാം അവരെ നേരിടണം.'' തൊട്ടടുത്ത് ഇറാനില്‍ മുടിമുറിച്ചും ഹിജാബുകള്‍ കൂട്ടിയിട്ട് കത്തിച്ചും സ്ത്രീകള്‍ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി തെരുവുകള്‍ കീഴടക്കുമ്പോഴാണ്, സ്ത്രീകളെ പൊതുമണ്ഡലത്തില്‍ അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയക്കുറിച്ച്, 'സംഭാഷണത്തിനുള്ള ബഹ്‌റൈന്‍ ഫോറത്തില്‍'വച്ച് പരി. പിതാവ് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്.

സാഹോദര്യത്തിലധിഷ്ഠിതമായ മാനവ സഹവര്‍ത്തിത്വത്തെക്കുറിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളുമടങ്ങുന്ന സദസ്സില്‍ വച്ച് പാപ്പ നടത്തിയ പ്രഭാഷണവും ഉള്ളടക്കം കൊണ്ട് ചരിത്രമായി. ''നമുക്ക് ഈ ലോകത്തില്‍ ഒന്നിച്ച് ജീവിക്കാന്‍ കഴിയുമെന്നും കഴിയണമെന്നുമാണ് അനേകം ദേശീയ വംശീയ മതവിഭാഗങ്ങള്‍ ഒന്നിച്ചു വസിക്കുന്ന ബഹ്‌റിന്‍ സാക്ഷ്യപ്പെടുത്തുന്നത്. നാഗരീകതകളും, മതങ്ങളും സംസ്‌കാരങ്ങളും തമ്മിലുള്ള സമാഗമത്തിനുള്ള അവസരങ്ങള്‍ ഇല്ലാതാകാനോ, മനുഷ്യവംശത്തിന്റെ വേരുകള്‍ ഉണങ്ങി ജീവനറ്റുപോകാനോ നാം ഒരിക്കലും അനുവദിക്കരുത്.'' വ്യത്യസ്തതകള്‍ തമ്മിലുള്ള കൂടിക്കാഴ്ചകളെ നിരന്തരം അനുവദിച്ചുകൊണ്ട് പരസ്പരം ഭയപ്പെടാതെയും ഭയപ്പെടുത്താതെയും ഒറ്റ മനുഷ്യസമൂഹമായി നാം മുന്നേറേണ്ടതുണ്ട്.

വെറുപ്പുകൊണ്ട് വിഭജിതമായ ലോകത്ത് സാഹോദര്യത്തിന്റെ സുവിശേഷ സന്ദേശമറിയിച്ചുകൊണ്ട് പാപ്പ നടത്തിയ സന്ദര്‍ശനം ബഹ്‌റൈന് മാത്രമല്ല, സകല ലോകത്തിനുമുള്ള സാന്ത്വനത്തിന്റെ സദ്‌വാര്‍ത്തയാണ്. ഒന്നാകാന്‍ എല്ലാം ഒരുപോലെയാക്കിയാല്‍ മതിയെന്ന ചിന്ത ഐക്യത്തിന്റെ ആത്മാവിന്റേതല്ലെന്ന പ്രഖ്യാപനം ബഹ്‌റൈന്‍ സഭയ്ക്കു മാത്രമുള്ളതല്ലെന്നതും ശ്രദ്ധേയമാണ്.

ഭൂരിപക്ഷ മത-ഭാഷാ ചിഹ്നങ്ങളെ ഏകീകരണത്തിനുള്ള ഏകകമാക്കുന്ന ഏകാധിപത്യ പ്രവണതകള്‍ വര്‍ദ്ധിച്ചുവരുന്ന പുതിയകാലത്ത്, വ്യത്യസ്തതകളെ സ്വീകരിച്ചും ആദരിച്ചും ജനകീയ പ്രതിരോധമുയര്‍ത്താന്‍ ജനാധിപത്യ വിശ്വാസികള്‍ മുന്നോട്ടു വരണം. അപ്പസ്‌തോലിക പാരമ്പര്യങ്ങളിലെ വ്യത്യസ്തതകള്‍ സഭയുടെ സമ്പന്നമായ പൈതൃകത്തെ അടയാളപ്പെടുത്തുന്നുവെന്ന് അഭിമാനിക്കുന്നവര്‍തന്നെ ആധുനികകാലത്തെ അവയുടെ അവതരണങ്ങളിലെ വ്യത്യാസങ്ങളെ അനുകൂലിക്കാത്തതും സാംസ്‌കാരികാനുരൂപണങ്ങളെ പിന്തുണയ്ക്കാത്തതും അത്ഭുതപ്പെടുത്തുന്നു. നാനാത്വത്തിലെ ഏകത്വമാണ് സത്യം, സഭയിലും, സമൂഹത്തിലും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org