സംവരണം കാലോചിതമാകണം

സംവരണം കാലോചിതമാകണം

മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും 10% സംവരണം അനുവദിച്ചുകൊണ്ടുള്ള 103-ാം ഭരണഘടനാ ഭേദഗതി സുപ്രീംകോടതി ഭൂരിപക്ഷ വിധിയിലൂടെ (3-2) ശരിവച്ചു. അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ മൂന്നുപേര്‍ ഭേദഗതിയെ പിന്തുണച്ചപ്പോള്‍, വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് ഉള്‍പ്പെടെ രണ്ടുപേര്‍ വിയോജിച്ചു. പട്ടിക വിഭാഗങ്ങളെയും ഇതര പിന്നാക്ക വിഭാഗങ്ങളെ യും ഒഴിവാക്കിയുള്ള സംവരണം ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിയോജന വിധി.

ജഡ്ജിമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി, ജെ ബി പര്‍ദിവാല എന്നിവരുടേതായിരുന്നു ഭൂരിപക്ഷ വിധി. പട്ടിക, ഇതര പിന്നാക്ക വിഭാഗങ്ങളിലാണ് സാമ്പത്തിക പിന്നാക്കാവസ്ഥയില്‍ തുടരുന്നവര്‍ കൂടുതലുള്ളതെന്നതുകൊണ്ട്, അവരെ ഒഴിവാക്കുമ്പോള്‍ ഭരണഘടനയുടെ അടിസ്ഥാനസ്വഭാവം അട്ടിമറിക്കപ്പെടുകയാണ് എന്ന ജസ്റ്റിസ് ഭട്ടിന്റെ നിരീക്ഷണത്തോട് യു യു ലളിത് യോജിച്ചു. അങ്ങനെയാണ് വിധി വിഭിന്നമായത്.

മുന്നാക്കവിഭാഗത്തിലെ പിന്നാക്കക്കാരുടെ സാമ്പത്തിക സുസ്ഥിതി ലക്ഷ്യം വച്ചുകൊണ്ടുള്ള ഭരണഘടനയുടെ 15, 16 വകുപ്പുകളില്‍ വരുത്തിയ ഭേദഗതി 2019 ജനുവരി 14 നായിരുന്നു പ്രാബല്യത്തിലായത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടെ പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം അനുകൂലിക്കുകയായിരുന്നു. അതിനെതിരെ സമര്‍പ്പിക്കപ്പെട്ട നാല്പതോളം ഹര്‍ജ്ജികള്‍ പരിഗണിച്ചിട്ടാണ് ഭരണഘടനാ ബഞ്ചിന്റെ സാമ്പത്തിക സംവരണ തീരുമാനം ശരിവച്ചുകൊണ്ടുള്ള വിധി വന്നത്.

സാമ്പത്തികം മാത്രം അടിസ്ഥാനമാക്കി സംവരണം നല്കല്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗം, ഒ ബി സി വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തില്‍നിന്നുമൊഴിവാക്കല്‍, സംവരണം 50% ത്തില്‍ കവിയരുത് എന്ന ഭണഘടനാ തത്വം തുടങ്ങിയ മൂന്നു കാര്യങ്ങളാണ് കോടതി പ്രധാനമായും പരിഗണിച്ചത്.

ഈ മൂന്നു കാര്യങ്ങളിലും 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ അവഗണിച്ചിട്ടില്ലെന്നായിരുന്നു ഭൂരിപക്ഷ വിധി. സാമ്പത്തിക സ്ഥിതി മാത്രം സംവരണ മാനദണ്ഡമാക്കുന്നതിനെ അഞ്ചുപേരും എതിര്‍ത്തില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ സംവരണം 50%-ത്തില്‍ കവിയരുതെന്ന ഭരണഘടനാ തത്വത്തെ സാമ്പത്തിക സംവരണ നീക്കം അട്ടിമറിക്കുമെന്ന് രവീന്ദ്രഭട്ടും ലളിതും തങ്ങളുടെ വിയോജനക്കുറിപ്പില്‍ വ്യക്തമാക്കി.

സാമ്പത്തിക സംവരണം സാധൂകരിച്ചുകൊണ്ടുള്ള ഭരണഘടനാ ബഞ്ചിന്റെ നിര്‍ണ്ണായക വിധിക്കെതിരെ നിയമയുദ്ധം തുടരുമെന്ന് വിധിയില്‍ വിയോജിപ്പുള്ള സംഘടനകള്‍ വ്യക്തമാക്കിക്കഴിഞ്ഞു.

ഈ വിഷയത്തിലെ ഭിന്നവിധി തന്നെയാണ് നിയമപോരാട്ടത്തിനുള്ള അടിസ്ഥാന യുക്തി. ആകെ സംവരണം 50%-ത്തില്‍ കവിയരുതെന്ന ഭരണഘടനാ നിര്‍ദ്ദേശവും, സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി എട്ടു ലക്ഷം രൂപയെ ന്ന വ്യവസ്ഥയും നിയമയുദ്ധം അനിവാര്യമാക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. പരിധി ഉയര്‍ത്തിയത് അനര്‍ഹരെ സഹായിക്കാനാണെന്നാണ് എതിര്‍വാദം. വിധി വിശാല ബഞ്ച് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ഹര്‍ജ്ജികള്‍ സുപ്രീം കോടതിയിലെത്തുമെന്നുറപ്പാണ്.

സാമൂഹിക നീതി സമീപനത്തില്‍ ഇതാദ്യമായി സമുദായമല്ല, വ്യക്തിയാണ് പ്രധാനമെന്ന് പറഞ്ഞ സാമ്പത്തിക സംവരണ വിധി, ഇന്ത്യയിലെ സാമുദായിക രാഷ്ട്രീയ ശാക്തീക ചേരികളില്‍ തുടര്‍ചലനങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. ജനിച്ച സമുദായത്തിന്റെ കീഴാളസ്ഥിതി മാത്രം അടിസ്ഥാനമാക്കിയുള്ള സംവരണ തത്വങ്ങളെ പുനര്‍ വായനയ്ക്ക് വിധേയമാക്കിയെന്നതാണ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിയുളവാക്കിയ സാമൂഹികാഘാതം. സംവരണം തന്നെ യും അനിശ്ചിതകാലത്തേക്ക് തുടരുന്നത് ശരിയല്ലെന്നും അത് നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് വഴിതെളിക്കും എന്നുമുള്ള വിധിയിലെ വീക്ഷണവും സംവരണ ലക്ഷ്യങ്ങളുടെ പുനര്‍വിചിന്തനമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. സംവരണ പരിധികള്‍ നിരന്തരം നവീകരിക്കണമെന്ന മാര്‍ഗനിര്‍ദേശമാണ് പുതിയ വിധിയിലെ പ്രധാന വഴിത്തിരിവ്. വ്യക്തിയുടെ മുന്നാക്ക-പിന്നാക്കാവസ്ഥകള്‍ സംവരണ മാനദണ്ഡമായി മാറുന്നു എന്നതാണ് പ്രധാനമാറ്റം.

സ്വാതന്ത്ര്യം നേടി 75 ആണ്ടുകള്‍ പിന്നിട്ടിട്ടും ഭരണഘടനാശില്പികള്‍ ലക്ഷ്യമിട്ട സാമൂഹ്യനീതി, സംവരണം കൊണ്ടു മാത്രം സാധ്യമായോ എന്ന ചോദ്യമുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തും, തൊഴില്‍ രംഗത്തും തുല്യ അവസരമുറപ്പിക്കാന്‍ പുതിയ സാമ്പത്തിക സംവരണം സഹായിക്കുമെന്നതാണ് സര്‍ക്കാര്‍ വാദം. ഇതുവരെയും സാധ്യമാകാത്തത് ഇനിയുമെങ്ങനെയെന്ന ചോദ്യം അവഗണിക്കപ്പെടുന്നതിനു പുറകില്‍ സംവരണവുമായി ബന്ധപ്പെട്ട് നല്കപ്പെട്ടതെല്ലാം സാമൂഹിക ക്ഷേമത്തിനെന്നതിനേക്കാള്‍ ജാതീയസമവാക്യങ്ങളെ സംപ്രീതമാക്കാനായിരുന്നുവെന്നത് വ്യക്തം.

നൂറ്റാണ്ടുകളായി അവസര അസമത്വം അനുഭവിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ ആദ്യഘട്ടത്തില്‍ അനിവാര്യം തന്നെയാണ്. എന്നാല്‍ പിന്നീട് മറ്റുള്ളവരോടൊപ്പം ഓടാന്‍ അവരെയും പ്രാപ്തരാക്കാത്ത സംവരണതത്വങ്ങള്‍ പരിഷ്‌കൃതമല്ല എന്നു പറയേണ്ടി വരും. അതുകൊണ്ടാണ് കാലോചിതമായ മാറ്റം സംവരണ നിര്‍ണ്ണയങ്ങളിലും അനിവാര്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടത്.

മുന്നാക്കക്കാരില്‍ പിന്നാക്കക്കാരുണ്ട്. പിന്നാക്കക്കാരില്‍ മുന്നാക്കക്കാരും. ഈ സാമൂഹിക യാഥാര്‍ത്ഥ്യത്തെ അവഗണിച്ചുകൊണ്ടുള്ള ഏതൊരു സമത്വീകരണ ശ്രമവും പ്രയോജനകരമാവില്ല എന്നു മാത്രമല്ല, പ്രതിലോമകരവുമാണ്. സംവരണം മതാടിസ്ഥാനത്തിലാകരുത് എന്ന ഭരണഘടനാ തത്വം കേരളത്തില്‍ പ്രത്യേകമായി ഒരു പ്രബല ന്യൂനപക്ഷ മത സമൂഹത്തിനു മാത്രമായി അട്ടിമറിക്ക പ്പെട്ടത് എങ്ങനെയെന്ന് പരിശോധിക്കണം. പരസ്പരം പുറത്താക്കുന്ന ജാതീയ സമ്പ്രദായത്തെ അടിസ്ഥാനമാക്കാതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വ്യക്തികേന്ദ്രീകൃത സംവരണ നയങ്ങളിലൂടെ സമത്വാധിഷ്ഠിത സാമൂഹിക ക്ഷേമമെന്ന ഭരണഘടനാ ലക്ഷ്യത്തിലേക്ക് ഒരുമിച്ചു മുന്നേറാം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org