
വംശീയതക്കെതിരായും വംശീയതയ്ക്കിരയാകുന്ന മനുഷ്യര്‍ക്കൊപ്പവും ശക്തമായി നിലയുറപ്പിക്കണമെന്ന് അയര്‍ലണ്ടിലെ കത്തോലിക്കാസഭാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് മൈക്കിള്‍ ജാക്‌സണ്‍ ഐറിഷ് ജനതയോട് ഈയിടെ ആവശ്യപ്പെടുകയുണ്ടായി. അയര്‍ലണ്ടില്‍ ഇന്ത്യാക്കാര്‍ക്കെതിരെ നടന്ന തദ്ദേശീയരുടെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായി രുന്നു ഡബ്ലിന്‍ ആര്‍ച്ചുബിഷപ്പിന്റെ പ്രസ്താവന. വിവിധ ഇന്ത്യന്‍ െ്രെകസ്തവപാരമ്പര്യങ്ങളോട് ഊഷ്മളമായ ബന്ധമാണ് ഐറിഷ് കത്തോലിക്കാസഭയ്ക്കുള്ളതെന്നും അഗാധമായ ആദരവ് അവരോടു തങ്ങള്‍ക്കുണ്ടെന്നും ഐറിഷ് സഭാധ്യക്ഷന്‍ വ്യക്തമാക്കി. അയര്‍ലണ്ടിലെ നിരവധി കത്തോലിക്ക ഇടവകകളില്‍ ഇന്ത്യാക്കാരായ അംഗങ്ങളുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയില്‍ നിന്നടക്കമുള്ള ഇതര മതസ്ഥരായ മനുഷ്യരുമായി ബന്ധങ്ങള്‍ വളര്‍ത്തുന്നതിനു ഡബ്ലിന്‍ സിറ്റി ഇന്റര്‍ഫെയ്ത്ത് ഫോറം പോലെയുള്ള സംഘടനകളിലൂടെ സൗഹൃദപൂര്‍ണ്ണമായ പരിശ്രമങ്ങള്‍ തങ്ങള്‍ നടത്തുന്നുണ്ടെന്നും ആര്‍ച്ചുബിഷപ് ചൂണ്ടിക്കാട്ടി. ഇന്റര്‍ഫെയ്ത്ത് ഫോറത്തിന്റെ അധ്യക്ഷന്‍ കൂടിയാണ് ഡബ്ലിന്‍ ആര്‍ച്ചുബിഷപ്.
88 ശതമാനം ജനങ്ങളും കത്തോലിക്കരായ ഒരു രാജ്യത്തിലെ കത്തോലിക്കാസഭാധ്യക്ഷനില്‍ നിന്നുണ്ടായ ഈ പ്രഖ്യാപനം അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്കു വിശേഷിച്ചും, കുടിയേറ്റക്കാര്‍ക്കു പൊതുവിലും ധൈര്യം പകര്‍ന്നു.
ആസ്‌ത്രേലിയന്‍ സഭയും കുടിയേറ്റക്കാരോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടു രംഗത്തു വന്നിട്ടുണ്ട്. കുടിയേറ്റ അഭയാര്‍ഥി ജനതയോടുള്ള ആസ്‌ത്രേലിയന്‍ മനോഭാവത്തെയും നയത്തെയും മനുഷ്യത്വപരമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച, ആസ്‌ത്രേലിയന്‍ കത്തോലിക്കാമെത്രാന്‍ സംഘത്തിന്റെ 1950 ലെ ഇടയലേഖനത്തെ എഴുപത്തഞ്ചാം വര്‍ഷത്തില്‍ അനുസ്മരിച്ചുകൊണ്ടുള്ളതാണ് അല്‍മായ കമ്മീഷന്റെ പുതിയ പ്രഖ്യാപനം. പുതിയൊരു കുടിയേറ്റ വിരുദ്ധത ഇപ്പോള്‍ ആസ്‌ത്രേലിയന്‍ മനസ്സുകളിലും തെരുവു കളിലും പ്രകടമാകാന്‍ തുടങ്ങിയതും ഈ അനുസ്മരണത്തെ പ്രസക്തമാക്കുന്നു.
രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്നടിഞ്ഞുപോയ യൂറോപ്യന്‍ ജനസമൂഹങ്ങള്‍, ജീവിതം തേടി വിവിധ രാജ്യങ്ങളി ലേക്കു നടത്തിയ പുറപ്പാടുകള്‍ ആസ്‌ത്രേലിയായിലേക്കും എത്തിയ സാഹചര്യത്തിലായിരുന്നു 1950 ലെ ഇടയലേഖനം. ദുരിതബാധിതരോടു ഔദാര്യം കാണിക്കണമെന്ന് ആഹ്വാനം ചെയ്ത അന്നത്തെ ആസ്‌ത്രേലിയന്‍ സഭാനേതൃത്വം, രാജ്യത്തിലേക്കു വരുന്നവര്‍ക്കു ക്ഷമയും അനുകമ്പയും സഹതാപവും സഹായങ്ങളും നല്‍കണമെന്നു സ്വന്തം ജനത്തോട് ആവശ്യപ്പെട്ടു. ആ വാക്കുകള്‍ ഇന്നും പ്രസക്തമാ ണെന്നും പുതിയ അവസരങ്ങളും സ്വാതന്ത്ര്യവും സമൃദ്ധിയും തേടി വരുന്നവര്‍ക്ക് ആസ്‌ത്രേലിയ ഇനിയും അഭയമായി വര്‍ത്തിക്കണമെന്നും ഇന്നത്തെ സഭാനേതൃത്വം വ്യക്തമാക്കുന്നു.
അയര്‍ലണ്ടിലും യു കെ യിലും ആസ്‌ത്രേലിയായിലും മറ്റുമുണര്‍ന്നുവരുന്ന കുടിയേറ്റവിരുദ്ധവികാരത്തിന്റെ പശ്ചാത്തലത്തില്‍, കുടിയേറ്റക്കാര്‍ ആത്മപരിശോധനയ്ക്കു തയ്യാറാകണം എന്ന ആവശ്യത്തെയും പാടേ നിരാകരിക്കാനാവില്ല. അതിഥികളായി എത്തുന്നവര്‍ ആതിഥേയസമൂഹങ്ങളുടെ സംസ്കാരത്തെയും നാട്ടുമര്യാദകളെയും മാനിക്കണമെന്ന് നിര്‍ദേശവുമുണ്ട്. പരസ്യമായ ഗതാഗത നിയമലംഘനങ്ങള്‍ മുതല്‍, പൊതു സ്ഥലങ്ങളിലെ അനുചിത പെരുമാറ്റങ്ങള്‍ വരെ കുടിയേറ്റ ക്കാര്‍ തിരുത്തേണ്ട ഒട്ടേറെ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്ക പ്പെടുന്നുണ്ട്. തെരുവുകളിലെ ഘോഷയാത്രകള്‍, ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന വാദ്യമേളങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ മലയാളി ക്രൈസ്തവരുടെ കൂട്ടായ്മകളും വിമര്‍ശിക്കപ്പെടുന്നു.
സ്വന്തം സംസ്കാരം സൂക്ഷിക്കുന്നതും സ്വത്വബോധം തലമുറകളിലേക്കു കൈമാറുന്നതും സമാനമനസ്‌കര്‍ ഒന്നിച്ചുകൂടുന്നതും സ്വാഭാവികമായി സംഭവിക്കുന്നതാണ്. അനുപേക്ഷണീയമായ മനുഷ്യാവസ്ഥകളാണവയെല്ലാം. എന്നാല്‍, ലോകബോധവും കാര്യവിവരവും സാമാന്യ ബുദ്ധിയും ഉണ്ടാകുന്നതു പോരായ്മയല്ല എന്നും അറിയണം. സ്ഥല, കാലങ്ങള്‍ക്കനുസരിച്ചു അനുരൂപണ പ്പെടുന്നതു മനുഷ്യനു സാധ്യമാണ്, ആവശ്യവുമാണ്.
അമേരിക്കയിലും യൂറോപ്പിലും ആസ്‌ത്രേലിയായിലും രൂപതകള്‍ അടക്കമുള്ള അജപാലനസംവിധാനങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്ന സീറോ മലബാര്‍ സഭയ്ക്ക് ഈ സാഹചര്യത്തില്‍ എന്തെങ്കിലും ചെയ്യാനുണ്ടോ? കുടിയേറി വന്ന കത്തോലിക്കാവിശ്വാസികള്‍ സ്വന്തം ഇടവകകളില്‍ അംഗങ്ങളായതില്‍ സന്തോഷം പ്രകടിപ്പി ക്കുന്ന ഐറിഷ് സഭാധ്യക്ഷന്റെ പ്രസ്താവനയില്‍ ചില സൂചനകളുണ്ട്. പ്രവാസരാജ്യങ്ങളിലെ കത്തോലിക്ക സഭാസംവിധാനങ്ങളോടു ചേര്‍ന്നു നില്‍ക്കാന്‍ ഏതൊക്കെ വിധത്തിലാണു നമുക്കു സാധിക്കുക?
നമ്മുടെ ധാരാളം വൈദികര്‍ വികസിതരാജ്യങ്ങളില്‍ അജപാലനസേവനം നിര്‍വഹിക്കുന്നുണ്ട്. അതിനപ്പുറത്ത്, അജഗണമെന്ന നിലയില്‍ അല്‍മായര്‍ക്ക് ആ സഭകളെ എത്രത്തോളം സഹായിക്കാന്‍ കഴിയും? മതതിരസ്‌കാര പ്രവണത രൂക്ഷമാകുകയും പള്ളിയില്‍ വരുന്നവര്‍ കുറയുകയും ചെയ്തിരിക്കുന്ന നാടുകളില്‍, ആ സഭകളുടെ നിലനില്‍പിനായി നമുക്കു വഹിക്കാന്‍ കഴിയുന്ന പങ്കെന്തായിരിക്കും? ചെന്നുചേരുന്നയിടങ്ങളിലെല്ലാം സ്വന്തം പള്ളികള്‍ സ്ഥാപിക്കാനുള്ള ആഗ്രഹത്തെ അംഗീകരിക്കുമ്പോള്‍ തന്നെ, അവിടെ നിലവിലുള്ളതും പരിശുദ്ധ മാര്‍പാപ്പയുടെ കീഴിലുള്ളതുമായ ഏകകത്തോലിക്കാസഭയിലെ അംഗങ്ങളാണു നമ്മളെന്ന വസ്തുത മറന്നുപോകരുത്.