ഉയര്‍ത്തിപ്പിടിച്ച ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കേണ്ട ബൈബിളും

ഉയര്‍ത്തിപ്പിടിച്ച ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കേണ്ട ബൈബിളും

ഈ തിരഞ്ഞെടുപ്പുകാലം കണ്ട ഏറ്റവും മനോഹരമായ കാഴ്ച, ഭരണഘടന കൈകളില്‍ ഉയര്‍ത്തിപ്പിടിച്ച് സംസാരിക്കുന്ന രാഹുല്‍ഗാന്ധിയാണ്. ഹിന്ദുവിനും മുസല്‍മാനും സിക്കുകാരനും ക്രിസ്ത്യാനിക്കും ഒക്കെ ആ നില്പിന്റെ പിറകിലെ ഭാഷ മനസ്സിലായി. അതു മുന്നോട്ടു വയ്ക്കുന്ന സ്വപ്‌നം മനസ്സിലായി. രാഹുല്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ ഭരണഘടന സംസാരിച്ചു, പ്രസരിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ കൈകളിലേന്തിയ ഭരണഘടന പ്രകാശിപ്പിച്ചു. മതേതരത്വവും സഹിഷ്ണുതയും നാനാത്വത്തിലെ ഏകത്വവുമായിരുന്നു അവ. ആശയവിനിമയത്തിലെ സത്യസന്ധതയും ആത്മാര്‍ത്ഥതയും എത്ര കലുഷിതമായ സാഹചര്യങ്ങളിലും വ്യത്യസ്തമായ ധാരകളുള്ള പ്രശ്‌നബാധിത സമൂഹത്തെ ഐക്യത്തിന്റെ തീരത്ത് എത്തിക്കും.

ആശയവിനിമയം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് മൂന്നു കാര്യങ്ങളില്‍ ആണെന്ന് 2300 വര്‍ഷങ്ങള്‍ക്കു മുമ്പ് അരിസ്റ്റോട്ടില്‍ പറഞ്ഞുവച്ചു. 1) ലോഗോസ് (കൈമാറ്റം ചെയ്യപ്പെടുന്ന ആശയം), 2) pathos (ആശയത്തെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന വൈകാരികഭാവങ്ങള്‍), 3) ethos (കൈമാറ്റം ചെയ്യുന്നവന്റെ ധാര്‍മ്മിക പ്രകൃതി). ഇതില്‍ ആശയവിനിമയം നടത്തുന്നയാളുടെ ജാഗ്രതയും ആത്മാര്‍ത്ഥതയും ഉദ്ദേശശുദ്ധിയും ലക്ഷ്യം കൈവരിക്കുന്നതില്‍ പരമപ്രധാനമാണ്.

സീറോ മലബാര്‍ സഭയില്‍ കുര്‍ബാന സംബന്ധിച്ചുള്ള അഭിപ്രായ ഭിന്നതകള്‍ തീര്‍ക്കുവാനും ഐക്യത്തിലേക്ക് സഞ്ചരിക്കുവാനുമുള്ള നിര്‍ണ്ണായക സമയമാണ് മെയ്, ജൂണ്‍ മാസങ്ങള്‍.

സഭയിലെ ഉന്നതാധികാര സ്ഥാനത്തുനിന്ന് വരുന്ന എല്ലാ സന്ദേശങ്ങളും ആശയവിനിമയങ്ങളും ജാഗ്രതയോടും ആത്മാര്‍ത്ഥതയോടും ഉദ്ദേശശുദ്ധിയോടും കൂടിയായിരിക്കണം എന്നാണ് സഭാംഗങ്ങള്‍ ആഗ്രഹിക്കുന്നത്. മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ പെര്‍മനന്റ് സിനഡ് പോയതും പൗരസ്ത്യ തിരുസംഘവുമായിട്ടുള്ള കൂടിക്കാഴ്ചയും ഒക്കെ ഈ ഉദ്ദേശലക്ഷ്യത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുകള്‍ ആയിരുന്നു. ഈ സുപ്രധാന സന്ദര്‍ശനങ്ങള്‍ക്കുശേഷം കത്തോലിക്കാസഭയുടെ ഔദ്യോഗിക മാധ്യമത്തിലൂടെ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കുര്‍ബാനയിലെ തര്‍ക്കങ്ങളെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഈ പ്രശ്‌നത്തെ ആചാര സംബന്ധിയായ തര്‍ക്കമായി കാണണമെന്നും ടെക്സ്റ്റില്‍ മാറ്റമില്ലാതെയാണ് ഇരുകൂട്ടരും ബലിയര്‍പ്പിക്കുന്നതെന്നും പറഞ്ഞതിലൂടെ സമവായത്തിലേക്കുള്ള സഞ്ചാരം ആഗ്രഹിക്കുന്ന സഭയുടെ മനസ്സ് അധികാരികള്‍ വെളിപ്പെടുത്തുകയായിരുന്നു എന്നാണു വിശ്വാസികള്‍ക്ക് മനസ്സിലായത്. പിന്നീട് ജൂണ്‍ 14 നു കൂടാന്‍ തീരുമാനിച്ച ഓണ്‍ലൈന്‍ സീറോ മലബാര്‍ സിനഡ് ആ തീരുമാനത്തെ ബലപ്പെടുത്തി.

ജൂണ്‍ 8 ന് എറണാകുളം-അങ്കമാലി അതിരൂപത കൂരിയയില്‍ വിളിച്ചു ചേര്‍ത്ത ഫൊറോന വികാരിമാരുടെ യോഗത്തെ തുടര്‍ന്ന് ജൂണ്‍ 10 ന് മേജര്‍ ആര്‍ച്ചുബിഷപ്പുമായി മധ്യസ്ഥ സംഭാഷണം നടത്തുവാന്‍ മൂന്ന് അച്ചന്മാരുടെ സംഘത്തെ തിരഞ്ഞെടുത്തിരിക്കെയാണ് മേജര്‍ ആര്‍ച്ചുബിഷപ്പിന്റെയും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെയും പേരിലുള്ള സര്‍ക്കുലറിന്റെ ഒരു കരടു രൂപം സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നു വന്നത്. പിറ്റേദിവസം വെളുപ്പിന് അതിനെ ശരിവയ്ക്കുന്ന തരത്തില്‍ യഥാര്‍ത്ഥ സര്‍ക്കുലറും. ഇനി സിനഡിനു മുന്‍പ് നിശ്ചയിക്കപ്പെട്ട മധ്യസ്ഥ സംഭാഷണത്തിന്റെ ഗതി എന്താവും എന്നറിയില്ല.

ഗൗരവമായ ഒരു പ്രശ്‌നത്തെയും അതിനെ സംബന്ധിക്കുന്ന സഭയുടെ ആശയവിനിമയങ്ങളെയും അത് അര്‍ഹിക്കുന്ന സൂക്ഷ്മതയോടും ആത്മാര്‍ത്ഥതയോടും ജാഗ്രതയോടും കൂടി കൈകാര്യം ചെയ്യാന്‍, ഓരോ ചുവടുവയ്പ്പിലും അത് അങ്ങനെ തന്നെയാണ് നടക്കുന്നത് എന്ന് ബോധ്യപ്പെടുത്താന്‍, അധികാരികള്‍ക്ക് ദൈവികമായ കടമയുണ്ട്.

മൂന്നുവര്‍ഷമായി ഏകദേശം 50 ലക്ഷത്തോളം വരുന്ന സീറോ മലബാര്‍ വിശ്വാസി സമൂഹത്തെ പൊതുവായും, ആറര ലക്ഷത്തോളം വരുന്ന എറണാകുളം-അങ്കമാലി അതിരൂപതയെ പ്രത്യേകമായും ബാധിക്കുന്ന ഒരു പ്രശ്‌നത്തെ പരിഹരിക്കുവാന്‍ സഭയിലെ ഉന്നത അധികാരികള്‍ എടുക്കുന്ന ഓരോ ചുവടുകളും പ്രാര്‍ത്ഥനാപൂര്‍വവും പ്രതീക്ഷയോടും നോക്കുന്ന ഒരു വിശ്വാസി സമൂഹം ഇവിടെയുണ്ടെന്നു മനസ്സിലാക്കണം. കാരണം ഇതിന്റെ പേരില്‍ വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും ഇടവക ബന്ധങ്ങളിലും സന്യാസസഭകള്‍ തമ്മിലുള്ള ബന്ധങ്ങളിലും ഒക്കെ വിള്ളലുകള്‍ വീണിട്ടുണ്ട്. അജപാലനപരമായ പ്രതിസന്ധികളുടെ രൂക്ഷത വേറെ. എറണാകുളം-അങ്കമാലി അതിരൂപത മാത്രമല്ല മറ്റെല്ലാ രൂപതകളിലേയും വിശ്വാസികള്‍ക്കും ഈ പ്രശ്‌നത്തെപ്രതി കഠിനമായ വേദനയോ ആത്മീയമായ ആകുലതകളോ ഉണ്ട്. ഗൗരവമായ ഒരു പ്രശ്‌നത്തെയും അതിനെ സംബന്ധിക്കുന്ന സഭയുടെ ആശയവിനിമയങ്ങളെയും അത് അര്‍ഹിക്കുന്ന സൂക്ഷ്മതയോടും ആത്മാര്‍ത്ഥതയോടും ജാഗ്രതയോടും കൂടി കൈകാര്യം ചെയ്യാന്‍, ഓരോ ചുവടുവയ്പ്പിലും അത് അങ്ങനെ തന്നെയാണ് നടക്കുന്നത് എന്ന് ബോധ്യപ്പെടുത്താന്‍, അധികാരികള്‍ക്ക് ദൈവികമായ കടമയുണ്ട്. ആ കടമകളില്‍ വീഴ്ചകള്‍ വരുന്നില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്.

ഏതു പരിഹാരത്തിലേക്കുമുള്ള സഞ്ചാരത്തില്‍ അതിനായുള്ള സന്ദേശവിനിമയങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മാനദണ്ഡമുണ്ട്. അത് ക്രിസ്തുവാണ്... അവന്റെ ജീവിതസത്ത രേഖപ്പെടുത്തിയിരിക്കുന്ന ബൈബിള്‍ ആണ്... ആ മാനദണ്ഡം താഴെ വയ്ക്കപ്പെടുന്നു എന്ന് തോന്നുമ്പോള്‍ വിശ്വാസികളില്‍ നിലവിളികള്‍ ഉയരും. അത് ദൈവസ്വരമായി കാണണം.

സഭയിലെ മഹാത്ഭുതമായ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചു കൂട്ടിയ ജോണ്‍ 23-ാമന്‍ പാപ്പ കൗണ്‍സിലിന് എത്തിച്ചേരാനുള്ള ബിഷപ്പുമാര്‍ക്ക് എഴുതി: 'നിങ്ങള്‍ സൂനഹദോസിന് എത്തുമ്പോള്‍ അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ നന്നായി വായിച്ച് ഒരുങ്ങി വരണം.' സഭാചരിത്രത്തില്‍ മാറ്റങ്ങളുടെ കാറ്റ് വീശിയതങ്ങനെയാണ്. ഇന്നും അങ്ങനെ തന്നെയാവണം. സീറോ മലബാര്‍ പിതാക്കന്മാര്‍ വിശുദ്ധ കുര്‍ബാനയിലെ അഭിപ്രായ ഭിന്നത മുന്‍നിര്‍ത്തി വീണ്ടും ഒന്നിച്ചു കൂടുമ്പോള്‍ ബൈബിളും ക്രിസ്തുവും ഉയര്‍ന്നു തന്നെ നില്‍ക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org