രാജിവച്ചത് സ്വയാധികാരം!!?

രാജിവച്ചത് സ്വയാധികാരം!!?

സീറോ മലബാര്‍ സഭയുടെ മൂന്നാമത്തെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കാര്‍ഡിനല്‍ ആലഞ്ചേരി വിരമിച്ചു. നേരത്തെ രണ്ടു വട്ടം വത്തിക്കാന് സമര്‍പ്പിച്ച രാജി ആവശ്യം മാര്‍പാപ്പ ഒടുവില്‍ സ്വീകരിച്ചതിനാല്‍ സംഭവിച്ചതാണ് ഇപ്പോഴത്തെ സ്ഥാനത്യാഗം. പൗരസ്ത്യ സഭാ നിയമം കാനന്‍ 127 പ്രകാരം പുതിയ മേജര്‍ ആര്‍ച്ചുബിഷപ് സ്ഥാനം ഏറ്റെടുക്കുന്നതുവരെ, കൂരിയാ മെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കല്‍ സീറോ മലബാര്‍ സഭയുടെ അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിക്കും.

സീറോ മലബാര്‍ സഭയെ ആഗോള മിഷണറി സഭയായി വളര്‍ത്തി ഒരു വ്യാഴവട്ടക്കാലം പരമാധ്യക്ഷ ശുശ്രൂഷ പൂര്‍ത്തിയാക്കി മാര്‍ ജോര്‍ജ് ആലഞ്ചേരി മടങ്ങുമ്പോള്‍, അത് അപ്രതീക്ഷിതമല്ലെങ്കിലും, രാജി സ്വീകരിച്ച രീതിയും അത് പ്രഖ്യാപിച്ച വിധവും അസാധാരണമായി. ഇന്ത്യയ്ക്കകത്തും പുറത്തുമായി 35 രൂപതകളിലായി 50 ലക്ഷത്തിലധികം വിശ്വാസികളുടെ മേല്‍നോട്ടച്ചുമതലക്കാരനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വകാര്യമുറിയിലേക്ക് ക്ഷണിച്ചു വരുത്തി ഇന്ത്യയുടെ വത്തിക്കാന്‍ പ്രതിനിധി, രാജി ആവശ്യം അംഗീകരിച്ചതായുള്ള വത്തിക്കാന്റെ സ്ഥിരീകരണം കൈമാറിയത് അസാധാരണവും ഒരു പരിധിവരെ അനുചിതവുമായ നടപടിയായിപ്പോയി എന്ന വിമര്‍ശനമുണ്ട്. ഡിസംബര്‍ 7-ന് വൈകിട്ട് 4.30 ന് കാക്കനാട് മൗണ്ട് സെന്റ് തോമസിലെ സഭാകാര്യാലയത്തില്‍വച്ച് ക്ഷണിക്കപ്പെട്ട മാധ്യമ പ്രവര്‍ ത്തകരുടെ മുമ്പില്‍വച്ച് ഔപചാരികമായി രാജിക്കാര്യം പ്രഖ്യാപിക്കുമ്പോള്‍ കൂരിയ ബിഷപ്പൊഴികെ സഭയിലെ പിതാക്കന്മാരുള്‍പ്പെടെ ഉന്നതരൊന്നും സന്നിഹിതരായിരുന്നില്ല എന്നതും മറ്റൊരു കൗതുകമായി. ഹയരാര്‍ക്കി ശതാബ്ദി സ്മരണവേളയിലാണ് രാജി എന്നതും ശ്രദ്ധേയം.

കഴിഞ്ഞ 6 വര്‍ഷത്തിലധികമായി എറണാകുളം-അങ്കമാലി അതിരൂപതയിലും സഭ മുഴുവനിലുമായി പുകഞ്ഞുകൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങളും തന്റെ രാജി പ്രഖ്യാപനത്തിന് പശ്ചാത്തലമായി എന്ന് തുറന്നു സമ്മതിച്ച സഭാധ്യക്ഷന്‍, പക്ഷേ, അത് യഥാവിധി പരിഹരിക്കുന്നതില്‍ താനും താന്‍ നേതൃത്വം നല്കിയ സിനഡും പരാജയപ്പെട്ടത് പ്രധാന കാരണമായി സമ്മതിച്ചിട്ടില്ല. ഭൂമിവിവാദവും കുര്‍ബാനയര്‍പ്പണത്തര്‍ക്കവും വലിയ സംഘര്‍ഷങ്ങളിലേക്ക് വളര്‍ന്ന് തെരുവുയുദ്ധത്തോളമെത്തിയിട്ടും, ഉത്തരവാദിത്വപ്പെട്ടവരുടെ കുറ്റകരമായ മൗനവും, അനങ്ങാപ്പാറ നയവും കാര്യങ്ങളെ അസാധാരണമാം വിധം വഷളാക്കിയെന്നു മാത്രമല്ല, അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ ദയനീയ പിന്‍മാറ്റമുള്‍പ്പെടെയുള്ള സങ്കീര്‍ണ്ണതകളിലേക്ക് അത് വളരുകയും ചെയ്തു. ധാര്‍ഷ്ട്യത്തെ ധൈര്യമായി തെറ്റിദ്ധരിച്ച്, അടിച്ചൊതുക്കിയും, അടിച്ചമര്‍ത്തിയും പ്രശ്‌നം പരിഹരിക്കാമെന്ന് സഭാ നേതൃ ത്വം ചിന്തിച്ചു തുടങ്ങിയിടത്തു തന്നെയാണ് പിഴവുകളുടെ ആദ്യപടി. സംഭാഷണത്തിന്റെയും സമവായത്തിന്റെയും സുവിശേഷ വഴികളെ നിരന്തരം അവഗണിക്കുന്നത് ഔപചാരികമായപ്പോള്‍ വത്തിക്കാന്‍ പ്രതിനിധിേപാലും പാതി വഴിയില്‍ അപമാനിതനായി മടങ്ങുന്നതും, സഭാധ്യക്ഷന്റെയും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെയും രാജിയോളം അത് വലുതാകുന്നതും കണ്ടു.

ഏകീകൃത കുര്‍ബാനയര്‍പ്പണ തീരുമാനം എടുത്ത രീതിയും ശൈലിയും സഭാവിരുദ്ധവും സുവിശേഷവിരുദ്ധവുമാണെന്നയറിവില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട സിനഡ് അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വം കത്തുവഴി മാര്‍പാപ്പയെ ഏല്പിച്ചതോടെയാണ് സ്വയാധികാരസഭയുടെ സ്വയം നിര്‍ണ്ണയാവകാശം ആദ്യമായി അടിയറ വയ്ക്കപ്പെട്ടത്. ഒമ്പതംഗ സിനഡല്‍ കമ്മിറ്റിയുമായി വൈദിക പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചകള്‍ എങ്ങുമെത്താതെ പോയതിനു പുറകിലും, ലിറ്റര്‍ജി വിഷയത്തില്‍ 'അധികാരം' നഷ്ടപ്പെടുത്തിയ സിനഡിന്റെ വീഴ്ച തന്നെയാണെന്ന് ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്.

1896-ല്‍ വത്തിക്കാനോട് പൊരുതി നേടിയ നാട്ടുമെത്രാന്‍ സ്ഥാനവും, അതിന്റെ തുടര്‍ച്ചയായി 1923-ല്‍ അനുവദിച്ച് കിട്ടിയ ഹയരാര്‍ക്കിയും അപ്രസക്തമെന്ന് തോന്നിപ്പിക്കും വിധം റോമിന്റെ അസാധാരണ ഇടപെടലുകള്‍ക്ക് സമകാലിക സീറോ മലബാര്‍ സഭ നിസ്സഹായയായി സാക്ഷ്യം വഹിക്കുമ്പോള്‍, സ്വയം കൃതാനര്‍ത്ഥം എന്നല്ലാതെ മറ്റെന്ത് പറയാന്‍! അതേസമയം 400 ലധികം വൈദികരും 50,000 ത്തിലധികം വിശ്വാസികളും ജനാഭിമുഖ ദിവ്യബലിയില്‍ ഒരുമിച്ച് അണിനിരന്ന് ആഘോഷമാക്കിയ ഹയരാര്‍ക്കി സ്ഥാപനാനുസ്മരണം അക്ഷരാര്‍ത്ഥത്തില്‍ അതിരൂപതയുടെ മനസ്സുതുറന്ന അനുഭവമായി.

എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി പുതുതായി നിയമിതനായ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌ക്കോ പുത്തൂര്‍ അതിരൂപതയ്ക്കും, സഭാ നേതൃത്വത്തിനും അപരിചിതനല്ല. പ്രത്യേക സിനഡിന്റെ പ്രധാന തീരുമാനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വ്യക്തി എന്ന നിലയില്‍ സംഭാഷണങ്ങളുടെ സമവായ വഴികളിലേക്ക് എല്ലാവരെയും ഒന്നിച്ചു നയിക്കാന്‍ മാര്‍ ബോസ്‌ക്കോ മെത്രാന് സാധിക്കട്ടെ.

വസ്തുതാപരമായ പിശകുകള്‍കൊണ്ടും സിനഡാത്മകമല്ലാത്ത സമീപനങ്ങള്‍കൊണ്ടും വിവാദമായ മാര്‍പാപ്പയുടെ അതിരൂപതയ്ക്കുവേണ്ടിയുള്ള വീഡിയോ സന്ദേശത്തിന്റെ കാതല്‍ പക്ഷേ, അനുരഞ്ജനത്തിനുള്ള ആഹ്വാനമാണ്. എന്നാല്‍ സത്യത്തെ അവഗണിച്ചുകൊണ്ടുള്ള അനുരഞ്ജനം പൂര്‍ണ്ണമായ ഐക്യത്തിലേക്ക് എത്തിക്കുകയില്ലെന്നതാണ് അനുഭവം. ഒന്നിച്ചു നടക്കുകയെന്നാല്‍ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങുകയെന്നാണോ? തെറ്റുപറ്റിയാല്‍ തിരുത്തണം. പകരം തെറ്റ് ചൂണ്ടിക്കാട്ടിയവരെ തിരിച്ചുനിറുത്തുകയല്ല വേണ്ടത്. 'മാര്‍പാപ്പയ്ക്കും തെറ്റുപറ്റാം' എന്ന് ഈയിടെ അഭിപ്രായപ്പെട്ടത് തെറ്റിനും ശരിക്കുമിടയില്‍ ദീര്‍ഘകാലം നിയമപരമായി സഞ്ചരിച്ച ഉന്നതന്യായാധിപനാണ്.

സഭയിലെ കലഹങ്ങള്‍ ഒരു പരിധിവരെ നിര്‍മ്മിക്കപ്പെട്ടവയാണെന്ന് എല്ലാവര്‍ക്കുമറിയാം. സ്ഥാനത്യാഗം കൊണ്ടോ, പിന്‍മാറ്റംകൊണ്ടോ പരിഹരിക്കപ്പെടാവുന്ന അത്ര ലളിതവുമല്ല കാര്യങ്ങള്‍. 'അനുരഞ്ജിതരായി' ത്തുടങ്ങേണ്ട ബലിയര്‍പ്പണത്തില്‍ ഏകീകരണത്തിനുവേണ്ടി ഐക്യം തകര്‍ത്തതെങ്ങനെയെന്ന് സത്യസന്ധമായി പറഞ്ഞു തുടങ്ങുന്നിടത്താണ് സംഭാഷണാരംഭം. അത് സംവാദത്തിന്റെ സൗഹാര്‍ദവേദികളെ അര്‍ത്ഥപൂര്‍ണ്ണമാക്കും. ഒച്ചവച്ചും ഒപ്പിടുവിച്ചും, ഉണ്ടാക്കിയെടുക്കുന്ന ഐക്യത്തിന്റെയല്ല ഹൃദയങ്ങളെ ചേര്‍ത്ത് നിറുത്തുന്ന സത്യശുശ്രൂഷകരുടേതായി സഭ പുലരട്ടെ. വിണ്ണ് മണ്ണിലേക്കിറങ്ങിയതിന്റെ ഓര്‍മ്മയാണ് ക്രിസ്മസെങ്കില്‍ വൈവിധ്യങ്ങളുടെ അപരിചിതത്വത്തെ ആശ്ലേഷിക്കുന്ന മനുഷ്യാവതാര സന്ദേശം നമ്മുടേതാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org