മതമൈത്രിയുടെ പൊങ്കാലപ്പെരുമ

മതമൈത്രിയുടെ പൊങ്കാലപ്പെരുമ

മതസൗഹാര്‍ദത്തിന്റെയും മനുഷ്യത്വപരമായ സമീപനത്തിന്റെയും ഉജ്ജ്വല അധ്യായം കുറിച്ചാണ്, ഇക്കുറി തലസ്ഥാനഗരിയിലെ പ്രശസ്തമായ ആറ്റുകാല്‍ മഹോത്സവം കൊടിയിറങ്ങിയത്.

തിരുവനന്തപുരത്തെ ക്രൈസ്തവ ദേവാലയങ്ങളിലെ വി. കുര്‍ബാനയുടെയും ആരാധനയുടെയും സമയം പുനഃക്രമീകരിച്ചുകൊണ്ട്, ആറ്റുകാല്‍ ഭക്തര്‍ക്ക് സൗകര്യമൊരുക്കിയ സഭാനേതൃത്വം കേരളത്തിന്റെ മതേതര മനസ്സിനൊപ്പമാണ് തങ്ങെളന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. രാവിലെ 9 മണിയുടെ ആരാധനാശുശ്രൂഷകളാണ് സമയം മാറ്റി ക്രമീകരിച്ചത്. കൂടാതെ പള്ളിക്കു മുന്‍പിലും പരിസരങ്ങളിലും ഭക്തര്‍ക്കുവേണ്ട സൗകര്യങ്ങളും ഒരുക്കിയിരുന്നു.

പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ദേവാലയം, സി എസ് ഐ പള്ളി, സമാധാന രാജ്ഞി ബസിലിക്ക, സെന്റ് പീറ്റേഴ്‌സ് യാക്കോബായ കത്തീഡ്രല്‍ തുടങ്ങിയ പള്ളികളിലെ ആരാധന സമയത്തില്‍ മാറ്റം വരുത്തിക്കൊണ്ട് ഞായറാഴ്ചയിലെ പതിവു തിരക്കൊഴിവാക്കാന്‍ വൈദീകരും വിശ്വാസികളും ഒരുമിച്ചപ്പോള്‍ പൊങ്കാല ഉത്സവം ഒരു നാടിന്റെ മുഴുവന്‍ നന്മയുടെ മഹോത്സവമായി പരിണമിച്ചു. പൊങ്കാല നൈവേദ്യ സമര്‍പ്പണത്തിനുശേഷം ക്ഷീണിതരായ ഭക്തര്‍ക്ക് സംഗീത വിരുന്നൊരുക്കിയ വൈദികന്റെ വീഡിയോയും സോഷ്യല്‍ മീഡിയായില്‍ ഇപ്പോള്‍ വൈറലാണ്. പള്ളിമുറ്റത്ത് ഡൊമിനിക്കച്ചന്റെ പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന ആറ്റുകാലമ്മയുടെ ഭക്തസമൂഹം മലയാളത്തിന്റെ മതമൈത്രി മാഹാത്മ്യത്തിന്റെ മഹാസാക്ഷ്യമായി.

കേരളത്തിന്റെ മതേതര മനസ്സ് വെളിപ്പെട്ട അനേകം സന്ദര്‍ഭങ്ങള്‍ ഇതിനു മുമ്പും ധാരാളമുണ്ടായിട്ടുണ്ട്. വൈദികരുടെ അവയവദാനത്തില്‍ മതജാതി പരിഗണനകള്‍ കടന്നു വരാതിരുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. മുസ്‌ലീം ദമ്പതികളുടെ വിവാഹത്തിന് ക്ഷേത്രാങ്കണം വേദിയായതും ഹൈന്ദവസഹോദരന്റെ മൃതദേഹത്തിന്റെ പൊതുദര്‍ശനത്തിന് മദ്‌റസ്സാ ഹാള്‍ വിട്ടു നല്കിയതുമൊക്കെ അത്തരം നല്ല വാര്‍ത്തകളില്‍ ചിലതു മാത്രം.

എന്നാല്‍ ഇന്ത്യയെന്ന മതേതര രാഷ്ട്രത്തെ മതരാഷ്ട്രമായി പുതുക്കിപ്പണിയാനുള്ള സര്‍വ സന്നാഹങ്ങളോടെയാണ് രാജ്യം ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വം മുന്നേറുന്നത്. പൊതുതിരഞ്ഞെടുപ്പിന് ഒരുക്കമായി വര്‍ഗീയതയുടെയും വംശീയതയുടെയും പുതിയ കാരണങ്ങളെ കുഴിച്ചെടുക്കാനുള്ള ശ്രമങ്ങളില്‍ മുഴുകുമ്പോള്‍ത്തന്നെ രാമക്ഷേത്ര നിര്‍മ്മാണത്തിനുശേഷം ഗ്യാന്‍വാപിയും, മഥുരയും അടുത്ത ലക്ഷ്യങ്ങളാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

''ഞാന്‍ സമരം ചെയ്ത് രൂപംകൊടുക്കാന്‍ ശ്രമിക്കുന്ന ഇന്ത്യ തീര്‍ത്തും മതേതരമായിരിക്കണം. എന്റെ രാജ്യം മതത്തോട് ആജ്ഞകള്‍ പുറപ്പെടുവിക്കുകയില്ല. എന്റെ രാജ്യം തിരിച്ച് മതത്തിനും ആജ്ഞകള്‍ നല്കുകയില്ല.'' ഹൈന്ദവ വിശ്വാസിയായിരിക്കുമ്പോള്‍തന്നെ മതത്തിന്റെ പേരിലുള്ള പൗരത്വ നിര്‍വചന നീക്കങ്ങളെ ഗാന്ധിജി നിരന്തരം എതിര്‍ത്തിരുന്നു.

മനുഷ്യര്‍ക്ക് തങ്ങളുടെ സഹോദരന്മാരെ നിന്ദിക്കുമ്പോള്‍ അഭിമാനം തോന്നുന്നത് എങ്ങനെയാണെന്നത് തനിക്ക് നിഗൂഢമാണെന്ന് ഗാന്ധിജി അത്ഭുതപ്പെട്ടത് അതുകൊണ്ടാണ്. എല്ലാ മനുഷ്യരോടും ഒരു സംവാദ സാധ്യത ശേഷിക്കുന്നുണ്ടെന്നും ശരിയുടെ അന്തിമാധികാരം അവകാശപ്പെട്ട് ആ സംവാദ സാധ്യത നിഷേധിക്കുന്നത് ഹിംസയാണെന്നും ഗാന്ധിജി വിശ്വസിച്ചതിന്റെ കാരണവും മറ്റൊന്നല്ല.

വെറുപ്പിന്റെ വെടിയുണ്ടകളെ അവയുടെ അതിമാരകമായ സഞ്ചാരപഥത്തില്‍ നിന്നും സ്വന്തം നെഞ്ചില്‍ ഏറ്റുവാങ്ങി, വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും വിഷവ്യാപനത്തെ തടഞ്ഞുനിറുത്തിയത് ഗാന്ധിജിയുടെ രക്തസാക്ഷിത്വമാണെന്ന് മതേതര ഭാരതം നിറമിഴികളോടെ ഓര്‍മ്മിക്കുന്നു. ഗാന്ധിനിന്ദയെ പ്രധാന പ്രചാരണായുധമാക്കുന്നവര്‍ മഹാത്മാവിന്റെ രക്തസാക്ഷിത്വദിനം 'ശൗര്യദിന'മായി ആചരിക്കുകയാണ്; നേരത്തെ രഹസ്യമായി ഇപ്പോള്‍ പരസ്യമായി.

വര്‍ഗീയതയ്ക്കും ഫാസിസത്തിനുമുള്ള അസംസ്‌കൃത പദാര്‍ത്ഥമാണ് ചരിത്രമെന്നും അതിനു പറ്റിയ ഭൂതകാലമില്ലെങ്കില്‍ പറ്റുന്ന ഒന്നിനെ അവര്‍ നിര്‍മ്മിച്ചെടുക്കുമെന്നും, 'ചരിത്രത്തെക്കുറിച്ച്' എന്ന പ്രബന്ധത്തില്‍ എറിക് ഹോബ്‌സ് ബോം എഴുതുന്നുണ്ട്. വക്രീകരിക്കപ്പെട്ട ചരിത്രത്തിന്റെ അപനിര്‍മ്മിതിയില്‍ സംഘപരിവാര്‍ നിരന്തരം ഏര്‍പ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല.

പുതിയ പാര്‍ലമെന്റ് മന്ദിരം ഉയര്‍ത്തി പ്രതിഷ്ഠിക്കുന്ന ചെങ്കോല്‍ രാഷ്ട്രീയത്തിന്റെ അധിനിവേശവഴികളില്‍ മതേതരത്വവും സോഷ്യലിസവും ഒഴിവാക്കിയ, ഭരണഘടനയുടെ ആദ്യപ്രതി പ്രധാനപ്പെട്ടതാവുക സ്വാഭാവികമാണ്. അതിനാല്‍ മതരാജ്യത്തെ മതേതരരാജ്യമാക്കി പുതുക്കിപ്പണിയുക എന്ന നെഹ്‌റുവിയന്‍ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ബലം പകരാന്‍ ഉത്തരവാദിത്വപ്പെട്ട ജനാധിപത്യ സമൂഹം മുഴുവന്റെയും പിന്തുണയും ആവശ്യമാണ്.

അവിടെയാണ് ആറ്റുകാല്‍ പൊങ്കാലയുടെ തലസ്ഥാന മതമൈത്രി മാതൃക, മുഴുവന്‍ മതേതര മനസ്സുകള്‍ക്കും പ്രചോദനമാവുന്നത്. മലയാളത്തിന്റെ മതേതര മനോഭാവം എന്നും പുലരാന്‍ സാമൂഹ്യ വിരുദ്ധരൊരുക്കുന്ന വര്‍ഗീയക്കെണിയില്‍ വീഴാതിരിക്കാനുള്ള ജാഗ്രതയുണ്ടാകണമെന്ന് മാത്രമല്ല, മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതിരിക്കാനും ശ്രദ്ധിക്കണം. രാഷ്ട്രീയക്കൊലപാതകങ്ങളെപ്പോലും വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമമുണ്ടായ നാടാണിത്. ടി പി വധക്കേസ് വഴിതിരിച്ചു വിടാന്‍ നടത്തിയ ശ്രമം മറക്കാന്‍ കാലമായില്ല.

കുറ്റകൃത്യം ചെയ്യുന്നവര്‍ കുട്ടികളാണെങ്കില്‍പ്പോലും അവരുടെ ജാതിയും മതവും നോക്കി നിലപാടെടുക്കുമ്പോള്‍, പ്രതിഷേധം വര്‍ഗീയതയായി വഴുതിപ്പോകാനുള്ള സാധ്യതയേറെയാണ്. ക്രമസമാധാന പ്രശ്‌നങ്ങളെ അതായും, മതവിദ്വേഷ വിഷയങ്ങളെ അങ്ങനെതന്നെയും വെവ്വേറെ വ്യവച്ഛേദിച്ച് വിലയിരുത്തുന്നില്ലെങ്കില്‍ എന്തും മതപരമായി മാത്രം കാണുന്ന വിദ്വേഷ വീക്ഷണം നമ്മുടെ നാടിനെ വംശീയമായി മലിനമാക്കും. പൊലീസിന്റെ പണി പൊലീസ് ചെയ്യട്ടെ. അപ്പോഴും അതവര്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുന്നുണ്ടെന്ന് പൊതുസമൂഹം ഉറപ്പു വരുത്തുകയും വേണം.

എപ്പോള്‍ വേണമെങ്കിലും ആളിക്കത്തുംവിധം വിദ്വേഷത്തിന്റെ കനലൊരുക്കി കാത്തിരിക്കുന്നവര്‍ക്ക് കേരളത്തിന്റെ മതസൗഹാര്‍ദമനസ്സില്‍ ഇടമില്ലെന്ന് ഉറക്കെപ്പറയാന്‍ നമുക്കാകണം. രാഷ്ട്രീയ നേതൃത്വത്തോടൊപ്പം മതസാമുദായിക നേതൃത്വവും ജാഗ്രതയോടെ നിലകൊള്ളണം. സൈബറിടത്തെ വിദ്വേഷപ്രകോപനങ്ങള്‍ക്കൊപ്പിച്ച് പൊതുവിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നവര്‍ കലഹിക്കുന്നത് വര്‍ത്തമാനത്തോടല്ല, ഭാവിയോടാണ്, കേരളത്തിന്റെ മതേതര സാഹോദര്യഭാവിയോട്; മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org