ദുരിതാശ്വാസം ദുരന്തം ആകരുത്

ദുരിതാശ്വാസം ദുരന്തം ആകരുത്
Published on

ഓണാഘോഷത്തിനുശേഷം വയനാട് ദുരന്തവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും അതിന്റെ ചെലവുകളുമെല്ലാം വീണ്ടും വാര്‍ത്തയാകുന്നു. കേന്ദ്ര ഗവണ്‍മെന്റിന് നല്കുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറാക്കിയ 'എസ്റ്റിമേറ്റഡ്' കണക്കുകള്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെടുകയും അത് പുറത്താവുകയും കണക്കുകളിലെ വൈരുദ്ധ്യം പൊതുസമൂഹം ചര്‍ച്ചയാക്കുകയും ചെയ്തതാണ് ഈ വാര്‍ത്തകള്‍ക്ക് കാരണം. കേന്ദ്ര ഗവണ്‍മെന്റിന് നല്കുവാന്‍ തയ്യാറാക്കപ്പെട്ട കണക്കുകള്‍ യഥാര്‍ത്ഥ ചെലവുകളല്ലെന്നും പ്രതീക്ഷിത തുകകളാണെന്നും കേരള സര്‍ക്കാര്‍ തന്നെ വിശദീകരിക്കുമ്പോള്‍ എന്തിന് ഈ ഊതിപ്പെരുപ്പിച്ച കണക്കുകള്‍ എന്നതാണ് പ്രതിപക്ഷകക്ഷികള്‍ ഉയര്‍ത്തുന്ന ചോദ്യം. ന്യായമായ കേന്ദ്രവിഹിതം കിട്ടാന്‍ ഇത്തരം കണക്കുകള്‍ സമര്‍പ്പിക്കുക അനിവാര്യമാണെങ്കില്‍ അതിലെ അന്യായമാണ് ആദ്യം തിരുത്തപ്പെടേണ്ടത്.

ആന്ധ്രാപ്രദേശിലും ബീഹാറിലും ത്രിപുരയിലുമെല്ലാം ദുരന്തങ്ങള്‍ ഈ അടുത്ത നാളുകളില്‍ ഉണ്ടായപ്പോള്‍ അടിയന്തര സഹായം പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് കേരളത്തെ മനഃപൂര്‍വം മറക്കുന്നു? ദുരിതാശ്വാസ നിധിയെപോലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുകയാണോ? പ്രധാനമന്ത്രി വയനാട് സന്ദര്‍ശിച്ചിട്ട് നാല്പതോളം ദിവസങ്ങള്‍ പിന്നിടുന്നു. ദുരന്തമേഖലകളില്‍ പൊഴിച്ചത് കണ്ണീരു തന്നെയെന്നും ആശുപത്രികളിലും ക്യാമ്പുകളിലും നടത്തിയത് കേവലം ഫോട്ടോ താത്പര്യങ്ങള്‍ മാത്രമല്ലെന്നും കേരള ജനതയ്ക്ക് ബോധ്യം വരണമെങ്കില്‍, കേരള ഗവണ്‍മെന്റ് നല്‌കേണ്ട കണക്കുകള്‍ക്ക് കാത്തുനില്ക്കാതെ കേന്ദ്രസര്‍ക്കാര്‍ സഹായനിധിയുടെ പ്രാഥമിക വിഹിതമെങ്കിലും അടിയന്തരമായി നല്‌കേണ്ടതുണ്ട്.

ന്യായമായ കേന്ദ്രവിഹിതം കിട്ടാന്‍ എസ്റ്റിമേറ്റഡ് കണക്കുകള്‍ സമര്‍പ്പിക്കുക അനിവാര്യമാണെങ്കില്‍ അതിലെ അന്യായമാണ് ആദ്യം തിരുത്തപ്പെടേണ്ടത്.

തങ്ങളുടെ പാര്‍ട്ടിയോ കേന്ദ്രഭരണത്തിന് പിന്തുണ നല്കുന്ന പാര്‍ട്ടികളോ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, സഹായങ്ങള്‍ പതിവിലേറെ ഉദാരമാകുമ്പോള്‍ എല്ലാ സംസ്ഥാനങ്ങളും ഒരേപോലെയാണ് ഫെഡറല്‍ സംവിധാനത്തില്‍ നികുതികള്‍ നല്കുന്നതെന്നും, തുല്യനീതി പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും, ഒരു ജനതയുടെ ദുരിതക്കണ്ണീരിനെ ഓര്‍ത്തെങ്കിലും കേന്ദ്ര സര്‍ക്കാര്‍ മറക്കരുത്.

ഉരുള്‍പൊട്ടി ഒഴുകിയ കണ്ണീരിന് ആശ്വാസമേകിയത് മത രാഷ്ട്രീയ ഭാഷാ വ്യത്യാസങ്ങളില്ലാതെ ഓടിയെത്തിയ സന്നദ്ധ സേവകരും തേടിയെത്തിയ കാരുണ്യഹസ്തങ്ങളുമാണ്. ഗവണ്‍മെന്റുകളുടെ വോട്ട് രാഷ്ട്രീയലക്ഷ്യങ്ങളോ നിക്ഷിപ്തതാത്പര്യങ്ങളോ കണക്കിലെടുക്കാതെ അവര്‍ ദുരന്ത മേഖലകളില്‍ മാലാഖമാരായി. ഭവന നിര്‍മ്മാണത്തിനും പുനരധിവാസത്തിനും ദുരിത മേഖലകളുടെ വീണ്ടെടുക്കലിനുമായി ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്നെത്തിയ അത്ഭുതപ്പെടുത്തുന്ന സഹായങ്ങള്‍ ദുരിത പെയ്ത്തില്‍ തടയണയായി. കേന്ദ്ര സഹായത്തിനായി കല്‍പിത കണക്കുകള്‍ അവതരിപ്പിക്കുമ്പോഴും ദുരന്തത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ ഇതുവരെയും തയ്യാറായിട്ടില്ല എന്നത് സംസ്ഥാന ഗവണ്‍മെന്റിന്റെ കാര്യക്ഷമത ഇല്ലായ്മയാണ്. ദുരന്തം വരുത്തിയ നഷ്ടം എത്രയാണെന്നും ദുരിതാശ്വാസത്തിനായി ഇതുവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലും മറ്റുമായി നല്കിയതും വാഗ്ദാനം ചെയ്യപ്പെട്ടതുമായ സഹായങ്ങള്‍ എത്രയാണെന്നും ഒരു പട്ടികയില്‍ നിരത്തിവെച്ചാല്‍ ഇനിയും സഹായമാവശ്യമാണെങ്കില്‍ ലഭിക്കും എന്നത് തീര്‍ച്ച. ഇതിന് കേരള സര്‍ക്കാര്‍ ഇതുവരെയും തയ്യാറാകാത്തതിനാലാണ് ദുരിതാശ്വാസ നിധിയിലെ ക്രമക്കേടുകള്‍ എന്ന സംശയം ജനിപ്പിക്കുന്നതും ഇതിനോട് ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് സത്യമല്ലെങ്കിലും പ്രചാരം ലഭിക്കുന്നതും.

ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടതുപോലും പൂര്‍ണ്ണമായ പഠനമല്ല. കേന്ദ്ര സഹായം പൂര്‍ണ്ണമായും ലഭിച്ചില്ലെങ്കിലും കേരളത്തിന്റ കേന്ദ്ര മന്ത്രിസഭാ പ്രതിനിധി മൗനം പാലിച്ചാലും കേരള സര്‍ക്കാരിന്റെ ഇച്ഛാശക്തിയോടൊപ്പം സുതാര്യതയുമുണ്ടെങ്കില്‍ വയനാടിന്റേത് എന്നല്ല ഏത് ദുരിത മേഖലകളുടേയും വീണ്ടെടുക്കലിന് ജനം കൂടെയുണ്ടാവും.

കേന്ദ്ര ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് ലഭിക്കുന്ന തുക ശരിയായ പുനരധിവാസത്തിന് പര്യാപ്തമോ പരിഹാരമോ അല്ല എന്നത് സത്യമാണ്. ഒരു കുടുംബത്തിന്റെ ആശ്രയമായൊരാള്‍ ഇല്ലാതാകുമ്പോള്‍ നാല് ലക്ഷം രൂപ മരണാനന്തര സഹായമായി ലഭിക്കുന്നത് ആ കുടുംബത്തിന് അത്താണിയാകുന്നില്ല എന്ന് എന്തേ ഇനിയും തിരിച്ചറിയാത്തത്?

പൂര്‍ണ്ണമായും തകര്‍ന്ന ഭവനത്തിന് ലഭിക്കുന്ന ഒന്നര ലക്ഷം രൂപ കേരളത്തില്‍ ഒരു ഭവന നിര്‍മ്മാണത്തിന് അപര്യാപ്തമാണ് എന്ന് എന്തേ മനസിലാക്കാത്തത്? ലക്ഷങ്ങള്‍ ശമ്പളമായി ലഭിക്കുന്ന ഭരണകര്‍ത്താക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സാധാരണ ജനത്തിന്റെ ജീവിത നിലവാരങ്ങള്‍ തിരിച്ചറിയുന്ന അളവുകോലുകള്‍ ഇല്ലാതാവുന്നു. ദുരിതാശ്വാസത്തിനായുള്ള തുകകളുടെ മാനദണ്ഡങ്ങള്‍ സാഹചര്യധിഷ്ഠിതമായും വസ്തുനിഷ്ഠമായും പുനഃക്രമീകരിക്കേണ്ടത് ആവശ്യമാണ്.

സഭയും ഇവിടെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. രൂപതകള്‍വഴി ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്തു ദുരിതാശ്വാസത്തിന് സമര്‍പ്പിച്ച പണത്തിന്റെ തുകയും അവ ചെലവഴിക്കപ്പെടുന്ന വഴികളും കൃത്യമായി അറിയിക്കാന്‍ സഭാധികാരികളും ബാധ്യതപ്പെട്ടിരിക്കുന്നു.

ദുരന്തമേഖലകളും ദുരിതാശ്വാസനിധികളും വീണ്ടും വീണ്ടും ചര്‍ച്ചയാവുന്നത് ഖേദകരമാണ്. കാര്‍ഗില്‍ യുദ്ധാനന്തരം ശവപ്പെട്ടി കുംഭകോണ ആരോപണമുയര്‍ന്നപ്പോള്‍ പ്രതിരോധ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ കക്ഷികള്‍ ധീര ജവാന്‍മാരുടെ മഹത്ത്വത്തിനും അന്തസിനും ഈ അഴിമതി കളങ്കം ചാര്‍ത്തുന്നു എന്നാണ് ആരോപിച്ചത്.

മുണ്ടക്കൈയും ചൂരല്‍മലയുമെല്ലാം വീണ്ടും ചര്‍ച്ചയാകുമ്പോഴും ചര്‍ച്ചയാക്കുമ്പോഴും എല്ലാം നഷ്ടപ്പെട്ട് ജീവിതം തിരിച്ചുപിടിക്കാന്‍ കഷ്ടപ്പെടുന്ന അവിടുത്തെ കര്‍ഷകരായ സാധാരണ മനുഷ്യര്‍ക്കും അന്തസ്സും അഭിമാനവും ഉണ്ടെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും മറക്കാതിരിക്കട്ടെ. വേണ്ടത് ആരോപണങ്ങളോ വാര്‍ത്തകളോ അല്ല, ഇച്ഛാശക്തിയും പ്രവര്‍ത്തികളുമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org