തിരുത്തിയെഴുതുന്ന തിരുവെഴുത്തുകള്‍

തിരുത്തിയെഴുതുന്ന തിരുവെഴുത്തുകള്‍

എഴുത്തിന്റെ തലവര അതിന്റെ വിശ്വാസ്യതയാണ്. കഴിഞ്ഞ കുറെകാലമായി തിരുത്തിയെഴുത്തിന്റെ 'തിരു'വെഴുത്തുകളുമായി സ്വയം അപഹാസ്യയായതിന്റെ സമാനതകളില്ലാത്ത ചരിത്രമാണ് പൗരസ്ത്യ തിരുസംഘത്തിന്റേത്.

സീറോ-മലബാര്‍ സഭയില്‍ ആരാധനക്രമ വിവാദം ചരിത്രത്തിലെ അതിനിര്‍ണ്ണായക ഘട്ടത്തിലെത്തി നില്‍ക്കെ മാര്‍ച്ച് 10-ന് തിരുസംഘാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിന് നല്കിയ കത്താണ് വൈരുദ്ധ്യങ്ങളുടെ വിശദാംശങ്ങളാല്‍ വിവാദമായത്.

2021 നവംബറില്‍ റോമില്‍ മാര്‍പാപ്പയുമായി മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ്പ് ആന്റണി കരിയില്‍ നടത്തിയ കൂടിക്കാഴ്ചക്കൊടുവില്‍, ആര്‍ച്ച്ബിഷപ്പ് കരിയിലിന്, മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരി എന്ന നിലയില്‍, അതിരൂപതയിലെ അജപാലന പ്രതിസന്ധിയുടെ പരിഹാരത്തിനായി വിവേകപൂര്‍വ്വം ഉപയോഗിക്കാന്‍ കാനന്‍ 1538 പ്രകാരമുള്ള ഒഴിവധികാരം നല്കി. എന്നാല്‍ 2022 മാര്‍ച്ച് 10-ന് കാര്‍ഡിനല്‍ സാന്ദ്രി നല്കിയ കത്തില്‍ ഈ അധികാരം പരിമിതപ്പെടുത്തുന്ന വിധത്തിലും മേജര്‍ ആര്‍ച്ച്ബിഷപ്പിനോട് ആലോചിച്ച് മാത്രം അത് നിര്‍വ്വഹിക്കണമെന്ന രീതിയിലും പുതിയ കത്ത് നല്കിയതോടെ, മാറിമറിയുന്ന നിലപാടുകളോടെ ജനമധ്യത്തില്‍ തിരുസംഘം കൂടുതല്‍ പരിഹാസ്യമാകുന്നതാണ് വിശ്വാസികള്‍ കണ്ടത്.

കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി സഭയില്‍ തുടരുന്ന ജനാഭിമുഖ ബലിയര്‍പ്പണ രീതി 2021 ആഗസ്റ്റില്‍ കൂടിയ സിനഡില്‍, ഏകപക്ഷീയമായും അപ്രതീക്ഷിതമായും അവസാനിപ്പിച്ചതോടെയാണ്, ആരാധനക്രമ തര്‍ക്കം വലിയ വിവാദങ്ങള്‍ക്കും ശക്തമായ പ്രക്ഷോഭങ്ങള്‍ക്കും വഴിതെളിച്ചത്. പുതിയ ആരാധനക്രമ ടെക്‌സ്റ്റിന്റെ തയ്യാറെടുപ്പ് വേളയിലുണ്ടായ തുറവിയും പരസ്പരധാരണയും വി. കുര്‍ബാനയിലെ കാര്‍മ്മികന്റെ സ്ഥാനത്തെപ്പറ്റിയുള്ള തീരുമാനത്തിലുണ്ടായില്ലെന്നയാക്ഷേപം അതീവ ഗുരുതരമാണെന്നഭിപ്രായം ചില മെത്രാന്മാര്‍ സിനഡില്‍ ഉന്നയിച്ചിട്ടുപോലും വേണ്ടത്ര ചര്‍ച്ചകളില്ലാതെ അതിവേഗമതവസാനിപ്പിച്ചപ്പോള്‍, വിശ്വാസികളുടെ അമര്‍ഷം തെരുവിലെത്തി. നിരാഹാര സമര പരമ്പരകളിലൂടെ ആശാവഹമല്ലാത്ത അവസ്ഥകളിലേക്ക് വളര്‍ന്ന് ആകെ അല ങ്കോലമായി.

പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗ്ഗമായി ഇതേ കത്തില്‍ തിരുസംഘം നല്കുന്ന നിര്‍ദ്ദേശത്തിനകത്ത് സമവായത്തിന്റെ സൂചനയുണ്ടെന്നതാണ് പ്രധാന വസ്തുത. 'ശരിയായ വിശ്വാസ പരിശീലനത്തിലൂടെ ഏതാനും മാസങ്ങളുടെ സാവകാശമുപയോഗിച്ച് ബലിയര്‍പ്പണത്തിലെ സിനഡ് തീരുമാനത്തിലേക്ക് വിശ്വാസികളെ എത്തിക്കാന്‍ ശ്രമിക്കണ'മെന്നതാണത്. അതിനായി 'സമാധാന പൂര്‍ണ്ണമായ സംഭാഷണങ്ങള്‍ക്കും ആവശ്യമായ അജപാലന ഒരുക്കങ്ങള്‍ക്കും വേണ്ട അന്തരീക്ഷം സൃഷ്ടിക്കാന്‍ തിരുസംഘം പ്രതിജ്ഞാബദ്ധവുമാണ്.'

ഇതേ സമാധാനപരമായ സംഭാഷണങ്ങളുടെ അസാന്നിധ്യമാണ് പ്രശ്‌നങ്ങളെ ഈ വിധം വഷളാക്കിയത് എന്നതാണ് പ്രധാന പ്രശ്‌നവും. സഭയില്‍ വിവിധ രൂപതകളിലെ നൂറുകണക്കിന് വൈദികരും ആയിരക്കണക്കിന് വിശ്വാസികളും തിരുസംഘത്തിലേക്കും സിനഡിലേക്കും നിരന്തരമയച്ച പരാതികള്‍ക്കും പരിദേവനങ്ങള്‍ക്കും ഒരൊറ്റ വരി മറുപടി കൊ ണ്ടുപോലും പരിഹാരമുണ്ടാക്കാന്‍ പരിശ്രമിക്കാതിരുന്നതാണല്ലോ പ്രശ്‌നങ്ങളെ ഈ രീതിയില്‍ ഗുരുതരമാക്കിയത്. അപ്പോഴും 50 വര്‍ഷത്തിലേറെയായിത്തുടരുന്ന ബലിയര്‍പ്പണ രീതിയിലെ പുതിയ മാറ്റം മനസ്സിലാക്കാന്‍ ഏതാനും മാസങ്ങളുടെ മതബോധനം മതിയാകുമോ എന്ന സംശയമുണ്ട്.

സംഭാഷണങ്ങളുടെ സൗഹാര്‍ദ്ദമേശയിലേക്ക് മടങ്ങിയെത്തുക തന്നെയാണ് പരിഹാരം. സിനഡാത്മക സഭയ്ക്കായുള്ള തീര്‍ത്ഥാടന വഴികളില്‍ പരസ്പരമുള്ള ശ്രവണം എത്രയോ പ്രധാനപ്പെട്ടതാണെന്ന് ഫ്രാന്‍സിസ് പാപ്പ സാര്‍വ്വത്രിക സിനഡിന്റെ ഒരുക്കരേഖയില്‍ അഭിപ്രായപ്പെടുന്നുണ്ട്. ''ദൈവത്തെ ശ്രവിക്കുക, അങ്ങനെ അവിടുത്തോടൊപ്പം അവിടുത്തെ ജനത്തിന്റെ നിലവിളികള്‍ക്ക് നാം ചെവി കൊടുക്കുക; അവിടുത്തെ ജനത്തെ ശ്രവിക്കുക; അങ്ങനെ നമ്മെ വിളിച്ച ദൈവത്തിന്റെ ഹിതത്തോട് നാം ചേര്‍ന്നു പോകുന്ന വിധം ആയിത്തീരുക.'' ദൈവഹിതത്തിന് ഏറ്റവും ചേര്‍ന്ന വിധമുള്ള അജപാലനപരമായ തീരുമാനങ്ങള്‍ എടുക്കാനാണ് സിനഡാത്മകതയുടെ പാത പരിശ്രമിക്കുന്നതെന്നാണ് ഒരുക്കരേഖ വ്യക്തമാക്കുന്നത്. ഭൂമിവിവാദത്തെ വിരിയിട്ട് മറയ്ക്കാനായിരുന്നു ലിറ്റര്‍ജിയുടെ അടിയന്തിര പരിഷ്‌ക്കരണമെന്നയാക്ഷേപത്തിന് ഉചിതമായ മറുപടിയാകും സംഭാഷണങ്ങളിലേക്കുള്ള മടക്കം.

ഒരുമിച്ചു നടക്കുന്ന, എല്ലാവരെയും ശ്രവിക്കുന്ന പുതിയ സഭാത്മക സംവിധാനത്തിലേക്ക് സാര്‍വ്വത്രിക സഭ നയിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ അടിച്ചമര്‍ത്തലിന്റെ ആധിപത്യഭാഷണങ്ങള്‍ അടിയന്തിരമായി അവസാനിപ്പിക്കണം. ആജ്ഞകളുടെ അകമ്പടിയില്ലാതെ അനുരഞ്ജനത്തിന്റെ സമവായവഴികളിലേക്ക് സഭാമക്കളെ പ്രവേശിപ്പിക്കാന്‍ നേതൃത്വം ഈ നോമ്പുകാലത്ത് നിലപാടെടുക്കുമോ? ഉയിര്‍പ്പനുഭവം എല്ലാവരുടേതുമാകട്ടെ.

logo
Sathyadeepam Weekly
www.sathyadeepam.org