

ഓക്‌സ്‌ഫോര്‍ഡ് വേര്‍ഡ് ഓഫ് ദ ഇയര്‍ 2025 ആയി തിരഞ്ഞെടുക്കപ്പെട്ട വാക്ക് Rage bait ആണ്. വായനക്കാരനെ അല്ലെങ്കില്‍ പ്രേക്ഷകനെ പ്രകോപിപ്പിച്ച് അവരില്‍ അനിയന്ത്രിതമായ ദേഷ്യമുളവാക്കി അതുവഴി കമന്റുകളും ഷെയറുകളും നേടി ലാഭം കൊയ്യുന്നതിന് പറയുന്ന വാക്ക്. മനുഷ്യരുടെ പ്രകോപിതരാകാനുള്ള സാധ്യതയെ കാശ് ആക്കി മാറ്റുന്ന പരിപാടി. പൊങ്കാലയിടല്‍, ഏയറില്‍ കയറ്റല്‍ എന്നിവയുടെ സാമ്പത്തിക വല്‍ക്കരിക്കപ്പെട്ട രൂപം. ചുരുക്കത്തില്‍, നമ്മുടെ സൈബര്‍ ഇടപെടലുകളെ നിയന്ത്രിക്കുന്ന പ്രധാന വികാരമായി രോഷം മാറിയിരിക്കുന്നു.
ഭാഷാപരമായ കൗതുകത്തേക്കാള്‍ ഉപരി ഈ വാക്ക് ആഗോളതലത്തില്‍ സോഷ്യല്‍ മീഡിയ ഉപഭോഗത്തില്‍ വന്ന മാറ്റത്തെ സൂചിപ്പിക്കുന്നതോടോപ്പം സമകാലിക മനുഷ്യന്റെ ആത്മീയവും സാമൂഹികവുമായ ഒരു ദുര്‍ബലപ്പെടല്‍ കൂടി ഓര്‍മിപ്പിക്കുന്നുണ്ട്.
മനുഷ്യന്റെ സാമാന്യ ബോധത്തെ ഹൈജാക്ക് ചെയ്ത് അവനെ വെറുമൊരു വികാര ജീവി മാത്രമാക്കി മാറ്റുന്ന അല്‍ഗോരിതങ്ങളുടെ പുതിയകാല തടവറകള്‍ കാണുകയാണ് നമ്മള്‍. നിരീക്ഷിക്കാതെ കേള്‍ക്കു ന്നവരും, ചിന്തിക്കാതെ സംസാരിക്കുന്നവരും, അവധാനതയില്ലാതെ പ്രകോപിതരാകുന്നവരും ആകാന്‍ വെമ്പല്‍ കൊള്ളുന്നവര്‍.
അബദ്ധങ്ങള്‍ പറ്റുന്നവരെ ട്രോളിയിരുന്നതായിരുന്നു മുന്‍പ് സമൂഹമാധ്യമങ്ങളുടെ ശീലം. ഇപ്പോള്‍ അത് വെറുപ്പ് സമ്പാദിക്കല്‍, സ്വയം പരിഹസിക്കപ്പെടാന്‍ ആഗ്രഹിച്ചുകൊണ്ട് കണ്ടെന്റുകള്‍ നിര്‍മ്മിക്കല്‍ എന്നിവ ആയി മാറിയിരിക്കുന്നു. സ്‌നേഹം സമ്പാദിക്കുക; പ്രശസ്തി സമ്പാദിക്കുക എന്ന പരമ്പരാഗത ശൈലികള്‍ കീഴ്‌മേല്‍ മറിച്ച്, രോഷം, വെറുപ്പ് സമ്പാദിച്ചു അത് ജീവനോപാധിയാക്കുന്ന കാഴ്ചയാണ്! സ്‌നേഹത്തിനോ സത്യത്തിനോ ശുദ്ധ രസങ്ങള്‍ക്കോ കലകള്‍ക്കോ പുതിയകാല അല്‍ഗോരിതങ്ങളില്‍ എന്‍ഗേജ്‌മെന്റ് വാല്യൂ /റിയാക്ഷന്‍ സൃഷ്ടിക്കാനുള്ള കഴിവ് കുറവ് ആണ്. സ്‌നേഹത്തേക്കാള്‍ വെറുപ്പിന്, പ്രകോപനത്തിന് പൊന്നും വിലയുള്ള ഒരു സംസ്‌കാരം.
സ്വയം അപഹാസ്യരാവുക എന്നതും ഒരു അതിജീവന തന്ത്രമായി മാറിയിരിക്കുന്നു. കുടുംബ പ്രേക്ഷകരുടെ പരമ്പരാഗത, മത ധാര്‍മിക സദാചാരമൂല്യങ്ങളെ മുറിവേല്‍പ്പിക്കുന്ന തരത്തിലുള്ള ശൈലികള്‍, സംഭാഷണങ്ങള്‍, വസ്ത്രധാരണങ്ങള്‍ എന്നിവ അവലംബിക്കുന്ന കണ്ടെന്റുകള്‍ റേജ് ബെയ്റ്റിന്റെ മറ്റൊരു രൂപമാണ്. 'ഇവരെയൊക്കെ ആരു പടച്ചുവിടുന്നു' എന്ന കമന്റ് ഇടാന്‍ തക്ക രീതിയില്‍ വീഡിയോ നിര്‍മ്മിക്കുക ഒരു കലയും സംസ്‌കാരവും ആവുകയാണ്! ഇത്തരം വീഡിയോ ഇറക്കുന്നവര്‍ മാത്രമല്ല അതിനോട് പ്രതികരിക്കുന്ന റോസ്റ്റര്‍ വീഡിയോകള്‍ കൂടി അടങ്ങുന്നതാണ് ഈ ആവാസ വ്യവസ്ഥ. ഒരാള്‍ ബോധപൂര്‍വ്വം പറയുന്ന മണ്ടത്തരം മറ്റൊരാള്‍ക്ക് റിയാക്ഷന്‍ വീഡിയോ ചെയ്യാനുള്ള കണ്ടന്റ് ആവുന്നു. ഫലത്തില്‍ രണ്ടുപേരും രോഷത്തെ വിറ്റു കാശാക്കുകയാണ്. ഇതു തിരിച്ചറിയുന്നതും ഡിജിറ്റല്‍ സാക്ഷരതയാണ്.
കേരളത്തിലെ റേജ് ബെയ്റ്റിന്റെ ഏറ്റവും വലിയ ഇരകളും വേട്ടക്കാരും രൂപപ്പെടുന്നത് ലിംഗ രാഷ്ട്രീയത്തിലാണ്. സ്ത്രീ ശാക്തീകരണത്തെയും പുരോഗമനാശയങ്ങളെയും പ്രകോപനപരമായി തള്ളിപ്പറയുന്ന anti-woke കണ്ടന്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നു. സ്ത്രീവിരുദ്ധമായ പരാമര്‍ശം നടത്തുന്ന പോസ്റ്റുകളും റീലുകളും ബോധപൂര്‍വ്വം നിര്‍മ്മിക്കപ്പെടുന്നു. അതിനെ എതിര്‍ക്കാന്‍ വരുന്നവരുടെ വ്യൂ കൂടി നിര്‍മ്മാതാക്കള്‍ ഉന്നമിടുന്നുണ്ട് എന്നു സാരം. പക്ഷേ ഫലത്തില്‍ ഇത് ഓണ്‍ലൈന്‍ ആണ്‍-പെണ്‍ ചേരിതിരിവ് രൂക്ഷമാക്കുകയാണ്.
രാഷ്ട്രീയ പാര്‍ട്ടികളുടെ സൈബര്‍ വിങ്ങുകള്‍ വസ്തുതകളേക്കാള്‍ വികാരത്തിനു മുന്‍തൂക്കം നല്‍കുന്ന ക്യാപ്‌സൂളുകള്‍ ഇറക്കുന്നത് Rage bait ന്റെ വേറൊരു രൂപമാണ്. എന്നിട്ട് കമന്റ് ബോക്‌സുകളില്‍ ചേരിതിരിവിന്റെ യുദ്ധസമാന സാഹചര്യം ഉണ്ടാക്കി തങ്ങളുടെ ആശയങ്ങള്‍ക്ക്, പോസ്റ്റുകള്‍ക്ക് റീച്ച് വര്‍ധിപ്പിക്കുക. മാധ്യമങ്ങളും എഴുത്തുകാരും ഇതില്‍ ഒട്ടും പിന്നിലല്ല. മനുഷ്യന്റെ സാമാന്യബോധത്തെ ഹൈജാക്ക് ചെയ്ത് അവനെ വെറുമൊരു വികാര ജീവി മാത്രമാക്കി മാറ്റുന്ന അല്‍ഗോരിതങ്ങളുടെ പുതിയകാല തടവറകള്‍ കാണുകയാണ് നമ്മള്‍. നിരീക്ഷിക്കാതെ കേള്‍ക്കുന്നവരും, ചിന്തിക്കാതെ സംസാരിക്കുന്നവരും, അവധാനതയില്ലാതെ പ്രകോപിതരാകുന്നവരും ആകാന്‍ വെമ്പല്‍ കൊള്ളുന്നവര്‍.
മതയിടങ്ങളിലും Rage bait ന് സ്വീകാര്യതയുണ്ട്. വിശ്വാസികളെ 'പ്രകോപിതരാക്കി' അവരില്‍ മതവിശ്വാസം വര്‍ദ്ധിപ്പിക്കുക എന്ന പുതിയ തന്ത്രം. അതിന് മറ്റു മതങ്ങളെ, സമുദായങ്ങളെ, അവരുടെ സംസ്‌കാരങ്ങളെ ഇകഴ്ത്തുന്നതാവാം, അര്‍ദ്ധസത്യങ്ങള്‍ പ്രചരിപ്പിച്ചു ഭയം ഉളവാക്കുന്നതാവാം, തോല്‍പ്പിക്കപ്പെടേണ്ട അപരനെ സൃഷ്ടിച്ച് നേടിയെടുക്കേണ്ട ദൈവത്തെയും സ്വര്‍ഗത്തെയും ഓര്‍മ്മിപ്പിക്കുന്നതാകാം. സൈബറിടങ്ങളില്‍ വഴികള്‍ പലതാണ്. സ്‌നേഹം തന്നെയായ യേശുവിനെ ഏതു വിധേനയും പ്രഘോഷിക്കാന്‍ ശ്രമിക്കുന്നവര്‍! ദ്വേഷവും രോഷവും സ്വര്‍ഗത്തിലേക്കുള്ള വഴി തുറക്കുമോ?
ചുരുക്കത്തില്‍, രോഷത്തിന്റെയും പ്രകോപനത്തിന്റെയും സ്വാഭാവികവല്‍ക്കരണം ആണ് ഇവിടെ നടക്കുന്നത്. ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ അതിസാധാരണമാകുന്നു. നമ്മുടെ ഈഗോയും കപട സദാചാരബോധവും നിരന്തരം പൊട്ടിയൊലിക്കുന്നു. ഫലത്തില്‍ മനുഷ്യനില്‍ അവശേഷിക്കുന്ന സഹാനുഭൂതിയെ ഇത് വറ്റിക്കുന്നു.
ഇവിടെ വസ്തുതകളേക്കാള്‍ വൈകാരികമായി ആളിക്കത്തിക്കുന്ന നുണകള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്നു. ഇത് പുതിയതരം ഭാഷാസംസ്‌കാരങ്ങളിലേക്കാണ് നമ്മളെ നയിക്കുന്നത്. വിര്‍ച്വല്‍ പൊതുവിടങ്ങളില്‍ അടുത്തിടെയുള്ള നമ്മുടെ കമന്റുകളും അഭിപ്രായ അവതരണങ്ങളും നിരീക്ഷിച്ചാല്‍ അത് നമുക്ക് ബോധ്യമാകും. മനസ്സിനെ നിരന്തരം സംഘര്‍ഷങ്ങളില്‍ നിലനിര്‍ത്തേണ്ട സാഹചര്യം ഉണ്ടാവുന്നു. Rage bait തിരിച്ചറിയുകയും അവഗണിക്കുകയും ചെയ്യേണ്ടത് ഡിജിറ്റല്‍ സാക്ഷരതയുടെ അടുത്ത പടിയാണ്.