
ഒടുവില്‍ പുതുപ്പള്ളി മനസ്സു തുറന്നു. 53 വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമി മകന്‍ ചാണ്ടി ഉമ്മന്‍ തന്നെ. വിജയം ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും ഭൂരിപക്ഷത്തിലെ തര്‍ക്കത്തിനായിരുന്നു ഫലപ്രഖ്യാപനം യഥാര്‍ത്ഥത്തില്‍ വിരാമമിട്ടത്. 37,719 വോട്ടിന്റെ ഭൂരിപക്ഷം. പോള്‍ ചെയ്തതിന്റെ 62.35% വോട്ട് നേടിയായിരുന്നു ഉജ്ജ്വലവിജയം.
സ്വന്തം ബൂത്തില്‍പോലും പിന്നോട്ടുപോയ ഇടതുസ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന് കിട്ടിയത് 42,425 വോട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ 12,000 വോട്ടിന്റെ കുറവോടെ, ഇടതിനു ഗണ്യമായ വോട്ട് ചോര്‍ച്ചയുണ്ടായ പ്പോള്‍ ബി ജെ പിക്ക് കെട്ടിവച്ച തുക നഷ്ടപ്പെട്ടു.
സര്‍ക്കാരിന്റെ വിധിയെഴുത്തായി ഉപതിരഞ്ഞെടുപ്പിനെ സമീപിക്കാമെന്ന ആത്മവിശ്വാസത്തോടെയാണ് ഇടതുക്യാമ്പ് തിരഞ്ഞെടുപ്പിനൊരുങ്ങിയത്. ചെറിയ മാര്‍ജിനെങ്കിലും ജയിച്ചു കയറാമെന്ന ചിന്തയാലാകണം മണ്ഡലത്തിലെ വികസന മുരടിപ്പിനെ ചര്‍ച്ചയാക്കിയതും. എന്നാല്‍ ഫലം വന്നപ്പോള്‍ പാര്‍ട്ടി സെക്രട്ടറി വാക്ക് മാറ്റി. തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി സര്‍ക്കാരിനെതിരായ വികാര പ്രകടനമോ താക്കീതോ അല്ലെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. എങ്കിലും ഇത്രയും വലിയ പരാജയം പാര്‍ട്ടി പ്രതീക്ഷിച്ചില്ലെന്നും സമ്മതിച്ചു.
അഞ്ച് പതിറ്റാണ്ടിലധികം തുടര്‍ച്ചയായി ഒരേ മണ്ഡലത്തിലെ ജനപ്രതിനിധിയെന്ന നിലയില്‍ വിയോഗശേഷവും ഉമ്മന്‍ ചാണ്ടി തന്നെയാണ് പിന്നില്‍ നിന്ന് തിരഞ്ഞെടുപ്പിനെ നയിച്ചതെന്ന് നിസ്സംശയം പറയാം. കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവിനെ രാഷ്ട്രീയ കേരളം നെഞ്ചേറ്റിയതെങ്ങ നെയെന്ന് അദ്ദേഹത്തിന്റെ യാത്രാമൊഴി വേളയില്‍ പുതുപ്പള്ളി വിതുമ്പലോടെ കണ്ടതാണ്. ആ വികാരമത്രയും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക സ്വാഭാവികം. പ്രത്യേകിച്ച് മകന്‍ ചാണ്ടി ഉമ്മന്‍ അദ്ദേഹത്തിന്റെ പാരമ്പര്യത്തെ പ്രതി നിധീകരിച്ച് എത്തുമ്പോള്‍. അപ്പോഴും ഇത്രയും വലിയ ഭൂരിപക്ഷം ഇടതുമുന്നണി പ്രതീക്ഷിച്ചില്ലെന്നത് നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാണ്.
വെറും സഹതാപ തരംഗമായി കണ്ട് ഈ വിജയത്തെ ചെറുതാക്കിയാല്‍ അത് യാഥാര്‍ത്ഥ്യബോധമില്ലാത്ത വിലയിരുത്തലാകുമെന്നുറപ്പാണ്. ധാര്‍ഷ്ട്യ വും നിഷേധാത്മകതയും കൊടിയടയാളമാക്കിയ ഇടതുപാര്‍ട്ടിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാഷ്ട്രീയ ഭേദമെന്യേ പുതുപ്പള്ളിക്കാര്‍ ഒരുമിച്ചെത്തിയപ്പോള്‍ ചെങ്കൊടി താഴ്ന്നതാണെന്ന് നേതാക്കള്‍ സമ്മതിച്ചു തുടങ്ങുന്നിടത്താണ് ഈ ആഘാതവിധിയുടെ ശരിയായ വിലയിരുത്തല്‍ ആരംഭിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ ജനപക്ഷത്തല്ലെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിട്ടും, അഴിമതി ആരോപണ നിഴലില്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ നിരവധി തവണ നാണംകെട്ട് നിന്നപ്പോഴും പതിവു ന്യായീകരണത്തൊഴിലാളികളെ ഇറക്കി അതൊക്കെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളെ പാര്‍ട്ടി അണികള്‍ പോലും പിന്തുണച്ചില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് ഇടതുക്യാമ്പിലെ ഗണ്യമായ വോട്ട് ചോര്‍ച്ച.
പ്രളയം, കോവിഡ് പോലുള്ള അപ്രതീക്ഷിതാഘാതങ്ങളെ ജനങ്ങളോടൊപ്പം നിന്ന് നേരിട്ടതിന്റെ നല്ല ഫലമായിരുന്നു ഭരണത്തുടര്‍ച്ച. എന്നാല്‍ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കു പോലും നേരിട്ട് പങ്കുള്ള അഴിമതിയാരോപണങ്ങള്‍ തുടര്‍ച്ചയായി ഉയരുമ്പോഴും അതിനൊന്നും മറുപടി നല്കാതെ അവഗണിച്ചൊഴിയുന്ന മുഖ്യമന്ത്രി ആറു മാസമായി പത്രക്കാരെ കണ്ടിട്ടില്ലെന്ന് പോളിംഗ് ബൂത്തിലെത്തിയപ്പോള്‍ ജനം ഓര്‍മ്മിച്ചു; അവര്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ മറുപടികള്‍, പ്രതികരിക്കില്ലെന്നുറപ്പുള്ള പാര്‍ട്ടി യോഗങ്ങളിലും പൊതുസമ്മേളനങ്ങളിലും മാത്രമായൊതുങ്ങിയപ്പോള്‍, അനുയോജ്യമായ അവസരം നോക്കി ജനം നല്കിയ മറുപടിയാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചക്കഞ്ഞി മുടക്കിയവര്‍ക്ക് ക്ഷേമപദ്ധതികളെക്കുറിച്ച് പറയാന്‍ അവകാശമില്ലെന്ന് ജനം തീരുമാനിച്ചു. മുദ്രാവാക്യവിളികളെ പൊലീസ് തൊപ്പിവച്ച് മറയ്ക്കുന്നവര്‍ക്ക് പൗരാവകാശങ്ങളെക്കുറിച്ച് പറയാനാകില്ലെന്നും.
വിയോജിക്കുന്നവര്‍ക്കും വിമര്‍ശിക്കുന്നവര്‍ക്കുമെതിരെ ഭരണഘടനാ സംവിധാനങ്ങളെ മര്‍ദകോപകരണമാക്കുന്ന മോദിയില്‍ നിന്നും താനും വ്യത്യസ്തനല്ലെന്നു പിണറായിയും തെളിയിച്ചു. അവിടെ E D എങ്കില്‍ ഇവിടെ ഇന്റലിജന്റ്‌സ് എന്ന വ്യത്യാസം മാത്രം. കോടതിയില്‍ അനുകൂല വിധിയുടെ കൂലിയെഴുത്തുകാരെ വിരമിച്ചശേഷം ഭരണഘടനാ പദവിയില്‍ തുടരാന്‍ അനുവദിക്കുന്നതില്‍ രണ്ടു പേരും മത്സരിച്ചു. വിലക്കയറ്റത്തെക്കുറിച്ചും ഇന്ധനനികുതി സര്‍ചാര്‍ജിനെക്കുറിച്ചും പരാതിപ്പെട്ടവരോട് കേരളത്തിലാണ് ഏറ്റവും വിലക്കുറവെന്ന് പരിഹസിച്ചു. തുടര്‍ച്ചയായ കടമെടുപ്പിനെ സുസ്ഥിര വികസനനയമെന്ന് വിശദീകരിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതു പോലും വലിയ വാര്‍ത്തയാകുവോളം സംസ്ഥാനത്തിന്റെ സാമ്പത്തിക നില തകര്‍ന്നു. ഇതിനെല്ലാം കേന്ദ്രത്തെ കുറ്റപ്പെടുത്തി കൈയ്യൊഴിഞ്ഞു. ചെലവു ചുരുക്കണമെന്ന് ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാര്‍ ആഡംബരങ്ങളെ അവഗണിച്ചു. ചാണ്ടി ഉമ്മന്റെ ഊജ്ജ്വലവിജയം സഹതാപവോട്ടിന്റെ ബലത്താലെന്ന് സര്‍ക്കാര്‍ ഇനിയും കുരുതുന്നുവെങ്കില്‍ സഹതാപം, നിരന്തരം ജനകീയ പ്രശ്‌നങ്ങളെ അവഗണിക്കുന്ന സര്‍ക്കാരിനോടാണെന്ന് ആരാണവര്‍ക്ക് പറഞ്ഞുകൊടുക്കുക?
കെട്ടിവച്ച കാശു പോയ ബി ജെ പി തിരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്നുതന്നെ അപ്രത്യക്ഷമായി. മോദി പറയുന്ന വികസനം നാട്ടില്‍ കാണുന്നില്ലെന്ന് പറഞ്ഞ് ജനം അവരെ വീട്ടിലിരുത്തി. വര്‍ഗീയതയും വിഭാഗീയതയും കേരളത്തില്‍ ഇനിയും വോട്ടാകില്ലെന്ന് പുതുപ്പള്ളി ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞു. 'സനാതന ധര്‍മ്മമല്ല', സമഭാവനയുടെ കര്‍മ്മമാണ് ഭാരതീയ പാരമ്പര്യമെന്ന്, പദ്ധതികളെ പേരുമാറ്റി സ്വന്തമാക്കുന്ന ബി ജെ പി ഇനിയും തിരിച്ചറിയുമോ?
തിരഞ്ഞെടുപ്പു വിജയം കോണ്‍ഗ്രസിനെയും ചിലത് പഠിപ്പിക്കുന്നുണ്ട്. ഒരുമയോടെ ഒന്നിച്ചാല്‍ ഇനിയും വിജയിക്കാം, അധികാരത്തിലേക്ക് മടങ്ങിയെത്താം. ഇലക്ഷനുശേഷം 'ചിലത് പറയാനൊരുങ്ങുന്നവരുടേതാണ്' പാര്‍ട്ടി യും നേതൃത്വവുമെങ്കില്‍ പുതുപ്പള്ളി വിജയം മറന്നേക്കണം.
പുതുപ്പള്ളി ഒരു പാഠപുസ്തകമാണ്. ജനത്തെ മറന്നവരെ ജനം വെറുക്കും എന്നതാണ് പ്രഥമ പാഠം. പ്രതിപക്ഷത്തിന് പ്രതീക്ഷയോടെ പ്രവര്‍ത്തിക്കാമെന്നും അപ്പോഴും വര്‍ഗീയതയ്ക്കിവിടെ വേരില്ല എന്നതുമാണ് മറ്റൊരു പാഠം. ഒപ്പം P R വര്‍ക്കല്ല ഭരണമെന്നും.