

ബീഹാറിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഒരു കോടി 40 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പതിനായിരം രൂപ വീതം മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിക്ഷേപിച്ചത്. ആകെ ബീഹാറിലെ വോട്ടര്‍മാര്‍ ഏഴര കോടിയാണ്. അതില്‍ ഒന്നരക്കോടി ജനങ്ങളുടെ വീട്ടിലേക്ക് പതിനായിരം രൂപ വീതം! ഒന്നരക്കോടി സ്ത്രീകള്‍ എന്നത് അവരുടെ ഭര്‍ത്താക്കന്മാര്‍, മക്കള്‍ തുടങ്ങി ചുരുങ്ങിയത് നാല് കോടി പേരിലേക്ക് ഉയരും. ഏഴര കോടി ജനങ്ങളില്‍ നാലു കോടി ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പിനു മുന്‍പ് സര്‍ക്കാരിന്റെ സമ്മാനം! ബീഹാറിന്റെ പൊതു കടം രണ്ടു ലക്ഷത്തി അറുപത്തി ആറായിരം കോടി രൂപ. ഈ ബാധ്യതകള്‍ക്കിടയില്‍ ആണ് പതിനായിരം രൂപ വീതം! സംസ്ഥാന സര്‍ക്കാര്‍ വഴി 2500 കോടി. നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സ് നടത്തി തിരഞ്ഞെടുപ്പിനു മുമ്പ് ബീഹാറിന് വാഗ്ദാനം ചെയ്തത് 7500 കോടി രൂപ. പണം കൊടുത്ത് മതം മാറ്റുന്നു എന്ന് ആക്ഷേപി ക്കുന്നവര്‍ക്ക്; അതിനെതിരെ നിയമം പാസാക്കുന്നവര്‍ക്ക്; പണം കൊടുത്ത് ജനങ്ങളുടെ അഭിപ്രായങ്ങളെ സ്വാധീനിക്കുന്നതില്‍ തെറ്റ് കാണാന്‍ സാധിക്കുന്നില്ല!
തിരഞ്ഞെടുപ്പിന് മുമ്പേ തിരഞ്ഞെടുപ്പ് ജയിക്കുന്ന ജനപ്രിയ സൗജന്യ വാഗ്ദാനങ്ങളുടെ രാഷ്ട്രീയമാണ് (freebie politics) ഇന്ത്യ ഏറ്റവും ഒടുവില്‍ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ കണ്ടത്. നിതീഷ് കുമാറിന്റെ വിജയത്തില്‍ പണത്തിന്/ സൗജന്യങ്ങള്‍ക്ക് പങ്കുണ്ട്.
2006 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി എം കെ നേതാവ് കരുണാനിധിയാണ് സൗജന്യങ്ങളുടെ രാഷ്ട്രീയം ഗൗരവമായി പരീക്ഷിച്ചത്. എല്ലാ കുടുംബങ്ങളിലും കളര്‍ ടെലിവിഷന്‍ ആയിരുന്നു പ്രധാന വാഗ്ദാനം. 160 സീറ്റുകള്‍ നേടാന്‍ സാധിച്ചു. 2011-ല്‍ കരുണാനിധിയെക്കാള്‍ നന്നായി ജയലളിത അത് ഏറ്റെടുത്തു. മിക്‌സിയും കേബിള്‍ കണക്ഷനും തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍, 203 സീറ്റ് സ്വന്തം. 2016-ല്‍ ഡല്‍ഹി പരിസരത്ത് ആം ആദ്മി പാര്‍ട്ടിയിലേക്ക് എത്തിയപ്പോള്‍ അത് സൗജന്യ വൈദ്യുതിയും വെള്ളവും സ്ത്രീകള്‍ക്കുള്ള സൗജന്യ പൊതുഗതാഗതവും ആയി. സൗജന്യങ്ങളുടെ രാഷ്ട്രീയത്തോട് പൊതുവെ അറച്ചു നിന്ന ബി ജെ പി 2022-ല്‍ ഉത്തര്‍പ്രദേശില്‍ എത്തിയപ്പോള്‍ കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതിയും പെണ്‍കുട്ടികള്‍ക്ക് സ്‌കൂട്ടറും വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പും കുടുംബത്തിന് സൗജന്യ ഗ്യാസ് കുറ്റികളുമായി കളം നിറഞ്ഞു. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശില്‍ എത്തിയപ്പോള്‍ 1500 രൂപ വീതം എല്ലാ മാസവും സ്ത്രീകളുടെ അക്കൗണ്ടി ലേക്ക് (ladki bahan yojana) വീഴുന്ന വരുമാന പരിപാടിയായി അതു മാറി. പിണറായി സര്‍ക്കാരും സൗജന്യങ്ങള്‍ നല്‍കുന്നതില്‍ ഒട്ടും പിറകിലല്ല. പരീക്ഷിച്ചവര്‍ക്കെല്ലാം സൗജന്യങ്ങളുടെ രാഷ്ട്രീയം വന്‍ വിജയം കൊണ്ടുവന്നു.
പൗരന് ലഭിക്കേണ്ട അവകാശങ്ങളെ സൗജന്യങ്ങളുടെ പാത്രത്തില്‍ കൈപ്പറ്റേണ്ടി വരുമ്പോള്‍, വോട്ടുകള്‍ പണം സമ്മാനമായി നല്‍കി വാങ്ങുന്ന സര്‍ക്കാരുകള്‍ ഉണ്ടാകുമ്പോള്‍ ക്ഷീണിക്കുന്നത് ജനാധിപത്യമാണ്.
ഇത്തരം സൗജന്യങ്ങളെ 'വെല്‍ഫെയര്‍ സ്‌കീമുകള്‍' എന്ന് പേരിട്ടു വിളിക്കുന്നവരുണ്ട്. അതില്‍ എന്തെങ്കിലും കാര്യമുണ്ടോ? ക്ഷേമ പദ്ധതികള്‍ യഥാര്‍ഥത്തില്‍ ഉദ്ദേശിക്കുന്നത് സാമൂഹിക നീതി ഉറപ്പാക്കുക എന്നതാണ്. സാമ്പത്തിക അസമത്വം കുറയ്ക്കലാകണം അതിന്റെ ലക്ഷ്യം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് റേഷന്‍, നിര്‍ധനര്‍ക്ക് വിദ്യാഭ്യാസം, അവരുടെ ആരോഗ്യം, അര്‍ഹരായവര്‍ക്ക് ജാഗ്രതയോടെ നല്‍കപ്പെടുന്ന സബ്‌സിഡികള്‍ എന്നിവ സാംസ്‌കാരികമായി ഉയര്‍ന്നുവരുന്ന സമൂഹത്തിന്റെ ലക്ഷണങ്ങളാണ്. ജനപ്രിയ സൗജന്യങ്ങളുടെ രാഷ്ട്രീയത്തില്‍ ഇവ അഭിമുഖീകരിക്കപ്പെടുന്നുണ്ടോ? സാമ്പത്തികനില പരിഗണിക്കാതെ എല്ലാവര്‍ക്കും ഒരുപോലെ നല്‍കുന്നത് ഒരു വൈശിക തന്ത്രം മാത്രമാണ്. ക്ഷേമ പദ്ധതികള്‍ ശാക്തീകരണതിന് ഉപകരിക്കുന്നതാകുമ്പോള്‍ ജനപ്രിയ സൗജന്യങ്ങള്‍ (വോട്ട്) രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമാക്കുന്നു. ക്ഷേമ പദ്ധതികള്‍ ജീവിത നിലവാരം ഉയര്‍ത്തുന്നുവെങ്കില്‍ സൗജന്യങ്ങള്‍ അവരെ ആശ്രിതരാക്കുന്നു. ഇത്തരം സൗജന്യങ്ങള്‍ സാധാരണമാകുമ്പോള്‍ സേവനങ്ങള്‍ക്ക് (വൈദ്യുതി, ജലം, ബസ് യാത്ര) പണം നല്‍കേണ്ടതില്ല എന്ന തെറ്റായ ചിന്താരീതി പോലും ജനങ്ങളിലേക്ക് എത്തിച്ചേരുന്നു.
ഈ സൗജന്യ വാഗ്ദാനങ്ങളുടെ ഭാരം ചുമക്കേണ്ടത് ആരാണ്? സംസ്ഥാന സര്‍ക്കാരുകളോട് സാമ്പത്തിക നില നോക്കി മാത്രമേ സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കാവൂ എന്ന് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ശ്രീലങ്കയുടെ ഉദാഹരണം മുന്‍നിര്‍ത്തി കടുപ്പിച്ചു പറഞ്ഞിട്ട് ഒരു വര്‍ഷമായില്ല. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ കൂടി ഒപ്പം ചേര്‍ന്നാണ് ഈ സമ്മാനപ്പൊതി വിതരണം. വന്‍തോതില്‍ സൗജന്യങ്ങള്‍ നല്‍കുന്ന സംസ്ഥാനങ്ങള്‍ക്ക് വന്‍തോതില്‍ തന്നെ കടം എടുക്കേണ്ടി വരുന്ന സാഹചര്യവും കൂടെക്കൂടും. പുതിയ നിക്ഷേപകരെ ഇത്തരം കടക്കെണികള്‍ അകറ്റി നിര്‍ത്തും.
ഇത്തരം സൗജന്യങ്ങള്‍ മൂലം ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, റോഡുകള്‍, തുറമുഖങ്ങള്‍, പാലങ്ങള്‍ തുടങ്ങിയ അടിസ്ഥാന വികസനത്തിനുള്ള മൂലധന ചിലവുകള്‍ വെട്ടി ചുരുക്കപ്പെടും. ചുരുക്കത്തില്‍ ഒരു സംസ്ഥാനത്തിന്റെ ദീര്‍ഘകാല വളര്‍ച്ചയുടെ യഥാര്‍ഥ ഉറവിടങ്ങളെ ഇത്തരം സൗജന്യങ്ങള്‍ ഇല്ലാതാക്കും. വരുന്ന തലമുറയുടെ ഭാവി കവര്‍ന്നുകൊണ്ടുള്ള ഇത്തരം സൗജന്യങ്ങള്‍ കൊണ്ട് തൃപ്തിപ്പെടണമോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്.
സൗജന്യങ്ങള്‍ നല്‍കുമ്പോള്‍ പലപ്പോഴും വിഭവങ്ങളുടെ ഉപയോഗത്തില്‍ നിയന്ത്രണവും ജാഗ്രതയും ഇല്ലാതാകാറുണ്ട്. ഉദാഹരണമായി വൈദ്യുതി, വെള്ളം തുടങ്ങിയവ സൗജന്യങ്ങളാകുമ്പോള്‍ അവ എത്രമാത്രം ശ്രദ്ധയോടെ ഉപയോഗിക്കാന്‍ നമ്മുടെ ജനങ്ങള്‍ തയ്യാറാകും? സാമ്പത്തിക അച്ചടക്കം നഷ്ടപ്പെടുന്നതോടൊപ്പം ഭൂഗര്‍ഭ ജലത്തിന്റെ കുറവ്, പാരിസ്ഥിതിക ദോഷം, വൈദ്യുതി കമ്പനികളുടെ നഷ്ടം എന്നിവയാകും ബാക്കി നില്‍ക്കുക.
പണമോ വസ്തുക്കളോ സൗജന്യമായി നല്‍കുമ്പോള്‍ ജനങ്ങളുടെ കൈയിലെ വാങ്ങല്‍ശേഷി സ്വാഭാവികമായി വര്‍ധിക്കും. ഈ വര്‍ധന അനുസരിച്ച് വിപണിയില്‍ ഉല്‍പാദനത്തിന്റെ അളവ് കൂടുന്നില്ലെങ്കില്‍ അത് പണപ്പെരുപ്പത്തിലേക്ക് നയിക്കും. ഒപ്പം വിപണിയിലെ അമിതമായ ഡിമാന്റുകള്‍ കാരണം അവശ്യസാധനങ്ങളുടെ വില കുതിച്ചുയരാനും സൗജന്യങ്ങള്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ പണം സാധനങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കേണ്ട അവസ്ഥയിലേക്ക് എത്താനും ഇടയാകാം.
ഇത്തരം സൗജന്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ തന്നെ അവ ഉണ്ടാക്കുന്ന കടബാധ്യതകള്‍ എങ്ങനെ നേരിടുമെന്ന് കൂടി ഗവണ്‍മെന്റുകള്‍ പ്രസ്താവിക്കേണ്ടതുണ്ട്. കാരണം ഇവ മറച്ചുവയ്ക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കളെയാണ്. ജനാധിപത്യത്തെ തച്ചു തകര്‍ക്കാന്‍ ഇത്തരം പ്രതിസന്ധികള്‍ ഇടയാക്കും എന്നതിന് നമ്മുടെ അയല്‍രാജ്യ ങ്ങളിലെ സമീപകാല സംഭവങ്ങള്‍ സാക്ഷി. വോട്ടര്‍മാര്‍ക്ക് ഗുണം കിട്ടുന്നുണ്ട് എന്ന ക്ഷണിക ന്യായത്തില്‍ മനസ്സുടക്കി, സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നവര്‍ക്ക് തുടര്‍ ഭരണം നല്‍കി അനുഗ്രഹിക്കുമ്പോള്‍, പൗരന് ലഭിക്കേണ്ട അവകാശങ്ങളെ സൗജന്യങ്ങളുടെ പാത്രത്തില്‍ കൈപ്പറ്റേണ്ടി വരുമ്പോള്‍, വോട്ടുകള്‍ പണം സമ്മാനമായി നല്‍കി വാങ്ങുന്ന സര്‍ക്കാരു കള്‍ ഉണ്ടാകുമ്പോള്‍ ക്ഷീണിക്കുന്നത് ജനാധിപത്യമാണ്.