തുളച്ചത് തല മാത്രമോ?

തുളച്ചത് തല മാത്രമോ?

സ്വത്ത് തര്‍ക്കം ജീവനെടുത്ത ദുരന്തമാണ് കാഞ്ഞിരപ്പള്ളി മണ്ണാറക്കയം ഇരട്ടക്കൊലപാതകം. സ്വന്തം സഹോദരനെയും മാതൃസഹോദരനെയുമാണ് റിയല്‍ എസ്‌റ്റേറ്റ് വ്യാപാരിയായ കരിമ്പനാല്‍ ജോര്‍ജ് കുര്യന്‍ മദ്ധ്യസ്ഥ ചര്‍ച്ചയ്ക്കിടയില്‍ വെടിവെച്ച് കൊന്നത്.

ലൈസന്‍സുള്ള തോക്കില്‍ നിന്നാണ് സഹോദരന്റെയും അമ്മാവന്റെയും തലതുളച്ച് ഉണ്ട പാഞ്ഞതെങ്കിലും സ്വത്തിനും പണത്തിനും വേണ്ടിയുള്ള മനുഷ്യന്റെ അത്യാഗ്രഹത്തിന് യാതൊരു ലൈസന്‍സുമില്ലായെന്ന വസ്തുതയാണ് മലയാളി മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍ വ്യക്തമാകുന്നത്.

രാജ്യത്ത് ഓരോ വര്‍ഷവും പതിനായിരത്തിലേറെപ്പേരാണ് സ്വത്ത്, അതിര്‍ത്തിത്തര്‍ക്കം എന്നിവയുടെ പോരിടങ്ങളില്‍ പൊലിഞ്ഞു തീരുന്നതെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ ഡ്‌സ് ബ്യൂറോയുടെ കണ്ടെത്തല്‍. പരസ്പരം പറഞ്ഞു തീര്‍ക്കാവുന്ന തര്‍ക്കങ്ങള്‍ പോലും കുടപ്പിറപ്പുകളുടെ ചോരവീഴ്ത്തും വിധം വിദ്വേഷത്തിന്റെ പകപ്പെരുക്കത്തിലേക്ക് വളര്‍ന്ന് വഷളാകുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ടതുണ്ട്.

സ്വത്ത് തര്‍ക്കം ചോരക്കളമാക്കിയ ഇരട്ടക്കൊലപാതകത്തെ ഒറ്റപ്പെട്ട സംഭവമായി ഒഴിവാക്കിയാലും അതിനു പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ വലിയ സാമൂഹ്യദുരന്തമായി നമുക്കിടയില്‍ സജീ വമാണെന്ന സത്യം അംഗീകരിക്കണം. ഉയര്‍ന്ന സാക്ഷരതയും സാംസ്‌കാരികാവബോധവും വലിയ സംഭവമായി ആഘോഷി ക്കുന്ന മലയാളികള്‍ക്കിടയിലാണ് വളരുന്ന കുറ്റകൃത്യങ്ങളും അക്രമവാസനയുമെന്നത് മറക്കരുത്. മയക്കുമരുന്നു കടത്തുന്ന വാര്‍ത്തകള്‍ സര്‍വ്വസാധാരണമാകുമ്പോള്‍ അതിന്റെ ഉപഭോക്താക്കളധികവും നമ്മുടെ തീഷ്ണയുവതയാണെന്ന കാര്യവും ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. പെട്ടെന്ന് പണമുണ്ടാക്കാനുള്ള എളുപ്പവഴിയായി ലഹരിക്കടത്തിന്റെ അനന്തസാധ്യതകള്‍ സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍പോലും പോപ്പുലറാകുമ്പോള്‍ നവകേരളത്തിന്റെ ഭാവി ശോഭനമല്ലെന്ന സത്യം ഭരണാധികാരികള്‍ ഇനിയും ഗൗരവമായി എടുത്തിട്ടുണ്ടോ എന്ന് സംശയിക്കണം.

പണത്തിന്റെ പ്രാമാണ്യത്തിനു മീതെ പലതുമുണ്ടെന്ന പാഠം പുതിയതലമുറയെ പഠിപ്പിക്കും വിധം ധാര്‍മ്മികമൂല്യങ്ങളുടെ വീണ്ടെടുപ്പ് സാമൂഹ്യ ഉത്തരവാദിത്വമായി ഉറപ്പാക്കേണ്ടതുണ്ട്. വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളെ പ്രത്യേക ശാസ്ത്രമായി പഠിപ്പിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ മനുഷ്യമനസ്സുകളെ പോര്‍നിലമാക്കുന്ന പരിപാടികള്‍ അടിയന്തിരമായി അവസാനിപ്പിക്കണം. രാഷ്ട്രീയക്കൊലപാതകങ്ങള്‍ കേരളത്തില്‍ മാത്രമാണെന്ന് മറക്കരുത്. കരുണാര്‍ദ്ര പാഠങ്ങളുെട പരിശീലന കേന്ദ്രങ്ങളാകുമെന്ന് കരുതപ്പെടുന്ന മതബോധന പരിസരങ്ങള്‍ പോലും പുതിയകാലത്ത് അസഹിഷ്ണുതയുടെ ആയുധശാലകളാകുമ്പോള്‍, മൂല്യബോധനത്തിന്റെ അവസാനത്തെ അത്താണിയും അലഭ്യമാകുന്നത് സങ്കടകരമാണ്.

മണ്ണാറക്കയത്ത് കൊന്നവനും കൊല്ലപ്പെട്ടവരും കത്തോലിക്കാ സഭാംഗങ്ങളാണ്. അത്യാര്‍ത്തിക്കെതിരായ സമരമുഖത്ത് വിശ്വാസികള്‍ സജീവമാകുന്ന നോമ്പുകാലത്താണ് ഈ ദാരുണസംഭവമെന്നത് മറ്റൊരു വൈചിത്ര്യവും! നമ്മുടെ വിശ്വാസജീവിതപരിസരങ്ങളെയും കുടുംബബന്ധങ്ങളെയും സുവിശേഷവെളിച്ചത്തില്‍ കുറെക്കൂടി കര്‍ക്കശമായി പരിശോധിക്കാന്‍ ഇത്തരം ദുരന്തങ്ങള്‍ കാരണമാകണം. അനുഷ്ഠാനബദ്ധമല്ലാത്ത ആത്മീയതയെ അടിയന്തിരമായി പരിഗണിക്കാനും മതജീവിതത്തെ മൂല്യജീവിതമായി പരിവര്‍ത്തിക്കാനും വിശ്വാസികളെ പാകപ്പെടുത്തുംവിധം ക്രിസ്താനുഭവം വൈയക്തികവും സഭാജീവിതം കൂട്ടായ്മയുടേതുമായി മാറ്റേണ്ടതുണ്ട്. വിശ്വാസപരിപോഷണത്തെ ആരാധനാക്രമത്തിലെ കര്‍മ്മവിധികളുടെ പരിശീലനം മാത്രമായി പരിമിതപ്പെടുത്തുന്നിടത്തും പ്രശ്‌നമുണ്ട്. കുര്‍ബാന 'കാണാന്‍' പോയി കുര്‍ബാനയാകാന്‍ മറക്കുന്ന വിശ്വാസികള്‍ ബാധ്യതയാകും.

കോവിഡൊരുക്കിയ അന്യവത്ക്കരണം ഉറ്റവരെപോലും അപരിചിതരാക്കിയ കാലം കടന്നുപോവുകയാണ്. പള്ളികളില്‍, ആരാധനകളിലേയ്ക്കും, ആഘോഷങ്ങളിലേയ്ക്കും മാത്രമല്ലാതെ, അപരനോട് അഭിമുഖം നില്‍ക്കാനുള്ള ആന്തരികചോദനകളിലേയ്ക്കും കൂടി നാം മടങ്ങിയെത്തേണ്ടതുണ്ട്. കുടുംബയോഗ മുറ്റങ്ങളില്‍ മുതിര്‍ന്നവരോടൊപ്പം കുട്ടികളും ഒരുമിച്ചിരിക്കുന്ന സൗഹാര്‍ദ്ദസദസ്സുകളും തിരികെയെത്തണം.

അപരന്റെ തലതുളയ്ക്കുന്ന സ്വാര്‍ത്ഥതയുടെ തീയുണ്ടകളെ പായിക്കാതിരിക്കത്തക്കവിധം നമ്മിലെ ആന്തരികമനുഷ്യനെ കുറെക്കൂടി ശക്തിപ്പെടുത്തണം. ആര്‍ത്തിയുടെ അതിക്രമങ്ങള്‍ റഷ്യ-ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ മാത്രമല്ല, നമ്മുടെ വീട്ടകങ്ങളിലുണ്ട്, നമ്മിലും. മറക്കരുത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org