‘തടവറ’ പ്രേഷിതത്വം

‘തടവറ’ പ്രേഷിതത്വം
Published on

നിരുത്തരവാദിത്വം തീര്‍ത്ത നീര്‍ച്ചുഴിയില്‍ നിലതെറ്റിയ നിരാലംബവാര്‍ധക്യത്തിന്റെ തീരാസങ്കടത്തിലേക്കാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് 31-ന് കേരളം കണ്ണു തുറന്നത്. മൂന്നു മക്കളുണ്ടായിട്ടും എണ്‍പതുകാരി സരോജിനിയമ്മ കടന്നുപോയ ഏകാന്തതയും, വേദനയും, രോഗവും പട്ടിണിയും നാടിന്റെ സാമൂഹിക ക്ഷേമ സൂചികാവകാശവാദങ്ങളുടെ പൊള്ളത്തരത്തെ പുറത്തെത്തിച്ചുവെന്നു മാത്രമല്ല, കേരളത്തിന്റെ വയോജനാരോഗ്യ പ്രതിസന്ധിയെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകളെ അത് അനിവാര്യമാക്കുകയും ചെയ്തു.

ആരുമറിയാതെ പുഴുവരിച്ച് കിടന്നത് അനാഥമാതൃത്വം മാത്രമല്ല, ശരാശരി മലയാളിയുടെ മാനസികാരോഗ്യം കൂടിയായിരുന്നു. മുതിര്‍ന്നവരോടുള്ള കരുതലില്‍ നാം ഇപ്പോഴും കാതങ്ങളോളം പിന്നിലാണെന്ന സത്യം ഒരിക്കല്‍ക്കൂടി ദയനീയാംവിധം വെളിവാക്കപ്പെട്ടു.

ചൈന കഴിഞ്ഞാല്‍ ഏറ്റവുമധികം വൃദ്ധജനങ്ങളുള്ള രാജ്യമാണ് നമ്മുടേത്. ഇന്ത്യയില്‍ ഏറ്റവുമധികം വയോജന കേന്ദ്രങ്ങളുള്ള സംസ്ഥാനമാണ് കേരളം. അതിവേഗം പ്രായമേറുന്ന കേരള സമൂഹത്തില്‍ പക്ഷേ മുതിര്‍ന്നവരുടെ ജീവിതനിലവാരം മോശമാണെന്ന 'ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപറ്ററ്റീവ്‌നസ്' തയ്യാറാക്കി നല്കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ നമ്മുടെ കണ്ണു തുറപ്പിക്കണം. പ്രധാനമന്ത്രിയുടെ ഉപദേശക സമിതിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഈ പഠനമെന്നതും കാര്യങ്ങളെ കുറെക്കൂടി ഗൗരവതരമാക്കുന്നുണ്ട്.

10 സംസ്ഥാനങ്ങളില്‍, 60 വയസ്സിനു മുകളില്‍ പ്രായമായവരുടെ ജീവിതനിലവാരത്തില്‍ ഏഴാം സ്ഥാനത്താണ് കേരളം. ആദ്യ സ്ഥാനങ്ങളില്‍ ഹിമാചല്‍ പ്രദേശും ഉത്തരാഖണ്ഡുമാണ്. 2011-ലെ സെന്‍സസ് അനുസരിച്ച് കേരള ജനസംഖ്യയുടെ 12.5% പ്രായമുള്ളവരാണ്. 2036-ല്‍ 60 വയസ്സിനു മുകളിലുള്ളവരുടെ അനുപാതം ഏറ്റവുമധികം കേരളത്തിലായിരിക്കുമെന്നാണ് കണക്കുകള്‍. സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ സുസജ്ജമാണെങ്കിലും പ്രായമായവരില്‍ വലിയൊരു വിഭാഗം പ്രമേഹം, രക്താതിസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളുള്ളവരാണ്. കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ ജനസംഖ്യയുടെ അഞ്ചിലൊന്നും വൃദ്ധജനങ്ങളായി മാറും. 14-ാം പഞ്ചവത്സര പദ്ധതിയുടെ (2022-27) പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍, വയോജന വിഭവ ശേഷിയുടെ ക്രിയാത്മകമായ ക്രമീകരണം കേരളത്തിന്റെ പ്രധാന പരിഗണനയാകണം.

കേരളത്തില്‍ പകുതിയിലേറെ വയോധികരും ഒറ്റയ്ക്കാണ് താമസം. മക്കളുണ്ടെങ്കിലും അവര്‍ മാറി താമസിക്കുന്നവരോ, വിദേശത്ത് കുടിയേറിയവരോ ആയിരിക്കും. പ്രിയപ്പെട്ടവരാല്‍ ഉേപക്ഷിക്കപ്പെട്ടതിനാല്‍ വയോജന കേന്ദ്രങ്ങളില്‍ അഭയം തേടിയിരിക്കുന്നവരും കുറവല്ല. ഈ കോവിഡ് കാലത്ത് എല്ലാം ഓണ്‍ലൈനായപ്പോള്‍ ആവശ്യമരുന്നും ഭക്ഷണവും കിട്ടാതെ എപ്പോഴും ഓഫ്‌ലൈനിലായിരിക്കുന്ന ഇവരില്‍ പലരുടെയും കാര്യം കഠിനമായി തുടരുന്നു. ആധുനിക സാങ്കേതികാഭിരു ചി പരീക്ഷണങ്ങളില്‍ നിരന്തരം തോറ്റു പോകുന്ന മുതിര്‍ന്നവരുടെ വേദനയെ നന്നായി കോറിയിടുന്നുണ്ട്, ഈയിടെ പുറത്തിറങ്ങിയ 'ഹോം' എന്ന സിനിമ. അയല്‍ വാസികളുടെ മേല്‍നോട്ടത്തിനും, വീട്ടുവേലക്കാരുടെ കാരുണ്യത്തിനും വിട്ടുകൊടുത്ത് ജീവിതം മുടന്തി നീങ്ങുമ്പോള്‍ വയോജന വിഭാഗം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ അടിയന്തിര ശ്രദ്ധ അനിവാര്യമാക്കുന്നുണ്ട്.

മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കും പീഡിപ്പിക്കുന്നവര്‍ക്കും നിലവില്‍ മൂന്നു മാസം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. പ്രായം ചെന്നവരെ ഉപേക്ഷിക്കുന്ന മക്കള്‍, കൊച്ചുമക്കള്‍, മരുമക്കള്‍ എന്നിവര്‍ക്ക് 6 മാസം വരെ തടവും 10,000 രൂപ വരെ പിഴയും നല്കുന്ന വ്യവസ്ഥകള്‍ക്ക് ഇതുവരെയും പൂര്‍ണ്ണമായ നിയമ പ്രാബല്യ മായിട്ടുമില്ല. പിഴയും തടവും കര്‍ക്കശമാക്കി മാത്രം വയോജന സുരക്ഷിതത്വം ഉറപ്പാക്കാമെന്ന ചിന്ത പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതാണോ എന്ന ചോദ്യമുണ്ട്.

സഭയുടെ സവിശേഷമായ ജാഗ്രതയും ശ്രദ്ധയും അടിയന്തിരമായി പതിയേണ്ട മേഖല തന്നെയാണ് വയോജന പരിപാലനം. വര്‍ദ്ധിച്ചുവരുന്ന വയോജന പ്രശ്‌ന ങ്ങളെ പ്രത്യേകമായിത്തന്നെ അഭിമുഖീകരിക്കാനുതകുന്ന സ്ഥിരം സംവിധാനം സഭയിലുണ്ടാകണം. കെ.സി.ബി.സി. തലത്തില്‍തന്നെ അതിനായി ഒരു കമ്മീഷനെ ചുമതലപ്പെടുത്തണം. രൂപത/ഇടവക തലത്തില്‍ വയോജന ക്ഷേമമുറപ്പാക്കുന്ന നിയതമായ നയപരിപാടികള്‍ ക്രമീകരിക്കണം. പ്രായമായവരുടെ ജീവിതസാഹചര്യം, ആവശ്യങ്ങള്‍ എന്നിവ മുന്‍നിറുത്തി മുന്‍ഗണനാക്രമത്തിലാകണം പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കേണ്ടത്. ഔദ്യോഗിക ചുമതലകളൊഴിഞ്ഞെങ്കിലും ആരോഗ്യം അനുവദിക്കുമെങ്കില്‍ രൂപത/ഇടവകയുടെ പൊതുധാരയ്ക്കിണങ്ങുന്ന സംഘടന/സ്ഥാപന സംവിധാനങ്ങളില്‍ അവരെ സജീവമാക്കേണ്ടതിലേക്ക് കൃത്യമായ ഡാറ്റ സജ്ജീകരിക്കണം. സ്വത്ത് തര്‍ക്കങ്ങളില്‍ വിഭജിതരായിക്കഴിയുന്ന കുടുംബങ്ങളില്‍ അജപാലകന്റെ ആഭിമുഖ്യത്തോടെയുള്ള ഇടെപടലുകളുണ്ടാകണം. ഈ കെട്ടകാലത്ത് ആരും ഒറ്റയ്ക്കല്ലെന്ന് നിരന്തരം ഉറപ്പു വരുത്തുന്ന സന്ദര്‍ശനം /കൗണ്‍സലിംഗ് പരിപാടികള്‍ സജീവമാക്കണം. സാധിക്കുന്ന ഇടങ്ങളില്‍ മക്കളും മാതാപിതാക്കളും ഒരുമിച്ചായിരിക്കാനുള്ള അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണം. ഒറ്റപ്പെട്ടുപോകുന്ന പ്രായമായവരെയും രോഗികളെയും പരിചരിക്കാനുള്ള പ്രായോഗിക പരിശീലനം സിദ്ധിച്ച വനിതാ സംഘടനാംഗങ്ങളുടെ സജീവസാന്നിദ്ധ്യം ഇടവക തലത്തില്‍ ഉറപ്പാക്കണം. വി. കുര്‍ബാന ഓണ്‍ലൈനിലായി മാറിയ ഈ പുതിയ കാലത്ത് അവരു ടെ ആത്മീയാവശ്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പരിപോഷിപ്പിക്കപ്പെടുന്നുണ്ടെന്ന് വൈദികരും മറ്റുള്ളവരും ഉറപ്പുവരുത്തണം.

'പകല്‍ വീടുകള്‍' നേരത്തെ ഇവരുടെ സാമൂഹികാരോഗ്യത്തെ നന്നായി പിന്തുണച്ചിരുന്നു. പക്ഷെ, കോവിഡ് പശ്ചാത്തലം അത്തരം കൂട്ടായ്മകളെ നിരുത്സാഹപ്പെടുത്തുന്നതിനാല്‍ വയോജനങ്ങള്‍ മിക്കവരും 'ഏകാന്തതടവിലാണ്.' അതിനി ജീവപര്യന്തമാകുമോ എന്ന ആശങ്കയിലാണവര്‍. 'ഞാന്‍ തടവറയിലായിരുന്നു; നിങ്ങള്‍ എന്ന സന്ദര്‍ശിച്ചു'വെന്ന തിരുമൊഴിയുടെ ആശീര്‍വ്വാദം സഭയില്‍ തുടരാന്‍ നമ്മുടെ അജപാലനൗത്സുക്യം അധികദൂരങ്ങളെ (walking extra mile) ഇനിയും അധികമായി അടയാളപ്പെടുത്തണം.

സമൂഹത്തിനെന്നപോലെ സഭയ്ക്കും 'പ്രായമേറുകയാണ്.' പുതിയ തലമുറയെ 'നമുക്കൊപ്പമാക്കാന്‍' നാം ചെയ്യുന്ന കാര്യങ്ങള്‍ അവര്‍ക്ക് മനസ്സിലാകുന്നുണ്ടോ എന്ന് ചിന്തിക്കുന്നത് നല്ലതാണ്. ആരാധനക്രമ വിവാദങ്ങളിലൂടെ സഭയെ വീണ്ടും പുറകോട്ട് നടത്തുമ്പോള്‍ നഷ്ടമാകുന്നത് സഭയുടെ യുവത്വം തന്നെയാണ്. ജനാഭിമുഖം തന്നെ ദൈവാഭിമുഖം എന്ന ചിന്തയില്‍, പല കാരണങ്ങളാല്‍ 'തടവിലാക്കപ്പെട്ടവരെ' നമുക്ക് മോചിപ്പിക്കാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org