അവസാന സാധ്യതയാണ്, സമ്മതിക്കണം

അവസാന സാധ്യതയാണ്, സമ്മതിക്കണം

സീറോ മലബാര്‍ സഭയില്‍, സവിശേഷമായി അതിന്റെ നേതൃ അതിരൂപതയായ എറണാകുളം-അങ്കമാലി അതിരൂപതയില്‍ പ്രശ്‌നങ്ങള്‍ ഇനിയും അവസാനിക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യം സാധാരണ വിശ്വാസികളുടെതായി ഇപ്പോഴും തുടരുമ്പോള്‍, പ്രശ്‌നത്തെ അംഗീകരിച്ചപ്പോള്‍ തന്നെ വൈകിപ്പോയി എന്നതാണ് ആദ്യ മറുപടി. 'ഇവിടെ പ്രശ്‌നമൊന്നുമില്ല' എന്ന നിലപാടിലുറച്ച് സഭാനേതൃത്വം നിന്തരമായി അതവഗണിച്ചൊഴിഞ്ഞതിന്റെ അനന്തര ഫലം തന്നെയാണ് ഇനിയും അവസാനിക്കാത്ത വിവാദങ്ങളുടെ കാര്യവും കാതലും. അപ്പോഴും പ്രശ്‌നം പരിഹരിക്കാനല്ല പ്രശ്‌നക്കാരെ ഇല്ലാതാക്കാനായിരുന്നു സര്‍വശ്രമവും.

ആദ്യമുയര്‍ന്ന ഭൂമി വില്പന വിവാദമായാലും, ഇപ്പോഴും തുടരുന്ന കുര്‍ബാനയര്‍പ്പണത്തര്‍ക്കമാണെങ്കിലും തുടക്കം അതിരൂപതയിലെ വിശ്വാസികളില്‍ നിന്നോ, വൈദിക നേതൃത്വത്തില്‍ നിന്നോ ആയിരുന്നില്ല. 'അതിരൂപതയുടെ സ്ഥലങ്ങള്‍ അനധികൃതമായി കൈമാറിയോ' എന്ന വൈദികരുടെ നൈയാമികമായ ചോദ്യത്തെ ആദ്യം അവഗണിച്ചും പിന്നീട് സൈബര്‍ പോരാളികളെ അണിനിരത്തി പ്രതിരോധിച്ചും സഭാ നേതൃത്വം 'മുന്നേറി'യപ്പോള്‍ അകത്തെ ചര്‍ച്ചകള്‍ പ്രതിഷേധങ്ങളായി പുറത്തെത്തിയതാണെന്ന് ആ വിഷയത്തെ നിഷ്പക്ഷമായി നിരീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാകും. അവസാനിക്കാത്ത കോടതി വ്യവഹാരങ്ങളിലേക്കും വലിയ ഉതപ്പുകളിലേക്കും അത് വഷളായി എന്നത് ചരിത്രം!

വി. കുര്‍ബാനയര്‍പ്പണത്തര്‍ക്കാരംഭവും വൈദികരില്‍ നിന്നോ വിശ്വാസികളില്‍ നിന്നോ ആയിരുന്നില്ല. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പശ്ചാത്തലത്തില്‍ സഭാദര്‍ശനം ദൈവജനോന്മുഖമായി പുതുക്കപ്പെട്ടപ്പോള്‍ അതിന്റെ ചുവടു പിടിച്ച് സ്വാഭാവികമായി ഉരുത്തിരിഞ്ഞെത്തിയ ജനാഭിമുഖ ബലിയര്‍പ്പണത്തെ ആഗോളസഭയോടൊപ്പം ഹൃദയപൂര്‍വം അതിരൂപത ഏറ്റുവാങ്ങിയതാണ്. അതിരൂപതയെ ഒറ്റപ്പെടുത്തും വിധം ഭൂമിവിവാദം മറയ്ക്കാന്‍ കുര്‍ബാനയര്‍പ്പണ തര്‍ക്കത്തെ വീണ്ടും ഉയര്‍ത്തിയവര്‍, നടപടിക്രമങ്ങള്‍ കാറ്റില്‍ പറത്തി അത് കര്‍ക്കശമായി നടപ്പാക്കാന്‍ ശ്രമിച്ചിടത്താണ് പ്രശ്‌നങ്ങളുടെ തുടക്കവും. തീരുമാനം ഐകകണ്‌ഠ്യേന എന്നവകാശപ്പെട്ടവര്‍ പിന്നീട് ലിറ്റര്‍ജി വിഷയത്തില്‍ അതാവശ്യമില്ലെന്ന് തിരുത്തി. രണ്ടു വട്ടം മാര്‍പാപ്പയുടെ കത്ത് സമ്പാദിച്ചതിലൂടെ ആരാധനാക്രമ വിഷയത്തില്‍ സിനഡിന്റെ പരാമാധികാരം വത്തിക്കാന് വിട്ടുകൊടുത്തു കൊണ്ടുള്ള കീഴടങ്ങല്‍ പൂര്‍ണ്ണമാക്കി. സീറോ മലബാര്‍ ഹയരാര്‍ക്കിയുടെ ശതാബ്ദി സ്മരണവേളയില്‍ അതിരൂപതയുടെ ഭരണം തുടര്‍ച്ചയായി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെ കീഴില്‍ തുടരുന്ന സാഹചര്യത്തെ ഒഴിവാക്കാനാകാതെ സഭാ നേതൃത്വവും സിനഡും നിസ്സഹായരാകുമ്പോഴും തര്‍ക്കം തുടങ്ങിവച്ചതിന്റെയും തുടര്‍ന്ന് വത്തിക്കാനോളം വഷളാക്കിയതിന്റെയും വിശ്വാസികളെ രണ്ട് തട്ടില്‍ നിറുത്തി അള്‍ത്താരയവഹേളനത്തോളം ഗുരുതരമാക്കിയതിന്റെയും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനാകുന്നതെങ്ങനെയാണ്?

1986 ല്‍ ഭാഗ്യസ്മരണാര്‍ഹനായ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ കേരള സന്ദര്‍ശനവേളയില്‍ ''തിടുക്കത്തില്‍ തയ്യാറാക്കപ്പെട്ട'' പുനരുദ്ധരിക്കപ്പെട്ട വി. കുര്‍ബാനയുടെ ഉദ്ഘാടന വേദി മുതല്‍ കോവിഡ് കാലത്തെ ഓണ്‍ലൈന്‍ സിനഡില്‍ വച്ച് മാര്‍പാപ്പയുടെ മുന്‍കൂര്‍ അംഗീകാരമുണ്ടെന്ന 'വിശുദ്ധ (അ)ന്യായ'ത്തിലൂടെ ഏകപക്ഷീയമായി നടപ്പാക്കാന്‍ ശ്രമിച്ചതുവരെയുള്ള കല്‍ദായവല്‍ക്കരണത്തിന്റെ 'പിന്‍വാതില്‍ പ്രവേശനചരിത്രം' എല്ലാവര്‍ക്കും മനസ്സിലായപ്പോള്‍ സംഭവിച്ചതാണ് സമകാലിക സഭാ പ്രതിസന്ധി.

ഭൂമി വിവാദത്തിന്റെ പ്രഭവകേന്ദ്രമായ കര്‍ദിനാളും വി. കുര്‍ബാനയര്‍പ്പണതര്‍ക്കം തെരുവുയുദ്ധമോളമെത്താനിടയാക്കിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററും രാജിവച്ചൊഴിഞ്ഞ, മാറിയ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് അനുരഞ്ജനത്തിന്റെ സമവായ ഭാഷയില്‍ സംസാരിക്കാന്‍ ജനുവരി 8-ന് ആരംഭിക്കുന്ന സിനഡിനായാല്‍ പ്രശ്‌നപരിഹാരവഴിയില്‍ അത് നിര്‍ണ്ണായകമാകും.

ലിറ്റര്‍ജി തര്‍ക്കം തുടരുമ്പോള്‍ തന്നെ സീറോ മലബാര്‍ സഭയുടെ ആസ്ഥാന അതിരൂപതയെന്ന ഉത്തരവാദിത്വവും അതുളവാക്കുന്ന ബാധ്യതയും ഏറ്റെടുക്കാന്‍ എറണാകുളം-അങ്കമാലിക്ക് കഴിയും എന്നതാണ് സത്യം. കാരണം, ആ വഴിയിലെ അതിപ്രധാന നീക്കമായിരുന്നു, പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ചുബിഷപ്പ് സിറിള്‍ വാസിലുമായി അതിരൂപത പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചകളും കൂട്ടായി എത്തിച്ചേര്‍ന്ന ധാരണകളും. മേജര്‍ ആര്‍ച്ചുബിഷപ്പുള്‍പ്പെടെ സഭയിലെ മെത്രാന്മാര്‍ക്ക് അതിരൂപതയിലെവിടെയും ഏകീകൃത ബലിയര്‍പ്പിക്കാന്‍ അവസരമൊരുക്കുന്ന വിധത്തില്‍ തന്നെയാണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. അതിലെ ധാരണകളെ സിനഡില്‍ സാധൂകരിക്കുക മാത്രമാണ് പരിഹാരം.

ജനാഭിമുഖ ബലിയര്‍പ്പണത്തെ ഇല്ലിസിറ്റായി പ്രഖ്യാപിച്ചതിനും, ഏറ്റവും ഒടുവില്‍ മാര്‍പാപ്പയുടെ വീഡിയോ സന്ദേശം വന്നതിനുശേഷവും അതിരൂപതയിലെ ബഹുഭൂരിപക്ഷം വിശ്വാസികളും, വൈദികരും ജനാഭിമുഖ ബലിയര്‍പ്പണത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നുവെന്ന സവിശേഷമായ സാഹചര്യം അവഗണിക്കപ്പെട്ടുകൂടാ. പാപ്പായുടെ ആഹ്വാനമനുസരിച്ച് ക്രിസ്മസ് നാളില്‍ അതിരൂപതയിലെ ദേവാലയങ്ങളില്‍ ഏകീകൃത ബലിയര്‍പ്പിച്ചുവെന്ന വസ്തുത പ്രശ്‌നപരിഹാരവഴിയിലെ അതിപ്രധാന ചുവടായി കാണുകയും വേണം. ഏകീകൃത കുര്‍ബാനയോടൊപ്പം ജനാഭിമുഖ ബലിയും അര്‍പ്പിക്കാനുള്ള ഐഛികാവകാശം സഭയിലെ മെത്രാന്മാര്‍ക്ക് നല്കിയാല്‍പോലും സഭയിലെയും അതിരൂപതയിലെയും ഇപ്പോഴത്തെ പ്രതിസന്ധി വലിയ ഒരളവില്‍ അവസാനിക്കും എന്നുറപ്പാണ്. സഭയിലെ വൈവിധ്യത്തിന്റെ സൗന്ദര്യത്തെ സവിശേഷമായി സാക്ഷാത്കരിക്കാനുള്ള സുവിശേഷ സാധ്യതയായി ഈ ഐഛികങ്ങളെ സ്വീകരിക്കുകയാണ് വേണ്ടത്.

വി. കുര്‍ബാന അര്‍ത്ഥവത്തായി ആഘോഷിക്കാനുള്ള വിശ്വാസികളുടെ അവകാശത്തെ കേവലം നിയമപ്രശ്‌നമുന്നയിച്ച് നിരര്‍ത്ഥകമാക്കരുത്. അനാവശ്യതര്‍ക്കമുന്നയിച്ച് പള്ളികള്‍ പൂട്ടിയിടുന്ന സാഹചര്യം ആര് സൃഷ്ടിച്ചാലും അപകടകരമാണ്. അതിനിയും ആവര്‍ത്തിച്ചുകൂടാ. അത് പരിഹാരമല്ല; പരാക്രമമാണ്. കാരണം അടച്ചിടല്‍ രീതി, അടഞ്ഞ മനസ്സുകളുടേതാണ്.

ജനാഭിമുഖ ബലിയര്‍പ്പണമെന്ന അതിരൂപതമനസ്സ് ഒരിക്കല്‍കൂടി വെളിപ്പെട്ട സാഹചര്യത്തില്‍ അത് ഒഴിവാക്കേണ്ട പ്രശ്‌നമായല്ലാതെ സഭയുടെ വൈവിധ്യസമ്പൂര്‍ണ്ണമായ പാരമ്പര്യ സമൃദ്ധിയോടു ചേര്‍ത്തുനിര്‍ത്തേണ്ട സാധ്യതയായി ബന്ധപ്പെട്ടവര്‍ സ്വീകരിക്കണം. അധികാരത്തെ സ്വേച്ഛയുടെ മര്‍ദകോപാധിയും കലാപാഹ്വാനവുമാക്കാത്ത സഭാധ്യക്ഷനും സംവിധാനവും സഭയില്‍ സംഭവിക്കണം. പുത്തനാണ്ടിലെ പുതിയ സിനഡില്‍ ക്രിസ്തു എല്ലാം പുതുതാക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org