2015 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്ക സന്ദര്‍ശിച്ചു. മറ്റൊരു ഏഷ്യന്‍ രാജ്യമായ ഫിലിപ്പീന്‍സും അതേ പര്യടനപരിപാടിയിലുണ്ടായിരുന്നു. 2017 ല്‍ അയല്‍രാജ്യങ്ങളായ ബംഗ്ലാദേശും മ്യാന്‍മറും സന്ദര്‍ശിച്ചു. ഈ മാസം 2 മുതലുള്ള 12 ദിവസങ്ങളില്‍ അദ്ദേഹം വീണ്ടും തെക്കുകിഴക്കനേഷ്യയില്‍ പര്യടനം നടത്തി. ഇന്തോനേഷ്യ, പാപുവ ന്യൂഗിനിയ, കിഴക്കന്‍ തിമൂര്‍, സിംഗപ്പൂര്‍ എന്നിവയാണ് ആ രാജ്യങ്ങള്‍.
മൂന്നു പര്യടനങ്ങളിലായി ഏഷ്യയിലെ 8 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടും, 87 കാരനായ പാപ്പാ 32,000 കിലോമീറ്ററുകള്‍ ഇന്ത്യന്‍ ആകാശങ്ങളിലൂടെയടക്കം യാത്ര ചെയ്തിട്ടും അദ്ദേഹത്തിന് ഇന്ത്യ ഒഴിവാക്കേണ്ടി വന്നു. ആരാണ് ഇതിന് ഉത്തരവാദി?
12 രൂപതകളിലായി പന്ത്രണ്ടു ലക്ഷം കത്തോലിക്കരാണ് ശ്രീലങ്കയിലുള്ളത്. 8 രൂപതകളിലായി നാലു ലക്ഷമാണ് ബംഗ്ലാദേശിലെ കത്തോലിക്കര്‍. 16 രൂപതകളിലായി ആറര ലക്ഷം കത്തോലിക്കരുള്ള രാഷ്ട്രമാണ് മ്യാന്‍മര്‍. ഇന്തോനേഷ്യയില്‍ 37 രൂപതകളും 80 ലക്ഷം കത്തോലിക്കരുമുണ്ട്. കിഴക്കന്‍ തിമൂര്‍ ഒരു കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണെങ്കിലും ആ കൊച്ചുരാഷ്ട്രത്തിലെ കത്തോലിക്കരുടെ എണ്ണം മൂന്നു രൂപതകളിലായി 11 ലക്ഷം മാത്രമാണ്. സിംഗപ്പൂരില്‍ ഒരു രൂപതയും 3.6 ലക്ഷം കത്തോലിക്കരുമാണുള്ളത്. പാപുവ ന്യൂഗിനിയയില്‍ 19 രൂപതകളിലായി 20 ലക്ഷത്തോളം കത്തോലിക്കരുണ്ട്.
എന്നാല്‍, ഏതാണ്ട് രണ്ടു കോടി കത്തോലിക്കരുള്ള രാജ്യമാണ് ഇന്ത്യ. 174 രൂപതകള്‍, 200 ല്‍ അധികം മെത്രാന്മാര്‍. ബംഗ്ലാദേശിന് ഒരു കാര്‍ഡിനലിനെ നല്‍കിയത് 2015 ല്‍, മ്യാന്‍മറിനു 2016 ല്‍. എന്നാല്‍, ഇന്ത്യയിലെ മുംബൈ ആര്‍ച്ചുബിഷപ്പ് വലേറിയന്‍ ഗ്രേഷ്യസ് 1953 ല്‍ കാര്‍ഡിനലായി. എറണാകുളം ആര്‍ച്ചുബിഷപ്പ് ജോസഫ് പാറേക്കാട്ടില്‍ 1969 ല്‍ കാര്‍ഡിനലായി. പിന്നീട് റാഞ്ചി ആര്‍ച്ചുബിഷപ്പിനും തിരുവനന്തപുരം മലങ്കര മേജര്‍ ആര്‍ച്ചുബിഷപ്പിനും കാര്‍ഡിനല്‍ പദവികള്‍ നല്‍കി. ഇപ്പോള്‍ ഹൈദരാബാദ്, ഗോവ ആര്‍ച്ചുബിഷപ്പുമാരും കാര്‍ഡിനല്‍മാരാണ്. മുംബൈ, എറണാകുളംഅങ്കമാലി അതിരൂപതകളില്‍ അഞ്ചു ലക്ഷത്തിലേറെ കത്തോലിക്കരുണ്ട്. സിംഗപ്പൂരിലെ ആകെ കത്തോലിക്കരേക്കാള്‍ കൂടുതല്‍ കത്തോലിക്കരുള്ള രൂപതകള്‍ ഇന്ത്യയില്‍ പത്തെണ്ണമെങ്കിലുമുണ്ട്. ഇന്ത്യയിലെ ജനസംഖ്യയില്‍ ന്യൂനപക്ഷമാണെങ്കിലും ഇന്ത്യന്‍ കത്തോലിക്കാസഭ വലിപ്പത്തില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഫിലിപ്പൈന്‍സ് കഴിഞ്ഞാല്‍ ഏറ്റവും വലുതാണ്. ആദ്യനൂറ്റാണ്ടു മുതല്‍ ക്രൈസ്തവസാന്നിധ്യമുള്ള ഇന്ത്യ, രണ്ടു പൗരസ്ത്യകത്തോലിക്കാസഭകളുടെ ആസ്ഥാനവുമാണ്. ലോകത്തിലെ ഏറ്റവുമധികം ജനങ്ങളുള്ള രണ്ടാമത്തെ രാഷ്ട്രം, ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം, ഏറ്റവും പൗരാണികമായ മതസംസ്‌കാരങ്ങളുള്ള രാഷ്ട്രം എന്നിങ്ങനെയുള്ള പ്രസക്തികള്‍ വേറെയും. എന്നിട്ടും ഇന്ത്യ സന്ദര്‍ശിക്കാന്‍ ഇന്നുവരെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു സാധിച്ചില്ല. മൂന്നു പര്യടനങ്ങളിലായി ഏഷ്യയിലെ 8 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടും, 87 കാരനായ പാപ്പാ 32,000 കിലോമീറ്ററുകള്‍ ഇന്ത്യന്‍ ആകാശങ്ങളിലൂടെയടക്കം യാത്ര ചെയ്തിട്ടും അദ്ദേഹത്തിന് ഇന്ത്യ ഒഴിവാക്കേണ്ടി വന്നു. ആരാണ് ഇതിന് ഉത്തരവാദി?
2013 ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പത്രോസിന്റെ സിംഹാസനത്തിലെത്തിയത്. 2014 ല്‍ ഇന്ത്യയില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരം പിടിച്ചു. ഭൂരിപക്ഷവര്‍ഗീയതയും ന്യൂനപക്ഷവിരുദ്ധതയും ജനാധിപത്യധ്വംസനവും ഭരണഘടനാത്തകര്‍ച്ചയും തങ്ങളുടെ മാര്‍ഗമായും ലക്ഷ്യമായും ഉപയോഗിക്കുന്ന ആ ഭരണകൂടം തുടര്‍ച്ചയായ മൂന്നാം വട്ടവും ഇന്ത്യ ഭരിക്കുന്നു. മാര്‍പാപ്പയുടെ ഇന്ത്യന്‍ സന്ദര്‍ശനം യാഥാര്‍ത്ഥ്യമാകാത്തതിന്റെ ഏറ്റവും അടിസ്ഥാനപരമായ കാരണവും മറ്റൊന്നല്ല.
പാവപ്പെട്ടവരോടുള്ള സവിശേഷമായ കരുതലാണ് ഫ്രാന്‍സിസ് പാപ്പയുടെ മുഖമുദ്രകളില്‍ പ്രധാനം. ദരിദ്രരെ വീണ്ടും ദരിദ്രരാക്കുകയും സമ്പന്നരെ അതിസമ്പന്നരാക്കുകയും ചെയ്യുന്ന നയ പരിപാടികളെ പാപ്പ എതിര്‍ക്കുന്നു. ഭൂമിയെന്ന പൊതുഭവനത്തെ ഭാവിതലമുറകള്‍ക്കു ജീവിതയോഗ്യമായി കൈമാറുന്നതിനുള്ള പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ഊന്നലേകുന്നു. മതവംശവിഭാഗീയതകള്‍ക്കതീതമായ മനുഷ്യമഹത്വത്തെ പ്രഘോഷിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കും കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും സമ്പൂര്‍ണ്ണപൗരാവകാശങ്ങളോടെ ആതിഥ്യമരുളണമെന്ന് ഉപദേശിക്കുന്നു. സന്ദേഹത്തിനിടം കൊടുക്കാത്തവിധം ഈ സന്ദേശങ്ങള്‍ പരത്തിക്കൊണ്ടുള്ളതാണ് പാപ്പയുടെ പര്യടനങ്ങള്‍.
അത് ഇന്ത്യയിലേക്കു വേണ്ട എന്ന് ഇന്നത്തെ ഇന്ത്യന്‍ അധികാരിവര്‍ഗം കരുതുന്നതു സ്വാഭാവികമെന്നേ പറയേണ്ടു. കോര്‍പ്പറേറ്റുകള്‍ക്കു പാദസേവ ചെയ്യുന്ന, ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന, വംശഹത്യയെ ഉദാസീനമായി നോക്കിനില്‍ക്കുന്ന, ഭരണഘടനാസ്ഥാപനങ്ങളെ വൈരനിര്യാതനത്തിനായി ദുരുപയോഗിക്കുന്ന, മാധ്യമസ്വാതന്ത്ര്യത്തെ വിലയ്‌ക്കെടുക്കുന്ന ഒരു ഭരണകൂടത്തിന് ഈ പാപ്പ സ്വീകാര്യനാകുന്നതെങ്ങനെ?
പക്ഷേ, ഈ സത്യം തിരിച്ചറിയാനും വിളിച്ചു പറയാനും ഇന്ത്യന്‍ കത്തോലിക്കാസഭ തയ്യാറാകണം.
പാപ്പയുടെ പുതിയ ഏഷ്യന്‍ പര്യടനം, ഇസ്തിഖാല്‍ സംയുക്തപ്രഖ്യാപനം കൊണ്ടു തന്നെ വന്‍വിജയമായി മാറിയിട്ടുണ്ട്. ലോകത്തില്‍ ഏറ്റവുമധികം മുസ്ലീങ്ങളുള്ള രാജ്യമായ ഇന്തോനേഷ്യയിലെ ഏറ്റവും ബൃഹത്തായ ഇസ്തിഖാല്‍ മോസ്‌ക് സന്ദര്‍ശിച്ച പാപ്പ, അവിടത്തെ ഗ്രാന്‍ഡ് ഇമാമുമായി ചേര്‍ന്നാണ് മാനവമഹത്വത്തിന് ഊന്നലേകുന്ന രേഖ ഒരുമിച്ചു പുറത്തിറക്കിയത്. 2019 ല്‍, അല്‍ അസര്‍ ഗ്രാന്‍ഡ് ഇമാമുമായി ചേര്‍ന്നു പുറപ്പെടുവിച്ച അബുദാബി സാഹോദര്യപ്രഖ്യാപനം പോലെ ഈ രേഖയും അതിലെ വാക്കുകളും മാനവരാശിയുടെ മുന്നോട്ടേക്കുള്ള പ്രയാണത്തിനു വെളിച്ചം പകരട്ടെ.