പെണ്‍സന്യാസ വിപ്ലവം

പെണ്‍സന്യാസ വിപ്ലവം
Published on

ദാക്ഷായണി വേലായുധന്‍, അമ്മു സ്വാമിനാഥന്‍, ആനിമസ്‌ക്രീന്‍ എന്നിവര്‍ 1946-ല്‍ ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് മലയാളി സ്ത്രീകളാണ്. നവോത്ഥാന ചരിത്രത്തില്‍, കേരളത്തിന്റെ അഭിമാനപാത്രങ്ങള്‍. അതില്‍ ദളിത് ഉരുക്കു വനിത എന്നറിയപ്പെടുന്ന ദാക്ഷായണി വേലായുധന്‍, കൊച്ചി രാജ്യത്തുനിന്ന് ആദ്യമായി പത്താംതരം പാസായ ദളിത് പെണ്‍കുട്ടിയാണ്. ഈ പേര് ഇവിടെ സൂചിപ്പിച്ചത് പൊതു സമൂഹം അധികം ആഘോഷിച്ചിട്ടില്ലാത്ത മറ്റൊരു സ്ത്രീയെ ക്കുറിച്ച് ഓര്‍മ്മിപ്പിക്കാനാണ്. വളരെ ദരിദ്രമായ ഒരു പനമ്പ് മുറിയില്‍ വിദ്യാ വിപ്ലവം സ്വപ്നം കണ്ട ഒരു വിധവ മദര്‍ ഏലീശ്വാ. അവര്‍ സ്ഥാപിച്ച കോണ്‍വെന്റ് സ്‌കൂള്‍ പാരമ്പര്യത്തിലെ സുപ്രധാന കണ്ണിയായ എറണാകുളം ചാത്യാത്ത് എല്‍ എം സി സി വിദ്യാലയത്തിലാണ് ദാക്ഷായണി വേലായുധന്‍ പഠിച്ചത്. അവരുടെ വിദ്യാവിപ്ലവം കേരള ചരിത്രത്തില്‍ ഉണ്ടാക്കിയ ഓളങ്ങള്‍ വിവരണാതീതമാണ്. ആ പാരമ്പര്യം സംഭാവന ചെയ്ത സ്ത്രീരത്‌നങ്ങളോ എണ്ണമറ്റതും.

പുരുഷമേല്‍ക്കോയ്മ വാണിരുന്ന 19-ാം നൂറ്റാണ്ടിലെ സാമൂഹിക സാഹചര്യത്തില്‍ ഭര്‍ത്താവും കുടുംബവും നല്‍കുന്ന സുരക്ഷിതത്വം പെട്ടെന്ന് നഷ്ടപ്പെട്ടുപോയ അബലയായ ഒരു പെണ്ണിന് എന്ത് ചെയ്യാന്‍ സാധിക്കും? കേരളക്കരയിലെ ആദ്യ സന്യാസിനീമൂഹത്തിന് രൂപം കൊടുക്കാം, ആദ്യ കോണ്‍വെന്റ് സ്‌കൂള്‍ പാരമ്പര്യത്തിന് ജന്മം കൊടുക്കാം, ആദ്യ അനാഥാലയത്തിന് രൂപം നല്‍കാം, തുന്നല്‍, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം, ഓലമെടയല്‍, കയര്‍ പിരിക്കല്‍, പനമ്പ് മെടയല്‍ തുടങ്ങിയവയില്‍ പരിശീലനം കൊടുത്ത് സ്ത്രീകളെ സാമ്പത്തികമായും സാമൂഹികമായും ശക്തിപ്പെടുത്താം! 1831-1913 കാലയളവില്‍ സ്വപ്നതുല്യമായ ഈ സംഭാവനകളാണ് മദര്‍ ഏലീശ്വായും മകള്‍ സി. അന്നയും ഏലിശ്വായുടെ സഹോദരി സി. ത്രേസ്യയും കൂടി മഠത്തിന്റെ അതിരുകള്‍ക്കുള്ളില്‍ നിന്ന് സാംസ്‌കാരിക കേരളത്തിന് നല്‍കിയത്. അഭിവന്ദ്യ ബര്‍ണര്‍ദ്ദീന്‍ ബച്ചിനെല്ലി പിതാവിന്റെയും ചാവറയച്ചന്റെയും ലെയോപോള്‍ഡ് അച്ചന്റെയും പിന്തുണ അവര്‍ക്ക് കൂട്ടിനുണ്ടായിരുന്നു. ഈ യാത്രയ്ക്ക് വിശുദ്ധിയുടെ പരിമളം ഉണ്ടെന്ന് സഭ സാക്ഷ്യപ്പെടുത്തുകയാണ് 2025 നവംബര്‍ എട്ടിന്. മദര്‍ ഏലീശ്വാ വാഴ്ത്തപ്പെട്ടവള്‍ ആകുന്നു.

ഏലീശ്വായ്ക്ക് ഇരുപതു വയസ്സുള്ളപ്പോള്‍ ആയിരുന്നു ഭര്‍ത്താവിന്റെ മരണം. മകള്‍ക്ക് ഒരു വയസ്സ്. രണ്ടാം വിവാഹത്തിന് നിര്‍ബന്ധിക്കുന്ന വീട്ടുകാര്‍. വിവാഹത്തിലേക്കോ വലിയ വിഷാദത്തിലേക്കോ തുറക്കാവുന്ന മനസ്സിന്റെ വാതിലുകള്‍ അവള്‍ തുറന്നത് വലിയൊരു മൗനത്തിലേക്കാണ്. ആത്മാവിലേക്ക് കണ്ണു നടുന്ന മൗനത്തിലേക്ക്. ആ ആന്തരിക യാത്രയില്‍ അവള്‍ ഒരു വെട്ടം കണ്ടു. ആ മൗനം പിന്നീട് പ്രാര്‍ഥനയായി രൂപം മാറി. പ്രാര്‍ഥനയ്ക്കായി മാത്രം വീടിനടുത്തുള്ള കൊച്ചുപുരയിലേക്ക് അവള്‍ മാറി. പിന്നീട് ഏകാന്തത തേടി വീടിനു അല്‍പം അകലെയുള്ള ധാന്യപ്പുരയിലേക്ക് താമസം മാറ്റി. അത് ഒരു ആവൃതിയാകുകയായിരുന്നു; മനസ്സാലെ അവള്‍ ഒരു സന്യാസിനിയും. മകള്‍ അന്നയും ഏലീശ്വായുടെ സഹോദരി ത്രേസ്യയൂം അവളുടെ പ്രാര്‍ഥനാവലയത്തില്‍ തമ്പുരാനിലേക്ക് ആകര്‍ഷിക്കപ്പെട്ട് ഒപ്പം ചേര്‍ന്നു.

സമ്പന്നയും ഏക്കര്‍ കണക്കിന് ഭൂസ്വത്തിന്റെ ഉടമയും ആയിരുന്നവര്‍ മാളികവീടു വിട്ട് ഒരു പനമ്പുപുരയുടെ സുരക്ഷിതത്വത്തിലേക്ക് ചുരുങ്ങുക! അതൊരു പെണ്ണിന്റെ പ്രഖ്യാപനവും നിലപാടും കൂടിയായിരുന്നു.

പുരുഷന്റെ തുണയില്ലാതെ പെണ്ണ് ഒറ്റയ്ക്ക് ജീവിക്കുന്നത് ഹിതം അല്ലാതിരുന്ന ഒരു കാലത്ത് സമ്പന്നയും ഏക്കര്‍ കണക്കിന് ഭൂസ്വത്തിന്റെ ഉടമയും ആയിരുന്നവര്‍ മാളികവീടു വിട്ട് ഒരു പനമ്പുപുരയുടെ സുരക്ഷിതത്വത്തിലേക്ക് ചുരുങ്ങുക! പുറമെ നിന്ന് അംഗങ്ങളെ സ്വീകരിക്കുക. ഉള്ളതെല്ലാം പങ്കുവയ്ക്കാന്‍ തീരുമാനിക്കുക. ദരിദ്രര്‍ മാത്രം വസിച്ചിരുന്ന പനമ്പുപുര ഒരു സന്യാസഭവനമാക്കുക! അതൊരു പെണ്ണിന്റെ പ്രഖ്യാപനവും നിലപാടും കൂടിയായി രുന്നു. അവള്‍ തിരഞ്ഞെടുത്ത ദാരിദ്ര്യം ഏറ്റവും ചെറിയവരു മായി അവളെ താദാത്മ്യപ്പെടുത്തി. അവര്‍ക്കു വേണ്ടി ചിന്തിക്കാനും സ്വപ്നം കാണാനും അതവളെ പ്രേരിപ്പിച്ചു.

ആത്മീയത മാത്രമല്ല അതില്‍ വിപ്ലവം കൂടി ഉണ്ട്. സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം ഉണ്ട്... സ്ത്രീ സ്വത്വത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ട്... സ്ത്രീയുടെ ആത്മാഭിമാനത്തിന്റെ നിലപാടുണ്ട്... സ്വന്തം വഴി തിരഞ്ഞെടുക്കാന്‍ കൊതിക്കുന്ന സ്ത്രീയുടെ ദാഹം ഉണ്ട്... അതില്‍ അവര്‍ മുന്‍പേ പറന്ന പക്ഷിയായി. ഇതിന്റെ ബാക്കിയായിരുന്നു അവള്‍ സ്ഥാപിച്ച പെണ്‍വിദ്യാലയങ്ങള്‍... അനാഥാലയങ്ങള്‍... വരാപ്പുഴ, തുണ്ടത്തുംകടവ്, മുട്ടിനകം, ഏലൂര്‍, ചരിയംതുരുത്ത്, മുളവുകാട്, ചിറ്റൂര്‍, മൂലമ്പള്ളി, പിഴല തുടങ്ങി ഉള്‍നാടന്‍ പ്രദേശങ്ങളിലെയും ദ്വീപുകളിലെയും പെണ്‍കുട്ടികള്‍ അറിവിന്റെ അക്ഷരവിഹായസിലേക്ക് പറന്നുയര്‍ന്നു.

അവള്‍ മുഴുവന്‍ മാവിനെയും പരിവര്‍ത്തിപ്പിച്ച സുവിശേഷത്തിലെ പുളിപ്പ് പോലെയായി; കടുകുമണിയില്‍ ഒളിച്ചിരുന്ന വൃക്ഷം പോലെയും. ആ പെണ്‍മരത്തില്‍ അനേകം പെണ്‍കിളികള്‍ ചേക്കേറി. അവള്‍ തിരഞ്ഞെടുത്ത ദാരിദ്ര്യം അനേകര്‍ക്ക് അറിവിന്റെ സമ്പത്തായി. അവളുടെ ദാരിദ്ര്യത്തിന് അര്‍ഥമുണ്ടായി. അവളുടെ കന്യകാത്വത്തില്‍ നിന്ന് 'മക്കള്‍ പിറന്നു', അവളുടെ അനുസരണത്തില്‍ നിന്ന് അനേകര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ആകാശമുണ്ടായി. അനേകര്‍ക്ക് ജീവന്‍ ഏകുന്ന സന്യാസം ഇന്നും ഒരു വിപ്ലവമായി തുടരുന്നു.

സ്ത്രീയുടെ ആത്മീയ അന്വേഷണങ്ങള്‍ക്ക് ആഴം ഉണ്ടെന്ന്, അവളുടെ അറിവന്വേഷണങ്ങള്‍ക്ക് ഒരു സംസ്‌കാരത്തെ ഉടച്ചുവാര്‍ക്കാനുള്ള തീക്ഷ്ണത ഉണ്ടെന്ന് അവളും അവളുടെ സഹോദരിമാരും കാലത്തോട് വിളിച്ചു പറഞ്ഞു. വയലിലെ നിധി കണ്ടെത്തിയവന്‍ സകലതും വിറ്റു വയല്‍ വാങ്ങുന്ന പോലെ അവളുടെ ഏകാകിതയിലും വൈധവ്യത്തിലും തെളിഞ്ഞ ക്രിസ്തുവിനെ നേടുന്നതിനായി സകലതും അവള്‍ ഉപേക്ഷിച്ചു. അവന്റെ മനസ്സറിയുവാന്‍ അവള്‍ മൗനിയായി. ഇത്തരം നിശ്ശബ്ദജീവിതങ്ങള്‍ സഭയുടെ ശക്തിയും പ്രകാശവുമായി. ആരും അത് അറിഞ്ഞില്ല. കാലം അത് വിളിച്ചു പറഞ്ഞില്ല. അവരുടെ നിശ്ശബ്ദജീവിതങ്ങളെ പക്ഷേ, ദൈവം വായിച്ചുകൊണ്ടേയിരുന്നു. ഇന്നത് പ്രഘോഷിക്കപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org