തറ തൊട്ട രാഷ്ട്രീയ നൈതികത

തറ തൊട്ട രാഷ്ട്രീയ നൈതികത
Published on

ഫ്രാൻസിൽ ജീവിച്ചിരുന്ന ജോസഫ് ഫൂഷെ ലോക രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അവസരവാദിയായിരുന്നു. ഫ്രഞ്ച് വിപ്ലവകാലത്ത് തീവ്ര വിപ്ലവകാരിയായിരുന്ന അദ്ദേഹം പിന്നീട് നെപ്പോളിയൻ അധികാരത്തിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ സൈനിക മന്ത്രിയായി. പിന്നെ രാജവാഴ്ച തിരികെ വന്നപ്പോൾ അവർക്കൊപ്പം നിന്നു. നിലനിൽപ്പ് എന്ന പ്രത്യയശാസ്ത്രത്തിനു രാഷ്ട്രീയ ചരിത്രത്തിൽ എന്നും പൊന്നിൻ വിലയാണ്.

നിലനിൽപ്പ് എന്ന പ്രത്യയ ശാസ്ത്രത്തിനു രാഷ്ട്രീയ ചരിത്രത്തിൽ എന്നും പൊന്നിൻ വിലയാണ്.

ആം ആദ്മി പാർട്ടിക്ക് രാജ്യസഭയിൽ ഉള്ള 10 എം പി മാരിൽ ഏഴുപേരും രാഘവ് ഛദ്ദയുടെ ഒപ്പം ബിജെപിയിൽ ചേർന്നിരിക്കുന്നു. പാർട്ടി വിടുമ്പോൾ കൂറുമാറ്റ നിരോധന നിയമം വഴി നേരിടേണ്ടിവരുന്ന അയോഗ്യത ഒഴിവാക്കാൻ ഭരണഘടനയുടെ പത്താം ഷെഡ്യൂൾ അനുസരിച്ച് ‘പാർട്ടി ലയനം’ ആവശ്യമായിരുന്നു. ലയനത്തിന് ആവശ്യമായ കൃത്യം ഏഴ് എംപിമാരെ ഒരേസമയം സംഘടിപ്പിക്കാൻ ഛദ്ദയ്ക്ക് കഴിഞ്ഞു! അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ പ്രകാരം പഞ്ചാബ് നിയമസഭയിലെ 92 ആം ആദ്മി എം എൽ എ മാരിൽ 48 പേർ ബിജെപിയിൽ ചേരാൻ തയ്യാറാണത്രേ! 63 അംഗങ്ങൾ പാർട്ടി മാറാൻ തയ്യാറായാൽ മാത്രമേ കൂറുമാറ്റ നിരോധന പ്രകാരമുള്ള നടപടികൾ ഒഴിവാക്കാൻ കഴിയൂ. 15 ദിവസത്തിനുള്ളിൽ അതിലേക്ക് എത്താൻ കഴിയുമെന്നു ഛദ്ദ പറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.

ഒരേസമയം ജനാധിപത്യത്തെ അട്ടിമറിക്കാനും ഭരണഘടനയെ കബളിപ്പിക്കാനും ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തിന് കഴിയുന്നു. ജനാധിപത്യ സംവിധാനത്തെ അതിന്റെ തന്നെ ഭരണഘടന സംവിധാനങ്ങൾ, അധികാരം, പണം, ഇവ ഉപയോഗിച്ച് നൈയ്യാമികമായ നടപടിക്രമങ്ങളിലൂടെ തന്നെ ഇല്ലാതാക്കുന്ന മാജിക്കാണ് സത്യാനന്തര കാലത്തെ ബിജെപിയുടെ രാഷ്ട്രീയ ഭീകരത.

രാഘവ ഛദ്ദ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു നവീന ബിംബമാണ്. 2022 മുതൽ കൂറുമാറ്റ നിരോധന നിയമം കൂടുതൽ കർശനമാക്കണമെന്ന് വാദിച്ചിരുന്ന ആളാണ് ഇദ്ദേഹം. കൂറുമാറി വരുന്നവർക്ക് ലയനത്തിന് മൂന്നിൽ രണ്ടു ഭൂരിപക്ഷം പോരാ നാലിൽ മൂന്ന് ഭൂരിപക്ഷം വേണമെന്ന് വാദിച്ചിരുന്നയാൾ. ലോക്പാൽ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ ഉണ്ടായിരുന്നയാൾ.

ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ നേതാവ്, പഞ്ചാബിൽ പാർട്ടിയെ വിജയത്തിലെത്തിച്ച ആൾ. നിരക്ഷരരായ ഗുണ്ടകളുടെ പാർട്ടി എന്നും ജനാധിപത്യത്തിന്റെ കശാപ്പുകാർ എന്നും നിരന്തരം ബിജെപിയെ ആക്ഷേപിച്ചിരുന്നയാൾ.

ഏപ്രിൽ 24 ന് പുതിയ പാർട്ടിയിൽ ലയിച്ചപ്പോൾ തന്റെ സമൂഹമാധ്യമങ്ങളിൽ ബിജെപിക്കെതിരെ അദ്ദേഹം കുറിച്ചിരുന്ന ഇരുന്നൂറോളം പോസ്റ്റുകൾ ഡിലീറ്റ് ആക്കിയിട്ടാണ് അദ്ദേഹം ബിജെപിയുടെ ഭാഗമായത്. ആഭരണം അഴിച്ചു വയ്ക്കുന്നതുപോലെ ആദർശങ്ങൾ അഴിച്ചു വച്ചിട്ട്, പുതിയ പ്രത്യയശാസ്ത്രങ്ങളുടെ കോട്ടുകൾ പാകമാക്കി അണിയുക, സോഷ്യൽ മീഡിയയിൽ പുതിയ ആട്ടം പരിശീലിക്കുക.

ഒരു പ്രത്യയശാസ്ത്രത്തിന് ഒപ്പം നിന്ന് അത് പ്രസംഗിച്ച്, അതിലേക്ക് ആളുകളെ ആകർഷിച്ച്, ആ ആശയങ്ങൾക്ക് വോട്ട് വാങ്ങി അധികാരത്തിലെത്തി അനുഗാമികൾക്ക് പ്രതീക്ഷ നൽകിയിട്ട്, അതിനെ പിന്തുണച്ചവരുടെ വോട്ടും ധാർമ്മിക പിന്തുണയും നിലനിൽക്കെ, അവരെ കബളിപ്പിക്കുക. ജനങ്ങൾ ഉത്തരവാദിത്വത്തോടെ കൈയ്യേൽപിച്ച സ്ഥാനം, ജനങ്ങൾ എതിർപ്പു രേഖപ്പെടുത്തിയ അതേ പ്രത്യയശാസ്ത്രത്തിന് അടിയറ വയ്ക്കുക! പച്ചക്കറി മാർക്കറ്റിലെ വ്യാപാരം തൊട്ട് കോർപ്പറേറ്റ് ഉടമ്പടികൾ വരെ വാക്കിന്റെ ബലത്തിലാണ് നടക്കുന്നത് എന്ന് നമുക്കറിയാം. അനുദിന ജീവിതത്തിലെ അതിസാധാരണ വ്യാപാരങ്ങളിലെ അവശ്യ സത്യസന്ധത പോലും വോട്ട് ചെയ്തു ജയിപ്പിച്ച ജനങ്ങളോട് കാണിക്കാൻ സാധിക്കാത്തത്ര രീതിയിൽ പ്രലോഭന വശഗതമായ ധാർമ്മിക വിളുമ്പുകളിൽ സഞ്ചരിക്കാൻ തക്ക രീതിയിൽ ഇന്ത്യൻ രാഷ്ട്രീയം നിലം തൊട്ടിരിക്കുന്നു. രാഷ്ട്രീയക്കാർക്കുവേണ്ടി രാഷ്ട്രീയക്കാരാൽ നടത്തപ്പെടുന്ന ഒന്നായി ഇന്ന് ജനാധിപത്യം!

2014-ലെ ലോക്.സഭയിലെ 102 ഓളം എംപിമാരുടെ വ്യക്തിപരമായ സാമ്പത്തിക സ്ഥിതി 2019 ലെത്തിയപ്പോൾ 102% വളർച്ച കാണിച്ചു എന്ന റിപ്പോർട്ടുണ്ട്. കൂറുമാറ്റങ്ങൾ സാധാരണമാകുമ്പോൾ രാഷ്ട്രീയത്തെ കരിയർ ഓപ്ഷനായി കണ്ട് അകത്തു കയറുന്നവരുടെ എണ്ണം വർധിക്കുന്നു എന്ന് കൂടി മനസ്സിലാക്കേണ്ടി വരും. കാര്യങ്ങൾ നന്നായി മനസ്സിലാക്കാനും അവതരിപ്പിക്കാനും അറിയുന്ന ‘പുതിയകാല പൊളിറ്റിക്കൽ ഇൻഫ്ലുവൻസർമാർക്ക്’ രാഷ്ട്രീയം കോടികൾ കൊയ്യുന്ന ഇടമാണ്. അവിടെ ഒരു പ്രത്യയശാസ്ത്രമേ ഉണ്ടാകേണ്ടതുള്ളൂ. അത് നിലനിൽപ്പിന്റെ പ്രത്യയശാസ്ത്രമാണ്. അധികാരമുള്ളവന്റെ ഒപ്പം കൂടുക എന്ന തത്ത്വശാസ്ത്രം. മൂല്യങ്ങൾ വെറും ഗോവണിപ്പടികൾ മാത്രം!

ഈ പ്രത്യയശാസ്ത്ര പാപ്പരത്വത്തെയും ജനാധിപത്യ വിരുദ്ധതയെയും തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുന്ന ഒരു പുതുതലമുറ ഇവിടെയുണ്ട്. 1.46 കോടി ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്ന ആളാണു രാഘവ് ഛദ്ദ. പാർട്ടി മാറി 48 മണിക്കൂറിനുള്ളിൽ രണ്ട് മില്യൺ ഫോളോവേഴ്സ് ആണ് അദ്ദേഹത്തിന്റെ പ്രൊഫൈലിൽ നിന്ന് പിന്മാറിയത്.

യൂറോപ്യൻ പീപ്പിൾസ് പാർട്ടിയിലെ പാർലമെൻറ് അംഗങ്ങളുമായി കഴിഞ്ഞ ഏപ്രിൽ 25-ന് നടത്തിയ അഭിമുഖത്തിൽ പോപ്പ് ലിയോ ഇങ്ങനെ പറയുന്നുണ്ട്:

“രാഷ്ട്രീയത്തിൽ ഒരു ക്രിസ്ത്യാനിയായിരിക്കുക എന്നാൽ പരസ്യമായി മതം പ്രകടിപ്പിക്കുക എന്നല്ല അർത്ഥമാക്കുന്നത്. മറിച്ച്, എളുപ്പത്തിൽ പൊതുസമ്മതി നേടാത്ത കാര്യങ്ങളിൽപ്പോലും, എടുക്കേണ്ട തീരുമാനങ്ങളെ നയിക്കാൻ സുവിശേഷത്തെ അനുവദിക്കുക എന്നാണ് ഇതിനർത്ഥം.”

സുവിശേഷ മൂല്യങ്ങളിൽ നിന്ന് വഴുതി മാറി നിലനിൽപ്പ് എന്ന പ്രത്യയശാസ്ത്രത്തെ മാത്രം കൂട്ടുപിടിച്ച് സഭയ്ക്ക് സംസാരിക്കേണ്ടി വരുമ്പോൾ, അതിന് വിശ്വാസത്തെയോ സമുദായത്തെയോ രാഷ്ട്രീയമായി ഉപയോഗിക്കുമ്പോൾ ക്രിസ്തു സത്തയിൽ നിന്നുള്ള കൂറുമാറ്റങ്ങൾ സംഭവിക്കുന്നു. അതുണ്ടാകാതിരിക്കട്ടെ.

logo
Sathyadeepam Online
www.sathyadeepam.org