പ്രതിപക്ഷ ദൗത്യം നിര്‍ണ്ണായകം

പ്രതിപക്ഷ ദൗത്യം നിര്‍ണ്ണായകം
ഇന്ത്യന്‍ ജനത, മതേതരത്വത്തെ കൈവിടാന്‍ ഒരുക്കമല്ല. ഭരണഘടന ഇന്ത്യയുടെ ആത്മാവാണ്. വൈവിധ്യം ഇവിടെ നിലനില്‍ക്കണം. ഫെഡറലിസത്തെ വഴിയില്‍ ഉപേക്ഷിക്കാനാവില്ല തുടങ്ങിയവയാണ് ചുവരെഴുത്തുകള്‍.

കോണ്‍ഗ്രസ് മുക്ത ഭാരതം അഥവാ പ്രതിപക്ഷ മുക്തഭരണം എന്ന സ്വേച്ഛാധിപത്യ മോഹവുമായി പടയോട്ടം നടത്തുകയായിരുന്ന മത വര്‍ഗീയ ശക്തികളെ ജനാധിപത്യത്തിന്റെ പാഠം പഠിപ്പിച്ച തിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. കടിഞ്ഞാണില്ലാത്ത കുതിരയായി ഇന്ത്യയുടെ ചരിത്രത്തെ ചവിട്ടി മെതിച്ചും വൈവിധ്യത്തെ തച്ചുതകര്‍ത്തും മൂല്യങ്ങളെ മലിനമാക്കിയും കുതിക്കുകയായിരുന്ന യാഗാശ്വം ഇനി ഇടറി നില്‍ക്കും. സങ്കുചിതവും ദുരൂഹവുമായ അജണ്ടകളുമായി അതിനെ അഴിച്ചുവിട്ട ഫാസിസ്റ്റ് പരിവാരം ഇടവേളയെടുക്കും. ഇതു സാധ്യമാക്കിയ ഇന്ത്യന്‍ ജനതയ്ക്ക് അഭിവാദ്യങ്ങള്‍.

സ്വപ്‌നദര്‍ശികളല്ലാത്ത ആരും പ്രതീക്ഷിച്ചതല്ല പ്രതിപക്ഷത്തെ 'ഇന്ത്യ മുന്നണി' നേടിയ മുന്നേറ്റം. കാര്യവിവരമുള്ളവരില്‍ ആശങ്ക നിറച്ച അനേകം പ്രതികൂല ഘടകങ്ങള്‍ പ്രതിപക്ഷ സഖ്യത്തിന് ഉണ്ടായിരുന്നു. പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതു മുതല്‍ സ്ഥാനാര്‍ത്ഥികളെ വിലയ്ക്കു വാങ്ങിയതുവരെയുള്ള അന്തസ്സുകെട്ട കുതന്ത്രങ്ങള്‍ ഭരണകക്ഷി പ്രയോഗിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികള്‍ ഭരണകൂടത്തിന്റെ വേട്ടപ്പട്ടികളായി മാറി, രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ചക്രവ്യൂഹങ്ങള്‍ ചമച്ചു. നിരന്തര ഭീഷണികള്‍ക്കും വിലപേശലുകള്‍ക്കും ഒടുവില്‍ നിരവധി പ്രതിപക്ഷ നേതാക്കള്‍, നിരുപാധികം അവര്‍ക്കു കീഴടങ്ങി. ചെറുത്തുനിന്നവരില്‍ ചിലര്‍ കല്‍ത്തുറങ്കുകളിലടയ്ക്കപ്പെട്ടു. ഒട്ടും എളുപ്പമായിരുന്നില്ല ഇന്ത്യയില്‍ പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനം, ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍. ഒരു ആധുനിക ജനാധിപത്യ രാഷ്ട്രത്തില്‍ ഒരിക്കലും ഉണ്ടായിക്കൂടാത്ത വിധം, പ്രതിപക്ഷ ബഹുമാനവും മാന്യതയും മര്യാദയും അപ്രത്യക്ഷമായ വര്‍ഷങ്ങള്‍. അതിനെയെല്ലാം മറികടന്നാണ് ഇപ്പോഴത്തെ പ്രതിപക്ഷം നിലനിന്നതും പ്രവര്‍ത്തിച്ചതും ഇപ്പോള്‍ ഒരു യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ ശക്തി സൗന്ദര്യങ്ങളിലേക്ക് ഉയര്‍ന്നതും. പ്രതിപക്ഷ മുന്നണിക്കും അഭിവാദ്യങ്ങള്‍.

തിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ കണ്ണോടിക്കുന്നവര്‍ക്കു മുമ്പില്‍, മിഴിവോടെ ഉയര്‍ന്നു വരുന്ന ഒട്ടേറെ വസ്തുതകളുണ്ട്. 273 എന്ന മാന്ത്രിക സംഖ്യക്കു മുകളില്‍ 303 സീറ്റുമായി, വിലസുകയായിരുന്ന ബി ജെ പി 240 സീറ്റുകളിലേക്ക് ഒതുങ്ങി. 52 സീറ്റുകള്‍ മാത്രം നേടുകയും അതിനാല്‍ പ്രതിപക്ഷ നേതാവിന്റെ ഔപചാരിക പദവി പോലും അന്യമാകുകയും ചെയ്തിരുന്ന കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ഇരുമടങ്ങായി വളര്‍ന്നു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ കെട്ടുറപ്പോടെ നിന്ന ഇന്ത്യ സഖ്യമാകട്ടെ 233 സീറ്റുകള്‍ കരസ്ഥമാക്കി. ഗംഗാ തടത്തില്‍, പുരാതന പ്രതാപത്തിന്റെ വീണ്ടെടുപ്പ് സ്വപ്‌നം കാണാന്‍ ആ ദേശീയ പാര്‍ട്ടി വീണ്ടും പ്രാപ്തമായി. വാരണാസിയില്‍ കഴിഞ്ഞ തവണ അഞ്ചു ലക്ഷത്തോളമെന്ന ഭീമ ഭൂരിപക്ഷം നേടിയ മോദി ഒന്നരലക്ഷത്തിന്റെ ഭൂരിപക്ഷത്തിലേക്ക് ഒതുങ്ങി. രാഹുല്‍ ഗാന്ധിയാകട്ടെ യു പി യിലെ റായ്ബറേലിയില്‍ മൂന്നര ലക്ഷം ഭൂരിപക്ഷത്തിന്റെ ഉജ്ജ്വല വിജയം നേടി. കോട്ടയായിരുന്ന അമേഠി, കോണ്‍ഗ്രസ് പട്ടികയിലേക്ക് തിരികെ എത്തി. ഈ വിജയപരാജയങ്ങളും വോട്ട് നിലകളും വര്‍ത്തമാന ചരിത്രത്തിന്റെ ചുമരില്‍ വരച്ചിരിക്കുന്ന ചിത്രങ്ങള്‍ സുവ്യക്തങ്ങളാണ്. ഇന്ത്യന്‍ ജനത മതേതരത്വത്തെ കൈവിടാന്‍ ഒരുക്കമല്ല, ഭരണഘടന ഇന്ത്യയുടെ ആത്മാവാണ്, വൈവിധ്യം ഇവിടെ നിലനില്‍ക്കണം, ഫെഡറലിസത്തെ വഴിയില്‍ ഉപേക്ഷിക്കാനാവില്ല തുടങ്ങിയവയാണ് ആ ചുവരെഴുത്തുകള്‍. ബി ജെ പിയും മോദിയും ഈ പാഠങ്ങള്‍ ഹൃദിസ്ഥമാക്കണം. ഒപ്പം കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ജനമേല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണം. കേരളത്തിലേറ്റ വന്‍ തിരിച്ചടി വ്യാഖ്യാനിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു സവിശേഷ ബാധ്യതയും ഉണ്ട്.

വര്‍ഗീയശക്തികള്‍ വിരട്ടുമ്പോള്‍ കാല്‍ക്കല്‍ വീഴുകയല്ല; ജനാധിപത്യം നല്‍കുന്ന സാധ്യതകള്‍ ഉപയോഗിച്ച് പോരാടുകയാണ് അന്തസ്സും അഭികാമ്യവും എന്ന ചുവരെഴുത്ത് ക്രൈസ്തവ സഭയുടെ മുമ്പില്‍ ഈ തിരഞ്ഞെടുപ്പു ഫലം പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതു സഭ കാണണം. വിശേഷിച്ചും കേരള സഭ. ഫാസിസ്റ്റുകള്‍ കൊന്നു തിന്നുന്നതിന്റെ എച്ചിലു കിട്ടുമോ എന്നു നോക്കി, വാലാട്ടി ചെല്ലുകയല്ല, വിശ്വാസികളും പൗരന്മാരും എന്ന നിലയില്‍ ക്രൈസ്തവര്‍ ചെയ്യേണ്ടത്. രാജ്യത്തിന്റെയും സമുദായത്തിന്റെയും ഉത്തമ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ധീരതയോടെ പ്രതികരിക്കുകയും നീതിബോധത്തോടെ പ്രവര്‍ത്തിക്കുകയുമാണ്.

ധനശേഷിയും പേശീബലവും ഏതളവിലും ഉപയോഗിക്കാന്‍ അറപ്പു തീര്‍ന്നവരുടെ കൈകളിലാണ് തുടര്‍ന്നും രാജ്യത്തിന്റെ അനുദിന ഭരണം എന്ന യാഥാര്‍ത്ഥ്യം മറക്കാതിരിക്കാം. പ്രതിപക്ഷത്തിനും പൗര സമൂഹത്തിനും അത് വലിയ ഉത്തരവാദിത്തങ്ങള്‍ നല്‍കുന്നുണ്ട്. അവ നിറവേറ്റാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് സാധിക്കട്ടെ. നിതാന്ത ജാഗ്രത തന്നെ ജനാധിപത്യത്തിന്റെ മറുവില.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org