വൈക്കം തുറന്ന വഴികള്‍

വൈക്കം തുറന്ന വഴികള്‍

നവോത്ഥാന ചരിത്രത്തിന്റെ നാള്‍വഴികളില്‍ നാഴികക്കല്ലായി നിലകൊള്ളുന്ന വൈക്കം സത്യഗ്രഹത്തിന് നൂറു വയസ്സായി. 1924 മാര്‍ച്ച് 30-ന് ആരംഭിച്ച സത്യഗ്രഹം 603 ദിവസം നീണ്ട് 1925 നവംബര്‍ 23-നാണ് സമാപിച്ചത്. അയിത്തോച്ചാടന പരിപാടികളെ സംഘടിതമായി സമീപിച്ച ആദ്യത്തെ സംഭവമെന്ന നിലയിലാണ് വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രത്തിലെ അടയാളപ്പെടല്‍.

ശ്രീനാരായണഗുരുവിന്റെ ശിഷ്യനും കോണ്‍ഗ്രസ് നേതാവുമായ ടി കെ മാധവന്‍ 1923-ല്‍ കാക്കിനഡയില്‍ നടന്ന എ ഐ സി സി യോഗത്തില്‍ ഉന്നയിച്ച വിഷയം, കേവലം വഴിനടക്കല്‍ അവകാശത്തിനപ്പുറത്തേക്ക് വളരുകയും സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ഗാന്ധിയന്‍ സഹന സമരരീതിയുടെ ആദ്യ പരീക്ഷണ വിജയവേദിയായി പരിണമിക്കുകയും ചെയ്തു. ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനത്തിന് സത്യഗ്രഹം വഴിയൊരുക്കിയെന്നു മാത്രമല്ല, ശ്രീനാരായണഗുരു ആളും അര്‍ത്ഥവും നല്കി സത്യഗ്രഹത്തെ ആദ്യന്തം പിന്തുണയ്ക്കുകയും ചെയ്തു.

തമിഴ്‌നാട്ടിലെ ഈറോഡില്‍ നിന്നും സമരപോരാളികളുടെ അഭ്യര്‍ത്ഥനപ്രകാരം വൈക്കത്തെ സമരവേദിയിലെത്തിയ ഇ വി രാമസ്വാമി നായ്ക്കര്‍ എന്ന തമിഴകത്തിന്റെ സ്വന്തം തന്തൈ പെരിയാര്‍, നവോത്ഥാന മൂല്യങ്ങളെ സമാദരിക്കുകയും അകറ്റി നിര്‍ത്തപ്പെടുന്നതിന്റെ ആകുലതകള്‍ക്ക് ഒരേ നിറവും നിണവുമാണെന്ന് മാലോകരെ മുഴുവന്‍ അറിയിക്കുകയും ചെയ്തു.

മുന്നില്‍നിന്നും നയിച്ച മന്നം മുതല്‍ (മന്നത്ത് പത്മനാഭന്‍), സത്യഗ്രഹ രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപ്പിള്ള, പുലയ സമുദായക്കാരനായ കുഞ്ഞാപ്പി, ഈഴവ വിഭാഗത്തിലെ ബാഹുലേയന്‍ തുടങ്ങി ജാതിമതഭേദമെന്യേ ജാതിപ്പിശാചിനെതിരെ പടക്കളത്തിലിറങ്ങിയത് പലരായിരുന്നെങ്കിലും ക്ഷേത്രപാതയിലെ വിവേചനത്തിന്റെ തീണ്ടല്‍പ്പലകകളെ ഇളക്കിയെറിഞ്ഞ സമര പരിപാടി യില്‍ അവരെല്ലാം ഒന്നായിരുന്നു; ഒരുമിച്ചായിരുന്നു.

വൈക്കം സത്യഗ്രഹ സമരപരിപാടികള്‍ക്ക് ക്രൈസ്തവ സമൂഹം നല്കിയ പിന്തുണയും ക്രിയാത്മക നേതൃത്വവും ചരിത്രത്തിന്റെ ഭാഗമാണ്. 1924 ഏപ്രില്‍ 10-ന് ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് വൈക്കം ബോട്ട്‌ജെട്ടിയില്‍ സത്യഗ്രഹത്തെ പിന്തുണച്ചുകൊണ്ട് നടത്തിയ പ്രസംഗം സമരപഥത്തിലെ അവിസ്മരണീയ ഏടാണ്. നിയമലംഘനം സമരഭടന്മാരല്ല, പൊലീസാണ് നടത്തുന്നതെന്ന അദ്ദേഹത്തിന്റെ ന്യായം സമരത്തിന്റെ രീതി മാറ്റി, തീവ്രത കൂട്ടി. ജോര്‍ജ് ജോസഫിന്, ഗാന്ധിജി, നെഹ്‌റു തുടങ്ങിയ ദേശീയ നേതാക്കളുമായുള്ള ബന്ധം സമരത്തിന് പുതിയ ദിശാബോധവും ദേശീയമാനവും നല്കി. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന പി ഡബ്ല്യൂ സെബാസ്റ്റ്യന്‍, കുരുവിള മാത്യു, പത്രാധിപര്‍ എം മാത്തുണ്ണി, ജോസഫ് തൈക്കല്‍ തുടങ്ങിയ ക്രിസ്ത്യന്‍ നേതാക്കളുടെ ക്രിയാത്മക പങ്കാളിത്തം, സമരവേദിയെ സജീവമാക്കി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ഡീക്കന്‍ എം പി പീറ്ററും സത്യഗ്രഹപന്തലില്‍ സജീവമായിരുന്നു. 1925 മാര്‍ച്ച് 17-ന് മഹാത്മാഗാന്ധി സത്യഗ്രഹാശ്രമത്തിലെത്തിയപ്പോള്‍ ലെജിസ്‌ലേറ്റിവ് കൗണ്‍സില്‍ അംഗമായിരുന്ന വൈക്കം പള്ളിയിലെ ഫാ. കുര്യാക്കോസ് വെട്ടിക്കാപ്പള്ളിയും മറ്റ് വൈദികരും മഹാത്മാഗാന്ധിയെ സന്ദര്‍ശിച്ച് തങ്ങളുടെ പിന്തുണ അറിയിച്ചത് മറ്റൊരു ചരിത്രം. ചരിത്ര നിര്‍മ്മിതിയുടെ ആസൂത്രിതവഴികളില്‍ ചാവറപ്പിതാവിന്റെ നവോത്ഥാനചരിതം 'മായിക്കപ്പെട്ടതു'പോലെ, വൈക്കം സത്യഗ്രഹ സമര പരിസരങ്ങളില്‍ ക്രൈസ്തവ സാന്നിധ്യവും വേണ്ടവിധം വായിക്കപ്പെടാതെപോയി എന്നതാണ് സത്യം. നൂറ്റാണ്ടിനിപ്പുറം സഭയ്ക്കകത്ത് അയിത്തത്തിന്റെ തെമ്മാടിക്കുഴികള്‍ മൂടിപ്പോയെങ്കിലും ബ്രാഹ്മണിക് സവര്‍ണ്ണബോധത്തിന്റെ അടയാളക്കല്ലുകള്‍ പൂര്‍ണ്ണമായും പിഴുതുമാറ്റപ്പെട്ടോ എന്ന സംശയമുണ്ട്.

ചരിത്രം നിര്‍മ്മിച്ചെടുക്കുന്നതാണെന്ന വാദത്തെ ശരിവയ്ക്കുന്ന വായനകള്‍ പിന്നെയുമുണ്ടായി. സവര്‍ണ്ണരുടെ സംഘാതമായ വര്‍ണ്ണവെറിക്കെതിരെ സാധാരണക്കാര്‍ നയിച്ച വൈക്കം സത്യഗ്രഹത്തിന്റെ പിതൃത്വമേറ്റെടുക്കാന്‍ ചില പ്രത്യേക ഹൈന്ദവസംഘടനകള്‍ പിന്നീട് ശ്രമിച്ചു. അയിത്തമെന്ന അനീതിക്കെതിരെ നടന്ന തിരുത്തായിരുന്നു സത്യഗ്രഹം. അത് ഹൈന്ദവസമൂഹത്തിന്റെ ഉള്ളില്‍നിന്നും ഉരുത്തിരിഞ്ഞതല്ല, പുറത്തുനിന്നും പൂര്‍ത്തീകരിച്ചതാണെന്ന ചരിത്രസത്യത്തെ തമസ്‌കരിക്കുന്ന ചില 'ഏറ്റെടുക്കലുകള്‍' ശതാബ്ദി സ്മരണവേളയിലെ അരോചകക്കാഴ്ചകളില്‍ ചിലതാണ്.

100 വര്‍ഷം മുമ്പത്തെ സത്യഗ്രഹപന്തലില്‍ വിവിധ വര്‍ണ്ണങ്ങള്‍ ഒന്നായി ഒന്നിച്ചപ്പോള്‍ അതിന്റെ ശതാബ്ദി സ്മരണവേളയില്‍ വര്‍ണ്ണഭേദത്തിന്റെ വ്യത്യ സ്ത വിജയപ്രഖ്യാപനങ്ങള്‍ ആഘോഷത്തെ അലങ്കോലമാക്കുകയാണ്. ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ വെവ്വേറെയും വിവിധ സമുദായശക്തികള്‍ വേര്‍തിരിഞ്ഞും സത്യഗ്രഹസ്മരണ പുതുക്കുമ്പോള്‍ നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം നാം 'നേടിയ നവോത്ഥാന നേട്ടങ്ങള്‍' നമ്മെ നോക്കി നന്നായി പരിഹസിക്കുന്നുണ്ട്. പുതിയ അയിത്തങ്ങളില്‍ ആണ്ടുപോകുന്ന ആധുനിക സ്വത്വവാദപടപ്പുകള്‍ സമൂഹ സൗഹാര്‍ദ പരിസരത്തെ സത്യമായും മലിനമാക്കുന്നു.

വലിയ നവോത്ഥാന നേട്ടങ്ങളിലൊന്നായി പിന്നീട് ആഘോഷിക്കപ്പെട്ട ഭൂപരിഷ്‌കരണം പോലും വര്‍ഗപരമായ നിരപ്പാക്കല്‍ മാത്രമായിരുന്നു എന്ന് കാലം തെളിയിച്ചില്ലേ? പുനഃസ്ഥാപിക്കപ്പെട്ട ഫ്യൂഡല്‍ മൂല്യങ്ങളിലൂടെ ജാതിചിന്തയും മതബോധവും, യാഥാസ്ഥിതികത്വവും നമ്മുടെ സാമൂഹികബോധത്തിന്റെ അടിസ്ഥാനഭാവമായി അലിഞ്ഞു ചേരുകയാണുണ്ടായത്. ആദിവാസി ഭൂമി ആദിവാസികള്‍ക്ക് ഉറപ്പാക്കുന്ന നിയമം അട്ടിമറിക്കുന്നതില്‍ നവോത്ഥാന കേരള രാഷ്ട്രീയം ഇടതു വലതു ഭേദമെന്യേ ഒറ്റക്കെട്ടായിരുന്നു എന്ന് മറക്കരുത്. നവോത്ഥാന മൂല്യങ്ങളെ ഉപരിതലത്തില്‍ മാത്രം സ്വീകരിക്കുകയും ഉള്ളടരുകളില്‍ ഉള്‍ക്കൊള്ളാതിരിക്കുകയും ചെയ്യുന്ന കാപട്യത്തിന്റെ ഒന്നാന്തരം ഉദാഹരണങ്ങളാണ് ആള്‍ക്കൂട്ടക്കൊലകളില്‍ അവസാനിപ്പിക്കപ്പെട്ട ആദിവാസി യുവാക്കളായ മധുവും വിശ്വനാഥനുമെല്ലാം. അവരില്‍ മധുവിന് നീതികിട്ടാന്‍ അഞ്ചുവര്‍ഷം വേണ്ടിവന്നു എന്നതിനെ ഓര്‍ത്തും നവോത്ഥാന കേരളം നാണിക്കണം. നിറം വിചാരണ വിഷയമാകുന്ന കെട്ടകാലത്തു തന്നെയാണ് നാം ഇപ്പോഴും.

എത്ര അമര്‍ത്തിവച്ചിട്ടും അറിയാതെ പുറത്തുവരുന്ന മതതീവ്ര ചിന്തകളാല്‍ അടയാളപ്പെടുന്ന ആധുനിക കേരളം വൈക്കം തുറന്നുതന്ന നവോത്ഥാന വഴികളെ യഥാര്‍ത്ഥത്തില്‍ അടച്ചുകളയുകയാണ്. മൃദുഹിന്ദുത്വവും മതനിരപേക്ഷതയിലെ അവസരവാദവും പുരോഗമനം പറയുന്നവരെപ്പോലും പുറകോട്ട് നടത്തുന്നത് രാഷ്ട്രീയ കേരളത്തിന് അപമാനമായിത്തുടരുമ്പോള്‍, നവോത്ഥാനം വൈക്കത്തൊടുങ്ങിയോ എന്ന് സംശയിക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org