അടച്ചിട്ടത് പള്ളി മാത്രമോ?

അടച്ചിട്ടത് പള്ളി മാത്രമോ?

എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് 6 മാസത്തിലേറെയായി. വിശ്വാസികളുടെ ആരാധനാവകാശം നിഷേധിച്ചുകൊണ്ടുള്ള അടച്ചിടല്‍ ഇത് രണ്ടാം തവണയാണ്.

സീറോ മലബാര്‍ സഭയുടെ ആസ്ഥാനദേവാലയമാണിത്. മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ഔദ്യോഗിക സിംഹാസന പള്ളിയില്‍ 2022 ഡിസംബര്‍ 23-ന് വൈകിട്ടും 24-ന് രാവിലെയും നടന്ന അസാധാരണമായ അതിക്രമങ്ങളുടെയും, വി. കുര്‍ബാനയവഹേളനങ്ങളുടെയും തുടര്‍ച്ചയാണ്, വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനയും പ്രവേശനവും നിഷേധിച്ചുകൊണ്ടുള്ള സമ്പൂര്‍ണ്ണമായ ഈ അടച്ചിടല്‍! പള്ളി തുറന്ന് ആരാധനസ്വാതന്ത്ര്യം അനുവദിക്കണമെന്നുള്ള ഭൂരിപക്ഷത്തിന്റെ ആവശ്യം നിരന്തരം നിരാകരിക്കുന്ന സഭാനേതൃത്വം സമൂഹത്തിനു നല്കുന്ന സന്ദേശം സത്യമായും ക്രിസ്തീയമല്ലെന്നുറപ്പാണ്. പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയെങ്കിലും പള്ളി തുറക്കാതിരിക്കുന്നത് എങ്ങനെയാണ് ന്യായീകരിക്കാനാവുക? അതേ സമയം ഏകീകൃത കുര്‍ബാനയര്‍പ്പണം ഉറപ്പാക്കിയിട്ടേ പള്ളി തുറക്കാവൂ എന്ന നിലപാടിലുറച്ചാണ് നേതൃത്വം.

വി. കുര്‍ബാനയര്‍പ്പണ രീതിയെചൊല്ലിയുള്ള തര്‍ക്കത്തിന്റെ ബാക്കിയാണ് പള്ളി പൂട്ടലോളമെത്തിയ അക്രമപരമ്പരകള്‍. ഒന്നിച്ചു നടക്കുന്ന സിനഡാത്മക സഭയെക്കുറിച്ചുള്ള സംവാദങ്ങള്‍ ആഗോള കത്തോലിക്കാസഭയില്‍ പുരോഗമിക്കുന്ന കാലത്ത് തന്നെയാണ്, ഒരു മേശയ്ക്കിരുപുറവുമിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കാവുന്ന വിഷയത്തെ ഏകാധിപത്യ രീതിയിലവതരിപ്പിച്ചും, കര്‍ക്കശമായി നടപ്പാക്കാനുദ്യമിച്ചും, ആദ്യം തെരുവിലും പിന്നെ അള്‍ത്താരാതിക്രമത്തോളമെത്തിച്ചും അസാധാരണമാംവിധം വിഷളാക്കിയത്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യത്തിനൊപ്പം സീറോ മലബാര്‍ സഭയും അതിന്റെ ആരാധനാക്രമവും ജനാഭിമുഖമായി സഞ്ചരിച്ചതിന്റെ സ്വഭാവിക പരിണതിയാണ് വി. കുര്‍ബാനയുടെ ജനാഭിമുഖ അര്‍പ്പണരീതി. സഭാസമൂഹം ദൈവജനമായി പുനഃനിര്‍വചിക്കപ്പെട്ട കൗണ്‍സില്‍ സമ്മേളനത്തിന്റെ ക്രിസ്തീയ സന്ദേശത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന അനുഭവമായിട്ടാണ്, പുരോഹിതനും വിശ്വാസികളും അള്‍ത്താരയ്ക്കു ചുറ്റുമാകുന്ന ബലിയര്‍പ്പണശൈലിയുടെ വികാസം. എല്ലാവരും (അല്‍മായരും, സമര്‍പ്പിതരും, മെത്രാന്മാരും) ഒരേ വിശ്വാസത്തിന്റെ സമത്വമനുഭവിക്കുന്നവരാണെന്ന (sensui fidelium) സത്യത്തെ സിനഡാത്മകത സ്ഥിരീകരിക്കുമ്പോള്‍ പുറംതിരിയാന്‍ പ്രേരിപ്പിക്കുന്ന ദൈവശാസ്ത്രം കാലോചിതമല്ലെന്ന് മനസ്സിലാക്കണം. ആരാധനാക്രമത്തിന്റെ വീണ്ടെടുപ്പ് വഴികളില്‍ നവീകരണ ശ്രമങ്ങള്‍ പാതിവഴിയിലുപേക്ഷിക്കുകയും പുനരുദ്ധാരണ പരിപാടികള്‍ക്ക് മുന്‍തൂക്കം ലഭിക്കുകയും ചെയ്ത നാള്‍ മുതലാണ് സഭയില്‍ ലിറ്റര്‍ജി ഒരു തര്‍ക്ക വിഷയമായത്. പുനരുദ്ധാരണത്തോടൊപ്പം നവീകരണം എന്നത് വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രഖ്യാപിതലക്ഷ്യമായിരിക്കെ, പാരമ്പര്യത്തിന്റെ സംരക്ഷണം മാത്രം സഭയുടെ ഔദ്യോഗിക നിലപാടായതോടെയാണ് തര്‍ക്കം പരിധിവിട്ടതും വലിയ വിഭാഗീയതയോളം വളര്‍ന്ന് വഷളായതും.

അര നൂറ്റാണ്ടിലധികമായിത്തുടരുന്ന ജനാഭിമുഖ ബലിയര്‍പ്പണത്തെ വിശുദ്ധ കുര്‍ബാന പുസ്തക നവീകരണത്തിന്റെ മറവില്‍ ഏകപക്ഷീയമായി നിരോധിക്കാന്‍ സിനഡെടുത്ത അസാധാരണ തിടുക്കവും ഏകീകൃത കുര്‍ബാനയര്‍പ്പണ തീരുമാനത്തിന് സാധുതയുറപ്പാക്കാന്‍ മാര്‍പാപ്പയുടെ കത്ത് കരസ്ഥമാക്കിയ രീതിയും സഭയുടെ സിഡനാത്മകശൈലിക്ക് വിരുദ്ധമാണെന്ന് നേതൃത്വം സമ്മതിക്കുമോ? ജനാഭിമുഖ വി. കുര്‍ബാന അര്‍പ്പിക്കപ്പെടുന്ന പള്ളികളില്‍ കാര്യങ്ങള്‍ ശാന്തമായി തുടരുമ്പോള്‍, ഏകീകൃതയര്‍പ്പണം നിര്‍ബന്ധമാക്കാന്‍ ശ്രമിച്ചയിടങ്ങളിലായിരുന്നു, സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും എന്നത് മറക്കരുത്. തര്‍ക്കമുണ്ടായ ചില പള്ളികളില്‍, ദൈവജനത്തിന്റെ പൊതുനന്മയെ കരുതിയും വി. കുര്‍ബാന തടസ്സമില്ലാതെ അര്‍പ്പിക്കപ്പെടുക എന്ന പ്രധാന കാര്യത്തെ മുന്‍നിറുത്തിയും സാധുവായ ജനാഭിമുഖ കുര്‍ബാന തുടരട്ടെ എന്ന അജപാലനാധിഷ്ഠിത തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോയ സന്ദര്‍ഭങ്ങളുമുണ്ടായി.

വി. കുര്‍ബാനയിലെ പുരോഹിതന്റെ സ്ഥാനമെന്ന അനുഷ്ഠാനപരമായ കാര്യത്തെ കേവല സ്വഭാവമുള്ള സംഗതിയാക്കി അവതരിപ്പിച്ച് സഭയുടെ ഐക്യവും കെട്ടുറപ്പും നഷ്ടമാക്കുവോളം വിഭാഗീയതയുടെ വിത്തിട്ടത് ഉത്തരവാദിത്വപ്പെട്ടവര്‍ തന്നെയാണെന്ന സത്യം നാളത്തെ സഭാ ചരിത്രവായനയെ സങ്കടപ്പെടുത്തുക തന്നെ ചെയ്യും. വിശ്വാസികളെ അകത്തും പുറത്തുമാക്കുന്ന ചേരിതിരിവിന്റെ ദൈവശാസ്ത്രം അത്യന്തികമായി നഷ്ടം മാത്രമെ നല്കുകയുള്ളൂവെന്ന് സഭാധികാരികള്‍ തിരിച്ചറിയണം. പള്ളിയെപ്പോലും ബന്ദിയാക്കിയുള്ള വില കുറഞ്ഞ വിലപേശല്‍ നാടകം അവസാനിപ്പിക്കുക തന്നെ വേണം.

കുരിശില്‍ സ്വയം അര്‍പ്പിച്ച ക്രിസ്തുവിന്റെ ബലിയോര്‍മ്മയില്‍ വി. കുര്‍ബാനയെ സമീപിക്കാനാവാത്ത വിധം വെറുപ്പിന്റെ വൈരുദ്ധ്യാത്മകത നമ്മുടെ കൂട്ടായ്മകളെ മലിനമാക്കുകയാണ്. നാളേക്കുള്ള നിക്ഷേപമായി പാരമ്പര്യത്തെ കാത്തുപാലിക്കാനുദ്യമിക്കുന്നവര്‍ അതിന്റെ നേരവകാശികള്‍ നാട്ടിലില്ല എന്ന സത്യം അറിയാത്തവരാണോ? പഠനവും ജോലിയുമായി ബന്ധപ്പെട്ട് യുവതലമുറയില്‍ നല്ലൊരു ഭാഗം പുറത്തേക്ക് പോയിക്കഴിഞ്ഞു. അവശേഷിക്കുന്നവര്‍ അതിനുള്ള ഒരുക്കത്തിലും. പൂട്ടിക്കിടക്കുന്ന പള്ളികള്‍ തുറന്നു വരുമ്പോഴേക്കും, പള്ളിയിലെത്താന്‍ ആളുണ്ടാവുമോ എന്നത് ആരുടെയും ആകുലതയല്ലെന്നത് വല്ലാതെ ഭയപ്പെടുത്തുന്നു.

എ ഡി 1112-ല്‍ തുറമുഖ മാതാവിന്റെ നാമത്തില്‍ പണിയപ്പെട്ടതാണ് എറണാകുളം കത്തീഡ്രല്‍ ബസിലിക്ക. 1896-ല്‍ ലെയോ 13-ാമന്‍ പാപ്പ അതിനെ കത്തീഡ്രലായും 1974-ല്‍ പോള്‍ ആറാമന്‍ പാപ്പ ബസിലിക്കയായും ഉയര്‍ത്തി. വി. ജോണ്‍ പോള്‍ രണ്ടാമന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ വിശുദ്ധാത്മാക്കളുടെ പാദമുദ്രയാല്‍ പവിത്രമാക്കപ്പെട്ട ദേവാലയം സഭയിലെ തന്നെ എത്രയോ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷീഭൂതയാണ്. അനിശ്ചിതമായി അടഞ്ഞുകിടക്കുന്ന പള്ളി സഭയ്ക്ക് തന്നെ അപമാനമാണെന്ന തിരിച്ചറിവില്‍ എത്രയും വേഗം തുറക്കാനുള്ള നടപടികള്‍ സഭാനേതൃത്വം കൈക്കൊള്ളണം. ഒപ്പം ചര്‍ച്ചകള്‍ക്കുള്ള വാതിലുകളും. അഡ്മിനിസ്‌ട്രേറ്റര്‍ ഭരണമുക്തമായ അതിരൂപതയും ബസിലിക്കയുമാണ് പ്രശ്‌നപരിഹാരത്തിനുള്ള ആദ്യപടി.

ജൂണ്‍ 12 മുതല്‍ 16 വരെ വിളിച്ചു ചേര്‍ത്തിട്ടുള്ള പ്രത്യേക സിനഡില്‍ അതിരൂപത വിഷയം മുഖ്യ അജണ്ടയാണെന്നാണ് അറിയുന്നത്. അതിരൂപതയുടെ ആവശ്യങ്ങളും, ആകുലതകളും അവഗണിച്ചുകൊണ്ട് പ്രശ്‌ന പരിഹാരമെന്ന നാട്യത്തില്‍ അന്തിമമായ ചില പ്രഖ്യാപനങ്ങളുടെ അടിയന്തിരയോഗമായല്ല, സമവായത്തിലേക്ക് നയിക്കുന്ന സംഭാഷണങ്ങളുടെ സൗഹാര്‍ദവേദിയായി സിനഡ് സമ്മേളനം മാറണം. അടച്ചിട്ടതിന്റെ കാരണങ്ങളെക്കാള്‍ എന്തുകൊണ്ടും പ്രധാനപ്പെട്ടതാണ് അത് തുറക്കാനുള്ള കാരണങ്ങള്‍. അടച്ചിട്ടത് പള്ളി മാത്രമല്ല, മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org