ഓഫറോളത്തില്‍ ഒഴുകിയങ്ങനെ...

ഓഫറോളത്തില്‍ ഒഴുകിയങ്ങനെ...

അര്‍ദ്ധരാത്രിയിലെ വിലക്കുറവിന്റെ ഓഫര്‍ ക്യൂവില്‍ നിലവിട്ട് നിരന്നത് പതിനായിരങ്ങള്‍! കേരളത്തിലെ പ്രമുഖ ഷോപ്പിംഗ് മാളിലെ വിവിധ ഔട്ട്‌ലെറ്റുകളില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട ഓഫര്‍ മഴയില്‍ രാവെളുക്കുവോളം നനഞ്ഞു നിറയാന്‍ ആര്‍ത്തലച്ചെത്തിയ ജനസാഗരത്തെ കണ്ട് വ്യാപാരകേരളം ഞെട്ടി.

വിലക്കിഴിവിന്റെ വിനിമയ സാധ്യതകളെ വ്യാപകമായി തെരയുന്നതില്‍ മലയാളിയോളം വെപ്രാളം വേറെയാര്‍ക്കുമില്ലെന്ന് തോന്നാറുണ്ട്. വസ്തുക്കള്‍ വിരല്‍ത്തുമ്പില്‍തൊട്ട് വീട്ടിലെത്തുന്ന പുതിയ കമ്പോളകാലത്ത് വായിച്ചുപോലും നോക്കാതെ പലരും പലതും വാങ്ങിച്ചു കൂട്ടുകയാണ്. വില കുറയുന്നിടത്ത് ഗുണം കുറയുമെന്ന ചിന്തയൊന്നും ഓഫറോളത്തില്‍ നിലതെറ്റി നീങ്ങുന്ന ശരാശരി മലയാളിയെ അലട്ടാറില്ല. അലട്ടിയാല്‍ തന്നെ അവരത് കാര്യമാക്കാറില്ല. 50% വിലക്കുറവില്‍ ദീര്‍ഘനേരം ക്യൂവില്‍നിന്നു വാങ്ങിയതൊക്കെയും 100% കടം വാങ്ങിയിട്ടാണെന്നതും അപ്പോള്‍ ഓര്‍ക്കാറുമില്ല. സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള കാര ണം പോലും ഓഫറുകളാണെന്ന മട്ടില്‍ തന്റെ പര്‍ച്ചേസിംഗ് ശൈലിയെ മലയാളി മാറ്റിയെടുത്തിട്ട് തന്നെ നാളേറെയായി.

എന്തിനു വാങ്ങുന്നു എന്ന ചോദ്യത്തിന് അത് ആനന്ദം പകരുന്നു എന്ന ഉത്തരവുമായി എല്ലാ ദിവസവും ഷോപ്പിംഗിനെത്തുന്നവരുണ്ട്. പ്രത്യേകിച്ച് ഒരു കാരണവുമില്ലെങ്കിലും നഗരത്തിലെ പ്രധാന ഷോപ്പിംഗ് സെന്ററുകളില്‍ വെറുതെ കറങ്ങി നടക്കുന്നതില്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരുമുണ്ട്. കാണാന്‍ കയറിയതാണെങ്കിലും കൈനിറയെ സാധനങ്ങളുമായി കടയിറങ്ങി വരുന്ന ആക്രാന്തക്കാരെയും ഓഫറുകളില്ലാത്ത കാലത്തും കണ്ടിട്ടുണ്ട്.

ഓഫറുകള്‍ കണ്ടതുകൊണ്ട് വാങ്ങിച്ചുവെന്ന് തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നവരാണധികവും. പുതുതായി വാങ്ങിക്കൊണ്ടു വന്ന തെല്ലാം എവിടെ അടക്കിയൊതുക്കി വയ്ക്കുമെന്നത് പ്രശ്‌നമാക്കാത്തവര്‍ തന്നെയാണ് പുതിയ വ്യാപാര കേരളത്തിന്റെ ഉപഭോഗബാധ്യതകള്‍. ദുരഭിമാനം മൂലം അനാവശ്യമായി വാങ്ങിക്കൂട്ടിയതില്‍ രണ്ടും മൂന്നുംമൊബൈലുകളും, കാറുകളും ബൈക്കുകളും വരെയുണ്ട്. 40 ഇഞ്ചിന്റെ വലിയ ടിവി വീട്ടിലുള്ളപ്പോള്‍ത്തന്നെയാണ് വളഞ്ഞ വലിയതൊന്നു കൂടി വാങ്ങിവച്ചത്!

വാങ്ങിയതിന്റെ വിശേഷങ്ങള്‍ വീട്ടിലൊതുക്കാതെ വഴിയെ പോകുന്നവരെ വിളിച്ചറിയിക്കാന്‍ സോഷ്യല്‍ മീഡിയായില്‍ അപ്പോള്‍ തന്നെ അത് പോസ്റ്റുന്നവരുണ്ട്. വീട്ടില്‍ പുതുതായെത്തിയ ആള്‍ എന്ന മട്ടില്‍പ്പോ ലും പുതുതായി വാങ്ങിയ വസ്തുക്കളെ പരിചയപ്പെടുത്തുന്നവരുണ്ട്. വാങ്ങിയിട്ട് ഒരു പ്രാവശ്യം പോലും ഒന്നുടുക്കാതെയും, ഉപയോഗിക്കാതെയും 'മിച്ചം' വന്നത് വാരിക്കൂട്ടി അനാഥാലയങ്ങളുടെ വിലാസം തേടി 'വേദനിക്കുന്ന' നല്ല മനുഷ്യരും ഇക്കൂട്ടത്തിലുണ്ട്. പുതിയ കാലത്തിന്റെ ഇ-വേസ്റ്റ് കരയില്‍ മാത്രമല്ല കടലിലും നിറഞ്ഞു തുടങ്ങി.

മലയാളിയുടെ ഭക്ഷണത്തിലെ ആര്‍ത്തിക്ക് പക്ഷേ ഓഫര്‍ ബാധകമല്ല. കാര്യമായൊന്നും ഉല്പാദിപ്പിക്കുന്നില്ലെങ്കിലും കൈകഴുകി ഉണ്ണാനിരിക്കുന്നതില്‍ നാം മുന്‍പന്തിയില്‍ തന്നെയാണ്. ഭക്ഷണവും വിശപ്പും തമ്മിലുള്ള ബന്ധം പിരിഞ്ഞിട്ട് എത്രയോ നാളായി. കഴിക്കാനുള്ള കാര ണം രുചിമാത്രമാണെന്നതാണ് പുതിയ കാലത്തെ ഭക്ഷണരീതിയുടെ നീതിശാസ്ത്രം. തട്ട് കടകളൊക്കെ നക്ഷത്രപദവികളോടെ പുനരവതരിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ മത്സരം വിളമ്പുന്നിടത്ത് മാത്രമല്ല, കഴിക്കു ന്നിടത്തും കഴിക്കുന്നവരിലുമുണ്ട്. മണിക്കൂറുകളോളം ക്യൂവില്‍നിന്നും അത് സാധിക്കുന്നവരുണ്ട്. ടിവി ഷോകളില്‍ ഊട്ട്‌മേശകള്‍ പ്രധാന ഘടകമാണിപ്പോള്‍. ഭക്ഷണവിശേഷങ്ങള്‍ വിളമ്പുന്ന വ്‌ളോഗുകള്‍ കൂടുതല്‍ ജനപ്രിയമായി. മായം കലര്‍ന്നത് ഭക്ഷണത്തില്‍ മാത്രമല്ല, മലയാളിയുടെ ഭക്ഷണ-ശീലത്തില്‍ക്കൂടിയാണ്. വാങ്ങിയതില്‍പ്പകുതിയും ബാക്കി വയ്ക്കുന്നതില്‍ യാതൊരു കുറ്റബോധവും തോന്നുന്നില്ല എന്നതില്‍ കുറ്റകരമായ സമൂഹികപ്രശ്‌നമുണ്ട്. കഴിക്കാന്‍ വേണ്ടി കഴിക്കുന്നവരാണധികവും. അതിന് നേരവും കാലവും നോക്കേണ്ടതില്ലെന്ന് കരുതുന്നവരും കുറവല്ല. 'സ്‌വിഗ്ഗി'പ്പെട്ടിയിലത് വീട്ടിലെത്തുമ്പോള്‍ കാര്യങ്ങള്‍ കുറെക്കൂടി എളുപ്പമാവുകയാണ്.

'കണ്‍സ്യൂമറിസമെന്ന മതത്തിന്റെ ആരാധനാലയങ്ങളാണ് ഷോപ്പിംഗ് മാളുകളെന്ന്,' പ്രശസ്ത മനഃശാസ്ത്ര വിദഗ്ദ്ധനായ ഡോ. സി.ജെ. ജോണ്‍ അഭിപ്രായപ്പെടുന്നിടത്ത്. ഉപഭോഗാസക്തമായ നമ്മുടെ ജീവിതശൈലിയുടെ വേദനിപ്പിക്കുന്ന വെളിപ്പെടുത്തല്‍ക്കൂടിയുണ്ട്. വിലക്കുറവിന്റെ പ്രലോഭനത്തില്‍ വാങ്ങിക്കൂട്ടുന്നത് മാത്രമല്ല അപകടമെന്നര്‍ത്ഥം. നമ്മുടെ വിനോദോപാധികളെയും അതിന്റെ വിനിമയ രീതികളെയും ആസക്തിയുടെ അവിശുദ്ധ വഴികള്‍ അലങ്കോലമാക്കിയിരിക്കുന്നുവെന്ന താണ് സത്യം.

എല്ലാറ്റിനും പരിധി നിശ്ചയിക്കുക തന്നെയാണ് പരിഹാരം. അത് വ്യക്തിപരമായ തീരുമാനം തന്നെയാണ്. 'രണ്ടുടുപ്പുള്ളവന്‍ ഒന്നില്ലാത്തവന് കൊടുക്കട്ടെ' എന്ന വചനത്തില്‍ രണ്ടു പോലും ആഡംബരമെന്ന സുവിശേഷ സൂചനയുണ്ട്. തൃപ്തി നാം നമുക്കുള്ളില്‍ വരക്കേണ്ട വര തന്നെയാണ്. നമ്മുടെ മതബോധന പരിശീലനങ്ങള്‍ ഇത്തരം യമബോധശീലങ്ങളിലേക്ക് നമ്മെ നയിക്കേണ്ടതുണ്ട്. എന്നാല്‍ മതം തന്നെ യും ഒന്നാന്തരം ഉപഭോഗാവസരമായി മാറിത്തീരുന്നിടത്ത് ഉപയോഗമുക്തമായ ലോകവീക്ഷണം നല്കാന്‍ അതത്ര ശക്തമോ എന്ന ചോദ്യമുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ ആക്രാന്തത്തിന് മതമില്ല. അല്ലെങ്കില്‍ ഇതില്‍ എല്ലാ മതക്കാരുമുണ്ട്. വാങ്ങിക്കൂട്ടല്‍ തന്നെ മതചര്യയാക്കിയവരുടെ ഏകജീവിത പ്രമാണം ലാഭം മാത്രമാണ്.

ലാഭമോഹിത കമ്പോളകാലത്ത് 'മതി'യെന്നു പറയാനുള്ള ആര്‍ജ്ജവത്വം ആദ്യം കൈവരിക്കുന്നിടത്ത് തന്നെയാണ് ജീവിതം ലളിതസുന്ദരമായി രൂപപ്പെടുന്നത്. ഒപ്പം പരോപകാരാര്‍ത്ഥമായി പരുവപ്പെടുന്നതും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org