അനവസരത്തിലെ ആഡംബരം

അനവസരത്തിലെ ആഡംബരം

നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട കേരളീയം ധൂര്‍ത്താണോ എന്നാണ് ചോദ്യം. ആണെന്ന് ആണയിട്ട് പറയുന്നത് പ്രതിപക്ഷ കക്ഷികളാണ്. കടമെടുക്കാനുള്ള പരിധിയും കഴിഞ്ഞ് സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സര്‍ക്കാര്‍ 27 കോടി മുടക്കി ഒരാഴ്ചയിലധികം നീളുന്ന കാലാസാംസ്‌കാരിക മാമാങ്കം സംഘടിപ്പിക്കുമ്പോള്‍ ധൂര്‍ത്തിനപ്പുറം സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് കണക്കുകള്‍ നിരത്തിതന്നെയാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. എന്നാല്‍ കേരളീയം നാളേക്കുള്ള നിക്ഷേപമാണെന്ന നിലപാടിലാണ് സര്‍ക്കാരിന് നേതൃത്വം നല്കുന്ന സി പി എം ന്റേത്.

പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും മാത്രം 40,000 കോടിയുടെ കടമാണ് സര്‍ക്കാരിനുള്ളത് എന്നാണ് പ്രതിപക്ഷാരോപണം. ആറ് ഡി എ യും ശമ്പളക്കുടിശികയും നല്കാനുണ്ട്. മാസങ്ങളായി സാമൂഹിക ക്ഷേമ പെന്‍ഷനും മുടങ്ങിക്കിടക്കുന്നു. സ്‌കൂള്‍ ഉച്ചഭക്ഷണത്തിനുള്ള സര്‍ക്കാര്‍ വിഹിതം ലഭിക്കാതെ അധ്യാപകര്‍ അലയുമ്പോള്‍, കോടികള്‍ മുടക്കിയുള്ള ഈ ധൂര്‍ത്ത് അനവസരത്തിലാണെന്നാണ് പ്രതിപക്ഷാക്ഷേപം. 'കഞ്ഞി എവിടെ എന്ന ചോദ്യത്തിന് കല കാണൂ' എന്നാണ് സര്‍ക്കാര്‍ മറുപടി.

സര്‍ക്കാര്‍ നല്‌കേണ്ട വിഹിതത്തിന്റെ രണ്ടാം ഗഡുവും മുടങ്ങിയതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സാമ്പത്തിക പരാധീനതയിലാണ്. ഇതുവഴി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്ന ആശങ്കയുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ സംഘാടകച്ചെലവിനും ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനവും നിശ്ചിത തുക നല്‌കേണ്ടി വരും. ജനസമ്പര്‍ക്ക പരിപാടിയെ തള്ളിപ്പറഞ്ഞവര്‍ തന്നെ ജനസദസ്സ് സംഘടിപ്പിക്കുമ്പോള്‍ അതില്‍ ഭരണം ജനകീയമല്ലെന്ന ഏറ്റു പറച്ചിലുണ്ട്.

700 കോടിയോളം രൂപ സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയതിനാല്‍ സപ്ലൈകോയില്‍ വിതരണക്കാര്‍ സമരത്തിലാണ്. പൊതുമേഖലാ സ്ഥാപനമായ സപ്ലൈകോ 6500 കോടിയുടെ കടബാധ്യതയിലാണെന്നതും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. 2593 കോടി സര്‍ക്കാര്‍ സ്‌പ്ലൈകോയ്ക്ക് നല്കാനുണ്ട്. സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ നിശ്ചലമായത് അങ്ങനെയാണ്. ഇതിനിടയിലാണ് വൈദ്യുതി നിരക്കില്‍ വീടുകള്‍ക്ക് യൂണിറ്റിന് 30 പൈസയുടെയും വ്യവസായങ്ങള്‍ക്ക് 15 പൈസയുടെയും വര്‍ധനവ് കൂടി ഇടതുസര്‍ക്കാര്‍ നടപ്പാക്കിയത്. ജനാധിപത്യത്തെ 'ഇരുട്ടി'ലാക്കിയവര്‍ തന്നെ ജനങ്ങള്‍ക്ക് ഇരുട്ടടി നല്കുന്നതില്‍ അത്ഭുതം വേണ്ട.

കേരളത്തിന്റെ ഖ്യാതി ലോകസമക്ഷം എത്തിക്കാനാണ് കേരളീയം സംഘടിപ്പിക്കുന്നതെന്നാണ് സര്‍ക്കാര്‍ പരസ്യം. ഏത് കേരളത്തിന്റെ എന്ത് ഖ്യാതി എന്ന ചോദ്യം സാധാരണക്കാരുടേതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ കടമെടുപ്പ് സര്‍ക്കാര്‍ സൃഷ്ടിച്ച സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഖ്യാതിയോ? അര്‍ഹതപ്പെട്ട ജോലിക്കുവേണ്ടി സെക്രട്ടറിയേറ്റിന്റെ മുമ്പില്‍ മാസങ്ങളോളം മുട്ടിലിഴഞ്ഞ കായിക കേരളത്തിന്റെ ഖ്യാതിയോ? കുട്ടി സഖാക്കള്‍ക്ക് ബിരുദത്തിനു ചേരാതെയും, ബിരുദാനന്തര ബിരുദത്തിന് ശിപാര്‍ശ നല്കുന്ന ഉന്നത വിദ്യാഭ്യാസ കേരളത്തിന്റെ ഖ്യാതിയോ? പി എസ് സി യെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനത്തിലൂടെ ജോലിയുറപ്പാക്കുന്ന 'സുസ്ഥിര വികസന' പദ്ധതിയുടെ ഖ്യാതിയോ? ഉന്നത പഠനത്തിനും ഉയര്‍ന്ന ജോലിക്കുമായി നാടൊഴിയുന്ന യുവത തീര്‍ക്കുന്ന ബൗദ്ധികശോഷണ കേരളത്തിന്റെ ഖ്യാതിയോ?

കേരളത്തിന്റെ 67-ാം പിറവി ദിനത്തില്‍ നാടിളക്കിയുള്ള ആഘോഷം സര്‍ക്കാര്‍ ചെലവില്‍ സംഘടിപ്പിക്കപ്പെടുമ്പോള്‍ അത് പ്രതിനിധീകരിക്കുന്നത് ആരെയൊക്കെയാണ് എന്ന ചോദ്യമുണ്ട്. ഉലകനായകനും, മെഗാ-സൂപ്പര്‍ സ്റ്റാറുകളും പ്രധാനവേദിയിലെത്തുമ്പോള്‍ വിധേയത്വ ബന്ധങ്ങളെ അണിയിച്ചൊരുക്കി, അരങ്ങിലെത്തിച്ചുവെന്നതിലപ്പുറമൊന്നുമില്ലെന്നതാണ് വാസ്തവം. ആളെക്കൂട്ടാന്‍ ഇത്തരം കൃത്രിമ ചമല്‍ക്കാരങ്ങള്‍ ആവശ്യമാകുന്നിടത്ത് അവകാശവാദങ്ങളുടെ പൊള്ളത്തരം തന്നെയാണ് വെളിപ്പെടുന്നതും. സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധപൂര്‍വം പിടിച്ചിരുത്തി പരിപാടികള്‍ കൊഴുപ്പിക്കുമ്പോള്‍ സെക്രട്ടറിയേറ്റിലെ കാലിക്കസേരകള്‍ പൊതുജനത്തെ നോക്കി പരിഹസിക്കുകയാണ്. പങ്കെടുക്കാത്തവര്‍ക്ക് പിഴയും, സ്ഥാന ചലനവും ഭീഷണിയായുയരുമ്പോള്‍, സാധാരണജനങ്ങളുടെ ജീവിതായോധനത്തിന് അവധികൊടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ പ്രബോധന പ്രഘോഷണങ്ങള്‍ എന്തിനെന്ന ചോദ്യമുണ്ട്.

ഇടതുസര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന നേട്ടങ്ങളുടെ പട്ടികയില്‍ ഭൂപരിഷ്‌ക്കരണ നിയമവും പുരോഗതിയുടെ സമത്വവും ആഘോഷിക്കപ്പെടാറുണ്ട്. കേരളത്തിലെ പുരോഗതി സൂചികയെ ഇതര സംസ്ഥാനങ്ങളിലേതുമായി ബന്ധപ്പെടുത്തി മാത്രം അവതരിപ്പിക്കുന്ന പതിവുപരിപാടിയിലെ ക്രമക്കേടുകള്‍ ചര്‍ച്ചയാകണം. കേരളത്തിനകത്തെ പെരുകുന്ന സാമൂഹ്യ പുരോഗതിയുടെ അസമത്വത്തെ മറച്ചുപിടിച്ചുകൊണ്ടാണിത് എന്നതാണ് സത്യം. കേരളത്തില്‍ ആദിവാസി - ദളിത് വിഭാഗങ്ങളില്‍ 38% ഔദ്യോഗിക ദാരിദ്ര്യരേഖയ്ക്ക് കീഴിലായപ്പോള്‍ സവര്‍ണ്ണവിഭാഗത്തില്‍ അത് 14% മാണെന്നോര്‍ക്കണം. ജില്ലതോറും ഈ കണക്കുകള്‍ക്ക് വ്യത്യാസമുണ്ട്. വിശപ്പ് കുറ്റമായ നാട്ടില്‍ കൊല്ലപ്പെട്ട ആദിവാസി മധുവിന് ഇനിയും നീതി കിട്ടിയില്ലെന്നതും മറക്കരുത്.

പക്ഷേ മധുവിന്റെ കൂട്ടരെ മേളയില്‍ പ്രദര്‍ശനവസ്തുക്കളാക്കാന്‍ യാതൊരു ഉളുപ്പുമില്ലാതെയാണ് ഇടതുസര്‍ക്കാര്‍. നിങ്ങള്‍ ഇടതുപക്ഷമല്ലെന്നതിന് ഇനിയും തെളിവ് വേണോ?

'എന്നും ഒന്നാമത്' എന്ന കേരളീയാഘോഷ പരസ്യപത്രികയില്‍, പക്ഷേ,സഹകരണ മേഖലയെക്കുറിച്ച് പറയാതിരുന്നത് മനപൂര്‍വമാകും. സംഘടിത സാമ്പത്തിക കുറ്റകൃത്യം വഴി കരുവന്നൂരിലെ വീരസഖാക്കള്‍ സഹകരണമേഖലയ്ക്ക് നല്കിയ 'സംഭാവനകള്‍' നേട്ടത്തിന്റെ പട്ടികയില്‍പ്പെടുത്താനാവില്ലല്ലോ.

നാളത്തെ കേരളത്തെ നിര്‍വചിക്കുന്ന നിരവധി സെമിനാറുകള്‍ കേരളീയ മേളയുടെ ഭാഗമാക്കിയിട്ടുണ്ട്. ആശയക്കൂട്ടം നല്ലതാണ്. നവ കേരള നിര്‍മ്മിതിക്ക് അത് ആവശ്യവുമാണ്. എന്നാല്‍ കോടികള്‍ മുടക്കി സംഘടിപ്പിച്ച ലോക കേരള സഭകളില്‍ സമര്‍പ്പിക്കപ്പെട്ട 'നൂതനാശയ'ങ്ങളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് എവിടെ എന്ന ചോദ്യത്തിനുള്ള മറുപടി മൗനത്തിലൊതുക്കുന്ന സര്‍ക്കാര്‍ നിലപാടിലുണ്ട് ഇത്തരം പരിപാടികളുടെ പൊള്ളത്തരം. ആഘോഷങ്ങളാകാം. കേരളത്തിന്റെ മാഹാത്മ്യത്തെ ലോകസമക്ഷമെത്തിക്കുന്ന വിധത്തിലും അതാകാം. എന്നാല്‍ 'സര്‍ക്കാര്‍ സാമ്പത്തികാടിയന്തരാവസ്ഥയിലാണോ' എന്ന ഉന്നത നീതിപീഠത്തിന്റെ ചോദ്യമുയര്‍ന്ന വേളയില്‍ ത്തന്നെ കേരളീയം പോലൊന്ന് സംഘടിപ്പിക്കുമ്പോള്‍ അത് അനവസരത്തിലാണെന്ന് സമ്മതിക്കണം.

കെട്ടുകാഴ്ചകളുടെ പൊയ്ക്കാലുകളില്‍ കെട്ടിയുയര്‍ത്തിയ 'കേരളം, ഒന്നാണെ'ന്ന് എത്രയാവര്‍ത്തിയാഘോഷിച്ചാലും, ഒന്നുമില്ലാത്തവന്റെയും ഒന്നുമല്ലാത്തവന്റെയും ചൂണ്ടുവിരല്‍ നിങ്ങള്‍ക്കെതിരെ ഉയര്‍ന്നുതന്നെ നില്‍ക്കും സാര്‍, മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org