
വിവാദ വിഷയ പട്ടികയിലേക്ക് ലിംഗ വിവേചനത്തെക്കൂടി പുതുതാ യി ചേര്‍ത്തു കൊണ്ടു സ്ത്രീപക്ഷ ചര്‍ച്ചകളെ സജീവമാക്കി സാംസ്‌കാരിക കേരളം. ആണ്‍കുട്ടികളുടെ സ്‌കൂള്‍ യൂണിഫോം തന്നെ പെണ്‍കുട്ടികള്‍ക്കും നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ബാലുശ്ശേരി സര്‍ക്കാര്‍ വിദ്യാലയത്തിലെ പുതിയ നീക്കമായിരുന്നു വിവാദത്തുടക്കം. സര്‍ക്കാര്‍ പാഠ്യപദ്ധതി പരിഷ്‌കരണ കരട് സമീപന രേഖയുടെ ചുവടു പിടിച്ചായിരുന്നു വിദ്യാലയാധികൃതരുടെ ഈ നീക്കം. അതിനെതിരെ വിവിധ മതരാഷ്ട്രീയ സംഘടനകള്‍ പ്രത്യേകിച്ച് മുസ്‌ലിം ലീഗ് രംഗത്തു വന്നതോടെ ജെന്‍ഡര്‍ ന്യൂട്രാ ലിറ്റിയെക്കുറിച്ചുള്ള സംവാദം സജീവമായി.
സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കാനുള്ള നീക്കം സ്വതന്ത്ര ലൈംഗികതയ്ക്ക് കളമൊരുക്കുമെന്ന ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയാണ് ഈ നിരയില്‍ ഒടുവിലത്തേത്. മുതിര്‍ന്ന ആണ്‍-പെണ്‍കുട്ടികളെ വേര്‍തിരിവില്ലാതെ ഒരേ ബഞ്ചിലിരുത്തിയാല്‍ ധാര്‍മ്മികത തകരുമെന്നാണ് ലീഗ് ഭാഷ്യം. ജെന്‍ഡര്‍ ന്യൂട്രാലിറ്റി അടിച്ചേല്പിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത് മുന്നോട്ടു പോകുമെന്ന് ജനറല്‍ സെക്രട്ടറി പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. എതിര്‍പ്പ് ശക്തമായതോടെ സര്‍ക്കാര്‍ ഈ രേഖ പിന്നീട് തിരുത്തി. ലിംഗസമത്വ ഇരിപ്പിടം എന്ന പ്രയോഗം മാറ്റി ലിംഗസമത്വസ്‌കൂള്‍ അന്തരീക്ഷം എന്നാക്കി. ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്പിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തു.
ലിംഗ വിവേചന വിഷയത്തെ ശരിയായി മനസ്സിലാക്കാതെ ചില വേഷപ്പകര്‍ച്ചകളിലൂടെ അത് സാധ്യമാക്കാമെന്ന സര്‍ക്കാര്‍ നിലപാടും, ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ തകര്‍ന്നു പോകുന്ന ധാര്‍മ്മിക ച്യുതിയായി അതിനെ നിസ്സാരവല്‍ക്കരിച്ച ലീഗ് നിലപാടും ഒരുപോലെ യാഥാര്‍ത്ഥ്യബോധമില്ലാത്തതാണെന്നതാണ് വാസ്തവം. ജെന്‍ഡര്‍ ഇക്വാലിറ്റിയും ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാക്കാതെയാണ് ഈ അഭിപ്രായ പ്രകടനങ്ങള്‍ എന്നതാണ് മറ്റൊരു സത്യം. ജെന്‍ഡര്‍ ഇക്വാലിറ്റി അഥവാ ലിംഗ സമത്വവും, ജെന്‍ഡര്‍ ന്യൂട്രാലിറ്റി അഥവാ ലിംഗ നിഷ്പക്ഷതയും പൂര്‍ണ്ണമായും വ്യത്യസ്ത അര്‍ത്ഥതലങ്ങളെ അവലംബിച്ചാണ് നിലകൊള്ളുന്നത്.
ലിംഗ സമത്വമെന്നാല്‍ വിഭവങ്ങളുടെ തുല്യവിതരണം എന്നാണര്‍ ത്ഥം. നാലു ഒഴിവുകളില്‍ രണ്ടെണ്ണം പുരുഷന്മാര്‍ക്കും രണ്ടെണ്ണം സ്ത്രീകള്‍ക്കും ഉറപ്പാക്കുന്ന തുല്യതയുടെ ലിംഗ സുരക്ഷയാണത്. എന്നാല്‍ ലിംഗ നിഷ്പക്ഷതയാകട്ടെ ലിംഗഭേദമില്ലാതെയുള്ള വിഭവ വിതരണത്തെയാണ് സൂചിപ്പിക്കുന്നത്. ആണോ പെണ്ണോ എന്നതല്ല, കഴിവാകും അവിടെ പ്രധാന മാനദണ്ഡം.
ലിംഗ വിവേചനമില്ലാതെ പരസ്പരം പെരുമാറുന്ന ഉയര്‍ന്ന സാംസ്‌കാരിക ബോധമുള്ള സമൂഹത്തെയാണ് നവോത്ഥാന കേരളം യഥാര്‍ത്ഥത്തില്‍ ഉറപ്പുവരുത്തേണ്ടത്. എന്നാല്‍ സ്ത്രീയേക്കാള്‍ ഒരു പടി മുകളിലാണ് പുരുഷനെന്ന തെറ്റായ പാഠത്തിന്റെ ആദ്യാക്ഷരം കുട്ടികള്‍ ആദ്യമറിയുന്നത് നമ്മുടെ വീട്ടകങ്ങളില്‍ തന്നെയാണ്. ആണ്‍കോയ്മയുടെ ആധിപത്യം അസാധാരണമാം വിധം അപകടകരമാകുന്നതെങ്ങനെയെന്ന് 'ദി ഗ്രേറ്റ് ഇന്‍ഡ്യന്‍ കിച്ചന്റെ' അഭ്രപാളി ഭാഷ്യം നന്നായി പറഞ്ഞല്ലോ. 'മറ്റൊരു വീട്ടില്‍ പുലരേണ്ടവള്‍' എന്ന മട്ടിലുള്ള പരിശീലന പരിപാടികളില്‍ കാര്യമായ മാറ്റം ശരാശരി മലയാളി ഇനിയും തന്റെ വീട്ടില്‍ വരുത്തി യിട്ടില്ലെന്നതാണ് വാസ്തവം.
ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍പ്പോലും വിദ്യാര്‍ത്ഥികളെ ആണ്‍- പെണ്‍ വേര്‍തിരിവിന്റെ വിരിയിട്ടിരുത്തിയിട്ടും, ലൈംഗിക അരാജകത്വവും, പ്രായഭേദമെന്ന്യേ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമവും സാക്ഷര കേരളത്തില്‍ സര്‍വ്വസാധാരണമാകുന്നതെന്തുകൊണ്ടാണെന്ന് നിഷ്പക്ഷമായി പരിശോധിക്കേണ്ടതുണ്ട്.
''നിങ്ങളുടെ സംസ്‌ക്കാരത്തെക്കുറിച്ച് ഞങ്ങളോട് പ്രസംഗിക്കണ്ട. നി ങ്ങളുടെ നാട്ടിലെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ആദിവാസികളെയും ഞങ്ങള്‍ക്ക് കണിച്ചു തരിക. അവരോട് നിങ്ങള്‍ എങ്ങനെ പെരുമാറുന്നുവെന്ന് കണ്ട് നിങ്ങളുടെ സംസ്‌കാരത്തെപ്പറ്റി ഞാന്‍ വിലയിരുത്താം'' എന്നു പറഞ്ഞ വിശ്വസാഹിത്യകാരന്‍ വിക്ടര്‍ ഹ്യൂഗോ നമുക്കെത്ര മാര്‍ ക്കിടും? പുരസ്‌ക്കാരം വാങ്ങാന്‍ വേദിയിലെത്തിയ കുട്ടിയെ മുതിര്‍ന്ന പെണ്ണാണെന്ന കാരണത്താല്‍ ആക്ഷേപിച്ച് തിരിച്ചയച്ച സാംസ്‌കാരിക പരിസരങ്ങളിലാണ് നമ്മുടെ ലിംഗ സമത്വ ചര്‍ച്ചകള്‍ പുരോഗമിക്കേണ്ടത് എന്നത് മറക്കരുത്.
സ്ത്രീയുടെ വസ്ത്രധാരണം ബലാല്‍ക്കാരത്തിന് പ്രേരകമാകുന്നുണ്ടെന്ന് വിലയിരുത്തിയ ന്യായാധിപന്റെ ശമ്പളം നമ്മുടെ നികുതിപ്പണമാണെന്നതും ഓര്‍മ്മിക്കണം. പെണ്ണുടലിനെ പ്രലോഭന ഹേതുവായി മാത്രം കാണുന്ന മതബോധ ഭീകരതയുടെ ഇരയായി അവളിനിയും ചെറുതായി കൂടാ.
വേഷം മാറിയതുകൊണ്ടു മാത്രം മാറിപ്പോകുന്നതോ, ഒരേ ബഞ്ചിലിരുന്നതുകൊണ്ട് പരിഹൃതമാകുന്നതോ അല്ല കേരളത്തിലെ ലിംഗ വിവേചനത്തിലെ ആസൂത്രിതാസമത്വത്തിന്റെ തീരാസങ്കടങ്ങള്‍. ജോലിക്കിടയില്‍ ഒന്നിരിക്കാനും പ്രഥമികാവശ്യങ്ങള്‍ മാന്യമായി നിര്‍വ്വഹിക്കാനുള്ള അവകാശത്തിനുവേണ്ടിപ്പോലും അവള്‍ ആവലാതിെപ്പട്ടത് നാം 'നവോത്ഥാന മതില്' പണിത കാലത്തുതന്നെയെന്നതു മറക്കരുത്. ലിംഗ ന്യൂനപക്ഷത്തെ(LGBTQ)ക്കൂടി വിദ്യാഭ്യാസ പ്രക്രിയയില്‍ ക്രിയാത്മകമായി ഉള്‍പ്പെടുത്തക്കവിധത്തില്‍ പരിഷ്‌ക്കരണ പരിപാടികള്‍ ജാധിപത്യപരമായി വികസിതമാകണം.
പരിഷ്‌ക്കാരങ്ങള്‍ കാലോചിതമായി സംഭവിക്കേണ്ടതാണെന്നതില്‍ സംശയമില്ല. അപ്പോഴും അത് മൂല്യബോധത്തെ മുന്‍നിറുത്തിയാണെ ന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം.
മാറേണ്ടത് മനോഭാവങ്ങള്‍ തന്നെയാണ്. സ്ത്രീയും പുരുഷനുമായി സൃഷ്ടിക്കപ്പെട്ട മനുഷ്യപ്പാതിയെന്ന മട്ടില്‍ അര്‍ഹിക്കുന്ന ആദരവും കരുതലും അവള്‍ക്ക് കിട്ടിയേ തീരൂ. അത് അവള്‍ക്കായി അനുവദിക്കുന്ന ആനുകൂല്യമാകാതെ അര്‍ഹിക്കുന്ന അവകാശമായി ലഭ്യമാക്കണം.