ഓര്‍മ്മയല്ല, ഓര്‍മ്മപ്പെടുത്തല്‍

ഓര്‍മ്മയല്ല, ഓര്‍മ്മപ്പെടുത്തല്‍

ഇന്ത്യ മുഴുവനും കല്‍ത്തുറുങ്കായി മാറ്റപ്പെട്ട, അടിയന്തരാവസ്ഥയുടെ കെട്ട നാളുകള്‍ക്ക് അമ്പതാണ്ട് തികയുമ്പോള്‍, അസ്ഥിരമാക്കപെട്ട ഭരണഘടനാ കാലത്തിന്റെ ചാവോര്‍മ്മയെന്നുകൂടി കാലം അതിനെ അടിയാളപ്പെടുത്തുന്നു.

അമിതാധികാരം ഏകാധിപതിക്ക് പിറവിയൊരുക്കുന്നതെങ്ങനെയെന്നതിന്റെ ചരിത്രപാഠം കൂടിയാണ് അതെന്നതുകൊണ്ട്, അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ പുതിയ കാലത്ത്, ഇന്ദിരയില്‍ നിന്നും മോദിയിലേക്കുള്ള അകലം കുറഞ്ഞുവരുന്നത് ജനാധിപത്യ വിശ്വാസികളെ ഭയപ്പെടുത്തുകയാണ്. അങ്ങനെയാണ് അത് വെറും ഓര്‍മ്മ മാത്രമാകാതെ ഓര്‍മ്മപ്പെടുത്തലായി പരിണമിക്കുന്നത്.

1971-ലെ പൊതു തിരഞ്ഞെടുപ്പില്‍ കിട്ടിയ മൃഗീയ ഭൂരിപക്ഷവും, ചുറ്റുമുള്ള ഉപജാപകവൃന്ദത്തിന്റെ സ്തുതിപരിലാളനകളും കൂടിചേര്‍ന്ന് ഇന്ദിരാഗാന്ധിയിലെ ഏകാധിപതിയെ പരുവപ്പെടുത്തിയപ്പോള്‍, പരമോന്നത നീതിപീഠമുള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ഇഷ്ടനിയമനങ്ങളിലൂടെ ചൊല്‍പ്പടിക്ക് നിറുത്തിയാണ്, അവര്‍ അടിയന്തരവാസ്ഥയുടെ സമഗ്രാധിപത്യ സ്വഭാവത്തെ അതിഭീകരമായി പാകപ്പെടുത്തിയത്.

ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ ഉള്‍ക്കാട്ടിലെറിഞ്ഞ കോണ്‍ഗ്രസ് പാര്‍ട്ടിയും അതിലെ ആജ്ഞാനുവര്‍ത്തികളായ അനുയായിവൃന്ദവും, സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ സമാന്തര ഭരണകൂടമായി, അധിപത്യമുറപ്പിച്ചപ്പോള്‍, സ്വന്തം ക്യാബിനറ്റിനോടു പോലും ആലോചിക്കാതെ, അര്‍ദ്ധരാത്രിയില്‍ ഇന്ത്യ നേടിയ സ്വാതന്ത്ര്യത്തെ, 1975-ലെ മറ്റൊരര്‍ദ്ധരാത്രിയില്‍ പരിപൂര്‍ണ്ണമായി റദ്ദാക്കാന്‍ അവര്‍ക്ക് എളുപ്പമായി.

ഏകാധിപത്യങ്ങള്‍ക്ക് അധികം ആയുസ്സില്ലെന്ന ചരിത്രപാഠം, അടിയന്തരവാസ്ഥക്കാലത്തിന്റേത് മാത്രമല്ല, ഏതൊരനീതിക്കുമെതിരെ അടിയന്തരമായി ഇറങ്ങിപ്പോരാടാന്‍ അത് എക്കാലവും കരുത്താകണം, സഭയിലും സമൂഹത്തിലും.

പൗരാവകാശങ്ങളൊക്കെയും പരിപൂര്‍ണ്ണമായും ജയിലിലടയ്ക്കപ്പെട്ട അടിയന്തരാവസ്ഥയുടെ 21 മാസങ്ങള്‍, രാജ്യം ഇതുവരെ കാണാത്ത ജനാധിപത്യ ധ്വംസനങ്ങളുടെ പരമ്പരയ്ക്കാണ് നിര്‍ലജ്ജം സാക്ഷ്യം വഹിച്ചത്. ഗുജറാത്തിലെയും, തമിഴ്‌നാട്ടിലെയുമുള്‍പ്പെടെ, തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരുകളെ നിര്‍ദയം പിരിച്ചുവിട്ടും, തനിക്ക് അനുകൂലമായി 1951 ലെ ജനപ്രാതിനിധ്യനിയമത്തെ പൊളിച്ചെഴുതിയും, ഇന്ദിരയെന്ന ഏകാധിപതി കളം നിറഞ്ഞാടിയപ്പോള്‍ 'ഇന്ത്യയെന്നാല്‍ ഇന്ദിരയെന്ന' ബറുവാ മന്ത്രം അക്ഷരാര്‍ത്ഥത്തില്‍ ആവിഷ്‌ക്കരിക്കപ്പെടുകയായിരുന്നു. പ്രതിപക്ഷ നേതാക്കളെ രാജ്യവ്യാപകമായി വേട്ടയാടിയും, സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്കിയും സ്വേച്ഛാധിപത്യത്തിന്റെ ഫാസിസ്റ്റ് നാളുകളെ അടിയന്തരാവസ്ഥക്കാലം അന്വര്‍ത്ഥമാക്കി. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ അസാധാരണമായ അഴിഞ്ഞാട്ടത്തെ ഭരണ നൈപുണ്യമെന്ന പെരുംനുണയില്‍ പൊതിഞ്ഞ് നിരന്തരം അവതരിപ്പിച്ചുകൊണ്ട്, രാജ്യം 'നന്നായി പണിയെടുത്തുവെന്ന്' വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അത്തരം പ്രചരണങ്ങളില്‍ വീണുപോയതിനാലാകണം രാജ്യം മുഴുവന്‍ പിന്നീടു വന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്കെതിരെ അതിശക്തമായി പ്രതികരിച്ചപ്പോഴും, 'നവോത്ഥാന കേരളം' മാറിനിന്നതും, വന്‍ഭൂരിപക്ഷത്തോടെ ഇന്ദിരയുടെ പാര്‍ട്ടിക്ക് പിന്തുണ നല്കിയതും!

അടിയന്തരാവസ്ഥയ്ക്കുശേഷം ജനാധിപത്യ സ്വഭാവമുള്ള 'ജനതാ സര്‍ക്കാര്‍' ഭരണത്തിലെത്തിയെങ്കിലും, അധികം വൈകാതെ അകത്തെ അന്തഃഛിദ്രവും, ജനവിരുദ്ധ നിലപാടുകളും മൂലം അതിവേഗം അസ്ഥിരമായി അവസാനിച്ചു.

ഏറ്റവും വലിയ ദൗര്‍ഭാഗ്യമെന്തെന്നാല്‍, അടിയന്തരാവസ്ഥക്കാലത്തെ, ഭരണഘടനാവിരുദ്ധമായതൊക്കെയും വലിയ അളവില്‍ ഇവിടെ പിന്നീട് തിരിച്ചെത്തിയെന്ന് മാത്രമല്ല ജനവിരുദ്ധമായ പലതും സാമാന്യവല്‍ക്കരിക്കപ്പെടുകയും ചെയ്തുവെന്നതാണ്. പ്രതിപക്ഷ മുക്ത മോദിഭാരത സൃഷ്ടിക്ക് ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ജനാധിപത്യ ഭാരതം നല്കിയ അപ്രതീക്ഷിത തിരിച്ചടിയില്‍ ബി ജെ പി ആദ്യമൊന്നു പതറിയെങ്കിലും മൂന്നാമൂഴത്തിലും അത്തരം നിലപാടുകളുമായി മുന്നോട്ടുതന്നെയെന്ന പ്രതീതി ഇപ്പോള്‍ത്തന്നെയുണ്ട്. അടിയന്തരാവസ്ഥയെ പാര്‍ലമെന്റില്‍ അപ്രതീക്ഷിതമായി ചര്‍ച്ചയാക്കിയ ദിനം തന്നെയാണ് ജയിലില്‍ തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി കേജരിവാളിനെ അടിയന്തരമായി വീണ്ടും അറസ്റ്റു ചെയ്തതെന്നത് മറക്കരുത്.

അടിയന്തരാവസ്ഥയ്‌ക്കെതിരെ വിധി എഴുതിയ ഇന്ത്യയുടെ അതേ ജനാധിപത്യബോധം, ചെറിയ ഭൂരിപക്ഷത്തില്‍ മാത്രം മോദിയ്ക്ക് മൂന്നാമൂഴമനുവദിക്കുമ്പോള്‍ വര്‍ഗീയതയ്ക്കും വിദ്വേഷ വിഭജന രാഷ്ട്രീയത്തിനും ഇവിടെ സ്ഥാനമില്ലെന്നു തന്നെയാണ് ഉറപ്പിച്ചു പറയുന്നതും.

സര്‍വാധിപത്യത്തിന്റെ ആ കെട്ടകാലത്തെ അടിയന്തരമായി നാം ഓര്‍മ്മിച്ചെടുക്കുമ്പോള്‍, സമാനമായ സംഭവവികാസങ്ങളിലൂടെ സീറോ മലബാര്‍ സഭയും കടന്നുപോകുന്നില്ലേ എന്ന സംശയമുയരുന്നുണ്ട്. ദൈവജനമാണ് സഭയെന്ന വത്തിക്കാന്‍ കൗണ്‍സില്‍ ദര്‍ശനത്തെ കാറ്റില്‍പ്പറത്തി, അനുസരണമെന്ന സുവിശേഷ പുണ്യത്തെ മര്‍ദകോപകരണമാക്കിക്കൊണ്ട്, ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി അധാര്‍മ്മികമായി അടിച്ചേല്പിക്കാന്‍ കഴിഞ്ഞ കാലങ്ങളിലെല്ലാം സിനഡ് നടത്തിയ ശ്രമങ്ങള്‍ അടിയന്തരാവസ്ഥക്കാലത്തിലേതുപോലുള്ള നീതിനിഷേധത്തിന്റെ നിഴല്‍ വീണവയാണ്. ഐകരൂപ്യമല്ല, ഐക്യമാണ് പ്രധാനമെന്ന് മാര്‍പാപ്പ ആവര്‍ത്തിക്കുമ്പോള്‍ കേവലം അനുഷ്ഠാനക്രമത്തിന്റെ പേരില്‍ സുവിശേഷവിരുദ്ധമായത് സഭയില്‍ സാമാന്യവല്‍ക്കരിക്കപ്പെടാതിരിക്കട്ടെ.

ചെറുത്തുനില്‍പ്പ് തന്നെയാണ് അനീതിക്കും അധാര്‍മ്മികതയ്ക്കും എതിരായുള്ള പോരാട്ടത്തെ ബലപ്പെടുത്തുന്നത്. അതിന്റെ പിറകിലെ കരുത്ത് അതിശക്തമായ നീതിബോധമാകയാലാണ് ഒറ്റപ്പെടുമ്പോഴും ഒറ്റക്കെട്ടായിത്തുടരാനാകുന്നത്. ഏകാധിപത്യങ്ങള്‍ക്ക് അധികം ആയുസ്സില്ലെന്ന ചരിത്രപാഠം, അടിയന്തരവാസ്ഥക്കാലത്തിന്റേത് മാത്രമല്ല, ഏതൊരനീതിക്കുമെതിരെ അടിയന്തരമായി ഇറങ്ങിപ്പോരാടാന്‍ അത് എക്കാലവും കരുത്താകണം, സഭയിലും സമൂഹത്തിലും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org