'വിരുന്നുകാരല്ല, വീട്ടുകാര്‍'

'വിരുന്നുകാരല്ല, വീട്ടുകാര്‍'

'അല്മായര്‍ സഭയില്‍ വിരുന്നുകാരല്ല, വീട്ടുകാരാണെന്ന' ഫ്രാന്‍സിസ് പാപ്പയുടെ അജപാലന ദര്‍ശനം സഭയുടെ സിനഡല്‍ യാത്രയില്‍ ശ്രദ്ധേയമായ നാഴികക്കല്ലാകുകയാണ്. വത്തിക്കാനിലെ സിനഡ് ഹാളില്‍ 'അല്മായ അജപാലക സഹകരണ'ത്തെക്കുറിച്ച് ഈയിടെ നടന്ന പ്രഭാഷണമധ്യേയാണ് സഹകരണത്തിന്റെ പുതിയ സഭാത്മക വീക്ഷണം പാപ്പ പങ്കുവച്ചത്.

''സഭയുടെ എല്ലാ തലങ്ങളിലും അല്മായരും അജപാലകരും ഒന്നിച്ച് നടക്കാന്‍ സമയമായി. അല്മായരുമായി അനുദിനം സഹകരിക്കുന്നതിനുള്ള പരിശീലനം അജപാലകര്‍ക്ക് സെമിനാരിയില്‍നിന്നുതന്നെ ലഭിച്ചിരിക്കണം. അല്മായരുമായുള്ള കൂട്ടായ്മയിലുള്ള ജീവിതം അവര്‍ക്കൊരു സ്വാഭാവിക രീതിയാകണം. അസാധാരണമായ സന്ദര്‍ഭമായി അത് മാറാന്‍ പാടില്ല.'' സഭയുടെ അജപാലനാഭിമുഖ്യം സുവിശേഷാത്മകമായി സമ്പൂര്‍ണ്ണമാകുന്നത് അല്മായരുടെ സജീവപങ്കാളിത്തം ഉറപ്പാക്കുമ്പോള്‍ മാത്രമാണെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ശക്തമായി സൂചിപ്പിക്കുന്നുണ്ട്.

''ക്രിസ്തുവിന്റെ പൗരോഹിത്യത്തിലും പ്രവാചകത്വത്തിലും രാജത്വത്തിലും പങ്കുകാരാണ് അല്മായര്‍. അതുകൊണ്ട് സഭയുടെ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും അവരുടേതായ പങ്ക് അവര്‍ക്ക് സജീവമായി നിര്‍വഹിക്കാനുണ്ട്. ഇടയന്മാരുടെ പ്രേഷിത പ്രവര്‍ത്തനം പൂര്‍ണ്ണമായി ഫലമണിയാന്‍ അല്മായരുടെ പ്രവര്‍ത്തനവും കൂടി വേണം'' (അല്മായ പ്രേഷിതത്വം 10).

സഭയെ ദൈവജനമായി പുനഃനിര്‍വചിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സഭാദര്‍ശനം അതിന്റെ വജ്ര ജൂബിലി വേളയില്‍ നേതൃത്വം മറന്നു പോകുന്നതിന്റെ അപകടത്തെക്കുറിച്ചും പാപ്പ മുന്നറിയിപ്പു നല്കി. ''ഒരു അജപാലകന് സംഭവിക്കാവുന്ന ഏറ്റവും മോശമായ ഒരു കാര്യം താന്‍ ജനങ്ങള്‍ക്കിടയില്‍നിന്നും വന്നുവെന്നത് മറക്കുന്നതാണ്.'' ഈ മറവിയുടെ ദുരന്തം സഭയിലെ സമീപകാല പ്രശ്‌നങ്ങളുടെ മറ നീക്കാനിടയാക്കി എന്നതാണ് വാസ്തവം.

''പ്രാദേശികവും ദേശീയവും സാര്‍വദേശീയവുമായ പുതിയ അജപാലന സംരംഭങ്ങള്‍ക്ക് രൂപംകൊടുക്കുമ്പോഴെല്ലാം അല്മായരുമായി കൂടിയാലോചന നടത്തണ''മെന്നാണ് പാപ്പയുടെ നിലപാട്. എന്നാല്‍ സഭയിലെ പ്രധാനപ്പെട്ട കാര്യങ്ങളുടെ ആസൂത്രണവും, നിര്‍വഹണവും സഭാനേതൃത്വത്തിന്റെ മേല്‍ത്തട്ടില്‍തന്നെ ഇപ്പോഴും തട്ടിനില്‍ക്കുന്നതാണ് വിശ്വാസികളുടെ വര്‍ത്തമാനകാലാനുഭവം.

സീറോ മലബാര്‍ സഭയില്‍ പ്രത്യേകിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ വി. കുര്‍ബാനയര്‍പ്പണ രീതിത്തര്‍ക്കം തെരുവിലേക്കു വളര്‍ന്നു വഷളായതിനു പിന്നില്‍ അതിരൂപതയുടെ അജപാലനാഭിമുഖ്യങ്ങളെ യഥാവിധി മനസ്സിലാക്കാതെ പോയതും, സഭയിലെ അവിഭാജ്യഘടകമായി രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍വചിച്ച അല്മായ സമൂഹവുമായി ശരിയായ സമയത്തും രീതിയിലും ചര്‍ച്ചകള്‍ നടത്താതിരുന്നതുമാണെന്നത് പകല്‍ പോലെ വ്യക്തമാണ്.

2023-ലെ നോമ്പുകാല സന്ദേശത്തില്‍ സംഭാഷണത്തിന്റെ സുവിശേഷത്തെക്കുറിച്ചും, ശ്രവണത്തിന്റെ സിനഡാത്മകതയെക്കുറിച്ചും പാപ്പ ആവര്‍ത്തിച്ച് വ്യക്തമാക്കി. ''സഭയിലെ നമ്മുടെ സഹോദരങ്ങളെ ശ്രവിക്കുന്നതിലാണ് പലപ്പോഴും ക്രിസ്തുവിനെ ശ്രവിക്കല്‍ സമ്പൂര്‍ണ്ണമാകുന്നത്. ഒരു സിനഡല്‍ സഭയുടെ രീതിയിലും ശൈലിയിലും ഇത് എല്ലായ്‌പ്പോഴും ഒഴിച്ചു കൂടാനാവാത്തതുമാണ്.''

സഭയുടെ മുഖ്യശത്രുവായ 'ഹയരാര്‍ക്കിയലിസം' വ്യത്യസ്തതകളെ നിരാകരിക്കുന്നതും അടിച്ചേല്പിക്കലുകളെ ആധികാരികമാക്കുന്നതുമായ ഭരണരീതിയാണ്. അനുസരണം എന്ന 'വിഗ്രഹ'പുണ്യത്തിലൂടെ അരുതാത്തതൊക്കെയും അകത്ത് പ്രവേശിക്കുകയെന്ന അസാധാരണ സാഹചര്യം അത് അനിവാര്യമാക്കും. സഭയുടെ സിനഡല്‍ യാത്ര അതിന് വിപരീത ദിശയിലാകുമ്പോള്‍ മാത്രം പാപ്പ വിവക്ഷിക്കുന്ന 'വ്യക്തിപരവും സഭാപരവുമായ രൂപാന്തരീകരണം' നോമ്പുകാല പ്രായശ്ചിത്തത്തിന്റെ അത്യന്തികലക്ഷ്യമാകും.

സിനഡാത്മക സഭയ്ക്കായുള്ള ആഗോളമെത്രാന്‍ സിനഡൊരുക്കത്തിന്റെ പശ്ചാത്തലത്തിലാണ് പി ഒ സിയില്‍ കേരള കത്തോലിക്കാസഭ 'നവീകരണ വര്‍ഷം' പ്രഖ്യാപിച്ചത്. മാസങ്ങള്‍ക്കിപ്പുറം കാര്യമായ പ്രവര്‍ത്തന സൂചനകളില്ലാതെ തുടരുമ്പോള്‍ പ്രഖ്യാപനത്തോടെ അതവസാനിച്ചുവോ എന്ന ആശങ്കയുണ്ട്. സിനഡിനൊരുക്കമായി സീറോ മലബാര്‍ സഭയിലെ എത്ര രൂപതകളില്‍ പാപ്പ നിര്‍ദേശിച്ച പ്രകാരം അടിത്തട്ടുതൊട്ട സംവാദങ്ങള്‍ സംഭവിച്ചുവെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കട്ടെ. 'ചര്‍ച്ച വേണ്ട, അനുസരിച്ചാല്‍ മതി'യെന്ന മട്ടില്‍ ഇവിടെ കാര്യങ്ങള്‍ 'പുരോഗമിച്ച'തിന്റെ ചരിത്രം ബാങ്കോക്കിലെ ഏഷ്യന്‍ സഭയുടെ സിനഡു സമ്മേളനത്തില്‍ ചര്‍ച്ചയായോ എന്നറിയില്ല. 'നിന്റെ കൂടാരം വിസ്തൃതമാക്കുക' (ഏശയ്യ 54:2) എന്ന സന്ദേശത്തിലൂന്നി സംഘടിക്കപ്പെട്ട പ്രസ്തുത സമ്മേളനം സംവാദ സദസ്സുകളെ വിശാലമാക്കിയോ എന്നറിയാന്‍ താല്പര്യമുണ്ട്.

റോമാ രൂപതയെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണത്തില്‍ സിനഡാലിറ്റി സഭയുടെ സ്വഭാവത്തെയും ദൗത്യത്തെയും എത്രമാത്രം ആഴത്തില്‍ അടയാളപ്പെടുത്തുമെന്ന് വീണ്ടും പാപ്പ വ്യക്തമാക്കി. ''നാം ഒരുമിച്ചാണ് സഭ ആയിരിക്കുന്നത്. ഈ വീക്ഷണപ്രകാരം എല്ലാവരും നായകരാണ്. ആരെയും വെറും അധികപറ്റായി കാണാനാവില്ല.'' റോമാക്കാര്‍ക്ക് ഫ്രാന്‍സിസ് പാപ്പ എഴുതിയ ലേഖനം ആഗോള സഭയ്ക്കുള്ളതാണ്; സഭയെ സംബന്ധിച്ചുമാണ്. (വത്തിക്കാന്‍ കൗണ്‍സില്‍ രേഖകള്‍പോലും പൗരസ്ത്യസഭകളെ സംബന്ധിച്ചല്ലെന്ന് വിചാരിക്കുന്നവര്‍ക്ക് ഇതൊന്നും ബാധകമല്ലെന്നറിയാം.)

സിനഡാലിറ്റിയെ സഭയില്‍ തീരുമാനമെടുക്കുന്ന രീതിയിലെ പുതുമ മാത്രമായി ചെറുതാക്കരുത്. 'അതൊരു ജീവിതരീതിയും പെരുമാറ്റശൈലിയുമാണ്.' സഭയുടെ സിനഡല്‍ യാത്രയില്‍ (ഐക്യത്തെ) വിഗ്രഹിക്കുന്ന തീരുമാനങ്ങള്‍ എത്ര പരിശുദ്ധമെങ്കിലും വിഗ്രഹവല്‍ക്കരിക്കപ്പെട്ടു കൂടാ എന്ന ശാഠ്യം കൂടിയാണത്.

'വീട്ടുകാരെ വിരുന്നുകാരാക്കുന്ന' അജപാലനശൈലികള്‍ നിശ്ചയമായും തിരുത്തപ്പെടണം. അനുസരിപ്പിച്ച് 'അകത്താക്കുന്നതല്ല', അനുഗമിച്ച് അനുയായിയാക്കുന്നതാണ് ക്രിസ്തുശൈലിയെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ മനസ്സിലാക്കിയാല്‍ നന്ന്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org