തദ്ദേശമല്ലാത്ത തെരഞ്ഞെടുപ്പുകള്‍

തദ്ദേശമല്ലാത്ത തെരഞ്ഞെടുപ്പുകള്‍

നാട്ടങ്കത്തിന് തീയതി കുറിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് കോവിഡ് പ്രോട്ടോക്കാള്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് മൂന്നു ഘട്ടമായിട്ടാണ് നടത്തുന്നത്. ഡിസംബര്‍ 31-നകം പുതിയ ഭരണസമിതി ചുമതലയേല്‍ക്കും വിധം ഡിസംബര്‍ 8, 10, 14 തീയതികളിലാണ് വോട്ടെടുപ്പിന്റെ ക്രമീകരണം. പോളിംഗ് സമയം ഒരു മണിക്കൂര്‍ കൂട്ടി നല്കിയ തെരഞ്ഞെടുപ്പില്‍, ക്വാറന്റെനില്‍ കഴിയുന്നവര്‍ക്ക് തപാല്‍ വോട്ടിന് സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഫല പ്രഖ്യാപനം ഡിസംബര്‍ 16-നാണ്.
കോവിഡിപ്പോഴും കളംനിറഞ്ഞ് നില്‍ക്കുന്നതുകൊണ്ട്, തെരഞ്ഞെടുപ്പ് പ്രചാരണ രീതികളില്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടി വരും. മാസ്‌ക്ക് വച്ച് ചിരിയ്ക്കാനും, അകലം പാലിച്ച് അടുക്കാനും സ്ഥാനാര്‍ത്ഥികള്‍ ശീലിക്കണം. പരമ്പരാഗത തെരഞ്ഞെടുപ്പ് യോഗങ്ങളോ, പ്രവര്‍ത്തകരെ ഇളക്കി മറിയ്ക്കുന്ന പ്രചാരണ കോലാഹലങ്ങളോ അസാധ്യമായതിനാല്‍ സോഷ്യല്‍ മീഡിയ തന്നെയാകും പ്രധാന പ്രചാരണയിടം. മുഖം മറച്ചും മുഖം 'കാണിക്കാന്‍' മാസ്‌ക്കിന്റെ പ്രത്യേക സൗകര്യം പ്രയോജനപ്പെടുത്താം. മനസ്സിലുള്ളത് മതിലിലെഴുതിയും വോട്ടുറപ്പിക്കാം.
ഇടതു മുന്നണിയെ സംബന്ധിച്ച്, ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയുടെ കാരണം പ്രത്യേക ദേശീയ രാഷ്ട്രീയ സാഹചര്യമായിരുന്നുവെന്ന വാദം തെളിയിക്കാനുള്ള അവസരമാണിത്. ഭരണമാറ്റത്തിലേയ്ക്കുള്ള മറ്റൊരു പ്രധാന ചുവടായി തദ്ദേശ തെരഞ്ഞെടുപ്പിനെ സമീപിക്കാനൊരുങ്ങുകയാണ് വലതുമുന്നണി.
ശബരിമല വിഷയത്തില്‍ ഹൈന്ദവ ഭൂരിപക്ഷത്തെ പിണക്കിയെന്ന തിരിച്ചറിവില്‍ പത്തുശതമാനം സാമ്പത്തിക സംവരണ തന്ത്രവുമായി പതിവുപോലെ മുന്നൊരുക്കങ്ങളില്‍ ഇടതുമുന്നണിക്കു തന്നെയാണ് മേല്‍ക്കൈ. ഭരണത്തെ പ്രതിസന്ധിയിലാക്കിയ സ്വര്‍ണ്ണക്കടത്തും പാര്‍ട്ടി സെക്രട്ടറിയുടെ കുടുംബത്തെതന്നെ പ്രതിരോധത്തിലാക്കിയ ലഹരിക്കടത്തും മൂലം അഴിമതി രഹിത സഖ്യമെന്ന പതിവ് ആത്മവിശ്വാസമില്ലാതെയാണ് ഇക്കുറി ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍, സര്‍ക്കാരിന് ആരംഭത്തിലുണ്ടായ ജാഗ്രതയും ആര്‍ജ്ജവവും നഷ്ടപ്പെട്ടുവെന്ന തോന്നലും തിരിച്ചടിയാകും. നിയമസഭയിലെ ബജറ്റവതരണ കയ്യാങ്കളി മറന്നും മാണിസാറില്‍ നിന്നും മകനെ മാത്രം 'അടര്‍ത്തി'യെടുത്ത് വേഗത്തില്‍ കൂടെ ചേര്‍ത്തതില്‍ ഈ ആത്മവിശ്വാസക്കുറവ് തന്നെയാണെന്ന് വ്യക്തം. നേരും നെറിയുമല്ല അധികാര സമവാക്യങ്ങള്‍ തന്നെയാണ് മുന്നണി 'മര്യാദ'യ്ക്കാധാരം എന്ന് ഈ സംഭവങ്ങള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു.
മറുവശത്ത് വലതുമുന്നണിയുടെ സ്ഥിതിയും മെച്ചമല്ല. അഴിമതിക്കെതിരെ വോട്ടഭ്യര്‍ത്ഥിക്കാന്‍ മാത്രം പാകമല്ല, 'പാലാരിവട്ടം പാല'വും അത്ര 'ഫാഷനല്ലാത്ത' ലീഗ് സാമാജികന്റെ അറസ്റ്റും! കൂടാതെ കേരള കോണ്‍ഗ്രസ്സിലൂടെ നാളിതുവരെ നേടിവന്ന മധ്യ കേരള മേധാവിത്വം മാറിയ സാഹചര്യത്തില്‍ നഷ്ടമാകുമോ എന്ന ആശങ്കയുമുണ്ട്. കോണ്‍ഗ്രസ്സിനു മേല്‍ ലീഗുയര്‍ത്തുന്ന സ്വാധീനം വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള അടവു രാഷ്ട്രീയ സമീപനങ്ങളില്‍ വ്യക്തമായതോടെ മത നിരപേക്ഷ സമൂഹത്തിന്റെ പിന്തുണയില്‍ വിടവുണ്ടാകാമെന്ന ഭയവുമുണ്ട്. ആര്‍.എസ്.എസ്‌ന്റെ ഹിന്ദുരാഷ്ട്ര വാദത്തിന്റെ ബഹുസ്വരതാ വിരുദ്ധത എത്രത്തോളം അപകടകരമാണോ അത്രത്തോളം ജനാധിപത്യ വിരുദ്ധമാണ് ജമാഅത്തെ പ്രതിനിധീകരിക്കുന്ന ഇസ്ലാമിക രാഷ്ട്ര വാദമെന്ന സത്യത്തോട് സത്യസന്ധമായി പ്രതികരിക്കാത്ത രാഷ്ട്രീയം പ്രതിലോമകരം തന്നെയാണ്. സാമ്പത്തിക സംവരണത്തെ 'തത്വത്തില്‍' കോണ്‍ഗ്രസ്സനുകൂലിക്കുമ്പോഴും, ലീഗുയര്‍ത്തുന്ന വിയോജന ഭീഷണിയുടെ 'പ്രയോഗം' എങ്ങനെയാകുമെന്ന സംശയവും അവര്‍ക്കുണ്ട്.
ബി.ജെ.പിയുടെ വര്‍ഗ്ഗീയരാഷ്ട്രീയം വികസനരാഷ്ട്രീയത്തിലേയ്ക്ക് എത്രമാത്രം ചുവടുമാറുന്നുെണ്ടന്ന പരിശോധനയ്ക്കാവും ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുക. ഒപ്പം പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ജനങ്ങളിലേയ്‌ക്കെത്തിയോ എന്നും. പ്രാദേശിക വികസന വിഷയങ്ങളെ പുതിയ ചിഹ്നമായുയര്‍ത്തി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുന്ന കോര്‍പ്പറേറ്റ് പിന്തുണയുള്ള വികസന സമിതികളുടെ വിജയിച്ച മാതൃകകള്‍ മറ്റിടങ്ങളിലേയ്ക്കു കൂടി വിപുലീകരിക്കപ്പെടുന്ന നവസാധ്യത കൂടിയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് സാഹചര്യം. വികസനത്തിലെ രാഷ്ട്രീയം ഒഴിവാക്കപ്പെടേണ്ടതാണെങ്കിലും, അരാഷ്ട്രീയ വികസനം മാതൃകാപരമാണോ എന്നും ചിന്തിക്കണം.
നാടിന്റെ പൊതുവായ രാഷ്ട്രീയ സാഹചര്യം സ്വാധീനിക്കാമെങ്കിലും, തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക താല്പര്യങ്ങള്‍ തന്നെയാകും നിര്‍ണ്ണായകം. സമുദായത്തിന്റെ രാഷ്ട്രീയവല്‍ക്കരണത്തെ സംബന്ധിച്ചുള്ള നവ സാക്ഷര സമീക്ഷകളില്‍ സഭ സജീവമാകുന്ന പുതിയ സാഹചര്യത്തില്‍, തദ്ദേശ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുള്ള സഭാ പ്രവേശനം ഇക്കുറി സാങ്കേതികം മാത്രമാവില്ലെന്നുറപ്പാണ്. ക്രിസ്ത്യാനിക്ക് മാത്രമായി മതേതരത്വം ആവശ്യമുണ്ടോയെന്ന അപകടകരമായ ചോദ്യം ഉത്തരവാദിത്വപ്പെട്ടവര്‍പോലും ഉയര്‍ത്തുന്നുണ്ട്. മനവീകതയുടെ മതേതര മൂല്യങ്ങളെ തെരഞ്ഞെടുത്തയയ്ക്കാനുള്ള ചരിത്രദൗത്യം സഭാമക്കള്‍ നിര്‍വ്വഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. 'ഞങ്ങളുടെ' സ്ഥാനാര്‍ത്ഥിയില്‍ നിന്നും 'നമ്മുടെ' സ്ഥാനാര്‍ത്ഥിയിലേയ്ക്ക് സ്ഥാനാര്‍ത്ഥി പട്ടികയെ ബന്ധപ്പെട്ടവര്‍ക്ക് നീട്ടാനാകുന്നില്ലെങ്കില്‍, തെരഞ്ഞെടുപ്പില്‍ നഷ്ടമാകുന്നത് ഒരു നാടിനെ തന്നെയാകും. 'ഡെമോഗ്രാഫിക് റപ്രസന്റേഷന്‍' മാത്രമായി പ്രാതിനിധ്യം പരിഹാസ്യമാകരുത്. നാടിന്റെ പൊതുനന്മയെ ഒന്നായി കാണാനാകുന്നവരെ ഒരുമിപ്പിക്കാന്‍ കഴിവുള്ളയാളാകണം തെരഞ്ഞെടുക്കപ്പേടണ്ടത്.
സംസ്ഥാന ബജറ്റിന്റെ മൂന്നിലൊന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കായി വകയിരുത്തപ്പെടുന്നത്. അതിനു പുറമെയാണ് കേന്ദ്രാവിഷ്‌കൃത പദ്ധതികളിലൂടെ ഒഴുകിയെത്തുന്ന കോടികള്‍! ഇച്ഛാശക്തിയോടെ നിര്‍വ്വഹിക്കപ്പെടുന്ന തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ധാര്‍മ്മിക പ്രവേശനം തദ്ദേശീയ ഭരണപടവുകളില്‍ അനിവാര്യമാകുന്നത് അതുകൊണ്ടാണ്. 'അപരനെ അഭിമുഖീകരിക്കുന്ന കലയാണ് രാഷ്ട്രീയം' എന്ന് 'ഏവരും സഹോദരര്‍' എന്ന ചാക്രികലേഖനത്തില്‍ പാപ്പ ഫ്രാന്‍സിസ് നിരീക്ഷിക്കുന്നുണ്ട്. "ഏറ്റവും അപ്രധാനമായ മനുഷ്യവ്യക്തിയെപ്പോലും ഈ ഭൂമിയില്‍ അയാളല്ലാതെ മറ്റൊരാളില്ലെന്ന ധാരണയില്‍ സഹോദരനെന്നു" കണ്ട് സ്വീകരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഈ കാലഘട്ടത്തിനാവശ്യം എന്ന് പാപ്പയ്ക്ക് ഉറപ്പുണ്ട് (FT. 193). ശ്രേഷ്ഠമായത് തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് കഴിയട്ടെ; അതിന് അവസരമൊരുക്കാന്‍ പാര്‍ട്ടികള്‍ക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org