ചോദ്യമുക്ത മോദി ഭാരതം!

ചോദ്യമുക്ത മോദി ഭാരതം!

''എല്ലാ മോഷ്ടാക്കള്‍ക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ട്?'' എന്ന പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ച സൂറത്ത് മജിസ്‌ട്രേറ്റിന്റെ നടപടിക്ക് പിന്നാലെ എം പി സ്ഥാനത്തിന് അദ്ദേഹത്തിന് അയോഗ്യത കല്പിച്ചുകൊണ്ട് ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കിയത് വന്‍വിവാദമായി. രണ്ടും നിയമപരമാ യി ശരിയെന്ന് സാങ്കേതികമായി പറയാമെങ്കിലും അതിലെ നടപടിക്രമങ്ങളുടെ അസാധാരണമായ വേഗത രാഷ്ട്രീയ വൃത്തങ്ങളെ അമ്പരിപ്പിച്ചു.

രണ്ട് വര്‍ഷമോ അതിലധികമോ തടവുശിക്ഷ ലഭിച്ചാല്‍ ജനപ്രതിനിധിക്ക് അയോഗ്യത ബാധകമാകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പാണ് രാഹുലിന് വയനാട് എം പി സ്ഥാനം നഷ്ടമാക്കിയത്. തടസ്സ ഹര്‍ജി സമര്‍പ്പിക്കാന്‍ 30 ദിവസത്തെ സാവകാശം കോടതിതന്നെ നല്കിയിരിക്കുന്നതിനിടയില്‍ അയോഗ്യതാവിജ്ഞാപനമിറക്കിയ ലോക്‌സഭാ സെക്രട്ടറിയുടെ അതിവേഗ നടപടി അപ്രതീക്ഷിതമായി, എന്നതാണ് വാസ്തവം.

''ഇന്ത്യയുടെ ശബ്ദത്തിനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നായിരുന്നു'' ഇതിനുള്ള രാഹുലിന്റെ മറുപടി. മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ല ഗാന്ധിയാണെന്ന് പിന്നീട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ബ്രിട്ടനില്‍ അദ്ദേഹം നടത്തിയ 'ഇന്ത്യവിരുദ്ധ' പരാമര്‍ശത്തിനെതിരെ പാര്‍ലമെന്റില്‍നിന്നും രാഹുലിനെ പുറത്താക്കണമെന്നും, രാഹുല്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും ഭരണപക്ഷത്തെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. തന്റെ ഭാഗം ന്യായീകരിക്കാന്‍ തനിക്ക് അവസരം നിഷേധിച്ച സ്പീക്കറുടെ ജനാധിപത്യ വിരുദ്ധ നടപടിയെ രാഹുല്‍ പലവട്ടം ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ആദാനി-മോദി ബന്ധത്തെക്കുറിച്ചുള്ള രാഹുലിന്റെ തുടര്‍ച്ചോദ്യങ്ങളെ പാര്‍ലമെന്റിനു പുറത്തുനിര്‍ത്താനുള്ള മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ അജണ്ടയുടെ ഭാഗമാണ് ധൃതിപിടിച്ചുള്ള അയോഗ്യതാ പ്രഖ്യാപനമെന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയെ പുറത്താക്കിയ നടപടിക്കെതിരെ 18 ഓളം പ്രതിപക്ഷ പാര്‍ട്ടികളുടെ അസാധാരണമായ ഐക്യപ്രഖ്യാപനവേദിയായി പ്രതിഷേധപരിപാടികള്‍ മാറിയത് രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ കൗതുകമായി. ആദാനി വിഷയത്തില്‍ ജെ പി സി അന്വേഷണമാണ് പ്രതിപക്ഷാവശ്യം. കേരളത്തിലും അതിന്റെ അലയൊലികളുണ്ടായി.

ഭാരത് ജോഡോ യാത്രയിലൂടെ രാജ്യം മുഴുവന്‍ നടന്ന് കയറിയ രാഹുല്‍ ഗാന്ധി പഴയ പപ്പുവില്‍ നിന്നും വളരെയേറെ വളര്‍ന്നിരിക്കുന്നുവെന്ന പ്രതീതിയുണര്‍ത്താന്‍ സമീപകാല സംഭവവികാസങ്ങള്‍ സഹായിക്കുന്നുണ്ട്. 135 ദിവസം നീണ്ട കാല്‍നടയാത്ര രാജ്യത്ത് അനുദിനം വളരുന്ന വിഭാഗീയതയ്‌ക്കെതിരായ പദസഞ്ചലനമായിരുന്നു എന്നാണ് പാര്‍ട്ടിയുടെ വാദം. സൗഹാര്‍ ദഭാരതത്തെക്കുറിച്ച് നിരന്തരം സംസാരിച്ചയാള്‍ക്ക് എങ്ങനെയാണ് പിന്നാക്ക സമുദായത്തെ അപമാനിക്കാനാകുന്നതെന്നാണ് പാര്‍ട്ടി ചോദിക്കുന്നതും.

മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരി ഒരിക്കല്‍ എഴുതി, ''പ്രതിപക്ഷത്തിന് പറയാനുള്ളത് പറയാനും, സര്‍ക്കാരിന് ചെയ്യാനുള്ളത് ചെയ്യാനുമുള്ള അവകാശം ഉള്‍പ്പെടുത്തിക്കൊണ്ടാണ് പാര്‍ലിമെന്റ് നടപടി ക്രമങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ആദ്യത്തേത് സാധ്യമാകുന്നില്ലെങ്കില്‍ പാര്‍ലിമെന്റ് എന്ന ജനാധിപത്യ സംവിധാനം ഏറെക്കാലം നിലനില്‍ക്കില്ല.''

ഏറെക്കാലം നിലനില്‍ക്കാനിടയില്ലെങ്കില്‍പിന്നെ വിശാലമായ മന്ദിരത്തിലേക്ക് പാര്‍ലമെന്റിനെ പുതുക്കിമാറ്റുന്നതെന്തിനെന്ന ചോദ്യമുണ്ട്. മോദി-അദാനി (അ)വിശുദ്ധ ബന്ധത്തിലെ ദുരൂഹത നീക്കാനാവശ്യപ്പെടുന്ന പ്രതിപക്ഷ ചോദ്യങ്ങള്‍ സര്‍ക്കാരിന് അസുഖകരമായതിനാല്‍ അകറ്റിനിര്‍ത്തുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അയോഗ്യമാക്കപ്പെടുന്നത് ജനാധിപത്യമാണെന്ന തിരിച്ചറിവുണ്ടാകണം. അഴിമതിയെക്കുറിച്ച് ചോദിക്കുന്നത് അപകീര്‍ത്തീകരമാകുന്നതെങ്ങനെയാണ്? കോണ്‍ഗ്രസ് മുക്ത ഭാരതത്തെ ചോദ്യമുക്ത ഭാരതമാക്കാനുള്ള നടപടികള്‍ രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് വേഗത്തിലായി.

അപ്പോഴും പോരാട്ടം വ്യക്തിപരമാകുന്നതിന്റെ അപകടം ഇടതുപക്ഷം ചൂണ്ടിക്കാട്ടിക്കഴിഞ്ഞു. മോദിയോ രാഹുലോ എന്നതല്ല പ്രശ്‌നം. പാര്‍ലിമെന്റില്‍പോലും ചോദ്യങ്ങളനുവദിക്കാത്ത, ഭരണഘടന വിലക്കുന്നതൊക്കെ നിയമമാക്കി സാധുവാക്കുന്ന ജനാധിപത്യ ധ്വംസനങ്ങളാണ് എതിര്‍ക്കപ്പെടേണ്ടത്. അതിന് ജനാധിപത്യ സംവിധാനം ശക്തിപ്പെടണം. രാജ്യസ്‌നേഹം, രാജ്യദ്രോഹം തുടങ്ങിയ ദ്വന്ദങ്ങളെ മുന്‍നിറുത്തി ഇന്ത്യന്‍ രാഷ്ട്ര ശരീരത്തെ പിളര്‍ക്കാന്‍ ശ്രമിക്കുന്ന ആധിപത്യഭരണകൂടത്തെ നേരിടാന്‍ സമരോത്സുക മതേതര ബോധത്തെ വികസിപ്പിക്കേണ്ടതുണ്ട്. അതിന് പ്രാദേശിക, താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങളെ മറന്ന് പ്രതിപക്ഷ നിരകള്‍ ഐക്യപ്പെടണം, ശക്തിപ്പെടണം.''

അടിയന്തര പ്രമേയാനുമതി നിഷേധിച്ചുകൊണ്ട് ചോദ്യങ്ങളെ പുറത്താക്കാനുള്ള ശ്രമം ഇതേ കാലയളവില്‍ കേരള നിയമസഭയ്ക്കകത്തുമുണ്ടായി എന്നത് മറ്റൊരു വൈരുദ്ധ്യമാണ്. ലൈഫ് മിഷനിലെ അഴിമതികള്‍ പുറത്തു വരാതിരിക്കാനും ആഭ്യന്തരവകുപ്പിലെ നിരന്തര വീഴ്ചകള്‍ക്ക് മറുപടി പറയാതിരിക്കാനും വേണ്ടി സര്‍ക്കാര്‍ തങ്ങളെ പുറത്തിരുത്തി എന്നാണ് പ്രതിപക്ഷ പരാതി. എന്നാല്‍ എല്ലാ അടിയന്തരപ്രമേയങ്ങളും അനുവദിക്കാനാവില്ലെന്ന നിലപാടിലുറച്ചായിരുന്നു ഭരണപക്ഷം. പാര്‍ലമെന്റില്‍ ചോദ്യങ്ങളാകാം എന്നാല്‍ നിയമസഭയില്‍ വേണ്ടെന്ന നിലപാട് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അവസരവാദമാണ്; ജനവിരുദ്ധവും. ജനാധിപത്യത്തിന്റെ 'ഗില്ലറ്റീകരണം' നിയമസഭയില്‍ ഇതിനുമുമ്പുണ്ടായതും ഇടതുഭരണകാലത്തായിരുന്നുവെന്നത് മറ്റൊരു വൈചിത്ര്യം!

ലോകം നമ്മെ ഉറ്റുനോക്കുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. നോക്കുന്നുണ്ട്. പക്ഷേ, അത് ആദരവോടെയല്ലെന്ന് വ്യക്തം. സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ പ്രകാരം 2016-നും 2020-നുമിടയില്‍ 24,000 ഇന്ത്യക്കാരാണ് യു എ പി എ പ്രകാരം തുറങ്കിലടയ്ക്കപ്പെട്ടത്. ഇതില്‍ ഒരു ശതമാനം മാത്രമെ കുറ്റം ചെയ്തുവെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളൂ. 'വേള്‍ഡ് പ്രസ്സ് ഫ്രീഡം ഇന്‍ഡക്‌സില്‍' ഇന്ത്യയുടെ സ്ഥാനം 150 ആണിപ്പോള്‍.

ജനാധിപത്യ ഇന്ത്യയുടെ അര്‍ത്ഥപൂര്‍ണ്ണമായ നിലനില്പിനാധാരമായ അതിന്റെ ആദര്‍ശവാക്യം 'സത്യമേവ ജയതേ' എന്നാണ്. അത് ദേശീയ ചിഹ്നങ്ങളുടെ അലങ്കാരം മാത്രമായി ചെറുതാകാതെ, രാജ്യത്തെ ഏറ്റവും ചെറിയവനെപ്പോലും പരിഗണിക്കാനുള്ള പ്രേരണയാകണം. സത്യാന്വേഷണ പരീക്ഷണങ്ങളെ ജീവിതാദര്‍ശമാക്കിയ ഗാന്ധിജിയുടെ നാട്ടില്‍ ചോദ്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്; ഉത്തരങ്ങളും മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org