The nones : പിറവികൊള്ളുന്ന പുതിയ മതം

The nones : പിറവികൊള്ളുന്ന പുതിയ മതം
Published on

2,700 ലധികം സെന്‍സസുകളുടെയും സര്‍വേകളുടെയും പിന്‍ബലത്തില്‍ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ വിശകലനപ്രകാരം 2010 മുതല്‍ 2020 വരെ ലോകത്തിലെ വിവിധ മതവിഭാഗങ്ങളുടെ സംഖ്യ കാര്യമായി വര്‍ധിച്ചു. ക്രിസ്ത്യാനികള്‍ ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗമായി തുടരുന്നുവെങ്കിലും, ഇക്കാലയളവില്‍ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ എണ്ണം 1.7 ബില്യണില്‍ നിന്ന് 2.0 ബില്യണായി. ആളെണ്ണത്തിന്റെ കണക്ക് പറഞ്ഞു മേനി നടിക്കാനോ, ദ്വേഷം വളര്‍ത്താനോ അല്ല ഈ കുറിപ്പ്.

ക്രിസ്തുമതത്തിനും ഇസ്ലാം മതത്തിനും പിറകില്‍ മതങ്ങളുടെ പൂമുഖ പടിയിലേക്ക് പുതുതായി ചാരുകസേര വലിച്ചിട്ടിരിക്കുന്ന ഒരു അതിഥിയെക്കുറിച്ചു സൂചിപ്പിക്കാനാണ്. നിശ്ശബ്ദമായ് പെരുകികൊണ്ടിരിക്കുന്ന ഒരു പുതിയ 'മതവിഭാഗം' പിറവികൊണ്ടിരിക്കുന്നു! ക്രിസ്തുമതത്തിനും ഇസ്ലാം മതത്തിനും പിന്നിലായി നില്‍ക്കുന്ന ആ മൂന്നാം മതത്തെ അന്തര്‍ദേശീയ സര്‍വ്വേ സംഘടനകള്‍ അഭിസംബോധന ചെയുന്നത് 'The Nones' എന്നാണ്. ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ 'മത'വിഭാഗമാണ് 'Nones'. സര്‍വേകളിലും സെന്‍സസുകളിലും മതപരമായ ഐഡന്റിറ്റി എന്തെന്ന ചോദ്യത്തിന് അവര്‍ നല്‍കുന്നത് തങ്ങള്‍ക്ക് ഒരു മതവുമില്ലെന്നോ, നിരീശ്വരവാദികളാണെന്നോ അജ്ഞേയവാദികളാണെന്നോ ഉള്ള ഉത്തരമാണ്.

എല്ലാ പരമ്പരാഗത മതങ്ങളിലും നിന്ന് ഈ പുതിയ മതത്തിലേക്ക് അനേകമാളുകള്‍ ചുവട് മാറ്റം നടത്തുന്നുവെങ്കിലും അവിശ്വാസത്തിന്റെയും നിരീശ്വരവാദത്തിന്റെയും അഗ്‌നോസ്റ്റിസിസത്തിന്റെയും ഈ 'നവമത' ദേശത്തേക്ക് കുടിയേറിപ്പാര്‍ക്കുന്നവരില്‍ കൂടുതലും ക്രിസ്തുമത വിഭാഗത്തില്‍ നിന്നുള്ളവരാണ് എന്നത്, ആത്മശോധനക്ക് വിഷയം ആകേണ്ടതല്ലേ?

എല്ലാ പരമ്പരാഗത മതങ്ങളിലും നിന്ന് ഈ പുതിയ മതത്തിലേക്ക് അനേകമാളുകള്‍ ചുവട് മാറ്റം നടത്തുന്നുവെങ്കിലും അവിശ്വാസത്തിന്റെയും നിരീശ്വരവാദത്തിന്റെയും അഗ്‌നോസ്റ്റിസിസത്തിന്റെയും ഈ 'നവമത' ദേശത്തേക്ക് കുടിയേറിപ്പാര്‍ക്കുന്നവരില്‍ കൂടുതലും ക്രിസ്തുമത വിഭാഗത്തില്‍ നിന്നുള്ളവരാണ് എന്നത്, ആത്മശോധനക്ക് വിഷയം ആകേണ്ടതല്ലേ?

ലോകത്തിലെ ഏറ്റവും വലിയ ദൈവവിശ്വാസ സ്‌നേഹ കൂട്ടായ്മയില്‍ നിന്ന് മക്കള്‍ പടിയിറങ്ങി പോകുന്നതിന്റെ കാരണം എന്താകാം?അതു തിരക്കാന്‍ ആളിറങ്ങിയില്ലെങ്കില്‍ അധികനാളിന്റെ കാത്തിരിപ്പ് കൂടാതെതന്നെ നമ്മുടെ ദേവലായങ്ങള്‍ക്കകം പ്രാര്‍ഥന പ്രകരണങ്ങളുടെ ഇടങ്ങള്‍ക്കപ്പുറം പ്രാക്കളുടെ കുറുകലുകള്‍ മുഴങ്ങുന്ന ഇടമായി മാറുന്ന കാലം വിദൂരമല്ല.

പുറമെ നിന്ന് പാഞ്ഞെത്തുന്ന ആയുധങ്ങളും അസ്ത്രങ്ങളും കൊണ്ട് പോറലേറ്റിട്ടായിരിക്കില്ല വിശ്വാസികള്‍ അജ്ഞേയവാദത്തിന്റെയും അവിശ്വാസത്തിന്റെയും നിരീശ്വരവാദത്തിന്റെയും തീരത്തേക്ക് കൂടുമാറ്റം നടത്തുന്നത്! ഏറ്റുചൊല്ലുന്ന വിശ്വാസ പ്രകരണങ്ങള്‍ക്ക് സാക്ഷ്യത്തിന്റെ ബലം കുറയുമ്പോള്‍ ആയിരിക്കുമോ ചോര്‍ച്ച ഉണ്ടാകുന്നത്? വിശ്വസിക്കുന്നത് ജീവിക്കാനും ഏറ്റെടുക്കാനും മുന്‍ തലമുറക്കാര്‍ പരാജയപ്പെടുമ്പോള്‍ പിന്‍തലമുറ ആ വിശ്വാസത്തെ ഒരു മ്യൂസിയം പീസ് ആയി കരുതുന്നുണ്ടാവുമോ? ക്രിസ്തുസാക്ഷ്യങ്ങള്‍ക്ക് ബലം നഷ്ടപ്പെടുമ്പോള്‍ ആണോ ചോര്‍ച്ച ഉണ്ടാകുന്നത്?

സഭയ്ക്കകത്തെ ആന്തരിക സംഘര്‍ഷങ്ങളും വിഭജനങ്ങളും കണ്ട് മനം കലുഷിതമായും, ആടുകളെ അന്വേഷിച്ചലയാത്ത ഇടയന്മാരുടെ നിസ്സംഗതയും ഗര്‍വും കണ്ടു കണ്ണ് പൂട്ടിയും, നീതിയുടെ ജലം ലഭിക്കാതെ ജീവിതത്തിന്റെ കാഠിന്യങ്ങളില്‍ ഹൃദയമുണങ്ങിയും പ്രത്യാശ വറ്റുന്ന ആത്മാവിന്റെ ദുരവസ്ഥയില്‍ വിശ്വാസത്തില്‍ ഒപ്പം നടക്കുന്നവരില്‍ നിന്ന് വെട്ടങ്ങള്‍ ഒന്നും കാണാതെയും കൃപയുടെ കൊയ്ത്തുകാലത്തെ ഒരു കിനാവ് പോലും കാണാന്‍ പറ്റില്ലെന്നുറപ്പായപ്പോഴാണോ അവര്‍ വീടുപേക്ഷിച്ച് നവമത ഇടങ്ങളിലേക്ക് ദേശാടനം തുടങ്ങിയത്?

'നിങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് വിവരമില്ലെന്ന്, എന്നാണോ നിങ്ങള്‍ കരുതി തുടങ്ങുന്നത് അന്ന് മുതല്‍ നിങ്ങളുടെ പരാജയവും തുടങ്ങും' എന്നെഴുതിയത് എം എന്‍ വിജയന്‍മാഷാണ്. വിമര്‍ശനങ്ങള്‍ക്ക് കാത് കൊടുക്കാത്ത, വിമര്‍ശിക്കുന്നവരെ കല്‍തുറങ്കിലടച്ച ചരിത്രമുള്ള സര്‍വകോട്ടകൊത്തളങ്ങളും ചിതലരിക്കുകയും സുല്‍ത്താന്മാര്‍ നാടുകടത്തപ്പെടുകയും ചെയ്ത ചരിത്രമാണ് പലപ്പോഴും മണ്ണില്‍ മയങ്ങുന്നത്.

'സഭയ്ക്കകത്ത് സത്യം മുഴങ്ങട്ടെയെന്നും തെരുവുകളില്‍ നീതി ജലം പോലൊഴുകട്ടെയെന്നും കൊള്ളരുതായ്മകള്‍ക്ക് കൂച്ചുവിലങ്ങിടുകയെന്നും ഒക്കെയുള്ള സ്വരം മുഴങ്ങി കേള്‍ക്കേണ്ടത് അകത്തു നിന്നുമാണ്. അല്ലെങ്കില്‍ അവയൊക്കെ ദൈവവിശ്വാസത്തെ അപ്രസക്തമാക്കാനുള്ള കാരണങ്ങള്‍ ആവാം, ഒപ്പം ദൈവസ്‌നേഹത്തെ തൊട്ടറിയാനുള്ള തടസ്സങ്ങളും ആകാം.

ഹോട്ടലുകളില്‍ ഭക്ഷണം കഴിച്ചതിന്, ചെറുതും വലുതുമായ ഇടങ്ങളില്‍ രാപാര്‍ത്തതിന്, ഗാര്‍ഹികവും വ്യാവസായികവുമായ ഉപകരണങ്ങള്‍ കാശുമുടക്കി വാങ്ങിച്ചതിന് ഒക്കെ പിന്നാലെ തങ്ങള്‍ നല്‍കിയ സര്‍വീസുകള്‍ വിലയിരുത്താന്‍ റിവ്യൂ ചോദിക്കുന്ന കാലമാണിത്. ഗുണദോഷവിവേചനം (Review) നടത്താന്‍ ജനങ്ങളെ പ്രചോദിപ്പിച്ച് അവരവരുടെ നിലനില്പിനെക്കുറിച്ച് 'ക്വാളിറ്റി അനാലിസിസും, സെല്‍ഫ് ഓഡിറ്റിങ്ങും' നടത്തി കോര്‍പറേറ്റ് കമ്പനികള്‍ ആധുനിക ലോകത്ത് മനുഷ്യരെ കേള്‍ക്കുമ്പോള്‍ ആടുകള്‍ കരയുന്നതിന്റെയും നിലവിളിക്കുന്നതിന്റെയും കാരണം തിരക്കാതെ മുന്നോട്ടു നടക്കാന്‍ ആഗ്രഹിക്കുന്ന സഭാശുശ്രൂഷകര്‍ 'Nones' എന്ന 'നവമത'ത്തിലേക്ക് ആളെ കൂട്ടി കൊണ്ടേയിരിക്കും. വിശ്വാസം അപ്രസക്തമാകാതിരിക്കാനുള്ള ഓഡിറ്റിങ്ങുകള്‍ നമുക്ക് ആവശ്യമാണ്.

അകത്തുള്ളവര്‍ എന്ത് ചിന്തിക്കുന്നു എന്നതാണ് നേതൃനിരകള്‍ ആദ്യം അറിയേണ്ടത്. മുമ്പ് ചെയ്തുകൊണ്ടിരുന്നവ മാത്രം ആവര്‍ത്തിക്കുകയും നവ സംസ്‌കാരങ്ങളുടെ വെല്ലുവിളികളെയും ചോദ്യങ്ങളെയും കുറിച്ച് കരുതല്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന അധികാരമാകുമ്പോള്‍ നാം എക്കോ ചേംബറിന്റെ (Echo Chamber) മൂഢസ്വര്‍ഗത്തിലാകും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org