വാര്‍ത്തയല്ലാത്ത വര്‍ത്തമാനങ്ങള്‍

വാര്‍ത്തയല്ലാത്ത വര്‍ത്തമാനങ്ങള്‍

സര്‍ക്കാര്‍ പരസ്യപ്രളയത്തിനിടയില്‍ വാര്‍ത്തകള്‍ പെറുക്കിയെടുക്കേണ്ട സാഹചര്യം തെരഞ്ഞെടുപ്പടുക്കുമ്പോള്‍ സാധാരണ വായനക്കാരന്റെ മാധ്യമ ബാധ്യതയാകാറുണ്ടെങ്കിലും ഇക്കുറി ഇടതു സര്‍ക്കാര്‍ അക്കാര്യത്തില്‍ സര്‍വ്വകാല റെക്കോര്‍ഡും ഭേദിച്ചാണ് കുതിപ്പ്.
തുടര്‍ ഭരണമെന്ന പ്രതീക്ഷയെ സാക്ഷാത്ക്കരിക്കാനുള്ള നടപടിയായതിനെ ന്യായീകരിക്കുമ്പോഴും, രണ്ട് പ്രളയവും, കോവിഡും തകര്‍ത്ത കേരളത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് തെല്ലും ചേരാത്തതാണിത്. നാട്ടിലെ ഒരു പ്രമുഖ പത്രത്തിന്റെ പരസ്യനിരക്ക് സ്‌ക്വയര്‍ സെന്റിമീറ്ററിന്‌ 2,000 രൂപ കണക്കാക്കിയാല്‍ത്തന്നെ ആഴ്ചകളാ യി വിവിധ പത്രങ്ങള്‍ക്ക് പലവിധ പേജുകളില്‍ നിരന്തരം നല്കുന്ന പരസ്യങ്ങളുടെ തുക തന്നെ ഭീമമാണ്. ദൃശ്യമാധ്യമങ്ങള്‍ക്ക് വേണ്ടി വരുന്ന പരസ്യചെലവ് വേറെ യും. കോടികളുടെ ഈ ദുര്‍വ്യയം, നിത്യചെലവിനു വേണ്ടി രണ്ടായിരംകോടി കൂടി കടമെടുക്കാനുള്ള കേന്ദ്രാനുമതി കാത്തിരിക്കുന്ന കേരളത്തിന് ഭൂഷണമാണോ എന്ന ചോദ്യമുണ്ട്.
'പരസ്യമാക്കപ്പെട്ട' വാര്‍ത്തകള്‍ സര്‍ക്കാരിന് എപ്പോഴും അനുകൂലമാകുമ്പോള്‍ ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കേണ്ട മാധ്യമങ്ങള്‍ പൗരബോധത്തെയാണ് യഥാര്‍ ത്ഥത്തില്‍ പരിഹസിക്കുന്നത്. പരസ്യദാതാക്കളോട് പ്രകടിപ്പിക്കുന്ന പ്രത്യേക 'താല്പര്യ'ങ്ങളില്‍ വാര്‍ത്തകള്‍ മുറിഞ്ഞും മുടന്തിയും മലിനമാകാറുണ്ട്. അത്തരം മാലിന്യ നിക്ഷേപപാത്രമായി പത്രങ്ങള്‍ അധഃപതിക്കുമ്പോള്‍ ജനാധിപത്യം തന്നെയാണ് അപകടത്തിലാകുന്നത്. പത്രങ്ങളുടെ നിലനില്പിന് പരസ്യവരുമാനം ആവശ്യം തന്നെയാണ്. നികുതി ഇളവുള്‍പ്പെടെയുള്ള മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ ഈ വ്യവസായത്തെ സഹായിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നിരിക്കെ ഈ വഴി മാത്രമെന്നു നിഷ്‌ക്കര്‍ഷിക്കുന്നിടത്താണ് പ്രശ്‌നം.
ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ അവയുടെ സത്തയിലും സംപ്രേക്ഷണത്തിലും സമാനതകളില്ലാത്ത സന്ദിഗ്ദാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പത്ര സ്വാതന്ത്ര്യത്തെക്കുറിച്ച് നേരിട്ട് പരാമര്‍ശമില്ലെങ്കിലും ഭരണഘടനയിലെ അനുഛേദം 19(1) (എ) സര്‍ഗ്ഗാത്മകമായി വ്യാഖ്യാനിച്ച് നല്കപ്പെട്ടതാണ് ജനാധിപത്യഭാരതത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ പ്രവര്‍ത്തന സഞ്ചാരം.
ലോകത്തിലെ ഏറ്റവും വലുതും വൈവിധ്യ സമ്പൂര്‍ണ്ണവുമാണ് ഇന്ത്യന്‍ മാധ്യമരംഗം. വിവിധ ഭാഷകളിലായി പതിനായിരത്തിലധികം വര്‍ത്തമാന പത്രങ്ങളും, ഒരു ലക്ഷത്തിലധികം വാരികകളും മാസികകളും, 178 ഓളം ടെലിവിഷന്‍ വാര്‍ത്താചാനലുകളും, പതിനായിരക്കണക്കിന് വാര്‍ത്താധിഷ്ഠിത എഫ്ബി പേജുകളും യൂട്യൂബ് ചാനലുകളും കൊണ്ട് വിവരസമൃദ്ധമാണ് ആധുനികഭാരതം. 2016-ല്‍ ഇന്ത്യയിലെ സോഷ്യല്‍മീഡിയ ഉപഭോക്താക്കള്‍ 168 ദശലക്ഷം പേരായിരുന്നുവെങ്കില്‍ 2018-ല്‍ 362 ദശലക്ഷമായി വളര്‍ന്നു.
എന്നാല്‍ പത്രസ്വാതന്ത്ര്യം സംബന്ധിച്ച് 'റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേ ഴ്‌സ്' എന്ന അന്താരാഷ്ട്ര ഏജന്‍സിയുടെ റാങ്കിംഗില്‍ 2015-ല്‍ 136 ആയിരുന്ന ഇന്ത്യയുടെ സ്ഥാനം മോദി സര്‍ക്കാരിന്റെ രണ്ടാം വരവില്‍ 142-ാം സ്ഥാനത്തേക്ക് 'ഉയര്‍ന്നു' എന്നു തിരിച്ചറിയണം. ബംഗ്‌ളാദേശിലും ചൈനയില്‍പ്പോലും നമ്മളെക്കാള്‍ ഭേദമാണ് സ്ഥിതിയെന്നുമോര്‍ക്കാം.
പ്രത്യക്ഷമായ അടയാളങ്ങളോടെയല്ല, ആധുനിക കാലത്ത് ഫാസിസത്തിന്റെ വെളിച്ചപ്പെടലുകള്‍ എന്നതിനാല്‍ അതൊരു ജീവിതശൈലിയായിപ്പോലും സ്വീകരിക്കുവാന്‍ ഒരു ജനതയെ ഒരുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിയന്ത്രിതമാധ്യമ സംസ്‌കാരത്തിലൂടെ ജനാധിപത്യത്തെ നിശബ്ദമാക്കുകയാണ് (mute) സര്‍വ്വാധിപത്യ ഭരണകൂടത്തിന്റെ പ്രധാന പരിപാടി.
കര്‍ഷകപ്രക്ഷോഭത്തിനനുകൂലമായി അന്തര്‍ദ്ദേശീയ വികാരം ശക്തിപ്പെടുന്നുണ്ടെന്ന തിരിച്ചറിവാണ് രാജ്യത്ത് അസ്വസ്ഥതയും അസ്ഥിരതയും സൃഷ്ടിക്കു ന്നുവെന്ന ന്യായത്തിലൂന്നി 290-ലധികം tweet അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്കിയത്.
ഒരു വശത്ത് ഗൗരിലങ്കേഷിനെപ്പോലുള്ള നിഷ്പക്ഷ പത്രപ്രവര്‍ത്തകരെ നിത്യകാലത്തേക്ക് നിശബ്ദരാക്കി സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തെ അസാധ്യമാക്കുന്ന രീതിയില്‍ ഭീഷണിയും, പ്രീണനവും തരംപോലെ പ്രയോഗിച്ച് പൊതുജനാഭിപ്രായ രൂപീകരണത്തെ സര്‍ക്കാര്‍ നേതൃത്വത്തില്‍ ദൂര്‍ബലപ്പെടുത്തുമ്പോള്‍, മറുവശത്ത് അര്‍ണോബ് ഗോസ്വാമിയെപ്പോലുള്ള, വെറുപ്പിന്റെ രാഷ്ട്രീയത്തെ മാധ്യമ പ്രവര്‍ത്തനമാക്കുന്നവരെ ഉള്ളഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയുമാണ്. തട്ടിപ്പിലൂടെ ചാനല്‍ റേറ്റിംഗ് കൂട്ടാന്‍ റിപ്പബ്ലിക് ടിവി ഉടമയായ ഗോസ്വാമി ശ്രമിച്ചെന്ന ആരോപണത്തെ ശരിവയ്ക്കുന്ന തെളിവുകള്‍ പുറത്തുവന്നിട്ടും ഡല്‍ഹിയിലെ സുപ്ര ധാന അധികാര ഇടനാഴികളിലെ സ്വാധീനവും ശക്തിയും അയാള്‍ക്ക് സംരക്ഷണമൊരുക്കുമ്പോള്‍, മാധ്യമ പ്രവര്‍ത്തനം ദല്ലാള്‍പ്പണിയുടെ തട്ടിലേക്ക് തരംതാഴുന്നത് നമ്മെ ഭയപ്പെടുത്തണം. സത്യസന്ധരായ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ പോലും വളരെ വേഗത്തില്‍ യുഎപിഎ ചുമത്തുവോളം 'അഭിപ്രായ'ത്തിന് താഴിടുമ്പോള്‍, 'സ്വാതന്ത്ര്യം' ഭരണഘടനാ പുസ്തകത്താളിലെ അക്ഷരാലങ്കാരമായി അകത്തിരിക്കും.
ഡിജിറ്റല്‍ സാങ്കേതിക വിദ്യ നമ്മെ നിരന്തരം അല്‍ഗൊരിതങ്ങളുടെ നിരീക്ഷണത്തിലാക്കുമ്പോള്‍, നമ്മുടെ യാത്രകളും കണ്ടുമുട്ടലുകളും, കൊടുക്കലുകളും, വാങ്ങലുകളും യോജിപ്പുകളും, വിയോജിപ്പുകളും പുതിയ കാലത്ത് വലിയൊരു 'നോട്ട'ത്തിന് (survaillance) ന് കീഴിലാകുകയാണ്. ജനങ്ങളുടെ ബോധമണ്ഡലത്തെ സ്വാധീനിക്കും വിധം വികാരങ്ങളുടെ ഒഴുക്കിനെ സദാ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സംവിധാനം വാര്‍ത്തകളല്ല, സര്‍ക്കാര്‍ പരിപാടികളുടെ പരസ്യങ്ങളാകും ലഭ്യമാക്കുക. "തങ്ങള്‍ക്കറിഞ്ഞു കൂടാത്ത കാര്യങ്ങളെക്കുറിച്ച് ജനങ്ങളെങ്ങനെ ക്ഷുഭിതരാകും" എന്ന സ്പാനിഷ് സാമൂഹ്യശാസ്ത്രജ്ഞനായ മാന്വവല്‍ കാസ്‌റ്റെല്‍സിന്റെ ചോദ്യം ആദ്യം അറിയാനും പിന്നെ പറയാനുമുള്ള നമ്മുടെ അവകാശത്തെ ഇല്ലാതാക്കുന്ന പുതിയ മാധ്യമ കാലത്തെയാണ് അടയാളപ്പെടുത്തുന്നത്.
ജനാധിപത്യത്തിന്റെ പ്രാണവായുവാണ് മാധ്യമപ്രവര്‍ത്തനം. അത് നിരന്തരം ശുദ്ധവും, സ്വതന്ത്രവുമെന്ന് ഉറപ്പുവരുത്താന്‍ പ്രഥമമായി മാധ്യമ സ്ഥാപനങ്ങള്‍ക്കും, പിന്നീട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഭരണഘടനാ ബാധ്യതയുണ്ട്. ഓര്‍ക്കുക, മാധ്യമ ജാഗ്രതതന്നെയാണ് ജനജാഗ്രതയും, ജനാധിപത്യജാഗ്രതയും.

logo
Sathyadeepam Weekly
www.sathyadeepam.org