നൈജീരിയായുടെ നിലവിളികള്‍

നൈജീരിയായുടെ നിലവിളികള്‍

ഇക്കഴിഞ്ഞ പന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ നൈജീരിയായിലെ ഓവോ നഗരത്തിലെ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ ഇസ്ലാമിക് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 50ലേറെ ക്രൈസ്തവര്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവം ലോകം ഞെട്ടലോടെയാണ് കേട്ടത്. മതമൗലിക തീവ്രവാദം അതിന്റെ സര്‍വ്വാസുരഭാവത്തോടെ ആഗോളതലത്തില്‍ അരങ്ങു തകര്‍ക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാവുകയാണ് നൈജീരിയായിലെ ക്രൈസ്തവ വംശഹത്യ.

മതനിന്ദാക്കുറ്റമാരോപിച്ച് സബോറ സാമുവല്‍ എന്ന പെണ്‍കുട്ടിയെ സഹപാഠികള്‍ കല്ലെറിഞ്ഞും മര്‍ദ്ദിച്ചും അതിക്രൂരമായി കൊലചെയ്യുന്ന വീഡിയോ നൈജീരിയായിലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വടക്കന്‍ നൈജീരിയായിലാണ് ഇസ്‌ലാമിക് തീവ്രവാദികളുടെ അതിക്രമം ആസൂത്രിതമായി നടന്നിരുന്നത്. പൊതുവെ സമാധാനാന്തരീക്ഷം നിലനിന്നിരുന്ന തെക്കന്‍ നൈ ജീരിയായിലേക്ക് കൂടി മതതീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നുവെന്നതിന്റെ തെളിവാകുകയാണ് ഓവോ നഗരത്തിലെ ക്രൈസ്തവ കൂട്ടക്കൊല. നിരവധി പേരാണ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത്. പൊട്ടാത്ത ബോംബുകളും എ.കെ.-47 തോക്കുകളില്‍ ഉപയോഗിച്ച ബുള്ളറ്റുകളും സംഭവസ്ഥലത്ത് കെണ്ടെത്തി.

2015-ല്‍ ലിബിയായില്‍ 21 ഈജിപ്റ്റിയന്‍ കോപ്റ്റിക് ക്രിസ്ത്യാനികളെ കഴുത്തറുത്ത് കൊല്ലുന്ന വീഡിയോ ഐ.എസ്.ഐ.എസ്. ഭീകരര്‍ പുറത്തുവിട്ടതോടെയാണ് തീവ്രവാദം മതഭീകരവാദത്തിലേക്ക് വഴുതിവീണ സത്യം ലോകം ആദ്യമറിഞ്ഞത്. ലോകത്തിന്റെ പല ഭാഗത്തും ഇന്ത്യയിലും കൊച്ചുകേരളത്തില്‍പ്പോലും ഐ.എസ്.ഐ.എസിന്റെ സജീവസാന്നിദ്ധ്യത്തിന്റെ ഔപചാരിക സ്ഥിരീകരണം ജാഗ്രതാ മുന്നറിയിപ്പായി പിന്നീടെത്തിയെങ്കിലും, ഫലപ്രദമായി അതിനെ നേരിടുന്നതില്‍ രാജ്യങ്ങളുടെ ഔദ്യോഗിക സുരക്ഷാ സംവിധാനങ്ങള്‍ പരാജയപ്പെട്ടുവെന്നതാണ് വാസ്തവം. ഇറാക്കില്‍ അതിന്റെ വേരുകള്‍ ഒരു പരിധി വരെ അറുത്തുമാറ്റിയെങ്കിലും കൂട്ടക്കൊലകള്‍ ആവര്‍ ത്തിക്കപ്പെട്ടു. ഇരകള്‍ എല്ലായിടത്തും ക്രൈസ്തവരായിരുന്നു. മതനിന്ദാക്കുറ്റം മറയാക്കിയായിരുന്നു ആസൂത്രിതാക്രമണങ്ങള്‍ പലതും. വിശ്വാസത്തിന്റെ പേരില്‍ ലോകത്താകെ പീഡനം അനുഭവിക്കുന്നത് 360 മില്യണ്‍ ക്രൈസ്ത വര്‍ എന്നാണ് കണക്ക്. ക്രൈ്തവവേട്ട ഏറ്റവുമധികം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് നൈജീരിയ. മതതീവ്രവാദിഗ്രൂപ്പുകളില്‍ ബോക്കോഹറമിന്റെ ആക്രമണത്തിന് വിധേയരായത് പതിനായിരങ്ങളാണ്. വര്‍ഷംതോറും ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയുമാണ്. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ആഫ്രിക്ക പ്രൊവിന്‍സ്, ഫുലാനി ഹെര്‍ഡ്‌സ്മാന്‍ തുടങ്ങിയ ഇസ്‌ലാമിക തീവ്രവാദ സംഘടനകളും രാജ്യത്ത് സജീവമാണ്.

നൈജീരിയന്‍ ക്രൈസ്തവ വംശഹത്യയില്‍ ഇനിയും ഉണരാത്ത അമേരിക്കയുടെ തണുപ്പന്‍ നിലപാട് അന്താരാഷ്ട്ര വേദികളില്‍ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. മതമര്‍ദ്ദനങ്ങള്‍ അനിയന്ത്രിതമായി ആവര്‍ത്തിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും നൈജീരിയായെ ബൈഡന്‍ ഭരണകൂടം ഈയിടെ ഒഴിവാക്കിയത് വ്യാപകമായ വിമര്‍ശനത്തിന് വഴിതെളിച്ചു. ഇതിനിടയില്‍ നൈജീരിയന്‍ കൂട്ടക്കൊല കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമാണെന്ന ഐര്‍ലണ്ട് പ്രസിഡന്റിന്റെ പ്രസ്താവന വിവാദമായി. നിസ്സംഗതയുടെ ഇത്തരം നിഷ്ഠൂരമായ നിലപാടുകള്‍ മതതീവ്രവാദി ഗ്രൂപ്പുകള്‍ക്ക് വളമാകുന്നുവെന്ന ആരോപണത്തെ ശരിവയ്ക്കുന്ന വിധത്തിലാണ് അവിടു ത്തെ അവസാനിക്കാത്ത ആക്രമണ പരമ്പരകള്‍. നൈജീരിയന്‍ വംശഹത്യ മുഖ്യധാര മാധ്യമങ്ങളിലെ പ്രധാന തലക്കെട്ടായി മാറാതിരുന്നത് മാനവീകതയോടുള്ള വെല്ലുവിളിയായിത്തന്നെ കാണണം. സമകാലീക ജീവിതത്തിന്റെ സത്യവാങ്മൂലം നല്കാത്ത മാധ്യമഷണ്ഡത്വം മാപ്പര്‍ഹിക്കാത്ത കുറ്റം തന്നെയാണ്.

അന്യമത വിദ്വേഷം വംശഹത്യയിലേക്ക് നയിച്ചതിന്റെ ദുരിതപാഠങ്ങളില്‍ നിന്നും നാമിനിയും ഒന്നും പഠിച്ചിട്ടില്ലെന്നു തന്നെയാണ് നൈജീരിയ പോലു ള്ള തീവ്രമതാനുഭവങ്ങള്‍ നമുക്ക് പറഞ്ഞു തരുന്നത്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ വംശഹത്യകളിലൊന്നായ അര്‍മേനിയന്‍ കൂട്ടക്കൊലയുടെ നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് യരവനില്‍ നടത്തിയ പൊതുസമ്മേളനത്തിലെ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ഇങ്ങനെ.

''ഒരു നൂറ്റാണ്ടുമുമ്പ് നടന്ന സമാനതകളില്ലാത്ത ദുരന്തത്തില്‍ ഇപ്പോഴും നിങ്ങളുടെ മനസ്സ് പൊള്ളുന്നുവെന്ന് എനിക്കറിയാം. മറവി ഒരിക്കലും പാടില്ല. ഇത്തരം ദുരന്തങ്ങള്‍ ഓര്‍മ്മിക്കേണ്ടത് ലോകത്തിന്റെ ചുമതലയാണ്. ഭാവിയിലും കൊടിയ രാക്ഷസീയ ദുരന്തം ഇല്ലാതാക്കാനുള്ള പ്രത്യൗഷധമാണ് ഇത്തരം ഓര്‍മ്മപ്പെടുത്തല്‍.'' 1915-17 കാലഘട്ടത്തില്‍ ഓട്ടോമന്‍ ഭരണാധികാരികള്‍ക്കു കീഴില്‍ 1.5 മില്ല്യണ്‍ മനുഷ്യരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഏറെയും ക്രൈസ്തവരായിരുന്നു. 'മനുഷ്യര്‍ മറ്റു മനുഷ്യരോട് ചെയ്തത് എന്താണെന്ന് ഓര്‍ത്തുവയ്ക്കാന്‍ നാം തയ്യാറാണെങ്കില്‍ നാളെ മറ്റ് ദുരന്തങ്ങള്‍ തടയാന്‍ നമുക്ക് സാധിച്ചേക്കും'' എന്ന എലിവീസലിന്റെ വാക്കുകളും ഇതിനോട് ചേര്‍ത്തു വായിക്കണം.

ഇത്തരം ഓര്‍മ്മകളും ഓര്‍മ്മപ്പെടുത്തലും വാസയോഗ്യമായ ഒരു ലോകം സമാധാനത്തോടെ നിര്‍മ്മിക്കാനുള്ള ഇന്ധനമാകണെമന്നു തന്നെയാണ് പാപ്പ ലോകത്തോട് ആവര്‍ത്തിച്ചു പറയുന്നത്. ''മറ്റ് മതങ്ങളിലെ മനുഷ്യരെ അമൂര്‍ ത്തമായി കരുതികൊണ്ടല്ല, അവരോട് സാഹോദര്യത്തോടെ ഇടപെട്ടു കൊണ്ടു ള്ള ദൈവാന്വേഷണത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടാകണം ഇത് സാധ്യമാക്കേണ്ടത്. സ്വാര്‍ത്ഥപൂര്‍ണ്ണമായ നിസ്സംഗതയ്ക്കും അക്രമാസക്തമായ പ്രതി ഷേധത്തിനുമിടയില്‍ സംവാദത്തെ തെരഞ്ഞെടുത്തുകൊണ്ടാകണം.'' ഇത് പൂര്‍ത്തിയാക്കേണ്ടത് എന്നാണ് പാപ്പയുടെ നിലപാട്.

മതത്തിന് മദം പൊട്ടിയപ്പോഴെല്ലാം മണ്ണില്‍ മനുഷ്യരക്തം വീണ കഥ കൂടിയാണ് മാനവചരിത്രം. തീവ്രമതചിന്തകള്‍ സാധാരണക്കാരിലേക്കും വ്യാപിക്കുന്നുവെന്നത് നൈജീരിയായുടെ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങ ളിലും വലിയൊരു മനുഷ്യാവകാശ പ്രശ്‌നമായി വളരുകയാണ്. വിദ്വേഷപ്രസംഗത്തിന്റെ വിഷലിപ്ത പ്രയോഗങ്ങള്‍ കൊച്ചുകുട്ടികളുടെ വായില്‍പ്പോലും തിരുകിവയ്ക്കുവോളം അക്രമാഹ്വാനം തെരുവു നിറയുന്നത് ഇന്ന് സാധാരണമാവുന്നുണ്ട്. അവിടെ സാഹോദര്യത്തിന്റെ ശബ്ദസന്ദേശങ്ങള്‍ക്ക് മേല്‍ ക്കൈ ഉണ്ടാകണം. ഒറ്റപ്പെടുമ്പോഴും അതുറക്കെപ്പറയാന്‍ ധൈര്യമുണ്ടാകണം. അതേറ്റ് വിളിക്കുന്നവരുടെ ആളെണ്ണത്തെ ആശ്രയിച്ചുതന്നെയാണ് ഏകസമൂഹമായുള്ള നമ്മുടെ നില്പും നിലനില്പ്പും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org