നവാശങ്കകളുടെ നയരേഖ

നവാശങ്കകളുടെ നയരേഖ

ഫ്രഞ്ച് സാമൂഹ്യചിന്തകനായ പിയറി ബോര്‍ദ്യു അവതരിപ്പിക്കുന്ന ശ്രദ്ധേയമായ ഒരു പരികല്പനയാണ് സാംസ്‌കാരിക മൂലധനം. ഒരു വ്യക്തി ആര്‍ജ്ജിക്കുന്ന പ്രതിനിധാന സ്വഭാവമുള്ള ഘടകങ്ങളെയാണ് കള്‍ച്ചറല്‍ ക്യാപിറ്റല്‍ എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്. ഇത് ഭാഷയാകാം, താല്പര്യങ്ങളാകാം, വസ്ത്രധാരണരീതിയാകാം.
സാംസ്‌കാരിക മൂലധനത്തെക്കുറിച്ചുള്ള ചര്‍ച്ചകളെ ഇപ്പോള്‍ സജീവമാക്കു ന്നത്, കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയമാണ്. കാരണം പ്രബലമായ സാംസ്‌കാരിക മൂലധനം കയ്യാളുന്നവര്‍ താഴേക്കിടയിലുള്ളവരോട് മൃദുകലാപങ്ങള്‍ അഴിച്ചുവിടുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം വിദ്യാഭ്യാസ പ്രക്രിയയാണ്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ദര്‍ശന രേഖ അവതരിപ്പിക്കുന്ന ആദ്യഭാഗത്ത് തന്നെ ഇന്ത്യയെ ഭാരതമായി സങ്കല്പിച്ചും, അതിന്റെ പൗരാണിക സാംസ്‌കാരികാടയാളങ്ങളെ ഓര്‍മ്മിപ്പിച്ചുമാണ്, ഉയര്‍ന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസ ലഭ്യതയിലൂടെ നാം ആഗോള ജ്ഞാനശക്തിയായി മാറേണ്ടത് എന്ന സൂചനയുണ്ട്. ത്രിഭാഷ പദ്ധതി തുടരുമെന്ന് ആവര്‍ത്തിക്കുമ്പോഴും സംസ്‌കൃത പഠനത്തിന് നല്കുന്ന പ്രത്യേക പ്രാധാന്യം, ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തിനെതിരായുള്ള വിരുദ്ധനീക്കമായി വിമര്‍ശിക്കപ്പെടും. പൗരാണികത, പാരമ്പര്യം തുടങ്ങി കൃത്യമായ നിര്‍വചനങ്ങളോ, വ്യക്തതയോ ഇല്ലാത്ത അമൂര്‍ത്ത സങ്കല്പങ്ങളെ ആധാരമാക്കി പാഠ്യപദ്ധതിയും പുസ്തകങ്ങളും തയ്യാറാക്കപ്പെടാനുള്ള സാധ്യതയെ തുറന്നിടുന്ന പുതിയ നയത്തിലൂടെ അക്കാദമിക മേഖലയെ ഹിന്ദുത്വരാഷ്ട്രീയ അജണ്ടകളിലേയ്ക്ക് പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമമായി കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല.
1968-ലെ ഒന്നാം ദേശീയ വിദ്യാഭ്യാസ നയരേഖ ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന പ്രമാണമായി പ്രത്യക്ഷപ്പെട്ടപ്പോള്‍, 1986-ല്‍ അത് ശിശു കേന്ദ്രീകൃത പാഠ്യപദ്ധതിയായി പുനരേകീകരിക്കപ്പെടുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ, വിദ്യാലോകത്തിലേയ്ക്ക് നീക്കിനിര്‍ത്തുന്ന നിര്‍ദ്ദേശങ്ങളാല്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. നവോദയ വിദ്യാലയപ്പിറവി അതിന്റെ ഉപോല്പന്നമായത് അങ്ങനെയാണ്. 1992-ലെ പുതിയ പരിഷ്‌ക്കരണത്തില്‍ അഖിലേന്ത്യാ തലത്തിലെ പൊതുപ്രവേശന പരീക്ഷകള്‍ക്ക് നിയമസാധുത കൈവന്നു. 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലൂടെ 14 വയസ്സുവരെ സൗജന്യനിര്‍ബന്ധിത വിദ്യാഭ്യാസം രാജ്യത്തിന്റെ വിദ്യാജാതകത്തിരുത്തും തിലകവുമായി.
മൂന്നര പതിറ്റാണ്ടിനുശേഷം 21-ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസനയം യാഥാര്‍ത്ഥ്യമാകുമ്പോള്‍ അര്‍ഹിക്കുന്ന അവധാനതയോടെയും കൂടിയാലോചനകളിലൂടെയും അതുരിത്തിരിഞ്ഞില്ല എന്ന വിമര്‍ശനം ശക്തമാണ്. മൂന്നു വയസ്സു മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സാര്‍വ്വത്രിക വിദ്യാഭ്യാസം സാധ്യമാക്കുന്ന പുതിയ നയം നിയമമാക്കുന്നതോടെ 10+2 നു പകരം 5+3+3+4 എന്ന രീതിയിലാകും പാഠ്യപദ്ധതി. ജനാധിപത്യബോധമുള്ള ശ്രേഷ്ഠ യുവതയെ വാര്‍ത്തെടുക്കേണ്ട വിദ്യാഭ്യാസ നയം പാര്‍ലമെന്റ് പോലുള്ള ജനപ്രാതിനിധ്യസഭകളില്‍ ചര്‍ച്ചയാക്കിയില്ല എന്നതുതന്നെ, പുതിയ നയത്തിന്റെ ജനകീയ സ്വഭാവത്തെ സംശയനിഴലിലാക്കുന്നുണ്ട്. എല്ലാം നിയന്ത്രിക്കുന്ന ഏകജാലക സംവിധാനം വേണമെന്നാണ് പുതിയ നയം. രാജ്യത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയെല്ലാം പൂര്‍ണ്ണനിയന്ത്രണം ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ എന്ന ഏജന്‍സിക്ക് നല്കുമ്പോള്‍, പൂര്‍ണ്ണമായ സര്‍ക്കാര്‍ നിയന്ത്രണം ഉള്ളടക്കത്തിലും ഭരണതലത്തിലും കൊണ്ടുവരികയാണ് സര്‍ക്കാര്‍ നയമെന്ന് വ്യക്തമാകുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പൊതു സഹകരണത്തോടെ നടപ്പാക്കേണ്ട വിദ്യാഭ്യാസ പ്രക്രിയ, ഫലത്തില്‍ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്നതാണെന്ന വിമര്‍ശനം ഗൗരവമുള്ളതാണ്.
സര്‍വ്വകലാശാലകളെ സര്‍വ്വകലകളും അഭ്യസിപ്പിക്കാനുള്ള സകലകലാശാലകളായി പുതിയ നയം രൂപാന്തരപ്പെടുത്തുന്നുണ്ട്. ബിരുദ പഠനത്തിനിടയിലുള്ള ഇടവേളകള്‍ക്ക് നിയമ സാധുത നല്കുന്നതിലൂടെ വിദ്യാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തെ പുതിയ നയം വകവെച്ചുകൊടുക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ കുറെക്കൂടി ഗവേഷണ സ്വഭാവമുള്ളവയായി പരിവര്‍ത്തിപ്പി ക്കാന്‍ ഈ നയം മാറ്റം പര്യാപ്തമാകുമ്പോഴും, അംഗനവാടി മുതല്‍ സാങ്കേതിക സര്‍വ്വകലാശാല വരെ നീണ്ട വിപുലമായ വിദ്യാഭ്യാസ പ്രക്രിയയെ ഒരു കുടക്കീഴില്‍ ഒരുമിച്ച് ചേര്‍ക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെ വിഭവ വിതരണത്തില്‍ ഇപ്പോള്‍ത്തന്നെ അസാധാരണമായ അസമത്വത്തിലായിരിക്കുന്ന രാജ്യ ത്ത് ക്ഷിപ്രസാധ്യമോ എന്ന ആശങ്ക അസ്ഥാനത്തല്ല. ജിഡിപിയില്‍ ഏകദേശം 4.43% ല്‍ താഴെ മാത്രമാണ് വിദ്യാഭ്യാസത്തിനായി ഇപ്പോള്‍ പോലും വികയിരുത്തുന്നത്. ഇത് 6% മായി വര്‍ദ്ധിപ്പിക്കണമെന്ന പുതിയ നിര്‍ദ്ദേശം പോലും നവവിദ്യാഭ്യാസ നയം മാറ്റം മൂലം അനിവാര്യമാക്കുന്ന പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക് എത്രയോ അപര്യാപ്തമാണെന്നറിയുമ്പോഴാണ് സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുന്നത്.
പ്രതിഭകളെ നാട്ടില്‍ത്തന്നെ നിലനിര്‍ത്താനുള്ള നല്ല നിര്‍ദ്ദേശങ്ങളോടെ നിലവിലെ പാഠ്യപദ്ധതിയെ കുറെക്കൂടി ഗവേഷണോന്മുഖമാക്കുന്ന നയം നല്ലത് തന്നെ. എന്നാല്‍ നല്ല നിലവാരം പുലര്‍ത്തുന്ന സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാ പനങ്ങളെ വിശ്വാസത്തിലെടുക്കാത്തതും സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തെ കൃത്യമായി ഇതില്‍ നിര്‍വ്വചിക്കാത്തതും ദുരൂഹമാണ്. ഭരണഘടനയുടെ 30-1 വകുപ്പ് ഉറപ്പു തരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു നടത്താനുള്ള ന്യൂനപക്ഷാവകാശത്തെക്കുറിച്ചുള്ള മനഃപൂര്‍വ്വമായ മൗനം അപകടസൂചനതന്നെയാണ്. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വിപുലീകരണം വലിയ നേട്ടമാകുമ്പോ ഴും, പ്രയോഗത്തില്‍ ദുര്‍ബലരും പിന്നാക്കക്കാരും ദരിദ്രരും പുറത്താക്കപ്പെടുമോ എന്ന ആശങ്കയുണ്ട്. അക്കാദമിക സ്വാതന്ത്ര്യത്തിനു പകരമുള്ള അധികാര കേന്ദ്രീകരണവും, പാരമ്പര്യ പഠനത്തിന്റെ മറവിലൂടെയെത്താനിടയുള്ള കാവിവല്‍ക്കരണവും, വിദ്യാഭ്യാസ കച്ചവടത്തെ സാധാരണമാക്കാനിടയുള്ള ഉദാരനയങ്ങളും, നയം മാറുന്ന വിദ്യാഭ്യാസത്തിന്റെ നവഭയാശങ്കകളാണ്.
വിദ്യാഭ്യാസത്തിന്റെ ആകമാന ലക്ഷ്യം തൊഴിലും അതിനുതകുന്ന സാങ്കേ തികശേഷിയും മാത്രമാകുന്ന, മതേതര മാനവമൂല്യങ്ങളെ മാറ്റി നിര്‍ത്തുന്ന, വ്യത്യസ്തതകളുടെ വിപരീതവീക്ഷണങ്ങളെ വിസ്മരിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം അധ്യയനത്തിന്റെ അടിസ്ഥാന കാരണങ്ങളെ യഥാര്‍ത്ഥത്തില്‍ അവഗണിക്കുകയാണ്.
വ്യക്തിസംസ്‌ക്കരണമെന്ന സാംസ്‌കാരിക പ്രക്രിയയെ പ്രചോദിപ്പിക്കുന്നതാകണം ഏതൊരു വിദ്യാഭ്യാസനയത്തിന്റെയും പ്രധാന ന്യായം. പുതിയ നയത്തിന്റെ ന്യായാന്യായ പരിശോധനകള്‍ ആ വഴിക്കാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org