2020-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പുതുക്കിയ തൊഴില്‍നിയമങ്ങള്‍ ഏപ്രില്‍ ഒന്നിനു മുന്‍പ് പ്രാബല്യത്തില്‍ വരത്തക്കവിധം ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെന്നാണ് ലഭ്യമായ സൂചനകള്‍. തൊഴില്‍രംഗത്ത് സമഗ്രമാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന പുതിയ പരിഷ്‌ക്കരണങ്ങള്‍ പ്രബല തൊഴിലാളി സംഘടനകളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നത്.
44 നിയമങ്ങളിലായി പരന്നുകിടക്കുന്ന തൊഴില്‍സുരക്ഷയെ, വേതനം, സാമൂഹികസുരക്ഷ, വ്യവസായിക സുരക്ഷയും ക്ഷേമവും, വ്യവസായിക ബന്ധങ്ങള്‍ എന്നീ നാലു ലേബര്‍ കോഡുകള്‍ക്കു കീഴില്‍ ഏകപക്ഷീയമായി ഏകോപിപ്പിച്ചുകൊണ്ട്, പാര്‍ലമെന്റ് ഭൂരിപക്ഷ കാര്‍ഡുയര്‍ത്തി, ജനാധിപത്യ മര്യാദകളെപ്പോലും വെല്ലുവിളിച്ച് നടപ്പാക്കാനൊരുങ്ങുമ്പോള്‍ സ്ഥിരംതൊഴില്‍ എന്ന സാമൂഹിക ക്ഷേമ സംവിധാനത്തെയാണ് അത് യഥാര്‍ത്ഥത്തില്‍ അട്ടിമറിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പൊതുപട്ടികയിലാണ് തൊഴില്‍ നിയമങ്ങള്‍ എന്നതിനാല്‍ ഇത്തരം ഇടെപടലുകള്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്നുറപ്പാണ്. അതിനാല്‍ സംസ്ഥാനങ്ങളിലെ വ്യത്യസ്ത തൊഴില്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ പുതുതായി നിയോഗിക്കുമെന്ന കേന്ദ്ര തൊഴില്‍ സെക്രട്ടറി അപൂര്‍വ്വ ചന്ദ്രയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. അപ്പോഴും കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ഡല്‍ഹിയിലെ അതിശൈത്യത്തെ അവഗണിച്ച് 60 ദിവസത്തിലധികമായി തുടരുന്ന കാര്‍ഷികപ്രക്ഷോഭത്തെ ചകഅ യെ ഉപയോഗിച്ചുപോലും ഉപരോധിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെ വീണ്ടും വിശ്വസിക്കുന്നതെങ്ങനെയെന്ന ചോദ്യമുണ്ട്. ഇന്ത്യന്‍ തൊഴില്‍മേഖലയില്‍ ഏറ്റവും അധികം തൊഴില്‍ സംഭാവന കാര്‍ഷികമേഖലയുടേതാണെന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം. 20 കോടി തൊഴിലാളികള്‍ കാര്‍ഷികമേഖലയില്‍ നിന്നാണെന്നാണ് കണക്കുകള്‍. ആഭ്യന്തര ഉല്പാദനത്തില്‍ 15% ഉം ഈ മേഖലയുടേതാണ്. നേരത്തെ ഇത് 60% ആയിരുന്നു.
രണ്ടാഴ്ച നോട്ടീസ് മാത്രം നല്കി തൊഴിലാളിയെ പരിച്ചുവിടുന്നയത്രയും തൊഴില്‍മേഖലയുടെ അസ്ഥിരത അതിരുകടക്കുന്നുണ്ട്. 1961-ലെ അപ്രന്റീസ് ആക്ട് തിരുത്തിയതിലൂടെ ഒരാളെ എത്ര കാലവും താല്ക്കാലിക ജീവനക്കാരനാക്കി നിലനിര്‍ത്താമെന്നതില്‍ നിന്നും പുതിയ തൊഴില്‍ നിയമ പരിഷ്‌ക്കരണങ്ങളുടെ ജനാധിപത്യ വിരുദ്ധത വ്യക്തമാണ്.
45 വര്‍ഷത്തിനിടയില്‍ തൊഴിലില്ലായ്മ അതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ കാലമാണിതെന്ന് മറക്കരുത്. ദേശീയ സാമ്പിള്‍ സര്‍വ്വെയുടെ കണക്കനുസരിച്ച് 2017-18 കാലഘട്ടത്തില്‍ ഇത് 6.1% ആയി വര്‍ദ്ധിച്ചു. ലോക്ക്ഡൗണ്‍ കാലം സ്ഥിതി കൂടുതല്‍ വിഷളാക്കിയെന്നതാണ് വാസ്തവം. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി(ഇങകഋ)യുടെ റിപ്പോര്‍ട്ടനുസരിച്ച് 20 നും 30 നും ഇടയില്‍ 2.7 കോടി ആളുകള്‍ക്ക് ജോലി പോയി. സ്ത്രീകള്‍ക്കിടയില്‍ തൊഴില്‍ നഷ്ടം 3.3 കോടിയാണ്.
മഹാമാരിയുണ്ടാക്കിയ ആഗോള സാമ്പത്തിക അസ്ഥിരതയെ അഭിസംബോധന ചെയ്യുന്നതിന്റെ ഭാഗമാണ് തൊഴില്‍നിയമങ്ങളിലെ ഉദാരീകരണമെന്ന വാദം ശക്തമാണ്. വിദേശതൊഴില്‍ നിക്ഷേപം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി യു.പി., ഗുജറാത്ത്, മധ്യപ്രദേശ് എന്നീ ബി.ജെ.പി. സംസ്ഥാനങ്ങള്‍ അടുത്ത മൂന്നു വര്‍ഷത്തേയ്ക്ക് തൊഴിലാളി ക്ഷേമനിയമങ്ങള്‍ റദ്ദ് ചെയ്തിരിക്കുകയാണ്!
ആഗോളീകരണത്തിന്റെ ഒടുവിലത്തെ സംഭാവനയാണ് 'പ്ലാറ്റ് ഫോം സമ്പദ് വ്യവസ്ഥ.' തൊഴില്‍ ഉടമ-തൊഴിലാളി ബന്ധം പ്രതീതി യാഥാര്‍ത്ഥ്യ പരിധിയില്‍ (്ശൃൗേമഹ ൃലമഹശ്യേ) മാത്രം പുതുതായി നിശ്ചയിക്കപ്പെടുമ്പോള്‍ നൈപുണ്യം, അഭിരുചി, കാര്യക്ഷമത എന്നിവയെ അടിസ്ഥാനമാക്കി ഏത് നിമിഷവും വാടകയ്ക്ക് എടുക്കാനും വലിച്ചെറിയാനും കഴിയുന്ന ചരക്കായി (രീാാീറശ്യേ) തൊഴില്‍ മാറിത്തീരുന്ന പരിണിതിയാണിതെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 'ഷെയറിംഗ് ഇക്കണോമി' എന്നാണ് ഓമനപ്പേരെങ്കിലും ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിനെ അടിസ്ഥാനമാക്കി മാത്രം പ്രവര്‍ത്തിക്കുന്ന ഈ നവസാമ്പത്തിക ക്രയവിക്രയലോകത്ത് ജോലിസ്ഥിരത മരീചികയായി മാറാനാണ് സര്‍വ്വസാധ്യതയും. ഒപ്പം ഹ്രസ്വകാല കരാറുകളുടെ അടിസ്ഥാനത്തില്‍ മാത്രം തൊഴില്‍ ലഭ്യമാക്കുന്ന 'ഗിഗ് എക്കണോമി'യുടെ പുതിയകാലം, തൊഴില്‍ ഇടത്തിന് നല്കുന്ന അരക്ഷിതത്വം വാക്കുകള്‍ക്കതീതവും!
ദേശീയ സാമ്പിള്‍ സര്‍വ്വെ പ്രകാരം ഇന്ത്യയിലെ തൊഴിലാളികളുടെ 28.3% കുടിയേറ്റ തൊഴിലാളികളാണ്. 45 കോടിയില്‍ നിന്നും ഈ വര്‍ഷം 55 കോടിയായി അവരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍. പ്രത്യേക തൊഴില്‍ നൈപുണ്യം അവകാശപ്പെടാനാകാത്ത അവരിലെ ഭൂരിഭാഗത്തിന് മാറിയ തൊഴില്‍ പരിസരങ്ങളും, പുതുക്കുന്ന തൊഴില്‍നിയമങ്ങളും കണ്ഠകോടാലിയാകുമെന്നുറപ്പാണ്.
തൊഴില്‍നിയമങ്ങള്‍ കാലാനുസൃതമായി പുതുക്കേണ്ടവയാണെന്നതില്‍ സംശയമില്ല. ഉല്പാദന വിതരണ പ്രക്രിയയിലെ കാലോചിത മാറ്റങ്ങള്‍ക്കൊപ്പം തൊഴിലാളികളും സഞ്ചരിക്കേണ്ടി വരും. പക്ഷേ അത്തരം പരിഷ്‌ക്കരണങ്ങള്‍ തൊഴിലുടമയ്‌ക്കൊപ്പം ഏകപക്ഷീയമായി നിലയുറപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാകയാല്‍ തിരുത്തപ്പെടേണ്ടതാണ്. അതേസമയം ഒരു വ്യക്തിയുടെ തൊഴിലവകാശം സ്ഥിരമായി നിലനിര്‍ത്തുന്നതോടൊപ്പം ഉല്പാദന പ്രക്രിയയിലെ അയാളുടെ സംഭാവനാ പങ്കാളിത്തവും സുസ്ഥിരവും കാര്യക്ഷമവുമാകണം. തൊഴിലാളി സംഘടനകളുടെ അനാവശ്യ പിടിവാശികളില്‍ തകര്‍ന്നുപോയ വ്യവസായ ചരിത്രം കേരളത്തിനുണ്ടെന്നതും മറന്നുകൂടാ. ഇടതുമുന്നണിയുടെ അഞ്ചു വര്‍ഷത്തെ ഭരണകാലത്തിനിടയില്‍ ഗടഞഠഇ യില്‍ മാറിമാറിയെത്തിയ ങഉ മാരുടെ എണ്ണം പരിശോധിച്ചാല്‍ മാത്രം മതി, സമകാലിന തൊഴിലാളി സംഘടനാ സംവിധാനത്തിന്റെ വികസന വിരുദ്ധത വെളിപ്പെടാന്‍.
മറ്റൊരു റിപ്പബ്ലിക് ദിനാഘോഷം കൂടി കടന്നുപോകുമ്പോള്‍ പരമാധികാരം ജനങ്ങളുടേതാണെന്നും സമത്വാധിഷ്ഠിത സഹവര്‍ത്തിത്വം ഭരണഘടനാ ബാധ്യതയാണെന്നും ഓര്‍മ്മിക്കേണ്ടതുണ്ട്. പ്രശസ്ത അമേരിക്കന്‍ സാംസ്‌കാരിക ചരിത്രകാരന്‍ മൈക്കിള്‍ ഡെന്നിംഗ് ഓര്‍മ്മിപ്പിക്കുന്നതുപോലെ "ചൂഷണത്തെക്കാള്‍, ചൂഷണം ചെയ്യപ്പെടാതിരിക്കുക അസാധ്യമെന്നമട്ടിലേയ്ക്ക് മുതലാളിത്ത ദുരന്തം മാറിത്തീര്‍ന്നിട്ടുണ്ട്." അദൃശ്യരായവരെ ദൃശ്യരാക്കുന്ന, അസംഘടിതരെ സുരക്ഷിതരാക്കുന്ന പാരസ്പര്യത്തിന്റെ ജനാധിപത്യ മൂല്യബോധത്തില്‍ സുസ്ഥിരമാകട്ടെ നമ്മുടെ തൊഴിലിടങ്ങള്‍, ഒപ്പം തൊഴിലാളികളും.