
ക്രിസ്തുവിന്റെ ശരീരത്തിനേറ്റ അയ്യായിരത്തോളം മുറിവുകളെക്കുറിച്ച് വിശുദ്ധ ബ്രിജിറ്റും, പഞ്ചക്ഷതങ്ങളെക്കുറിച്ച് മനുഷ്യരാകമാനവും സങ്കടപ്പെടുമ്പോഴും ആരാലും ശ്രദ്ധിക്കപ്പെടാത്ത, ഒരു ക്ഷതം കൂടി അവനിലുണ്ടായിരുന്നു.
ഇരുട്ട് മൂടി കിടന്ന ആ അവസാനരാത്രിയിലെ അത്താഴത്തിന് അവന്‍ വിളമ്പിക്കൊടുത്ത അപ്പക്കഷ്ണം ഉളളിലെത്തും മുമ്പേ, അവന്‍ ഒഴിച്ചുകൊടുത്ത പുതുവീഞ്ഞിന്റെ നനവ് ചുണ്ടില്‍ നിന്നുമുണങ്ങും മുമ്പേ അതേ അധരംകൊണ്ടു ചുംബിച്ച് യൂദാസ് ക്രിസ്തുവിനെ ഒറ്റിക്കൊടുത്തു. മജ്ജയും മാംസവും തുളച്ച് മനുഷ്യപുത്രന്റെ ഹൃദയത്തിലേറ്റ ആറാം ക്ഷതമായിരുന്നത്.
പ്രപഞ്ചത്തില്‍ മനുഷ്യര്‍ക്കേറ്റിട്ടുള്ള പോറലുകളില്‍ കൂടുതലും പ്രിയപ്പെട്ടവരില്‍ നിന്നുമാണ്. പച്ചപ്പ് മാറാത്ത പിഞ്ചുടലുകളിലും മരം പോലെ മുതിര്‍ന്ന മനുഷ്യരുടെ ഹൃദയങ്ങളിലും പൊള്ളലുളവാക്കുന്ന മുറിവുകളുമായി മനുഷ്യര്‍ ജീവിക്കാന്‍ പൊരുതുകയാണ്. ഇരകളായവരൊക്കെ ഉറങ്ങാന്‍ കണ്ണടയ്ക്കുമ്പോള്‍ തെളിയുന്നത് ചതിയുടെ ചിരിച്ചേലില്‍, കാമത്തിന്റെ കപടസ്മിതത്തില്‍ നനഞ്ഞു നില്‍ക്കുന്ന പരിചിതരുടെയും അപരിചിതരുടെയും വികൃതമുഖങ്ങളാണ്. ദിവംഗതനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക്, ഒരൊറ്റ ചോദ്യത്തിന്റെ ഇതിവൃത്തം കുറിച്ചിട്ടുകൊണ്ടു വില്യം എന്നൊരു കുഞ്ഞെഴുതിയ കത്തുണ്ട്.
'ഒരേ ഒരു അദ്ഭുതം മാത്രം ചെയ്യാന്‍ അവസരം കിട്ടിയാല്‍ ഏതത്ഭുതമായിരിക്കും ചെയ്യുക?'
ദിനംപ്രതി പതിനായിരക്കണക്കിന് കത്തുകള്‍ തേടി ചെല്ലുന്ന ആ മനുഷ്യന്‍ വില്യമിനുവേണ്ടി കുറിച്ച മറുപടിയക്ഷരങ്ങള്‍ ഇങ്ങനെയാണ്: 'ഡിയര്‍ വില്യം, ഒരേ ഒരു അദ്ഭുതമാണ് എനിക്ക് ചെയ്യാന്‍ സാധിക്കുന്നതെങ്കില്‍, ഞാന്‍ കുഞ്ഞുങ്ങളെ സുഖപ്പെടുത്തും.'
കുഞ്ഞുങ്ങളെ പീഡിപ്പിച്ചവര്‍ പുറത്തിറങ്ങി നടക്കുകയും, പീഡിപ്പിച്ചവര്‍ക്ക് പങ്കാളികളെ ലഭിക്കുകയും, അതിവേഗമവര്‍ പുതുജീവിതം തുടങ്ങുകയും ചെയ്യുമ്പോള്‍ പീഡിപ്പിക്കപ്പെട്ട കുഞ്ഞുങ്ങള്‍ പുരയ്ക്കകത്തും പുതപ്പിനടിയിലുമായി പ്രേതസ്വപ്നം കണ്ട് നിലവിളിക്കുന്നു.
കുഞ്ഞുങ്ങളെ പീഡിപ്പിച്ചവര്‍ പുറത്തിറങ്ങി നടക്കുകയും, പീഡിപ്പിച്ചവര്‍ക്ക് പങ്കാളികളെ ലഭിക്കുകയും, അതിവേഗമവര്‍ പുതുജീവിതം തുടങ്ങുകയും ചെയ്യുമ്പോള്‍ പീഡിപ്പിക്കപ്പെട്ട കുഞ്ഞുങ്ങള്‍ പുരയ്ക്കകത്തും പുതപ്പിനടിയിലുമായി പ്രേതസ്വപ്നം കണ്ട് നിലവിളിക്കുന്നു. ആ കുഞ്ഞുതേങ്ങലുകള്‍ക്ക് ഹമ്മിങ് കണക്ക് മാതാപിതാക്കളിലാരൊക്കെയോ അപശ്രുതികളില്‍ കരയുന്നു.
ഇംതിയാസ് അലി (Imthiyas Ali) യുടെ രചനയിലൂടെ പ്രേക്ഷകരുടെ നെഞ്ച് പൊള്ളിച്ച് കടന്നുപോയ ഒരു പെണ്‍കരച്ചിലുണ്ട്, ഹൈവേ എന്ന ഹിന്ദിസിനിമയില്‍. യൗവ്വനത്തില്‍ എത്തി നില്‍ക്കുന്ന ഒരു പെണ്‍കുട്ടി തന്റെ കുടുംബക്കാരുടെ മുന്നിലിരുന്നു അലറിക്കരയുകയാണ്. 'മോളേ, വീടിനു പുറത്ത് പോകുമ്പോള്‍ എപ്പോഴും ശ്രദ്ധിക്കണം, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. പക്ഷേ വീടിനുള്ളിലുള്ളവരെ ശ്രദ്ധിക്കണമെന്ന് നിങ്ങള്‍ എന്താണ് എനിക്ക് പറഞ്ഞു തരാതിരുന്നത്?' 'അയാള്‍ എന്നെ അരുതാത്തിടത്ത് തൊട്ടു' എന്നൊരു കുഞ്ഞിന് തുറന്ന് പറയാന്‍ മാത്രം സ്വാതന്ത്ര്യം തോന്നുന്ന ഇടങ്ങളും ആളുകളും നമ്മുടെ പരിസരങ്ങളില്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.
ജമൈക്കന്‍ തെരുവുകളില്‍ സമാധാനം പുനഃസ്ഥാപിക്കുവാന്‍ വേണ്ടി സംഗീതനിശ നടത്താന്‍ ഒരുങ്ങിയ ബോബ് മാര്‍ലിക്ക് വെടിയുണ്ടകള്‍ അയച്ചു കൊണ്ടായിരുന്നു വിപ്ലവകാരികള്‍ താക്കീത് നല്‍കിയത്. ഏറ്റെടുത്ത പരിപാടിയില്‍ നിന്നും പിന്മാറണമെന്ന ഭീഷണികളെ അവഗണിച്ച് തോക്കിന്‍ കുഴലുകളില്‍ നിന്നുതിര്‍ന്ന തീപ്പൊരികളേക്കാള്‍ ചൂടേറിയ അക്ഷരം കൊണ്ട് അയാള്‍ പറഞ്ഞു 'ലോകത്തെ നശിപ്പിക്കാന്‍ ഇറങ്ങി തിരിച്ചവര്‍ വിശ്രമിക്കാതെ പൊരുതി കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ എങ്ങനെ വിശ്രമിക്കും?' തിരക്കുള്ള തെരുവുകളിലും, പൊതുശുചിമുറികളിലും, വീട്ടകങ്ങളിലും, ഒറ്റപ്പെട്ട കവലകളിലും വച്ച് ആഭാസന്മാരുടെ അധമകര്‍മ്മങ്ങളേറ്റ് കുഞ്ഞുടലുകള്‍ക്ക് മുറിവേല്‍ക്കുമ്പോള്‍, അവരുടെ ഓര്‍മ്മകള്‍ക്ക് പ്രേതബാധയേല്‍ക്കുമ്പോള്‍ സൗഖ്യത്തിന്റെ സ്‌നാനത്തിലേക്ക് അവരെ നയിക്കാന്‍ അദ്ഭുതങ്ങള്‍ ചെയ്യുന്ന മനുഷ്യരെ നമുക്ക് ആവശ്യമുണ്ട്.
ക്രിസ്തുവിന്റെ ആ ആറാം ക്ഷതം പോലെ, ആരും കാണാത്ത ആ ആന്തരിക മുറിവുകളിലെ പൊറ്റപറിക്കാന്‍ നോക്കുന്ന കുഞ്ഞുങ്ങള്‍ അലറിക്കരയുന്നത് ലോകം ഇപ്പോള്‍ കേട്ട് തുടങ്ങിയിരിക്കുന്നു. കുഞ്ഞുങ്ങളെ പോറലേല്‍പ്പിച്ച കുറ്റവാളികളില്‍ ചിലര്‍ കുറ്റബോധമില്ലാതെ മനുഷ്യരെ നോക്കി മൃഗസമാനം പല്ലിളിക്കുമ്പോള്‍ നിയമപാലകരും നീതിപീഠവുമാണ് അവരുടെ അധര്‍മ്മങ്ങള്‍ക്കുള്ള അഴികള്‍ തീര്‍ക്കേണ്ടതും ഇനി ഒരിക്കലും ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള കരുതലുകളെടുക്കേണ്ടതും. ലോകത്തിന്റെ എല്ലാ അതിര്‍ത്തികളും ലംഘിച്ചുകൊണ്ട് കുഞ്ഞുങ്ങളെ കരയിപ്പിക്കുന്നവരുടെ എണ്ണം പെരുകുമ്പോള്‍ സൗഖ്യദായകരുടെ എണ്ണം കുറയാന്‍ നാം അനുവദിക്കരുത്. മാതാപിതാക്കളോ അധ്യാപകരെ മാത്രമല്ല, സമൂഹമാകമാനമാണ് ഈ വലിയ ദൗത്യത്തിനു കരംകോര്‍ക്കേണ്ടത്.